ഞാന്‍ ഒരു ചിത്രകാരന്‍
Aug 16, 2012, 21:18 IST
Dineshan Poochakkad |
കലാകാരന്മാര്‍ മതില്‍ കെട്ടിനുള്ളില്‍ ഒതുങ്ങി കഴിയേണ്ടവരല്ലെന്നും അവര്‍ സമൂഹത്തിലിറങ്ങി സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതേണ്ടവരാണെന്നും സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ഒരാളാണ് ദിനേശന്‍ പൂച്ചക്കാട്. കാസര്‍കോട്ടെ ജനങ്ങളെ വിടാതെ വേട്ടയാടുകയും അവരെ ദുര്‍ഗതിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിപത്തിനെതിരെ തെരുവോരങ്ങളില്‍ ജീവനുള്ള ചിത്രങ്ങള്‍ വരച്ച് ജനങ്ങളുടെ പ്രതികരണ ശേഷിയെ തട്ടിയുണര്‍ത്തുകയാണ് ദിനേശന്‍ പൂച്ചക്കാട്. ജനങ്ങള്‍ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ രക്തം ചീന്തുമ്പോള്‍ അതിനെതിരെ തന്റെ ക്യാന്‍വാസ് കൊണ്ട് പ്രതികരികരിക്കാനാണ് ഈ യുവ ചിത്രകാരന്‍ ശ്രമിച്ചത്. പ്രതികരണശേഷി നഷ്ടപ്പെടാത്തവരാണ് കലാകാരന്മാരെന്ന് സമൂഹത്തിന് കാട്ടികൊടുത്തു.
കാഞ്ഞങ്ങാടിന് സമീപം പൂച്ചക്കാട് എന്ന സ്ഥലത്താണ് ദിനേശന്‍ പൂച്ചക്കാടിന്റെ ജനനം. മാക്കം വീട്ടില്‍ നാരായണന്റെയും മീനാക്ഷി അമ്മയുടെയും മകനായ ദിനേശന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം റിഥം സ്‌കൂള്‍ ആര്‍ട്‌സ് കാസര്‍കോട്, കണ്ണൂര്‍ ബ്രഷ്മാന്‍സ് എന്നിവിടങ്ങളില്‍ നിന്നും ഡ്രോയിംഗില്‍ ഡിപ്ലോമ നേടി. പ്രശ്‌സത ചിത്രകലാകാരന്‍ പുണിഞ്ചിത്തായയുടെ കീഴില്‍ പരിശീലനം നേടി.
ദിനേശന്റെ ആദ്യ പ്രദര്‍ശനം നടന്നത് 2003ലാണ്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നായിരുന്നു പ്രദര്‍ശനത്തിന്റെ പേര്. പിന്നീട് സംസ്ഥാനത്തിനകത്തും പുറത്തുമായി ധാരാളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 2011ല്‍ മികച്ച ചിത്രകാരനുള്ള അവാര്‍ഡ് ലഭിച്ചു. കൂടാതെ പുരോഗമന വേദിയുടെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചിത്രകാരന്‍ എന്നതിലുപരി സാഹിത്യ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ദിനേശന്‍ പൂച്ചക്കാടിന് സാധിച്ചിട്ടുണ്ട്. 'കരിഞ്ചാമുണ്ടി' എന്ന നോവലിന് 2011 ലെ മികച്ച നോവലിനുള്ള അവാര്‍ഡ് ലഭിച്ചു. കൂടാതെ 'ഇന്ത്യന്‍ ചിത്രകലയിലെ ശൈലികളും ചിത്രകാരന്മാരും' എന്ന പുസത്കവും രചിച്ചിട്ടുണ്ട്.
മനുഷ്യര്‍ ജീവിതം വെട്ടിപിടിക്കാന്‍ നെട്ടോട്ടം ഓടുമ്പോള്‍ കുറച്ചുസമയമെങ്കിലും സമൂഹത്തിലെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സമയം കണ്ടെത്തിയ ചിത്രകല എന്ന കലാരൂപത്തെ ഹൃദയത്തില്‍ ആവാഹിച്ച തപോഉപാസകനായ ദിനേശന്‍ പൂച്ചക്കാട് എന്ന യുവ ചിത്രകാരന് ഇനിയും അംഗീകാരങ്ങള്‍ ലഭിക്കാനിരിക്കുന്നതേയുള്ളു.
-ചന്ദ്രന്‍ പൊള്ളപ്പൊയില്‍
Keywords: Article, Artist, Dineshan Poochakkad, Chandran Pollapoyil.