city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പറമ്പു വാങ്ങാന്‍ പറമ്പുവിറ്റ് ഗള്‍ഫില്‍ പോകണോ?

റസാഖ് പള്ളങ്കോട്

(www.kasargodvartha.com 09/05/2015) പ്രവാസി ഒരു പ്രയാസിയെന്ന് തമാശക്കാണെങ്കിലും പറയാത്തവരാരുമില്ല. പ്രവാസിയെക്കുറിച്ച് പറയുമ്പോള്‍ അവന്റെ ദുരിതങ്ങളും കണ്ണീരും വിരഹവും കൊണ്ട് വാചാലമാവുന്നവരാണ് പല പ്രഭാഷകരും കഥാകൃത്തുക്കളും. ദുരിതക്കയത്തില്‍ നിന്ന് കരകയറാത്തവരെന്നും ഭാര്യയെയും മക്കളെയും കുടുംബങ്ങളെയും നഷ്ടപ്പെട്ടവരാണെന്നും നിരന്തരം വ്യാകുലപ്പെടുന്നു. പ്രവാസികളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്നത് ആടുജീവിതങ്ങളായും ഒട്ടകക്കറവക്കാരുമായാണ്. സിനിമകളിലും നാടകങ്ങളിലും മിമിക്രിയിലും ലേഖനങ്ങളിലും പ്രവാസിയെ പ്രയാസിയായിത്തന്നെ ചിത്രീകരിച്ചു. എന്തിനേറെ പറയുന്നു, മാധ്യമങ്ങള്‍വരെ പ്രവാസിയെ മാര്‍ക്കറ്റ് ചെയ്തു വിപണി കണ്ടെത്തുന്നു.

തെറ്റിദ്ധരിപ്പിക്കുന്നില്ല, കാര്യത്തിലേക്കു കടക്കാം. കഴിഞ്ഞദിവസങ്ങളില്‍ ഗ്രൂപ്പായ ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് വാളിലും നിറഞ്ഞു നിന്ന ഒരു ചോദ്യമുണ്ടായിരുന്നു. 'പറമ്പുവിറ്റ് ഗള്‍ഫിലെത്തി നാട്ടില്‍ വീണ്ടും പറമ്പുവാങ്ങാന്‍ എന്തിനു ഗള്‍ഫില്‍ പോകണമെന്ന്'. പറമ്പു വിറ്റ് ഗള്‍ഫിലെത്തിയതാണ് തന്റെ ഇപ്പോഴത്തെ പ്രതാപത്തിനു കാരണമെന്ന് പ്രവാസിക്ക് അറിയാമെങ്കിലും ഈ ചോദ്യം മണലാരണ്യത്തില്‍ കഴിയുന്ന ഓരോ മലയാളിയുടെയും മുഖത്തടിച്ചിട്ടുണ്ടാവും. നാട്ടില്‍ ഒരു പണിയുമില്ലാതെ തെക്കു വടക്കു സഞ്ചരിക്കുമ്പോള്‍ ചില നേരംമ്പോക്കികള്‍ പടച്ചുവിടുന്നതാണ് ഇത്തരം പോസ്റ്റുകള്‍. ആദ്യം കാണുമ്പോള്‍ തമാശയായി തോന്നി ചിരിക്കുമെങ്കിലും രണ്ടാമതൊന്നാലോചിച്ചാല്‍ ഒരു ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം പോസ്റ്റുകളെന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല.

ഈ ഗൂഢാലോചന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു വ്യക്തിയിലോ കുടുംബത്തിലോ ഒതുങ്ങി നില്‍ക്കുന്നുമില്ല. ഗള്‍ഫുകാരന്റെ ഭാര്യ വീടുവിട്ടിറങ്ങുമ്പോള്‍ കാണുന്ന അയല്‍വാസിപ്പെണ്ണുങ്ങള്‍ മുതല്‍, വഴിയാത്രക്കാരും, പീടികത്തിണ്ണിയിലിരിക്കുന്നവരും, ഓട്ടോക്കാരും, സാമൂഹ്യപ്രവര്‍ത്തരും, രാഷ്ട്രീയക്കാരും, പത്രക്കാരും.... അങ്ങനെ നീണ്ടുപോകും പട്ടിക. ഗള്‍ഫുകാരന്റെ ഭാര്യയെന്നു കേട്ടാല്‍ അതെന്തോ സംഭവമാണെന്നും അവള്‍ ഒറ്റക്കിറങ്ങി മാര്‍ക്കറ്റില്‍ പോയാല്‍ ഭീകരമായ കുറ്റകൃത്യത്തിനിറങ്ങിയതാണെന്നുമാണ് സമൂഹം വിലയിരുത്തുന്നത്. മറ്റേ സമുദായക്കാരന്റെ ഓട്ടോയില്‍ കയറിയാല്‍, 'കണ്ടോ, അവള്‍ കിംവദന്തന്റെ കൂടെയേ പോകൂ' എന്ന സദാചാര ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും. അവളുടെ ഡ്രസ്സിംഗ് ശൈലിയും പോകുന്ന ഹോട്ടലുകളും കയറുന്ന ബസുകളും പലരുടെയും നിരീക്ഷണത്തിലാണെന്നര്‍ഥം. ഇവരെ മനസിലാക്കാന്‍ സമൂഹത്തിന്റെ പ്രതീക്ഷയായ മാധ്യമങ്ങള്‍ക്കും ആവുന്നില്ല. അവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തുന്നുമില്ല. ഗള്‍ഫുകാരന്റെ ഭാര്യയെ നല്ലവളായി അംഗീകരിക്കാന്‍ ഒരു ഫെമിനിസ്റ്റിനും നാവുയരുന്നില്ല.

ഗള്‍ഫുകാരന്റെ ഭാര്യ ഒളിച്ചോടി, ഗള്‍ഫുകാരന്റെ ഭാര്യ ഗര്‍ഭം ധരിച്ചു... ഇങ്ങനെ തുടങ്ങുന്ന വാര്‍ത്തകള്‍ക്ക് നല്ല മാര്‍ക്കറ്റുള്ളതു കൊണ്ടാണ് പല മാധ്യമങ്ങളും ആ വഴിക്കു തിരിയുന്നത്. ഗള്‍ഫുകാരന്റെ ഭാര്യയുടെ അടക്കമില്ലായ്മയെപ്പറ്റി മൈക്കുകെട്ടി ഘോരാഘോരം പ്രസംഗിക്കുന്ന പല സംഘടനകളും പ്രവാസി സംഘടകള്‍ അയച്ചുകൊടുത്ത നോട്ടുകെട്ടിന്റെ ബലത്തിലാണ് അതിജീവിച്ചുപോവുന്നതെന്ന് ഓര്‍ക്കുന്നില്ല. സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, മാധ്യമങ്ങള്‍ ഏറ്റെടുത്ത ഗള്‍ഫുകാരന്റെ ഭാര്യ എന്ന പദംകൊണ്ട് ഹൃദയവേദനയും അപമാനവും സഹിക്കുന്നത് നിസഹായരായ പ്രവാസികളാണ്.

എണ്‍പതുകളില്‍ മലയാളികള്‍ മണല്‍ക്കാറ്റ് കൊള്ളാന്‍ അക്കരെക്കടന്നപ്പോഴാണ് കേരളക്കരയില്‍ കോണ്‍ക്രീറ്റ് മാളികകള്‍ കയറുന്നതെന്നോര്‍ക്കണം. പിന്നീട് ഗള്‍ഫുകാരുടെ എണ്ണം കൂടിക്കൂടി വരികയും ആനുപാതികമായി നാട്ടിലുള്ളവരുടെ ജീവിതശൈലിയും സൗകര്യങ്ങളും മാറിയതും ഗള്‍ഫുകാരനെ പുച്ഛത്തോടെ കാണുന്നവര്‍ മറക്കാന്‍ പാടില്ല. കുടുംബത്തില്‍ അല്ലെങ്കില്‍ അയല്‍പക്കത്തൊരു കല്യാണം വന്നാല്‍ ആദ്യത്തെ കത്ത് ദുബൈയിലെത്തിയിരുന്ന കാലമുണ്ടായിരുന്നു. ക്ഷണക്കത്തല്ല, മറിച്ച് കല്യാണച്ചെലവുകള്‍ എത്തിക്കണമെന്ന പേജുകള്‍ നീളുന്ന ആവശ്യക്കത്ത്. ഈ കത്തുംനോക്കി ഒറ്റയ്ക്ക് കണ്ണീര്‍ പൊഴിക്കുമ്പോഴും വീട്ടുകാരെയും നാട്ടുകാരെയും സ്വാന്തനപ്പെടുത്താന്‍ മാത്രമാണ് ഓരോ പ്രവാസിയും ശ്രമിച്ചിരുന്നതെന്ന് പലരുടെയും അനുഭവങ്ങള്‍ കേട്ടാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇനി പറമ്പുവിറ്റ കാര്യത്തിലേക്കു വരാം. വിറ്റതിന്റെയും എത്രയോ ഇരട്ടി പറമ്പുകളും കെട്ടിടങ്ങളും നാട്ടില്‍ വാങ്ങിവയ്ക്കാന്‍ മിക്കപ്രവാസികളും ശ്രമിക്കാറുണ്ട്. കുറിവച്ചും, അറബികളെക്കണ്ടും, സുഹൃത്തുക്കളുടെ സഹായം കൊണ്ടും ഒക്കെയാണെങ്കിലും ഭാര്യയുടെയും, മക്കളുടെ സുരക്ഷയ്ക്കാന്‍ അവന്‍ എല്ലാം തയ്യാറാക്കിയിട്ടുണ്ടാവും. ഉള്ള വീടിന്റെ മൊഞ്ചുകൂട്ടി കെട്ടിപ്പൊക്കുന്നതും പ്രവാസിയുടെ പണത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ്. സ്വന്തം പെങ്ങന്മാരെയും അയല്‍പക്കത്തുള്ള സഹോദരിമാരെയും നാട്ടിലുള്ള യതീം പെണ്‍കുട്ടികളെയും കെട്ടിച്ചുവിടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ പറമ്പുവിറ്റ് നാട്ടില്‍ കഴിയുന്നവന് എത്രകണ്ട് സാധിക്കുമെന്ന് പ്രവാസിവിരുദ്ധര്‍ സ്വയം ചോദിക്കുന്നത് നന്നായിരിക്കും.

അതിരാവിലെ ഓരോ വീട്ടില്‍ നിന്നും പാറക്കല്ലില്‍ ജീന്‍സ് തട്ടുമ്പോള്‍ ഉയര്‍ന്നുവന്നിരുന്ന കാതുപൊട്ടും ശബ്ദം സിറ്റൗട്ടിലെ വാഷിംഗ് മെഷീനിലൊതുക്കിയത് പ്രവാസിയുടെ വിയര്‍പ്പ് ശേഖരിച്ചുവച്ചാണെന്ന് നാട്ടിലെ പെണ്ണുങ്ങള്‍ക്കുമറിയാം. കടയില്‍ മാത്രം കിട്ടാവുന്ന ഗ്രേപ്പും, മാംഗോയും വീട്ടിലുണ്ടാക്കാമെന്ന് കാണിച്ച് ജ്യൂസ് മെഷീന്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയതും ഗള്‍ഫുകാരന്‍ തന്നെ. എന്തിനേറെ പറയണം നാട്ടുമ്പുറത്തുകാര്‍ക്ക് എയര്‍പോര്‍ട്ട് കണ്ടതുതന്നെ ഗള്‍ഫുകാരന്റെ അകമ്പടി സേവിച്ചതുകൊണ്ടാണ്.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തലപൊക്കിവന്നപ്പോള്‍ ആദ്യം ചേരാനുണ്ടായിരുന്നത് പ്രവാസിയുടെ മക്കളാണെന്ന് ആരു മറന്നാലും മാനേജ്‌മെന്റും അധ്യാപകരും മറക്കില്ല. ഗള്‍ഫുകാരന്റെ കെട്ടിനും കെട്ടു പൊട്ടിക്കലിനും നാളുകളുടെ കാത്തിരിപ്പിന്റെ കഥ പറയാനുണ്ടാവും. മഷി തീര്‍ന്ന പേനയാണെങ്കിലും ഗള്‍ഫില്‍ നിന്നു കൊണ്ടുവന്നാല്‍ എപ്പോഴും സ്വീകാര്യമായിരുന്നു. വീട്ടുകാര്‍ നാടുചുറ്റിയിരുന്നത് ഗള്‍ഫുകാരന്‍ നാട്ടിലെത്തിയതിനുശേഷമാണെന്നത് വിരോധാഭാസം. കുടുംബക്കാരെയും കൂട്ടുകാരെയും കാണാന്‍ ഗള്‍ഫുകാരന്റെകൂടെ പോകാന്‍ വലിയ ആവേശമാണ് എല്ലാവര്‍ക്കും.

നാട്ടിലെ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഗള്‍ഫുകാര്‍ വളരെ പ്രിയങ്കരമായത് അവരോടൊന്നിച്ചുള്ള സാമൂഹ്യപ്രവര്‍ത്തനമാണെന്നു തോന്നുന്നില്ല. ചോദിക്കുന്ന കാശ് എങ്ങനെയെങ്കിലും ഒപ്പിച്ചുതരാന്‍ അവരല്ലേ ഉള്ളൂ എന്നതു കൊണ്ടാണ്. നാട്ടിലെ പല കമ്മിറ്റികള്‍ക്കും ഗള്‍ഫിള്‍ പോഷക കമ്മിറ്റികളുണ്ടാക്കിയതും അവരുടെ പ്രവര്‍ത്തന നൈപുണ്യമോ പാരമ്പര്യമോ കണ്ടിട്ടല്ലെന്ന് പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും നേരാംവണ്ണം അറിയുന്ന കാര്യമാണ്. അവര്‍ പണം നാട്ടിലെത്തിക്കുന്നതും അത് വാങ്ങുന്നതും തെറ്റൊന്നുമല്ല. ആവോളം ഊറ്റിക്കുടിച്ചശേഷം ഗള്‍ഫുകാരെ വിമര്‍ശിക്കാന്‍ മാത്രം എന്തു തെറ്റാണ് അവര്‍ ചെയ്തത്. ഇത്രയൊക്കെയാണെങ്കിലും പ്രവാസി ജീവിക്കാന്‍ മറക്കുന്നത് മറ്റൊരു കാര്യം. നാട്ടിലുള്ളവര്‍ക്ക് തണലൊരുക്കാന്‍ അറേബ്യന്‍ മണ്ണില്‍ വെയില്‍കൊള്ളുന്നവരാണ് പ്രവാസികളെന്ന് വാട്‌സ്ആപ്പില്‍ ഇപ്പോഴും പരക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പറമ്പു വാങ്ങാന്‍ പറമ്പുവിറ്റ് ഗള്‍ഫില്‍ പോകണോ?

Keywords : Article, Family, Expatriates, Gulf, Land, Job, Facebook, Whatsapp, Social Media.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia