തണല്‍ മരങ്ങള്‍ ഒന്നൊന്നായി മുറിഞ്ഞു വീഴുമ്പോള്‍...
Sep 12, 2012, 11:35 IST
Abdul Rahman |
ഒരു വീട്ടില്‍ പത്ത് ദിവസത്തിനകത്ത് രണ്ട് മരണങ്ങള്. അതും കാര്യമായ അസുഖമൊന്നുമില്ലാതെ, ഒരുവിധം ജീവിച്ചു വരുന്നതിനിടയില്‍. അമ്മായി-(ഖദീജ എന്റെ ഭാര്യയുടെ വല്യമ്മ-ഇവിടെ മൂത്തമ്മയെന്ന് പറയും)ക്ക് അണ്ഡാശയത്തില്‍ ക്യാന്‍സറാണെന്ന് മംഗലാപുരം ഫാദര്‍ മുള്ളറില്‍ നിന്ന് സ്ഥിരീകരിക്കപ്പെടുകയും തിരുവനന്തപുരം ആര്.സി.സി മുതല്‍ക്കിങ്ങോട്ട് ചികിത്സ നടത്തി വരുന്നതിനിടയിലാണ് അറ്റാക്ക് വന്ന്, അവസാനത്തെ കേവലം രണ്ടര ദിവസം വെന്റിലേറ്ററിന്റെ സഹായത്താലും മറ്റും (ലൈഫ് എയ്ഡ്) ജീവിതം അനുഭവിക്കേണ്ടി വന്നത്. പക്ഷെ ഭാര്യാപിതാവോ (എന്‍. അബ്ദുല്‍ റഹ്മാന്)? പെരുന്നാള്‍ ദിവസം ഉച്ച തിരിഞ്ഞെത്തിയ ഞാന്‍ ചെമനാട് നെച്ചിപ്പടുപ്പിലെ വീട്ടില്‍ അദ്ദേഹവുമായി കുറെ നേരം (സന്ധ്യ വരെ) സംസാരിച്ചിരിക്കുകയായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചോദിച്ചു. ഇപ്പോള്‍ അത്ര തിടുക്കപ്പെട്ടു പോയില്ലെങ്കിലെന്താ? നാളെ രാവിലെ ഇവിടുന്ന് പോകാലോ (എനിക്കിനി ഏതാനും മണിക്കൂറുകളെ ഉള്ളൂ എന്ന് പറയുന്ന പോലെ ഇപ്പോഴെനിക്ക് തോന്നിപ്പോകുന്നു)...
ഞാന്‍ വിവാഹിതനായ കാലത്ത് ഭാര്യാവീട്ടിലേയ്ക്കുള്ള വഴിയില്‍ വെച്ച് പരിചിതരൊക്കെ പറയുമായിരുന്നു. നീ ആളൊരു ഭാഗ്യവാനാണ്. നിനക്ക് രണ്ട് അമ്മായിമാരെ കിട്ടിയല്ലോ എന്ന്. പിന്നീടത് സത്യമാണെന്ന് ബോധ്യപ്പെടാന്‍ എനിക്കേറെ ദിവസങ്ങളെടുത്തുമില്ല. എന്നോടങ്ങനെ പറയുന്നവരോട് ഞാന്‍ തിരിച്ചടിക്കുമായിരുന്നു. സത്യമായിട്ടും ഒരമ്മായിയെ എങ്ങനെ സഹിക്കുമെന്ന് ആലോചിച്ചിരിക്കവെയാണ് രണ്ട് അമ്മായിമാര്. സഹിക്കുക എന്ന വെച്ചാല്‍ ഇവിടെ അവരുടെ (വെറുംപ്രകടനങ്ങളല്ലാത്ത) സ്നേഹപ്രകടനങ്ങളെ മാത്രമെ ഉദ്ദേശിച്ചുള്ളൂ. ഒരമ്മായിയുടെ സ്നേഹപരിലാലനപരിസരം തന്നെ ഈ (ഞാനെന്ന) പുതിയാപ്ലയെന്ന ജീവിക്ക് പൊല്ലാപ്പാണ്. ഇതു കഴിക്കൂ. അതെടുത്ത് കഴിക്കൂ എന്ന് പറഞ്ഞ്. ഭക്ഷണകാര്യത്തിലെന്നല്ല ഒന്നിലും ആരും നിര്‍ബന്ധിക്കുന്നതും അമിതമായ പരിലാളിക്കുന്നതും (ഞാനതര്ഹിക്കുന്നുണ്ടോ എന്ന കോംപ്ലക്സില്‍ നിന്നാവാം) എന്നെസംബന്ധിച്ചിടത്തോളം പണ്ടെ ഇഷ്ടമായിരുന്നില്ല. പക്ഷെ അമ്മായിമാരാവുമ്പോള്... സ്നേഹം കൊണ്ടല്ലെ.. സഹിച്ചല്ലെ ഒക്കൂ.
കഴിഞ്ഞാഴ്ച (റംസാന് 24 തിങ്കള്‍)നിര്യാതയായ അമ്മായി-ക്ക് സ്നേഹിക്കാന്‍ മാത്രമെ വശമായിരുന്നുള്ളൂ. എന്റെ ഉമ്മയ്ക്ക്(2009ല്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു) ഞങ്ങള്‍ ഒമ്പത് മക്കളുണ്ടായിരുന്നു. ഒരു കുട്ടി പത്താം നാളിലും മറ്റൊരു മകള്‍ പത്താം വയസിലും മരണപ്പെട്ടു. മറ്റൊരു മകന് മുപ്പത്തി അഞ്ചാം വയസില്‍ മുംബൈയില്‍ വെച്ചും. അബു, ഹൃദ്രോഗം ഉണ്ടെന്ന് ഡ.യഗ്നോസ് ചെയ്ത് വിദഗ്ദ്ധ ചികിത്സയ്ക്കായി സൗദിയില്‍ നിന്ന് മുംബൈയിലേയ്ക്ക് ഫ്ലൈറ്റില്‍ യാത്ര ചെയ്യവെ അറ്റാക്ക് വരികയും എയര്‍ പോര്‍ട്ടില്‍ നിന്ന് നേരെ സാന്റാക്രൂസി-(മുംബൈ)ലെ രാമകൃഷ്ണാ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയാണുണ്ടായത്. ഏകദേശം ഒരാഴ്ചയെ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. അതും ഇതേ പോലെ, ലൈഫ് എയ്ഡിന്റെ സഹായത്തോടെ... ഞാനടക്കം ബാക്കി ആറ് പേരിപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. അങ്ങനെ, ഞങ്ങള്‍ക്ക് ഉമ്മയുടെ ആ സ്നേഹം പങ്കിടേണ്ടി വന്നതാവാം-(മനസിലാക്കാനാവാതെ പോയത്).
വേവിച്ച് പാകമാക്കി, ഭക്ഷണം ഇത്രയും പാത്രങ്ങളില്‍ വിളമ്പി എങ്ങനെ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോയി ഉമ്മ എന്നത് തന്നെ എനിക്കിന്നുമൊരു പ്രഹേളികയാവുകയാണ്. പക്ഷെ ഇവിടെ എന്റെ ഭാര്യയുടെ മൂത്തമ്മയായ ഖദീജ എന്നവര്‍ക്ക് മക്കളെ ഉണ്ടായിരുന്നില്ല. അപ്പോള്‍ ചുരത്തപ്പെടുന്ന ആ സ്നേഹം കാണുമല്ലോ. അതെങ്ങോട്ട് തിരിച്ചു വിടണ
മെന്ന പ്രശ്നം വരും. അനിയത്തി (അമ്മായി-എന്റെ ഭാര്യാമാതാവ്) ആസ്യമ്മയ്ക്ക് കുട്ടികളുണ്ടായപ്പോള്‍ ആ സ്നേഹം അങ്ങോട്ടൊഴുകി. അത് പടച്ചവന് ഖുര്‍ആനില്‍ പറഞ്ഞ പോലെ- ബി ഗൈരി ഇസാബ്(കണക്കില്ലാതെ). ആ സ്നേഹം ഈ മക്കള്‍ക്ക് (എന്റെ ഭാര്യ-(സക്കീന)-യും അവരുടെ നാല് സഹൗദരിമാരും ഒരു സഹോദരനും). നേരെ ഒഴുകുകയായിരുന്നു. പെണ്മക്കളാവുമ്പോള് അവര്‍ മാത്രമായാല്‍ പോരല്ലോ. അവര്‍ക്ക് പുതിയാപ്ലമാരും വരും. മരുമക്കളായി. മരുമക്കള്‍ക്ക് അവര്‍ അമ്മായി ആയി. ആങ്ങനെ പുതിയാപ്ലയോടായി തുടങ്ങിയ സ്നേഹം പിന്നെ തന്റെ മകനോടെന്ന പോലെ വഴിഞ്ഞൊഴുകി. ഞാനാ വീട്ടിലേയ്ക്ക് എന്റെ പോക്കു വരവുകള്‍ കുറച്ചത്, (സാധാരണ രീതിയില്‍ വല്ല കെറുവും (അനിഷ്ടമോ) മനസിലുണ്ടെങ്കിലാണല്ലോ. അങ്ങനെയാ എല്ലാവരും ചെയ്യാറ്.) ഇതങ്ങനെയൊന്നുമല്ല. ഇങ്ങനെയൊ ന്ന്, നിങ്ങളാരും ഇതിനു മുമ്പ് കേട്ടിരിക്കാന്‍ തരമില്ല. ഒരാള്‍ ഒരു വീട്ടിലെ പലരും തന്നോട് കാട്ടുന്ന (അമിതമായതെന്ന് പറയാന്‍ ഭയമുണ്ട്) സ്നേഹം നിമിത്തം ആ വീട്ടിയേയ്ക്കുള്ള സന്ദര്‍ശനം കുറക്കുക എന്നത്. പക്ഷെ ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യമതാണ്. കാരണം, അതിയാളുടെ പ്രകൃതിയാവാം. ഒരുപക്ഷെ നേരത്തെ സൂചിപ്പിച്ചത് പോലെ താനതര്ഹിക്കുന്നുണ്ടോ എന്ന സംശയത്തില്‍ നിന്നുള്ള വിചാരമാവാം. ആരും പൊക്കിപ്പറയുന്നത് പോലും ഉള്‍ക്കൊള്ളാന്‍ പറ്റാറില്ല. അത് കൊണ്ട് തന്നെ അതൊന്നും സഹിക്കാവുന്നതുമല്ല.
പലപ്പോഴും തിരക്കില്‍ ആ വീട്ടിലേയ്ക്ക് ചെന്ന് ശബ്ദം കേട്ട് വീട്ടിന് പുറത്തിറങ്ങി മുമ്പില്‍ വന്നവരോട് മാത്രം സംസാരിച്ച് പോന്നാല്‍ പിന്നത്തെ പുകില് പറയാനുമില്ല. അമ്മായി(ഖദീജ)യോട് മിണ്ടാതെ പോയോ എന്ന പരിഭവം കുറെ നാളത്തേയ്ക്ക് മനസിലുണ്ടാവും. പിന്നൊരിക്കല്‍ പോയി നേരില്‍ കണ്ട് അത് തമ്മില്‍ പറഞ്ഞ് തീര്‍ക്കുകയാണ് പതിവ്. ഈ അമ്മായിമാര്‍ക്ക് ഒരു ഉമ്മയുണ്ടായിരുന്നു. അവരെ ഏതാനും കൊച്ചു കാഴ്ചകള്‍ കാണാനെ ഇയാള്‍ക്ക് ഭാഗ്യമാണ്ടായിട്ടുള്ളൂ. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏറെ കഴിയും മുമ്പെ അവര്‍ ഇതേ പോലെ ഹൃദയാസ്വാസ്ഥ്യമുണ്ടായി മംഗലാപുരം ആശുപത്രിയില്‍ ഇന്റന്‍സീവ് കെയറിലുമൊക്കെയായി ഏതാനും നാളുകള്‍... ഇന്നും നിത്യം എന്റെ പ്രാര്‍ത്ഥനകളില്‍ ആ വല്യുമ്മ ഉണ്ടെന്നത് തന്നെ അവര്‍ ആ ചെറിയ ഇടവേളയില്‍ എന്റെ മനസില്‍ ചെലുത്തിയ സ്വാധീനം കൊണ്ടാവാം. വിവാഹച്ചടങ്ങുകളുടെ ഭാഗമായി അന്ന് ഒരിക്കല്‍ ഒരു പ്രാവശ്യം മാത്രമെ അവര്‍ എന്റെ വീട്ടില്‍ വന്നിരുന്നുള്ളൂ എന്നാണെന്റെ ഓര്‍മ്മ. ആ സന്ദര്‍ശനം സമ്മാനിച്ച ഓര്‍മ്മ മാത്രം മതി ഒരായുഷ്കാലത്തേയ്ക്ക്...
എന്റെ മനസിലാ രംഗമിപ്പോഴുമുണ്ട്. 2005ല്‍ ഞാനെന്റെ മൂത്തമകന് യാസീനുമൊത്ത് ബൈക്കില്‍ ടൗണിലേയ്ക്ക് വരവെ എതിരെ വന്ന ഒരു ബൈക്ക് യാത്രക്കാരന് ഞങ്ങളെ ഇടിച്ചിട്ടത്. മംഗലാപുരം തേജസ്വിനിയില്‍ ഡോ. ശാന്താറാം ശെട്ടിയുടെ കീഴില്‍ ചികിത്സ. ഒന്ന് രണ്ട് ഓപ്പറേഷനുകള്‍ വേണ്ടി വന്നിരുന്നു. അവിടെ എന്നെ അഡ്മിറ്റ് ചെയ്ത വാഡില്‍ ഒരാള്‍ക്ക് മാത്രമെ കൂടെ നില്ക്കാനനുവദിച്ചിരുന്നുള്ളൂ. അത് എന്റെ ഭാര്യ. കൂടെ എന്റെ ചെറുമകനും. പിന്നെ ഈ അമ്മാച്ച(അബ്ദുല്‍ റഹ്മാന്)ന് അകത്ത് പ്രവേശനം കിട്ടില്ലല്ലോ. എന്നെ വിട്ട് തിരിച്ചിങ്ങോട്ട് പോരാനുമൊക്കുന്നില്ല. പുറത്തെവിടെയെങ്കിലും വരാന്തയിലോ തിണ്ണയിലോ കിടന്നുറങ്ങിയോ, അതോ എവിടെയെങ്കിലും ചാരിയിരുന്ന നേരം വെളുപ്പിച്ചോ? അറിയില്ല. പുലര്‍ച്ചയ്ക്ക്, സന്ദര്‍ശകര്‍ക്ക് പ്രേവശനമനുവദിക്കുന്ന സമയമായകുമ്പോള് മുമ്പിലുണ്ടാവും. കൂടെ എന്റെ സഹോദരന് ഹസൈനാറും. എവിടെ കിടന്നുറങ്ങിയെന്ന് ചോദിച്ചാല്‍ ഇവിടെയൊക്കെയായി ഉണ്ടായിരുന്നു എന്നുത്തരം. അമിതമായി സംസാരിക്കുന്ന സ്വഭാവമെ ഉണ്ടായിരുന്നില്ലല്ലോ. ആരെക്കുറിച്ചും ഒന്നും പറയുന്ന്ത കേട്ടിട്ടില്ല... ആവശ്യത്തിന് വേണ്ടി മാത്രം വല്ലതും പറയും. മക്കളെ ഒരിക്കലെങ്കിലും ശാസിക്കുന്നതായി കണ്ടിട്ടില്ല. അതിന്റെ ആവശ്യം തോന്നിയിട്ടുണ്ടാവില്ല എന്നാണെനിക്ക് പിന്നീട് തോന്നിയത്.
ഏതൊന്നും, നഷ്ടപ്പെട്ടാലെ ആ ശൂന്യത അനുഭവവേദ്യമാവുള്ളൂ. മേല്‍ പ്പറഞ്ഞ ആ ബൈക്കപകടത്തോടനുബന്ധിച്ച് പിന്നീടൊരുപാട് ദുരന്തങ്ങള്‍ വന്നു ഭവിച്ചു എന്റെ ജീവിതത്തില്‍. എന്റെ ബിസിനെസ് സ്ഥാപനത്തില്‍ എന്റെ അഭാവത്തിലുണ്ടായ, വന്‍ സാമ്പത്തീക തട്ടിപ്പില്‍ എന്റേതായ എല്ലാം ഒലിച്ചങ്ങ് പോയി. പലതും കട പുഴങ്ങി വീണു. അതിനോടൊപ്പം ഭാര്യയ്ക്ക് ചെംനാടിന്റെ കണ്ണായ ഭാഗത്ത് അവര്‍ നല്കിയ സ്ഥലവും വില്‍ക്കേണ്ടി വന്നു. പക്ഷെ അത്ഭുതം അതൊന്നുമല്ല. പഴയ ഞാനും ഇങ്ങനെ തകര്‍ന്ന തരിപ്പണമായ ഞാനും ആ വീട്ടിലേയക്ക് കടന്നു ചെന്നപ്പോള്‍ ആ മുഖങ്ങളില്‍ ഒരു വ്യത്യാസവും എനിക്ക് കാണാനായില്ല എന്നതാണ്. മഹാ ഭാരതത്തിലെ കര്‍ണ്ണന്റെ അവസ്ഥയ്ക്ക് സമാനമാണ് എന്റേത്. സര്‍വ്വ മുറകളും സ്വായത്തമാക്കിയിട്ടും യഥാസ്ഥാനത്ത് പ്രയോഗിക്കാനാവാത്ത സ്ഥിതി. ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അത് മറന്നു പോവും. അത് പോലെ ഇവര്‍ക്കൊക്കെ തന്റെ ഈ ജീവിതം കൊണ്ട് എന്തു ചെയ്യാനായി... എന്നത് ഒരു പ്രഹേളികയായി ഇരുന്നോട്ടെ അല്ലെ? ഹൃദയം കൂമ്പിയുള്ള പ്രാര്‍ത്ഥനയോടെ...
- എ എസ് മുഹമ്മദ്കുഞ്ഞി
Keywords: A.S Mohammed Kunhi, Writer, Khadeeja, Abdul Rahman, Article.
Related News: