city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീതി തേടുന്ന ഫാർമസിസ്റ്റുമാർ

സി എ യൂസുഫ്

(www.kasargodvartha.com 03.09.2021) 
മരുന്നുകൾ നിർമ്മിക്കുകയും, അവയുടെ സുരക്ഷാ പരിശോധനകൾ നിർവഹിക്കുകയും, രോഗികൾക്ക് കൃത്യമായ അളവിൽ വിതരണം ചെയ്യുകയും, ഉപയോഗക്രമം ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുകയും, പാർശ്വഫലങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന വിദഗ്ദരാണ് ഫാർമസിസ്റ്റുമാർ. രണ്ട് വർഷ ഡിപ്ലോമ കോഴ്സായ ഡി ഫാം അഥവാ ഡിപ്ലോമ ഇൻ ഫാർമസി, നാല് വർഷ ബിരുദ കോഴ്‌സായ ബി ഫാം അഥവാ ബാച്ച്ലർ ഓഫ് ഫാർമസി, എം ഫാം അഥവാ മാസ്റ്റർ ഓഫ് ഫാർമസി, ആറു വർഷത്തെ ക്ലിനിക്കൽ പരിശീലനത്തോട് കൂടിയ ഫാംഡി അഥവാ ഡോക്ടർ ഓഫ് ഫാർമസി മുതലായ പ്രൊഫഷണൽ കോഴ്സുകളാണ് ഫാർമസിസ്റ്റ് യോഗ്യതക്കുള്ള അംഗീകൃത കോഴ്സുകൾ.

  
നീതി തേടുന്ന ഫാർമസിസ്റ്റുമാർ



ഫാർമസിസ്റ്റ് ആകാൻ വേണ്ടുന്ന ഏറ്റവും കുറഞ്ഞ യോഗ്യത രണ്ട് വർഷ കോഴ്‌സായ 'ഡിഫാം അഥവാ ഡിപ്ലോമാ ഇൻ ഫാർമസി' പാസാവുക എന്നതാണ്. സീതാംഗോളിയിൽ സ്ഥിതി ചെയ്യുന്ന മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി, തൃക്കരിപ്പൂർ രാജീവ് ഗാന്ധി കോളേജ് ഓഫ് ഫാർമസി എന്നിവയാണ് ജില്ലയിലെ ഫാർമസി കോളേജുകൾ.

ഡി ഫാം, ബി ഫാം കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് 100 ദിവസത്തെ പ്രവൃത്തി പരിശീലനവും നേടിയാൽ മാത്രമേ സംസ്ഥാന ഫാർമസി കൗൺസിൽ അംഗീകാരം ലഭിക്കുകയുള്ളൂ. കേരളത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നതിന് കേരള ഫാർമസി കൗൺസിൽ അംഗത്വം ആവശ്യമാണ്, ഇവരെ രജിസ്ട്രേഡ് ഫാർമസിസ്റ്റ് എന്ന് പറയും. കൗൺസിൽ അംഗീകാരമില്ലാത്തവർ മരുന്ന് വിതരണം ചെയ്യുന്നത് കുറ്റകരമാണ്.

സർക്കാർ ആശുപത്രികൾ,സ്വകാര്യ ആശുപത്രി ഫാർമസികൾ, മെഡിക്കൽ ഷോപ്പുകൾ, മരുന്ന് കമ്പനികൾ, ഫാർമസി കോളേജ് അധ്യാപകരായും ജോലി സാധ്യതകളാണ്. ഗൾഫിനെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധികൾ ഫാർമസിസ്റ്റുമാരുടെ തൊഴിൽ സാധ്യതകളും കുറഞ്ഞ് വരികയാണ്. തുച്ഛമായ വേതനമാണ് സ്വകാര്യ മേഖലയിൽ ലഭിക്കുന്നത്. സർക്കാർ മേഖലയിൽ ഫാർമസിസ്റ്റ് നിയമനങ്ങൾ നന്നേ ചുരുക്കവുമാണ്.

കാസർകോട് ജില്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, ടാറ്റാ കോവിഡ് ആശുപത്രി എന്നിങ്ങനെയായി 57 സർക്കാർ ആശുപത്രികളാണുള്ളത്. ഫാർമസിസ്റ്റ് ഗ്രേഡ് 2- 45 ഉം ഫാർമസിസ്റ്റ് ഗ്രേഡ്1 - 37 മായി 82 ഫാർമസിസ്റ്റ് തസ്തികയാണുള്ളത്. നിലവിൽ 17 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫാർമസിസ്റ്റ് ഗ്രേഡ് 2 - 11 ഒഴിവുകളും, ഗ്രേഡ്1 - 6 ഒഴിവുകളുമാണുള്ളത്. റിപ്പോർട്ട് ചെയ്യപ്പെടാത്തതായി അനേകം ഒഴിവുകളിൽ താൽക്കാലിക ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്.

1961 ലെ സ്റ്റാഫ് പാറ്റേണാണ് ഇന്നും തുടരുന്നത്. 300 രോഗികൾക്ക് ഒരു ഫാർമസിസ്റ്റ് എന്നാണ് കണക്ക്. 1961 ൽ സർക്കാർ ആശുപത്രികളിലെ മരുന്നുകൾ ഏതൊക്കെയായിരിക്കാം എന്ന് നമുക്കറിയാമല്ലോ. പാരസിറ്റമോളും, ക്ലോർഫെനിറമിൻമാലേറ്റും മാത്രം ഉണ്ടായിരുന്ന കാലത്തെ രോഗി-ഫാർമസിസ്റ്റ് തോത് 500 അധികം മരുന്നുകൾ ലഭ്യമായ 2021 ലും തുടരുന്നത് എത്രമാത്രം അബദ്ധമാണ്. മരുന്ന് കൊടുക്കുക എന്നതിനപ്പുറം മരുന്നുകളുടെ വരവ്, ചിലവ്, വിവിധയിടങ്ങളിലേക്കുള്ള വിതരണം, സ്റ്റോക്ക് സൂക്ഷിക്കുകയും റിപ്പോർട്ടിങ്ങും കൂടാതെ അതാത് സ്ഥാപനത്തിലേക്ക് വരുന്ന മൊട്ടുസൂചി മുതൽ സകല വസ്തുക്കളുടെയും സ്‌റ്റോക്ക് വിവരങ്ങൾ കൈകാര്യം ചെയ്യേണ്ടതും ഒരു സ്ഥാപനത്തിൽ ഒന്ന് മാത്രമുള്ള ഫാർമസിസ്റ്റിൻ്റെ ഡ്യൂട്ടിയാണത്രെ.

മരുന്ന് നൽകേണ്ടത് രജിസ്ട്രേഡ് ഫാർമസിസ്റ്റ് മാത്രമായിരിക്കണം എന്ന കോടതി ഉത്തരവ് നിലനിൽക്കേ 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രി, സി എച്ച് സി, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഫാർമസിസ്റ്റ് തസ്തിക എന്നത് തികച്ചും അനീതിയാണ്.


ജനറൽ ആശുപത്രി:

ജനറൽ ആശുപത്രിയിൽ 2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ 3,78,018 രോഗികൾ ഒ പി ചികിത്സ തേടിയിട്ടുണ്ട്. അതായത് ഏകദേശം ഒരു ദിവസം 1,050 രോഗികൾ ജനറൽ ആശുപത്രിയിൽ ഒ പിയിലെത്തുന്നു. എന്നാൽ ജനറൽ ആശുപത്രിയിലെ ഫാർമസിസ്റ്റ് തസ്തിക വെറും നാല് എണ്ണമാണ്. ഒരു സ്റ്റോർ സൂപ്രണ്ട്, രണ്ട് സ്റ്റോർ കീപ്പർ തസ്തികയും ഇവിടുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയിൽ മൂന്ന് ഷിഫ്റ്റുകളിലായി 10 ൽ കൂടുതൽ ഫാർമസിസ്റ്റുമാരുടെ സേവനം അത്യാവശ്യമാണ്. നിലവിൽ താൽകാലിക ഫാർമസിസ്റ്റുമാരെ നിയമിച്ചാണ് മുന്നോട്ട് പോകുന്നത്. കിടത്തി ചികിത്സക്കായി 212 ബെഡുകളുള്ള ജനറൽ ആശുപത്രിയിൽ 15 ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നാണ് ആവശ്യം.


ജില്ലാ ആശുപത്രി:

കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിൽ 2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ 4,12,000 രോഗികൾ ഒ പി ചികിത്സ തേടിയിട്ടുണ്ട്. അതായത് ഒരു ദിവസം 1,145 രോഗികൾ ജില്ലാ ആശുപത്രിയിൽ ഒ പിയിലെത്തുന്നു. എന്നാൽ ജില്ലാ ആശുപത്രിയിലെ ഫാർമസിസ്റ്റ് തസ്തിക വെറും അഞ്ച് എണ്ണമാണ്. ഓരോ സ്റ്റോർ സൂപ്രണ്ട്, സ്റ്റോർ കീപ്പർ തസ്തികയും ആശുപത്രിയിലുണ്ട്. കിടത്തി ചികിത്സക്ക് 277 ബെഡുകളുള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ ആവശ്യമായ തസ്തികയില്ലാത്തതിനാൽ താൽകാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തുകയാണ് അധികൃതർ. 11 താൽകാലിക ഫാർമസിസ്റ്റുമാരുണ്ട് ഇവിടെ. ആശുപത്രിയിലേക്കാവശ്യമായ 15 ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുകയാണ് വേണ്ടത്.


താലൂക്ക് ആശുപത്രികൾ:

മംഗൽപാടി, ബേഡഡുക്ക, പനത്തടി, നീലേശ്വരം, തൃക്കരിപ്പൂർ എന്നിങ്ങനെ അഞ്ച് താലൂക്ക് ആശുപത്രികളാണ് ജില്ലയിലുള്ളത്. എല്ലാവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുമുള്ള 24 മണിക്കൂർ പ്രവർത്തിക്കേണ്ടവയായ താലൂക്ക് ആശുപത്രികൾ വൈകുന്നേരം വരെ മാത്രം പ്രവർത്തിക്കുന്നവയുമുണ്ട്. ഓരോ താലൂക്കിലും മികച്ച സേവനം ലഭ്യമാക്കേണ്ട ആശുപത്രിയായിട്ടും ഫാർമസിസ്റ്റ് തസ്തിക 1 വീതമാണ്. പനത്തടിയിൽ മാത്രം 2 ഫാർമസിസ്റ്റും, നീലേശ്വരത്ത് ഒരു സ്‌റ്റോർ കീപ്പർ തസ്തികയുണ്ട്.

കാഷ്വാലിറ്റി, ഡയാലിസിസ് സെൻ്റർ, വിവിധ സ്പെഷ്യാലിറ്റികൾ തുടങ്ങിയ സംവിധാനങ്ങളുള്ളതിനാൽ ഓരോ താലൂക്ക് ആശുപത്രികളിലും ഫാർമസി സ്റ്റോർ കീപ്പർ തസ്തിക അനിവാര്യമാണ്. താൽകാലികക്കാരെ തന്നെയാണ് താലൂക്ക് ആശുപത്രികളും ആശ്രയിക്കുന്നത്. താലൂക്ക് ആശുപത്രികളുടെ സുഗമമായ മുന്നോട്ട് പോക്കിന് ഓരോ താലൂക്ക് ആശുപത്രികളിലും 7 ഫാർമസിസ്റ്റുമാരുടെ തസ്തിക സൃഷ്ടിക്കണം.


സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ:

മഞ്ചേശ്വരം, ചെറുവത്തൂർ, കുമ്പള, മുളിയാർ, പെരിയ, ബേഡകം എന്നിങ്ങനെ ആറ് സി എച്ച് സികൾ അഥവാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കിടത്തി ചികിത്സക്കായി 10 മുതൽ 32 വരെ ബെഡ്ഡുകളുള്ള ആശുപത്രികളാണിവ. ഫാർമസിസ്റ്റ് തസ്തിക ഒന്ന് മാത്രം. അവശ്യമായ അഞ്ച് ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കേണ്ടതുണ്ട്.


കുടുംബാരോഗ്യ കേന്ദ്രങ്ങൾ:

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിൻ്റെ ഭാഗമായി 18 കുടുംബാരോഗ്യ കേന്ദ്രങ്ങൾ (എഫ് എച്ച് സി) ജില്ലയിലുണ്ട്. ആർദ്രം പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകൾ സൃഷ്ടിച്ചപ്പോൾ ഫാർമസിസ്റ്റിനെ പരിഗണിച്ചില്ല. രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഫാർമസിസ്റ്റ് തസ്തിക ഒന്ന് തന്നെ. രണ്ട് ഷിഫ്റ്റുകളിലായി ചുരുങ്ങിയത് മൂന്ന് ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്നാണ് ആവശ്യം.


പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ:

മൂന്ന് അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കം 25 കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഫാർമസിസ്റ്റ് തസ്തിക ഒന്ന് തന്നെയാണ്. മരുന്ന് നൽകേണ്ടത് രജിസ്ട്രേഡ് ഫാർമസിസ്റ്റ് മാത്രമായിരിക്കണം എന്ന കോടതി ഉത്തരവ് നിലനിൽക്കേ മറ്റു ജീവനക്കാർ ഇപ്പണി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ പോലും ഒരാൾ മാത്രമുള്ള ആശുപത്രികളിൽ സാധ്യമല്ല. മാത്രമല്ല ഫാർമസിസ്റ്റ് ഒഴിവുള്ള മറ്റു പി എച്ച് സികളിൽ കൂടി ഉത്തരവാദിത്തം ചില ഫാർമസിസ്റ്റുമാർക്ക് അധിക ബാധ്യതയാണ്. പി എച്ച് സികളുടെ സുഗമമായ മുന്നോട്ട് പോക്കിന് രണ്ട് തസ്തികകൾ അനിവാര്യമാണ്.


ടാറ്റാ കോവിഡ് ആശുപത്രി:

കോവിഡ് ചികിത്സക്കായി കിടത്തി ചികിത്സക്ക് 200 ബെഡുകളുള്ള ടാറ്റാ കോവിഡ് ആശുപത്രിയിൽ നാല് ഫാർമസിസ്റ്റ് തസ്തികകളാണുള്ളത്. ഇവയിൽ നാല് എണ്ണവും ഒഴിഞ്ഞ് കിടക്കുകയാണ്. അടിയന്തിരമായി നിയമനം നടത്തുകയാണ് വേണ്ടത്.


അമ്മയും കുഞ്ഞും ആശുപത്രി:

2021 ഫെബ്രുവരി എട്ടിന് കാഞ്ഞങ്ങാട് നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം നടന്ന അമ്മയും കുഞ്ഞും ആശുപത്രി ഇന്ന് വരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല. കടത്തി ചികിത്സക്ക് 100 ബെഡ്ഡുകൾ അനുവദിക്കപ്പെട്ടിട്ടുള്ള ഇവിടെ ഒരു തസ്തികയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. നാല് ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്നാണ് ആവശ്യം.

ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുമാരോട് തുടരുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കണം. സർക്കാർ മേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ ആശുപത്രികളുടെ സന്തുലിതമായ മുന്നോട്ട് പോക്കിനും ജില്ലയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.

Keywords: Kasaragod, Kerala, Treatment, Hospital, Govt.Hospital, General-hospital, District-Hospital, Doctors, Course, Top-Headlines, Article, Government, Pharmacist, Pharmacists seeking justice.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia