city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഒരിക്കലും മറക്കില്ല ഈ ആദരവ്

ഹാഷിം നജാത്ത് ഖാസിലൈന്‍

(www.kasargodvartha.com 16/05/2015) എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന ഹാട്രിക്ക് വിജയത്തിലൂടെ കാസര്‍കോടിന്റെ അഭിമാനമായി മാറിയ തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂളിന്റെ 70-ാം വര്‍ഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷ പരിപാടിയുടെ സമാപന ചടങ്ങിലെ അവസാന പരിപാടിയായ ഗുരുവാദരം തളങ്കരയ്ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.

വിദ്യയാണ് ധനം എന്ന് പറഞ്ഞുതന്ന് അറിവിന്റെ എണ്ണമറ്റ പാഠങ്ങള്‍ പകര്‍ന്ന്, നമുക്ക് ജീവിതത്തിന്റെ നല്ല പാത തുറന്ന് തന്ന ഒരുകൂട്ടം അധ്യാപകരെ കണ്‍കുളിര്‍ക്കെ കാണാനും അവരുടെ കരങ്ങള്‍ പിടിച്ച് മാറോടണയ്ക്കാനും അവസരം ഒരുക്കിത്തന്ന ഒ.എസ്.എ. ഭാരവാഹികളോട് നന്ദി പറയാതിക്കാന്‍ പറ്റില്ല.

എന്റെ ക്ലാസ്സ് അധ്യാപകനായിരുന്ന പി.വി. ജയരാജന്‍ മാഷ് കാസര്‍കോട് ദേളി സ്വദേശിയാണെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ടപ്പോള്‍ എന്റെ ഓര്‍മ്മയില്‍ ഓടി എത്തിയത്, കുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹം കാണിച്ചിരന്ന ആത്മാര്‍ത്ഥതയായിരുന്നു. ഞാന്‍ പഠിക്കുന്ന സമയത്ത് ഈ സ്‌കൂളില്‍ തുടര്‍ച്ചയായി രണ്ടുമാസം വേനലവധി ഇല്ലായിരുന്നു. അവസാന പാദ പരീക്ഷ കഴിഞ്ഞ് ഒരുമാസം, റംസാനില്‍ ഒരുമാസം.

എട്ടാം  ക്ലാസ്സില്‍ പഠിക്കുമ്പോള്‍ റിസള്‍ട്ട് അറിഞ്ഞ ഉടന്‍ റംസാന്‍ ഒന്നിച്ചു വന്നു. ഒമ്പത് ബി-യില്‍ നിന്നു പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്രത്യേക ക്ലാസ്സ് തുടങ്ങുന്നുണ്ട് എന്ന് പത്രത്തില്‍ പരസ്യം കൊടുത്തു കുട്ടികളെ വരുത്തി. വെള്ളി ഒഴികെയുള്ള റംസാനിലെ എല്ലാ ദിവസവും പ്രത്യേക ക്ലാസ്സ് എടുത്ത ആ വലിയ മനസ്സിന്റെ നന്മയെ എങ്ങനെ മറക്കാന്‍ പറ്റും. ബെല്ലടിച്ചാല്‍ ക്ലാസ്സില്‍ കയറാത്ത കുട്ടികള്‍ മാഷിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടാല്‍ ഓടി ക്ലാസ്സില്‍ കയറി ഇരിക്കും. ക്ലാസ്സില്‍ പരുക്കന്‍ സ്വഭാവക്കാരനായിരുന്നു മാഷ്. സ്‌കൂളിന്റെ പുറത്ത് വെച്ച് കണ്ടാല്‍ തോളില്‍ കയ്യിട്ട് ചായ കുടിക്കാന്‍ ക്ഷണിക്കും. അതായിരുന്നു ജയരാജന്‍ മാഷ്. ഗുരുവാദരം നടന്ന ദിവസം മാഷിന്റെ കൂടെ ചിലവഴിക്കാന്‍ വീണു കിട്ടിയ നിമിഷം, അത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.

പണ്ട് മുസ്ലിം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലെ സ്‌പോര്‍ട്‌സ് ദിവസങ്ങളില്‍ മുഴങ്ങി കേള്‍ക്കാറുണ്ടായിരുന്ന ഹസ്സന്‍ മാഷിന്റെ ശബ്ദം മൈക്കിലൂടെ ഒഴുകിയപ്പോള്‍ ഈ സ്‌കൂളിന്റെ കളിക്കളം ഒരിക്കല്‍ കൂടി കോരിത്തരിച്ചിട്ടുണ്ടാവാം. കേരള സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍വലയം കാത്തിരുന്ന മുസ്ലിം ഹൈസ്‌കൂളിന്റെ അഭിമാനം, നൗഷാദ്. വോളിബോളില്‍ കേരളത്തിന്റെ നിറസാന്നിദ്ധ്യായിരുന്ന ബഷീര്‍ച്ച, പിന്നെ നമ്മുടെ ബാഹുച്ച എന്ന ബദറുദ്ദീന്‍. അങ്ങനെ ഈ സ്‌കൂളിന്റെ പഴയകാല സ്‌പോര്‍ട്‌സ് ചരിത്രം ഒരിക്കല്‍ കൂടി മുസ്ലിം ഹൈസ്‌കൂളിന്റെ അക്ഷരമുറ്റം കേള്‍ക്കാന്‍ ഇടയായി. തന്റെതായ ശൈലിയില്‍ തന്റെ കുട്ടികളെ വാനോളം പുകഴ്ത്തി കേരള സ്‌പോര്‍ട്‌സ് ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഹസ്സന്‍ മാഷിന്റെ ശബ്ദം തളങ്കരയിലെ പഴയ തലമുറ മറന്ന് കാണില്ല.

പരീക്ഷണങ്ങള്‍ കാട്ടിത്തന്ന് കുട്ടികളെ അത്ഭുതപ്പെടുത്താറുള്ള മഷൂദ് അഹമ്മദ് മാഷ്. മാഷിന്റെ പിരിയഡ്് ഞങ്ങള്‍ക്ക് ഒരു ഹരമായിരുന്നു. തവളയെ കീറിമുറിച്ച് അതിന്റെ ആന്തരികാവയവങ്ങള്‍ കാണിച്ച് വളരെ വിശദമായി ക്ലാസ്സ് എടുത്തതിന് ശേഷം തവളയെ തുന്നിക്കൂട്ടി പൂര്‍വ്വസ്ഥിതിയിലാക്കി തറയില്‍ വെച്ചപ്പോള്‍ ചാടി, ചാടി പുറത്തേക്ക് പോകുന്ന ആ രംഗം...

വര്‍ഷങ്ങള്‍ക്ക് ശേഷം മാഷിന്റെ കരങ്ങള്‍ പിടിച്ച് നെഞ്ചോട് ചേര്‍ത്തപ്പോള്‍ ആ തവളയും, ഓപ്പറേഷനും ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാ പോലെ മനസ്സിലൂടെ കടന്നുപോയി. കൊല്ലം സ്വദേശിയായ മാഷ് ഈ ആദരവ് സ്വീകരിക്കാനായി മാത്രമാണ് ഒരു തവണകൂടി മുസ്ലിം ഹൈസ്‌കൂളിന്റെ തിരുമുറ്റത്തെത്തിയത്. അഭിനയത്തിന്റെ ബാലപാഠം എനിക്ക് പഠിപ്പിച്ചു തന്ന ജി.ബി. വത്സന്‍ മാഷ്, കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചത് മറക്കാനാവാത്ത ഒരു അനുഭവമായി മാറി. എന്നെ മാത്രമല്ല പലരെയും മാഷ് അങ്ങനെ ചെയ്യുന്നുണ്ടായിരുന്നു. ഒരു ഗുരു തന്റെ ശിഷ്യനെ എത്ര കണ്ടു സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് അത്.

വരയുടെ ആദ്യാക്ഷരം പകര്‍ന്നു തന്ന എന്റെ ദാമോദരന്‍ മാഷ് 8 എന്ന സംഖ്യയിലൂടെ പൂച്ചയെ വരയ്ക്കുന്ന വിദ്യ കാണിച്ചു തന്ന മാഷ് അങ്ങനെ മറന്നുപോയ ഒരുപാട് മുഖങ്ങള്‍ മനസ്സിന്റെ ഉള്ളറയില്‍ നിന്ന് ഓടി വന്ന ഒരു ദിവസം. പഴയകാല ടീച്ചറായിരുന്ന സാവിത്രി ടീച്ചറിന് ഉപഹാരം നല്‍കിയത് ടീച്ചറുടെ തന്നെ വിദ്യാര്‍ത്ഥിയായിരുന്ന നമ്മുടെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ആയിരുന്നു. ആ ധന്യമുഹൂര്‍ത്തത്തെ നീണ്ട കരാഘോഷത്തോടെയായിരുന്നു സദസ്സ് സ്വീകരിച്ചത്. അനാരോഗ്യകരമായ അവസ്ഥയില്‍ പോലും ഈ സദസ്സ് അലങ്കരിക്കാനെത്തിയ മൊയ്തീന്‍ മാഷ്, ഗുരുവാദരം സദസ്സിന്റെ ശ്രദ്ധാകേന്ദ്രമായി മാറി.

കുഞ്ഞമ്പു മാഷും-സാവിത്രി ടീച്ചറും, ജി.ബി. വത്സന്‍ മാഷും-രമ ടീച്ചറും, സി.വി. അബ്ദുല്ല മാഷും-ലൈലാ ടീച്ചറും എന്നീ ദമ്പതിമാര്‍ ഈ മംഗള മുഹൂര്‍ത്തത്തെ ധന്യമാക്കാന്‍ ഒരു തവണകൂടി മുസ്ലിം ഹൈസ്‌കൂളിന്റെ അക്ഷരമുറ്റത്ത് സംഗമിച്ചു. ഇരുപത്തി രണ്ടോളം പഴയ അധ്യാപകര്‍ ഒരു വേദിയില്‍ ഒന്നിച്ചപ്പോള്‍ അവരുടെയെല്ലാം മുഖം നിറയെ പുഞ്ചിരിയായിരുന്നു. ആ പുഞ്ചിരിയില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റുമായിരുന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നമ്മുടെ കുട്ടികള്‍ നമുക്ക് തന്ന ഈ ആദരവിന്റെ സന്തോഷം.. നന്ദി.. ഒരു തവണ കൂടി അവരുടെ സഹപ്രവര്‍ത്തകരെ നേരില്‍ കാണാന്‍ പറ്റിയതിലുള്ള സംതൃപ്തി.

ഒരു കൂട്ടം ഗുരുനാഥന്മാരുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിപ്പിച്ച് നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ആ സായം സന്ധ്യാ നേരില്‍ കാണാന്‍ പറ്റാത്ത പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തീരാ നഷ്ടമാണ് മെയ് ഒമ്പത്. ഇതുപോലെയൊരു വൈകുന്നേരം ഇനി ഈ സ്‌കൂളിന്റെ മണല്‍ തരികള്‍ക്ക് ലഭിക്കുമോ?

ഈ സ്‌കൂളിനെ മാറോട് ചേര്‍ത്ത്പിടിച്ച് ഇതിന്റെ ഉയര്‍ച്ചയ്ക്കായി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് എല്ലാ വിധ നന്മകളും നേരുന്നു.
തളങ്കര ഒരിക്കലും മറക്കില്ല ഈ ആദരവ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia