city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി.എ. ഇബ്രാഹിം സാഹിബ് ഓര്‍മകളില്‍

ടി.കെ അബ്ദുല്ലക്കുഞ്ഞി

ടി.എ. ഇബ്രാഹിം സാഹിബ് വിട്ടുപിരിഞ്ഞ ദിവസത്തിന്റെ ആണ്ടോര്‍മ്മ നമ്മെ ഒരിക്കല്‍ കൂടി ദുഃഖത്തിലാഴ്ത്തുന്നു. ഇബ്രാഹിം സാഹിബ് സാധാരണമട്ടിലുള്ള രാഷ്ട്രീയ നേതാവായിരുന്നില്ല. പുസ്തകങ്ങളേയും വായനയേയും സ്‌നേഹിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം ധൈഷ്ണികതയെ ഇഷ്ടപ്പെടുന്നവരേയും ആകര്‍ഷണ വലയത്തിലാക്കി.

അമിത വായനയെ ഇഷ്ടപ്പെട്ട എന്നെ അദ്ദേഹത്തോട് അടുപ്പിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയേതര വ്യക്തിത്വമാണ്. ധൈഷണികതയില്‍ ഒരു ശരാശരിക്കാരന്‍ മാത്രമായ എന്നെ മാത്രമല്ല ഒരസാധാരണ ബുദ്ധിജീവിയായ മുണ്ടോള്‍ അബ്ദുല്ലയെ പോലുള്ളവരേയും ഇബ്രാഹിം സാഹിബ് ആകര്‍ഷിച്ചിരുന്നു. മുഹമ്മദ് അസദിന്റെ 'റോഡ് റ്റു മക്ക' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച ഉടനെ ഇബ്രാഹിം സാഹിബിന് എത്തിച്ച് കൊടുത്തത് മുണ്ടോള്‍ അബ്ദുല്ലയായിരുന്നു.

ഇബ്രാഹിം സാഹിബിനെപ്പറ്റിയുള്ള ലേഖനങ്ങള്‍ക്കൊക്കെ ഒരു പൊതു സ്വഭാവമുണ്ട്. പലപ്പോഴും ലേഖനങ്ങള്‍ വിരസമാകാന്‍ പൊതു സ്വഭാവത്തിന്റെ ആവര്‍ത്തനങ്ങള്‍ ഇടയാക്കുന്നു. അതിനാല്‍ എന്റെ അനുസ്മരണം അദ്ദേഹത്തിന്റെ നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ പരിമിതപ്പെടുത്തുന്നു.

1977 ല്‍ ആണ് ഇബ്രാഹിം സാഹിബ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോണി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച കാസര്‍കോട്ടെ ആദ്യത്തെ ലീഗ് സ്ഥാനാര്‍ത്ഥി. 1978 ഓഗസ്റ്റ് 10ന് വ്യാഴാഴ്ച അദ്ദേഹം നമ്മെ വിട്ടുപോയി, ഒരു യാത്രാ മൊഴി പോലും പറയാതെ. ഇത്ര ചുരുങ്ങിയ കാലയളവില്‍ കാസര്‍കോടിനെപറ്റി ഒരുപാട് പ്രശ്‌നങ്ങള്‍ നിയമസഭയുടെ മുന്നില്‍ കൊണ്ടു വന്നു. മാധ്യമങ്ങളില്‍ പേരച്ചടിക്കാന്‍ വേണ്ടി ഇബ്രാഹിം സാഹിബ് ദേശീയ അന്തര്‍ദേശീയ വിഷയങ്ങളൊന്നും പ്രസംഗിച്ചിട്ടില്ല.

എന്റെ നിയോജക മണ്ഡലത്തിലെ നീറുന്ന പ്രശ്‌നങ്ങളാണ് അദ്ദേഹം ശ്രദ്ധയില്‍ കൊണ്ടുവന്നത്. ചുരുങ്ങിയ ദിവസങ്ങളില്‍ അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ച പ്രാദേശിക പ്രാധാന്യമുള്ള കാര്യങ്ങളില്‍ ചിലതാണ് ബദിയടുക്കം നൂലപ്പടവ് റോഡ് വര്‍ക്ക്, മായിപ്പാടി പാലം പണി, വിദ്യാനഗര്‍ മുണ്ടൂര്‍ത്തടുക്ക റോഡ്, കാസര്‍കോട് ഗവ. കോളജിലെ മലയാള ബിരുദ പഠനം, ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍, കാസര്‍കോട് ബീച്ച് ഡിസ്‌പെന്‍സറി, കാസര്‍കോട് ബസ് സ്റ്റാന്‍ഡ്, ആരിക്കാടി - പുത്തിഗെ റോഡ് നിര്‍മാണം, ആരിക്കാടി, പടന്ന, തൃക്കരിപ്പൂര്‍ തീരദേശത്തെ സൗജന്യ റേഷന്‍, വീടു നിര്‍മാണത്തിനുള്ള വായ്പ, കശുവണ്ടിയുടെ ശേഖരണം, ആരിക്കാട് പുതുശ്ശൈ റോഡ്, കാസര്‍കോട് തുറമുഖത്തിന്റെ പണി, പയസ്വിനി ഇറിഗേഷന്‍ പദ്ധതി, ദേശീയപാത 17 പ്രവര്‍ത്തന ചിലവിനുള്ള ഫണ്ട്, കാസര്‍കോട് വികസന കമ്മിറ്റി ശുപാര്‍ശയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മേല്‍ ഉദ്ധരിച്ച വിഷയങ്ങളില്‍ കണ്ണോടിച്ചാല്‍ ഇബ്രാഹിം സാഹിബിന്റെ മനസും വ്യാകുലതകളും മുന്‍ഗണനാ ക്രമത്തില്‍ കാണാന്‍ കഴിയും.

1978 ആഗസ്റ്റ് 10 വ്യാഴം, അന്നാണല്ലോ അദ്ദേഹം മരണപ്പെട്ടത്. 1978 ആഗസ്റ്റ് 22 ന് കേരള നിയമസഭ സമുചിതമായ വിധത്തില്‍ ചരമോപചാരം നടത്തി. സ്പീക്കറുള്‍പെടെയുള്ള സാമാജികര്‍ വികാര നിര്‍ഭരമായ വിധത്തിലാണ് ഇബ്രാഹിം സാഹിബിനെ അനുസ്മരിച്ചത്. നിയമസഭാ സ്പീക്കര്‍ ചാക്കീരി അഹ്മദ്കുട്ടി അനുസ്മരിച്ചത് ഇങ്ങനെ, 'എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ജനാബ് ഇബ്രാഹിമിന്റെ വേര്‍പാട് നിമിത്തം കഴിവുറ്റ സംഘാടകനെയും രാഷ്ട്രീയ പ്രവര്‍ത്തനകനെയുമാണ് നമുക്ക് നഷ്ടമായത്. ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹ ബന്ധത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്. വശ്യമായ പെരുമാറ്റവും ആകര്‍ഷകമായ സ്വഭാവ ഗുണവും ഉള്ള അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെടാന്‍ ഇട വന്നിട്ടുള്ള ആര്‍ക്കും ഒരിക്കലും മറക്കാന്‍ സാധ്യമല്ല.

വ്യവസായ - വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. വാസുദേവന്‍ നായരുടെ അനുസ്മരണം,
'എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും കാസര്‍കോട് മെമ്പറായിരുന്ന ടി.എ. ഇബ്രാഹിമിന് പ്രസ്തുത പ്രദേശത്തുള്ള സ്വാധീനത്തെപ്പറ്റിയും ആ നാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ എത്ര മാത്രം സ്‌നേഹിച്ചുവെന്നതിനെപറ്റിയും കാസര്‍കോട് സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ദീര്‍ഘ കാലം ആ പ്രദേശത്തെ ജനങ്ങളെ ആവശ്യത്തിന് വേണ്ടി, പിന്നോക്കം നില്‍ക്കുന്ന ആ പ്രദേശത്തിന്റെ വികസനത്തിനു വേണ്ടി നിരന്തമായി ആത്മാര്‍ത്ഥ സേവനം നടത്തിയ നേതാവായിരുന്നു അദ്ദേഹം.'

കെ. കരുണാകരന്‍ ഇങ്ങനെ അനുസ്മരിച്ചു. 'മുസ്ലീം ലീഗിന്റെ ആദ്യകാലം മുതലുള്ള ഒരു സംഘാടകന്‍ എന്നതിനുപരിയായി ആ പ്രദേശത്തെ ജാതി - മത വ്യത്യാസം കൂടാതെ ഏതു മേഖലയിലായാലും ശരി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നു എന്നാണ് സവിശേഷത'

ഗതാഗത വകുപ്പു മന്ത്രി കെ. നാരാണക്കുറുപ്പ്, 'ശ്രീ ഇബ്രാഹിം കേരളത്തിന്റെ വടക്കേ അറ്റത്തെ നിയോജക മണ്ഡലമായ കാസര്‍കോട് എന്നു മുതല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയോ അന്നുമുതല്‍ പ്രാദേശിക വികസന പരിപാടികളിലും തന്റെ മുഴുവന്‍ സമയവും ചിലവഴിക്കുകയും അങ്ങനെ ഏറ്റവും വലിയ മനുഷ്യനായി ജനഹൃദയങ്ങളില്‍ വളരുകയും ചെയ്തു. പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സാമൂഹ്യതലത്തിലും സാമുദായിക തലത്തിലും പ്രവര്‍ത്തിച്ച് സ്വന്തമായി ഒരു വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്'.

ടി.കെ രാമകൃഷ്ണന്‍, 'അദ്ദേഹം നിയമസഭയില്‍ അധികമൊന്നും ശബ്ദമുണ്ടാക്കിയിട്ടില്ലെങ്കിലും അദ്ദേഹവുമായി പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുള്ള എല്ലാവര്‍ക്കും വിസ്മരിക്കാന്‍ സാധിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്'.

എസ്. വരദരാജന്‍ നായര്‍, 'ശ്രീ ഇബ്രാഹിമുമായി ഒരു വര്‍ഷത്തെ പരിചയമേ എനിക്കുള്ളൂ. എങ്കില്‍ പോലും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്‌നേഹവും സംസ്‌കാരവും ഒന്നു പ്രത്യേകം തന്നെയാണ്'.

എ. നീലലോഹിതദാസന്‍ നാടാര്‍, 'മത ന്യൂനപക്ഷമായ നമ്മുടെ നാട്ടിലെ ഒരു പിന്നോക്ക സമുദായ മുസ്ലീം ജന സമുദായത്തിന്റെ താല്‍പര്യങ്ങളെ തന്റെ പൊതു ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രതിനിധീകരിക്കുകയും നിയമസഭയ്ക്കകത്തായിരുന്നാലും പുറത്തായിരുന്നാലും അതിനു വേണ്ടി അശ്രാന്തം പരിശ്രമിക്കുകയും ചെയ്തിട്ടുള്ള നിശബ്ദനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു, പൊതു പ്രവര്‍ത്തകനായിരുന്നു. ടി.എ. ഇബ്രാഹിം'.

വിദ്യാഭ്യാസ - സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി, 'ഇബ്രാഹിം സാഹിബ് കാസര്‍കോട് പ്രദേശത്തെ സംബന്ധിച്ചിടത്തോളം വളരെ വര്‍ഷങ്ങളായി ആ പ്രദേശത്തെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവായിരുന്നു. എന്റെ പാര്‍ട്ടിയുടെ പ്രഗല്‍ഭനായ നേതാവായിരുന്നു അദ്ദേഹം. ഉത്തര കേരളത്തിലെ കരുത്തനും സ്‌നേഹ സമ്പന്നനുമായ എല്ലാവരാലും സ്‌നേഹിക്കപ്പെട്ടിരുന്ന മഹാനായ നേതാവായിരുന്നു അദ്ദേഹം. കാസര്‍കോട് പ്രദേശത്തെ എല്ലാവരുടേയും സമാദരവ് സമാര്‍ജിച്ച അസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് അടുത്തറിയാവുന്ന എല്ലാവര്‍ക്കും നന്നായി അറിയാം. വിനായാന്വിതവും സനേഹ സമ്പൂര്‍ണവുമായ അദ്ദേഹത്തിന്റെ പെരുമാറ്റം അടുത്ത് ഇടപഴകിയിട്ടുള്ള എല്ലാവരുടേയും ഹൃദയത്തെ ആകര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജനങ്ങള്‍ 'ഇബ്രാഹിച്ച' എന്ന പേരില്‍ അദ്ദേഹത്തെ സ്‌നേഹിച്ചതും ആദരിച്ചതും'
ടി.എ. ഇബ്രാഹിം സാഹിബ് ഓര്‍മകളില്‍
റവന്യു സഹകരണ വകുപ്പ് മന്ത്രി ബേബി ജോണ്‍, 'നിയമസഭാ സമാജികനായി കുറച്ചുകാലം മാത്രമെ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്ന് നമുക്കറിയാം. പക്ഷേ ആ കുറച്ചു കാലത്തിനുള്ളില്‍ എല്ലാവരുടേയും സ്‌നേഹം സമ്പാദിക്കാന്‍ ഒരു വശീകരണ ശക്തി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സൗമ്യനായി പുഞ്ചിരിയോടുകൂടി സഹപ്രവര്‍ത്തകരെ സമീപിക്കുന്ന പെരുമാറ്റം കൊണ്ട് എല്ലാവരേയും വശീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റ വിടവ് ആ പ്രദേശത്ത് താങ്ങാനാവാത്ത വിടവ് ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് നമ്മുടെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീം ലീഗിന് തീരാ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്'

എന്‍. ഭാസ്‌ക്കരന്‍ നായര്‍, 'ജനാബ് ഇബ്രാഹിം സാഹിബ് താന്‍ ജനിച്ച സമുദായത്തോടും വിശ്വസിക്കുന്ന പാര്‍ട്ടിയോടും കൂറുപുലര്‍ത്തിക്കൊണ്ട് ജനങ്ങളെ ഉത്തമ വിശ്വാസത്തോടു കൂടി സേവിച്ചു. അത് അംഗീകരിക്കപ്പെട്ടതുമാണ്. ഒരു മിതഭാഷി, നല്ല മനുഷ്യന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാവരേയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എന്‍.കെ. ബാലകൃഷ്ണന്‍, 'ശ്രീ ഇബ്രാഹിം സാഹിബിനോടൊപ്പം രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തില്‍ വളരെ കാലം പ്രവര്‍ത്തിച്ചിട്ടുള്ള പ്രവര്‍ത്തകനാണ് ഞാന്‍. ഈ സംസ്ഥാനത്തില്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ് പ്രദേശങ്ങള്‍ ലയിക്കുന്നതിന് മുമ്പായി മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആ പ്രദേശം തെക്കന്‍ കര്‍ണാടക ജില്ലയിലെ ജനങ്ങള്‍ അന്നത്തെ മലയാള ന്യൂനപക്ഷമായിരുന്ന കാസര്‍കോട്, ഹൊസ്ദുര്‍ഗ് ജനത അനുഭവിച്ചു വരുന്ന വിഷമത്തിന് പരിഹാരം കാണാന്‍ കാസര്‍കോട് പ്രദേശം മലബാറില്‍ ലയിപ്പിക്കണമെന്നുള്ള പ്രക്ഷോഭത്തില്‍ ഞങ്ങളെല്ലാം സഹകരിച്ചുകൊണ്ട് വളരെയേരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ആ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശ്രീ ടി.എ. ഇബ്രാഹിം സാഹിബ് എത്ര മാത്രം കനത്ത സംഭാവനയായിരുന്നു ചെയ്തിട്ടുള്ളതെന്ന കാര്യം ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുകയാണ്'

വി.എം.അബൂബക്കര്‍, 'ഞാനും ഇബ്രാഹിം സാഹിബും തമ്മില്‍ കാല്‍ നൂറ്റാണ്ടു കാലത്തെ അടുത്ത ബന്ധം ഉണ്ട് '

എം. രാമപ്പ, 'We all know he was not a man of words, but a man of action and it was scew nohew the people assembled in thousands to attend his journal... I have lost a personal friend of mine'

ടി.എ. ഇബ്രാഹിം സാഹിബ് ഓര്‍മകളില്‍
TK Abdulla Kunhi
(Writer)
നിയമസഭയില്‍ അനുശോചന വേളയില്‍ ഉദ്ധരണം ചെയ്യപ്പെട്ട പ്രസംഗങ്ങളിലെ പ്രസക്ത ഉദ്ധരണികളാണിവ. മര്‍ഹും ഇബ്രാഹിം സാഹിബ് നമുക്കായി ഒരു വലിയ പൈതൃക സമ്പത്ത് അവശേഷിപ്പിച്ചിട്ടുണ്ട്. ബഹുമാന്യനായ മുനിസിപ്പല്‍ ചെയര്‍മാന്‍, ടി.ഇ. അബ്ദുല്ല.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Article, Political party, Love, Leader, Road, Muslim-league, Education, Ibrahim Sahib, T.E.Abdulla, N.Baskaran Nair, Baby John, Works, Social Worker, Roll Model, Development. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia