city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാട്ട് ബാക്കിവെച്ചു പറന്നകന്ന പൂങ്കുയിലിന്റെ ഓര്‍മ്മകളിലൂടെ...

കുട്ടിയാനം മുഹമ്മദ് കുഞ്ഞി

മഞ്ചേരിയിലെ വായിപ്പാറപ്പാടി സ്‌കൂളില്‍ സഹൃദയ കലാസാംസ്‌കാരിക വേദി 2011ല്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിന്റെ സമാപന ദിനത്തിലായിരുന്നു ദുബൈ കത്ത് പാട്ടുകളിലൂടെ മലയാളികളുടെ മനം കവര്‍ന്നെടുത്ത എസ്. എ. ജമീലുമായി കൂടിക്കാഴ്ച  നടത്താനായത്.  അദ്ദേഹം നമ്മെ വിട്ടുപിരിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എനിക്ക് ആ അസുലഭ മുഹൂര്‍ത്തം ഒത്തുവന്നത്.

വറുതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷനേടാനായി സൗഭാഗ്യങ്ങളുടെ പറുദീസയായ ഗള്‍ഫുനാടുകളിലേക്ക്, പ്രത്യേകിച്ച് ദുബൈയിലേക്ക് കേരളത്തില്‍ നിന്നും വലിയൊരു വിഭാഗമാളുകള്‍ തൊഴില്‍തേടി പോകുന്നു.  ആ കുത്തൊഴുക്കിനു തുടക്കം കുറിച്ചത് എണ്‍പതുകളിലായിരുന്നു.  ഇന്നത്തെപ്പോലെ വിവരസാങ്കേതിക വിദ്യകളോ, യാത്രാസൗകര്യങ്ങളോ വേണ്ടത്ര വികസിച്ചിട്ടില്ലാത്ത അക്കാലങ്ങളില്‍ വിവരങ്ങള്‍ പരസ്പരം അറിയാനുള്ള ഏക മാര്‍ഗം കത്തുകള്‍ പരസ്പരം കൈമാറുക മാത്രമായിരുന്നു.  എഴുത്തുകള്‍ കിട്ടാന്‍ ഒരുമാസത്തിലധികം കാത്തിരിക്കണം.

ജീവിതത്തിന് നിറം ചാര്‍ത്താനായി പ്രവാസിയാവേണ്ടി വന്ന ഭര്‍ത്താവും വിചാര വികാരങ്ങള്‍ ഉള്ളിലൊതുക്കി നല്ലൊരുനാള്‍ വന്നെത്തുന്നതും കാത്ത് കഴിയുന്ന ഭാര്യയും. ഇക്കരയും അക്കരയുമായി കിടക്കുന്ന ഇണകള്‍ അവരുടെ വിരഹനൊമ്പരങ്ങള്‍ കണ്ണീരില്‍ ചാലിച്ചെഴുതിയ കത്തുകള്‍ കൈകളിലെത്തുമ്പോള്‍ അത് നെഞ്ചിനകത്ത് തീ കോരിയിട്ട അനുഭവമായിരിക്കും.

വേര്‍പാടിന്റെ വേവില്‍ മനസിന്റെ സമനില തെറ്റിപ്പോയവരും പ്രവാസികളിലും അവരുടെ ഭാര്യമാരിലും ഏറെപ്പേരുണ്ടെന്ന കാര്യം നിലമ്പൂരില്‍ മനഃശാസ്ത്രചികിത്സകളും കൗണ്‍സിലിങ്ങുമായി കഴിഞ്ഞിരുന്നപ്പോഴാണ് ജമീല്‍ മനസിലാക്കുന്നത്.

നാടക പ്രവര്‍ത്തകനും കവിയും ഗാനരചയിതാവും ഗായകനുമൊക്കെയായിരുന്ന കലാകാരനായ മനഃശാസ്ത്രജ്ഞനു മുമ്പിലെത്തുന്ന ഗള്‍ഫുകാരുടെ ഭാര്യമാര്‍ കോറിയിട്ട കദനകഥകള്‍ കത്തുപാട്ടുകള്‍ക്കുള്ള കോപ്പുകളായി.  ഇതിനിടക്ക് അബുദാബി സന്ദര്‍ശിക്കാനിടയായ ജമീലിന് പ്രവാസികളുടെ അവസ്ഥകള്‍ കണ്ടറിയാനും സാധിച്ചു.  ഇവരുടെ ഹൃദയം തൊട്ടറിഞ്ഞ ജമീല്‍ ഏതൊരാളിന്റെയും ഖല്‍ബുരുകുന്ന രൂപത്തിലും ഭാവത്തിലും അക്ഷരങ്ങള്‍ കോര്‍ത്തിണക്കി പാടിയപ്പോള്‍ പ്രവാസി ഇണകള്‍ക്കൊപ്പം ആ പാട്ടുകേട്ട ആസ്വാദകരും തേങ്ങുകയായിരുന്നു.  ജാതിമത ഭേദമില്ലാതെ ഈ പാട്ടിലെ വരികള്‍ ഞങ്ങളെക്കുറിച്ചുള്ളതാണെന്ന് ഓരോരുത്തരും നെഞ്ചില്‍ കൈവെച്ചു പറഞ്ഞു.

മാപ്പിള കാവ്യ ശാഖയിലെ പ്രഥമ കത്തുപാട്ടായി അറിയപ്പെടുന്ന പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ച മറിയക്കുട്ടി കത്തിലേത് പോലെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദുബായ് കത്തുപാട്ടുമായി സാദൃശ്യപ്പെട്ടു കിടക്കുന്നുണ്ട്.

1921-ലെ മാപ്പിള ലഹളയെത്തുടര്‍ന്നു തടവുകാരനാക്കപ്പെട്ട ചെറുപ്പക്കാരന്‍ തന്റെ ഭാര്യയെക്കുറിച്ച് കേട്ടറിഞ്ഞ അപവാദങ്ങളുടെ നിജസ്ഥിതിയറിയാന്‍ ജയിലില്‍ നിന്നും ഉമ്മക്കയച്ച കത്തിലെ വിവരങ്ങളറിഞ്ഞു മാനസിക വ്യഥ പൂണ്ട ഭാര്യ ബല്ലാരി ജയിലില്‍ കിടക്കുന്ന തന്റെ ഭര്‍ത്താവിനയച്ച കത്താണ് മറിയക്കുട്ടി കത്ത്.  രണ്ടിന്റെയും പ്രമേയം ഒന്നുതന്നെയാണ്.  ആദ്യത്തേത് ജയിലിലേകാണ് കത്തയച്ചതെങ്കില്‍, മറ്റേത് ജീവിത സൗകര്യങ്ങള്‍ക്കായി  സ്വയം തീര്‍ത്തുവെച്ച തടവറയിലേക്കും.  കത്തിയെരിയുന്ന യൗവ്വനത്തുടിപ്പുകളുടെ വിചാരങ്ങളും വികാരങ്ങളും കണ്ണീരില്‍ ചാലിച്ചു ജമീല്‍ പാട്ടുകളിലൂടെ ആവിഷ്‌കരിച്ചപ്പോള്‍ പ്രവാസിസമൂഹം ആ പാട്ട് ഏറ്റുപാടി.
മധുരം നിറച്ചോരു മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കില്ലൊരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാനെന്നാലും
മലക്കല്ല ഞാന്‍ പെണ്ണാണെന്നോര്‍ക്കണം....
പാട്ട് ബാക്കിവെച്ചു പറന്നകന്ന പൂങ്കുയിലിന്റെ ഓര്‍മ്മകളിലൂടെ...
എന്നിങ്ങനെയുള്ള കൂരമ്പുപോലുള്ള വരികള്‍ കേട്ട ചിലര്‍ ഇനിയും ഇങ്ങനെ ജീവിക്കേണ്ട, ഉള്ളകഞ്ഞിയും കുടിച്ചു നാട്ടില്‍ കഴിയാമെന്നു പറഞ്ഞ്  പ്രവാസം നിര്‍ത്തി പോയിട്ടുമുണ്ട്.  അത്രത്തോളം മനസില്‍ തറക്കുന്ന രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുവാന്‍ ജമീലിനു കഴിഞ്ഞിട്ടുണ്ടെന്നതാണ് ഈ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്.

മലയാളികളുള്ളെടുത്തെല്ലാം ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച കത്തുപാട്ടുകളുടെ ഓഡിയോ-വീഡിയോ കാസറ്റുകളും സിഡികളും ചൂടപ്പം പേലെ വിറ്റഴിഞ്ഞുവെങ്കിലും നേട്ടങ്ങളെല്ലാം വിതരണക്കാരും ഇടനിലക്കാരും തട്ടിയെടുത്തതല്ലാതെ ജമീലിന് കാര്യമായൊന്നും കിട്ടിയില്ലെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ജമീല്‍ മഞ്ചേരി കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഏറെക്കാലം നടത്തിയശേഷം മധ്യസ്ഥര്‍ ഇടപെട്ട് ഒത്തുതീര്‍പ്പായിട്ടാണ് ഇവിടെയെത്തിയതെന്നും സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ലൈലാമജ്‌നു പോലുള്ള സിനിമകളിലും നാടകങ്ങളിലും പാടി അഭിനയിച്ചിട്ടുള്ള ജമീലിന്റെ ദുബായ് കത്തുപാട്ട്, കത്തിന് മറുപടി, ഗള്‍ഫുകാരന്റെ ഭാര്യ തുടങ്ങിയ ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയ ''ജമീലിന്റെ സമ്പൂര്‍ണകൃതികള്‍'' സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു പ്രകാശനം നിര്‍വ്വഹിക്കാനിരിക്കെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുക്കുന്നത്.

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇന്നും പുതുമയോടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന കത്തുപാട്ടുകളിലൂടെ എസ്.എ. ജമീല്‍ കാലത്തെ അതിജീവിച്ചു മനുഷ്യമനസുകളില്‍ കുടികൊള്ളുക തന്നെ ചെയ്യും. 2011 ഫെബ്രുവരി അഞ്ചിനും തന്റെ അറുപത്തഞ്ചാം വയസില്‍ പാട്ടുകള്‍ ബാക്കിവെച്ച് മാപ്പിളപ്പാട്ടിലെ പൂങ്കുയില്‍ പറന്ന് പോയിട്ട് മൂന്നു വര്‍ഷമാവുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: S.A. Jameel, Article, Mappila Song, Academy, Dubai, Kath Patt, CD, Song, Manjeri, Expatriates, Bharya, Wife, husband, Jail, Letter

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia