നികൃഷ്ടജീവികള്‍
Aug 9, 2020, 22:46 IST
ശാക്കിര്‍ മുണ്ടോള്‍
നികൃഷ്ടജീവികള്‍, അതെ നിങ്ങളെത്തന്നെയാണ്. എല്ലില്ലാത്ത നാവും, ഒരു സ്മാര്‍ട്ട് ഫോണുമുണ്ടെങ്കില്‍ ഇന്ന് ആര്‍ക്കും ആരോടും അഭിപ്രായം പ്രകടിപ്പിക്കാം. പക്ഷെ ഇന്നലെ നിങ്ങള്‍ സോഷ്യല്‍ മീഡിയലൂടെ പ്രകടിപ്പിച്ച നിങ്ങളുടെ കമന്റുകള്‍ കൊണ്ടത് നാമോരുരുത്തരുടേയും (പച്ചയായ മനുഷ്യര്‍) ഇടനെഞ്ചിലേക്കാണ്. രാഷ്ട്രീയവും മതവും വര്‍ഗീയതയും സമംചാലിച്ച് അപകടത്തിന്റെ വാര്‍ത്തകള്‍ക്ക് കീഴെ വിഷമൊഴുക്കുന്ന കുറച്ച് പേരേ, നിങ്ങളെ ഇങ്ങനെ തന്നെ വിളിക്കാന്‍ ആഗ്രഹിക്കുന്നു ..
നിങ്ങള്‍ക്കൊരു രോഗം ബാധിച്ചിരിക്കുകയാണ്. രാഷ്ട്രിയവും വര്‍ഗീയവും കലര്‍ന്ന തിമിരം.
നിങ്ങള്‍ക്കറിയില്ല. യാത്രക്കാരോട് മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ഫേസ് ഷീല്‍ഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പോലീസും ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റിയവരുടെയും കഥ.
രക്തം ദാനം ചെയ്യാന്‍ വേണ്ടി തയ്യാറായി നിന്ന ഒരുപറ്റം മനുഷ്യരുടെ കഥ. ആംബുലന്‍സുകളെത്തുന്നതിനു മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാരുടെ കഥ.
ഇനി രക്തം ആവശ്യമില്ലെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പ് കേട്ടപ്പോള്‍ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ ഫ്രീക്കന്മാരുടെ കഥ. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്സി ഡ്രൈവര്‍മാരുടെ കഥ.
മറുഭാഗത്തു മണ്ണില്‍ പുതഞ്ഞുപോയ സഹജീവികളെ രക്ഷിക്കാന്‍ കോച്ചുന്ന തണുപ്പത്ത്, ചോരയൂറ്റുന്ന അട്ടയുടെ കടിയും മറന്ന് ചെളിയില്‍ തിരയുന്ന മനുഷ്യന്മാരുടെ കഥ.
പ്രിയപെട്ടവരെ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ഒരു നാള് നിന്റെ വീട്ടിലും ഈ ഗതി വരുമെന്ന്. വന്നാല്‍ അവരെ കുറിച്ച് നീ വാതോരാതെ ഇതുപോലുള്ള വികൃത വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധനം ചെയ്യുമോ?
സുഹൃത്തുക്കളെ എനിക്കും നിങ്ങൾക്കും ആർക്കുവേണേലും ഈ ഗതി വരാം (വരാതിരിക്കട്ടെ ). കാലം നിങ്ങളെ ചരിത്രത്തില്‍ ഒറ്റുകാരുടെ നാമത്തില്‍ അഭിസംബോധനം ചെയ്യുന്ന അകലം വിദൂരമല്ല.
മാറണം, മനുഷ്യനായി ജീവിക്കണം. പരസ്പരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പര്യായമായി, മനുഷ്യകുലത്തിന്റെ നല്ല നാളെക്കായി ഒരുമിച്ച് മുന്നേറാം.
Keywords: Article, Accident, News, Social media, comment, Politics, Peoples, History, Inferior Creatures