city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയിലും കൂട്ടുകൂടാം

കെ.ടി. ഹസന്‍

1970കളെ ഗള്‍ഫ് ബൂം കാലഘട്ടം എന്നു വിശേഷിപ്പിക്കാറുണ്ട്. മീനും മുത്തും വിറ്റ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചുവന്ന ദുബൈയിലെ ബദുക്കള്‍ക്ക് കടലില്‍ നിന്ന് മറ്റൊരു വരമായി പെട്രോളിയം കിട്ടിയതിന്റെ തൊട്ടടുത്ത ദശകം. അന്നു കേരളത്തില്‍ നിന്ന്, വിശിഷ്യാ കാസര്‍കോട്ട് നിന്നു നിരവധി പേര്‍ മഞ്ചുവില്‍ മാസങ്ങളോളമുള്ള കൊടുംയാത്ര കഴിഞ്ഞ്, കരയോടടുക്കുമ്പോള്‍ മൈലുകളോളം നീന്തിക്കടന്ന്, ഇന്ന് യു.എ.ഇ. യിലെ ഷാര്‍ജ പ്രവിശ്യയില്‍പെടുന്ന കോര്‍ഫഖാന്‍ തീരത്തെത്തി.

മരുക്കാട്ടിന്റെ യാതനകള്‍ നടന്നുനീങ്ങി അവര്‍ ദുബൈയടക്കം പല ദിക്കുകളില്‍ തമ്പടിഞ്ഞു. ചോര നീരാക്കി എന്നുതന്നെ പറയാം, തങ്ങളുടെ അധ്വാനങ്ങള്‍ വര്‍ഷങ്ങളോളം കൂട്ടിവച്ച് അവര്‍ നാട്ടിലേയ്ക്കുള്ള വര്‍ണസ്വപ്നങ്ങളുടെ വലിയ പെട്ടികള്‍ നിറച്ചു. അത്തറു പൂശി, ഞെക്കിയാല്‍ പാടുന്ന പാട്ടുപെട്ടിയും തൂക്കിപ്പിടിച്ച് അവര്‍ വല്ലപ്പോഴും നാട്ടില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നാട് വിസ്മയം കൊണ്ട് നെടുവീര്‍പിട്ടു. പിന്നെ മലബാറിലെ ഓരോ ആണ്‍തരിയുടെയും ലക്ഷ്യം അതായി, ദുബൈയില്‍ പോവുക.

ദുബൈയിലും കൂട്ടുകൂടാംനാട് കോണ്‍ക്രീറ്റ് കാടായി മാറി. മലബാറിലാകെ പളപളപ്പും സുഗന്ധവും നിറഞ്ഞു. ജീവിതമെന്നും ആഘോഷമയമായി. നാടിന്റെ ഓരോ ആവശ്യവും ഗള്‍ഫുകാരനെ കത്തിലൂടെ, വിളിയിലൂടെ, ഇപ്പോള്‍ വാട്ട്‌സപ്പിലൂടെ വരെ, അറിയിച്ചുകൊണ്ടേയിരുന്നു. നാട്ടിലെ ഉറ്റവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഗള്‍ഫുകാരന്‍, നാടിന്റെ ഓരോ സ്വപ്നവും യാഥാര്‍ഥ്യമാക്കാന്‍ ത്യാഗനിര്‍ഭരനാകുന്നതില്‍ നിര്‍ വൃതി കണ്ടെത്തി. അവന്‍ തന്റെ അസുഖങ്ങളെ പെനഡോളിലൊതുക്കും. പലര്‍ക്കും ഉണക്ക ഖുബ്ബൂസിലൊതുങ്ങുന്ന തീറ്റ. ഉച്ചയ്‌ക്കൊരു വിശ്രമമൊഴിച്ചാല്‍ പാതിരാ വരെ നീളുന്ന പരാതിയില്ലാത്ത ജോലിഭാരം. പതുക്കെപ്പതുക്കെ ഒതുങ്ങിപ്പോകുന്ന, യാന്ത്രികമാവുന്ന ജീവിതം. കഠിനമായ കാലാവസ്ഥാഭേദങ്ങളോടെന്ന പോലെ കഠിനമായ ജീവിതാനുഭവങ്ങളോടും അവന്‍ പൊരുത്തപ്പെടുന്നു.

കുടുംബം കൂടെയില്ലാതെ 'ബാച്ചിലര്‍' റൂമുകളില്‍ താമസിക്കുന്നവരുടേത് ഒരു പ്രത്യേക ജീവിതമാണ്. പൊതുവെ കുടുസ്സുമുറിയില്‍ ഞെങ്ങിഞെരുങ്ങി ഒരു കൂട്ടം ആളുകള്‍. കട്ടിലാണെങ്കില്‍ രണ്ടും മൂന്നും അട്ടി. നിലത്ത്, വിറകടുക്കിയതുപോലെ കുറേപ്പേരും. പലപ്പോഴും ഒറ്റ കുളിമുറി. സഹനത്തിന്റെയും സഹിഷ്ണുതയുടെയും പാഠശാലയാണു ഗള്‍ഫ്. മിക്കവാറും കര്‍ശനമായ അച്ചടക്കവ്യവസ്ഥകളും കാണും. ഓരോരുത്തരും കടന്നുവരുന്നതും ഇറങ്ങിപ്പോകുന്നതും ഓരോ സമയത്തായിരിക്കും. ഉറക്കസമയവും വെവ്വേറെയാകും. അതിനാല്‍ ചില ഫ്‌ളാറ്റുകളില്‍ പലപ്പോഴും ലൈറ്റിടരുത്, സംസാരിക്കരുത്, മറ്റുള്ളവരുടെ ബെഡ്ഡില്‍ തൊട്ടുപോകരുത്. ഇവ്വിധം അതിരുകള്‍. അകല്‍ചകള്‍. രോഗം വന്നാലും ഒറ്റയ്ക്കാവുന്ന എത്രയോ പേര്‍.

ദുബൈയിലും കൂട്ടുകൂടാം
ഇതിനിടയിലും അപൂര്‍വം പച്ചപ്പുകളുണ്ട്. അതിരുകള്‍ മായ്ച്ചുകളഞ്ഞ് ബന്ധങ്ങള്‍ ദൃഢതരമാക്കുകയും, പ്രവാസത്തെ ജീവസുറ്റതാക്കുകയും ചെയ്യുന്നവര്‍. കൂട്ടത്തില്‍ അന്യാദൃശമായ സാഹോദര്യമാണ് ദുബൈ ദേരയിലെ ബ്രോസ് ഇന്റര്‍ നാഷണല്‍ (BRO'Z international). നേരിട്ടോ മച്ചുനന്‍മാരായോ സഹോദരങ്ങളായ സിദ്ദീഖ്, സമീഹ്, അസ്ഹര്‍, അഷ്‌കര്‍, സാദിഖ് എന്നിവര്‍ പുതിയ ഫ്‌ളാറ്റിലേയ്ക്കു താമസം മാറിയതോടെയാണ് 2011 മേയില്‍ സഹോദരങ്ങള്‍ എന്ന അര്‍ഥത്തില്‍ ബ്രോസ് എന്ന ആശയം രൂപമെടുക്കുന്നത്.

വെള്ളിയാഴ്ചയുടെ അവധിരാവിലെകളില്‍ അവര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത്, കോര്‍ണിഷില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. ആദ്യമത്സരത്തിനു പോകുമ്പോള്‍ ബ്രോസ് കൂട്ടായ്മയുടെ സ്വന്തം ഏഴു കളിക്കാരും കൂടെ സുഹൃത്തുക്കളും. ദേരയിലെ ഓരോ കളിയനക്കങ്ങളിലും ഒരു സ്പന്ദനമായി ബ്രോസ് വളര്‍ന്നു. ബ്രോസിന്റെ ഫ്ലാറ്റില്‍ കൂടുതല്‍ സുഹൃത്തുക്കളെത്തി. അപ്പോഴും സാഹോദര്യത്തിന്റെ സംസ്‌ക്കാരം നിലനിര്‍ത്താനായി എന്നതാണ് ബ്രോസിന്റെ സുകൃതം. ഇവിടെ വ്യക്തികള്‍ തമ്മില്‍ മതില്‍കെട്ടുകളില്ല. പരസ്പരമവര്‍ താങ്ങും തണലുമാകുന്നു. അസാധ്യമായത്ര സ്‌നേഹവും കരുണയും സഹകരണവുമാണ്.

ദുബൈയിലും കൂട്ടുകൂടാംചെറുതും വലുതുമായ വസ്തുക്കള്‍ക്കും നേരമ്പോക്കുകള്‍ക്കുമൊപ്പം അവര്‍ പങ്കുവയ്ക്കുന്നത് സാന്ത്വനത്തിന്റെ, പശിമയുടെ, ഒരുമയുടെ ഗംഭീരമായ ഉരുക്കുകോട്ടകളാണ്. ഫ്‌ളാറ്റും കടന്ന് മുപ്പത്തഞ്ചോളം അംഗങ്ങളാണ് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ബ്രോസ് ഇന്റര്‍നാഷണല്‍ ടീമില്‍. കാസര്‍കോട് നഗരത്തിന്റെ ചുറ്റുവട്ടത്ത് തളങ്കര, ചെമ്മനാട്, ചൂരി, അണങ്കൂര്‍ ഭാഗക്കാരാണ് ഏറെയും പേര്‍. മാഹിന്‍, നവാസ്, ലത്തീഫ്, സമീഹ്, ഖലീല്‍, സലാഹുദ്ദീന്‍ എന്നിവര്‍ രക്ഷാധികാരികള്‍. സിദ്ദീഖ് ടീം മാനേജര്‍. അഷ്‌ക്കര്‍ ക്യാപ്റ്റന്‍. നിലവിലെ മെയിന്‍ ടീമില്‍ അസ്ഹര്‍, സഫീര്‍, ആസിഫ്, ഇഹ്‌സാന്‍, ഹബീബ്, അന്‍സാരി, അഫ്‌സല്‍, ഹക്കീം, താജുദ്ദീന്‍, അമീര്‍, നൗഷാദ്, അഷ്‌റഫ്, ജാബിര്‍, സാദിഖ്, ശഫീല്‍, നാസിം, ഹൈദര്‍, ഹുസൈന്‍ എന്നിവര്‍ കളിക്കുന്നു. ഈയടുത്ത് ദേര ക്രിക്കറ്റ് ലീഗില്‍ ചാമ്പ്യന്മാരായതാണ് പെരുമയുള്ള കളിനേട്ടങ്ങളിലൊന്ന്.


വെള്ളിയാഴ്ചകളില്‍ മുടങ്ങാതെയുള്ള ക്രിക്കറ്റ് പരിശീലനം സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണ്. ഇടയ്ക്ക് വിശേഷസമാഗമങ്ങളും സംഘടിപ്പിക്കുന്നു. ഒന്നാം വാര്‍ഷികം വിപുലമായ രീതിയില്‍ ആഘോഷിച്ചത് ട്വിന്‍ ടവറിലായിരുന്നു. നേടുന്ന ട്രോഫികളോരോന്നും കൂട്ടായ്മയുടെ കരുത്തിന് ഈടു വയ്ക്കുന്നു.

ദുബൈയിലും കൂട്ടുകൂടാം
കളിക്കിടയിലുമുള്ള കാര്യബോധം ബ്രോസിന്റെ സവിശേഷതയാണ്. ക്രമേണയത് സാമൂഹികവിഷയങ്ങള്‍ ഏറ്റെടുത്തുതുടങ്ങി. നാട്ടിലെ പാവപ്പെട്ട കല്യാണം, അപൂര്‍വ ചികിത്സ എന്നിവ ബ്രോസിന്റെ ഗൗരവശ്രദ്ധയുള്ള വിഷയങ്ങളായി. കളിക്കളത്തില്‍ ഫോട്ടോ ഫ്‌ളാഷുകള്‍ മിന്നിമറയുമ്പോഴും സേവനങ്ങള്‍ പ്രചാരണവിധേയമാകാതെ പ്രശ്‌നമറിഞ്ഞ് രഹസ്യമായി ഏറ്റെടുക്കുക എന്നതാണ് ബ്രോസിന്റെ രീതി. ഒപ്പം കളിക്കാരുടെ പ്രശ്‌നങ്ങളും അവരുടെ കുടുംബപ്രയാസങ്ങളും ഒത്തൊരുമയോടെ പരിഹരിക്കാന്‍ ശ്രമിക്കുന്നു. വെള്ളിയാഴ്ചകളില്‍ യു.എ.ഇ. യിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള അനുഭാവിസഹോദരങ്ങള്‍ക്ക് ഒത്തുകൂടാനും ആയാസങ്ങള്‍ ലഘൂകരിക്കാനുമുള്ള വേദി കൂടിയാണ് ബ്രോസ് ഇന്റര്‍നാഷണലിന്റെ ഫ്‌ളാറ്റ്.

ഇതൊരു സാധ്യതയുടെ മാതൃകയാണ്. തിരക്കുപിടിച്ച ഗള്‍ഫ് ജീവിതത്തിനിടയിലും ഊര്‍ജസ്വലമായ സാമൂഹികബന്ധങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇടമുണ്ട് എന്നൊരു പാഠം. നഗരത്തിന്റെ ദൂഷിതവലയത്തിലും ഗ്രാമത്തിന്റെ നന്മകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിനെക്കുറിച്ചു കവി. ജീവിതം സാര്‍ഥകമാക്കാന്‍ വെമ്പുന്ന ചെറുപ്പക്കാര്‍ ഒരു പ്രതീക്ഷയാണ്. ഇത്തരം നാമ്പുകള്‍ എവിടെയും സാധ്യമാണ്. ഇനിയുമുണ്ടാകണം. ലോകം നന്മയുടേതാണ് എന്ന പ്രഖ്യാപനമാണത്.

Keywords:  Article, K.T. Hassan, Dubai, Gulf, Kasaragod, BRO'Z international, Family, Room, Flat, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia