കൈത്തറി താളം നിലച്ച കീഴൂര്‍ നെയ്ത്ത് തെരുവ്
May 17, 2022, 12:42 IST
വ്യാവസായിക ചരിത്രം
/ റാഫി പള്ളിപ്പുറം
(www.kasargodvartha.com 17.05.2022) ഇത് പ്രസിദ്ധമായ കീഴൂര്‍ ഗ്രാമത്തിലെ നെയ്ത്ത് തെരുവിന്റെ കഥയാണ്. ശ്രീ ധര്‍മ ശാസ്താ ക്ഷേത്രവും, തലയുയര്‍ത്തി നില്ക്കുന്ന കീഴൂര്‍ ജുമാ മസ്ജിദും സ്ഥിതി ചെയ്യുന്ന നാട്. മുസ്ലിം, ഹൈന്ദവ വിശ്വാസികള്‍ സാഹോദര്യത്തോടെ ഇടകലര്‍ന്ന് ജീവിക്കുന്ന മതമൈത്രിയുടെ മണ്ണ്. നെയ്ത്ത്ശാലകളാല് സമ്പന്നമായ ഒരു ഗ്രാമവിശുദ്ധി കീഴൂര്‍ എന്ന പ്രദേശത്തിന് പറയാനുണ്ട്.
കീഴൂര്‍ ധര്‍മ ശാസ്താ ക്ഷേത്രം മുതല്‍ കീഴൂര്‍ ജന്ക്ഷന് വരെയുള്ള തെരുവിലെ വീടുകളില്‍ നെയ്ത്ത് ശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. അതാണ് കീഴൂര്‍ തെരുവത്ത് എന്ന പ്രദേശം. നൂറ്റാണ്ടിന്റെ കൈത്തറി പെരുമയും, പാരമ്പര്യവും ഈ തെരുവിന് പറയാനുണ്ട്. അന്നന്നത്തെ അന്നത്തിന് വേണ്ടി പട്ടുനൂല്‍ കൊണ്ടും, പരുത്തി നൂല് കൊണ്ടും ജീവിതം നെയ്തെടുത്ത ഒരു ഗ്രാമത്തിന്റെ ജീവിത കഥ.
ഇതൊരു സംസ്കാരമാണ്. പാരമ്പര്യവും, പൈതൃകവും കാത്ത് സൂക്ഷിച്ച് അവര്‍ പതിറ്റാണ്ടുകളോളം ഈ മേഖലയില്‍ വ്യാപൃതരായി. വലിയ സമ്പാദ്യം നേടുവാനായിരുന്നില്ല. പാരമ്പര്യമായി കൈമാറി വന്ന തൊഴില്‍ മേഖല ഏറെ മഹത്തരമായി അവര്‍ കൂടെ കൊണ്ട് നടന്നു. അവര്‍ ജീവിത സ്വപ്നങ്ങള്‍ നെയ്തെടുത്തിരുന്നത് പരുത്തി നൂല് കൊണ്ടായിരുന്നു. അവിടെ പ്രവര്‍ത്തിച്ചിരുന്ന ഓരോ തറികളും ഒരുപാട് കുടുംബങ്ങളുടെ ജീവിതങ്ങളായിരുന്നു.
ഒരു നാട് ഉണര്ന്നിരുന്നത് കീഴൂര്‍ തെരുവത്തെ കൈത്തറി താളം കേട്ട് കൊണ്ടായിരുന്നു. യന്ത്രവല്‍കൃത തറികള്‍ വരുന്നതിന് മുമ്പ് കൈകള്‍ കൊണ്ടുള്ള തറികളിലായിരുന്നു തുണികള്‍ നെയ്തിരുന്നത്. അതാണ് 'കൈത്തറി'. കൈത്തറിയിലെ നെയ്ത്ത് എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. അച്ചു മരത്തിലൂടെ പ്രത്യാശയുടെ ഓടവം ഒന്ന് അങ്ങോട്ടും ഒന്ന് ഇങ്ങോട്ടും ചലിപ്പിക്കണം.
പാവ് ചുറ്റി വിഴുതുകള്‍ ബന്ധിച്ച കോലുകളില്‍ മാറി മാറി ചവിട്ടി ഇഴ നെയ്യും. രണ്ട് കൈകാലുകള്‍ സമത്തില് ചലിപ്പിച്ച് തറിയില്‍ നൂലുകള്‍ ഇഴചേര്‍ത്താണ് മനോഹരമായ തുണികള്‍ നെയ്തെടുക്കുന്നത്. കേരളത്തിലുടനീളം പ്രചാരത്തിലുണ്ടായിരുന്ന കുടില്‍ വ്യവസായമായിരുന്നു നെയ്ത്ത്. ആധുനിക സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം സാധാരണ കൈ തറികള്‍ കൊണ്ടുള്ള നെയ്ത്ത് രീതി നിലച്ച് തുടങ്ങി.
മിക്ക ഗ്രാമങ്ങളിലും സംഭവിച്ചത് പോലെ പതിയെ പതിയെ കീഴൂര്‍ ഗ്രാമത്തിലെ ഓരോ തറികളും നിശ്ചലമായി. പ്രഭാതം മുതല്‍ പ്രദോഷം വരെ ഓരോ വീട്ട് മുറ്റത്ത് നിന്നും കേട്ടിരുന്ന കൈത്തറി താളം ഇന്ന് പാടെ നിശബ്ദമായി. നൂറ് വര്‍ഷത്തോളം പാരമ്പര്യമുള്ള ഒരു കുടില്‍ വ്യവസായമാണ് ഇന്ന് നാമാവശേഷമായത്.
തമിഴ് നാട്ടില്‍ നിന്നാണ് തുണി നെയ്ത്ത് സമ്പ്രദായം കേരളത്തിലേക്ക് കടന്നു വന്നത് എന്ന് പറയപ്പെടുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്ക്ക് വസ്ത്രം നെയ്തെടുക്കുവാന്‍ വേണ്ടി കൊണ്ട് വന്നതെന്നും പില്കാലത്ത് കണ്ണൂര്‍ ചിറക്കല്‍ കോവിലത്തെ കോലത്തിരി രാജാവിന് പട്ട് നെയ്യാന്‍ വേണ്ടി തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും കണ്ണൂരേക്ക് വന്ന നെയ്ത്തുകാരില്‍ നിന്നും പാരമ്പര്യമായി കൈമാറിയതാണ് ഈ മേഖല എന്നും പറയപ്പെടുന്നു. കണ്ണൂരിലുള്ള 'പട്ടുവം' എന്ന സ്ഥലത്തിന് ആ പേര് വരാന്‍ കാരണം കോലത്തിരി രാജാവിന് വേണ്ടി 'പട്ട്' നെയ്ത സ്ഥലമായത് കൊണ്ടാണ് എന്നും പറയപ്പെടുന്നു.
1900 ന്റെ തുടക്കത്തിലാണ് കീഴൂര്‍ ഭാഗത്ത് വീടുകള്‍ കേന്ദ്രീകരിച്ച് നെയ്ത്ത് യൂണിറ്റുകള്‍ ആരംഭിക്കുന്നത്. ഒരു സമയത്ത് കീഴൂരിലെ ഏകദേശം അമ്പതിലധികം വീടുകളില്‍ ഇത്തരത്തിലുള്ള നെയ്ത്ത് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട പ്രയത്നമാണ് ഓരോ വസ്ത്രങ്ങളും നെയ്തെടുക്കലിന് പിന്നില്‍.
പ്രതീക്ഷയുടെ പട്ടു ചേര്‍ത്ത് ജീവിതത്തിന്റെ ഊടും പാവും നെയ്തെടുത്ത തറികള്‍ ഇന്ന് കീഴൂരില്‍ നിശ്ചലമാണ്. ഗ്രാമത്തിലെ അടുത്തൊരു തലമുറയ്ക്ക് പാരമ്പര്യമായി കൊണ്ട് നടന്ന നെയ്ത്ത് മേഖലയെ കുറിച്ച് അറിയാന്‍ സാധിക്കാത്ത വിധം അന്യം നിന്ന് പോയി. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നെയ്ത്തുകാര്‍ക്ക് ഒരേ സംസ്കാരമായിരുന്നു.
വീടുകളില്‍ തറികള്‍ സ്വന്തമായി സ്ഥാപിക്കണം. യന്ത്രങ്ങള്‍ ഘടിപ്പിക്കാത്ത മരം കൊണ്ടും മുളകള്‍ കൊണ്ടും ഉണ്ടാക്കിയ തറികളില്‍ നൂല് നെയ്തെടുക്കുക എന്നത് നല്ല അദ്ധ്വാനമാണ്. ഒരു തറിക്ക് പതിവായി രണ്ടാളുകള്‍ വേണം പ്രവര്‍ത്തിപ്പിക്കുവാന്‍. ഒരാള്‍ തറിയിലിരുന്നു രണ്ട് കൈ കാലുകള്‍ കൊണ്ട് തറി പ്രവര്‍ത്തിപ്പിക്കണം.
സഹായിയായി ഒരാള്‍ നല്ലി ചുറ്റുവാന്‍ വേണ്ടി. മിക്ക കുടിലുകളിലും ഭര്‍ത്താവ് നെയ്യുമ്പോള്‍ ഭാര്യ സഹായിയായി കൂടെയുണ്ടാവും. ആദ്യ കാലങ്ങളില്‍ നെയ്ത്തുകാര്‍ തന്നെ നൂലുകള്‍ വാങ്ങി തുണികള്‍ നെയ്തെടുത്ത ശേഷം സ്വകാര്യ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു പതിവ്. ഒരുപാട് ചൂഷണങ്ങള്‍ ആ കാലത്ത് നെയ്ത്തുകാര്‍ നേരിട്ടിരുന്നു, വിപണിയനുസരിച്ചുള്ള വിലയോ, കൊടുത്ത ഉല്പന്നങ്ങളുടെ വില യഥാ സമയത്തോ നെയ്ത്തുകാര്‍ക്ക് ലഭിക്കുമായിരുന്നില്ല.
മദ്രാസ് നിയമസഭാ അംഗമായിരുന്ന മേലത്ത് നാരായണന് നമ്പ്യാരുടെയും, മന്ത്രിയായിരുന്ന എന്‍ കെ ബാലകൃഷ്ണന്റേയും ശ്രമഫലമായി 1951 ല്‍ കീഴൂരില്‍ Kalanad Weavers Co-op P&S Society രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കെ ആര് അപ്പുവേട്ടന്റെ കെട്ടിടത്തില്‍ സൊസൈറ്റിയും നായക് സ്വാമിയുടെ കെട്ടിടത്തില്‍ അതിന്റെ ഗോഡൗണും പ്രവര്‍ത്തിച്ചു.
സൊസൈറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ നെയ്ത്തുകാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുവാന്‍ തുടങ്ങി. നിശ്ചിത ഫീസ് അടച്ച് നെയ്ത്തുകാര്‍ സംഘത്തില്‍ അംഗത്വമെടുത്താല്‍ തുണി നെയ്യാനുള്ള നൂലുകള്‍ തരം തിരിച്ച് തൂക്കം നോക്കി നല്‍കും. പിന്നീട് നെയ്ത തുണികള്‍ നൂലിന് സമാനമായ തൂക്കത്തില്‍ സൊസൈറ്റിക്ക് തിരിച്ച് നല്കുമ്പോള് നിശ്ചിത തുക കൂലിയായി നെയ്ത്തുകാര്‍ക്ക് ലഭിക്കും.
കീഴൂരിലെ സംഘത്തിലേക്ക് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും നൂലുകളും, അനുബന്ധ സാധനങ്ങളും കൊണ്ട് വരും. ഇവിടത്തെ തുണികള്‍ പ്രധാനമായും വിപണനം ചെയ്തിരുന്നത് തിരുവനന്തപുരം കേന്ദ്രമായുള്ള hantex, കണ്ണൂര്‍ കേന്ദ്രമായുള്ള ഹാന്‍വീവ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയാണ്.
തറിക്ക് മലയാളത്തില്‍ മഗ്ഗം എന്നും പറയും. ഇംഗ്ലീഷില്‍ Loom എന്നാണ് പറയുന്നത്. ഇതിന്റെ പ്രധാന ഭാഗങ്ങളെ ഓടം, എരട്, റെക്ക, മെതി, വായ, പക്ഷി എന്നിങ്ങനെ പറയും. പ്രാദേശികമായി പദങ്ങളില്‍ മാറ്റം കണ്ടേക്കാം. സംഘത്തില്‍ നിന്നും കൊണ്ട് വരുന്ന നൂല്കെട്ട് വെള്ളത്തിലിട്ട് മൂന്ന് ദിവസം വരെ പുതിര്ത്ത് വെക്കണം.
പിന്നീട് പച്ചരി അരച്ച് കാച്ചിയ കഞ്ഞിയില്‍ മുക്കി വലിയ കല്ലിന് മുകളില്‍ വെച്ച് ചവിട്ടണം. ആ നൂലുകള്‍ വെയിലത്ത് ഉണക്കിയെടുത്ത് വേണം നെയ്ത്ത് തുടങ്ങുവാന്‍. അടുത്ത ഘട്ടം നല്ലി ചുറ്റലാണ്. ഓരോ തുണികള്‍ക്കും മുപ്പത് മുതല്‍ നാല്പത്തിയെട്ട് വരെ റീലുകള്‍ വേണം. എല്ലാം സെറ്റ് ആയിക്കഴിഞ്ഞാല്‍ നെയ്ത്തുകാരന് തറിയിലിരുന്ന് തുണി നെയ്യാന്‍ ആരംഭിക്കുന്നു.
നാല് റെക്കകളില് കൂടി പാവുനൂലിനെ ക്രമത്തില്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് തറിയുടെ താഴെയുള്ള നാലു മെതികള്‍ മാറിമാറി ചവിട്ടിയിട്ടാണ്. അതേസമയം മുകള്‍ഭാഗത്തുള്ള ചരടുകള്‍ കൈകൊണ്ട് വലിക്കുന്നതിനനുസരിച്ച് ഊടുനൂലിന്റെ ഷട്ടില്‍ പാവുനൂലിഴകള്ക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു.
ഒരു തുണിയില്‍ നീളത്തില്‍ നെയ്ത നൂലിനെ പാവ് എന്നും, വീതിയിലുള്ള നൂലിനെ ഊട് എന്നും പറയുന്നു. ഇതാണ് നെയ്ത്തിന്റെ ചുരുക്ക രൂപം. ഏറെ ശ്രമകരവും സങ്കീര്‍ണവുമായിരുന്നു ഈ ജോലി. സൂചി മുന തെറ്റിയാല്‍ പായുന്ന ഓടം ക്രമം തെറ്റി വരും. അങ്ങനെ ക്രമം തെറ്റുമ്പോളാണ് ഡിസൈനൊക്കെ മാറി തുണികളില്‍ കേട് പാടുകള്‍ വരുന്നത്.
സാധാരണ ഗതിയില്‍ നൂല് കിട്ടി അതിന്റെ അനുബന്ധ പ്രക്രിയകള്‍ കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാലേ നെയ്ത്ത് ആരംഭിക്കുവാന്‍ സാധിക്കുകയുള്ളു. മഴക്കാലത്ത് നൂലുകള്‍ ഉണക്കിയെടുക്കാന്‍ കാലതാമസം വരും. ഇതിന്റെ വരുമാനം മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ ജീവിതം ശരിക്ക് വെയില് ഇല്ലാത്ത മഴക്കാലത്ത് ഏറെ പ്രയാസകരമായിരുന്നു.
വെള്ളമുണ്ട്, കള്ളിമുണ്ട്, തോര്‍ത്ത്, കോട്ടന്‍ സാരി, സില്‍ക്ക് സാരി, ഡബിള്‍ ദോത്തി മുതലായവയാണ് പ്രധാനമായും കീഴൂരില്‍ ഉത്പാദിപ്പിച്ചിരുന്നത്. ചില കേന്ദ്രങ്ങളില്‍ നിന്നും ഡിസൈന്‍ തരും, ചിലപ്പോള്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ഡിസൈനില്‍ നെയ്തെടുക്കാന്‍ സാധിക്കും.
കാസര്‍കോട് ജില്ലയില്‍ കീഴൂര്‍ തെരുവത്ത് പോലെ ഒരുപാട് സ്ഥലങ്ങളില്‍ ഇത്തരത്തില്‍ നെയ്ത്ത് മേഖലയില്‍ ഏര്പെട്ടവരുണ്ടായിരുന്നു. നീലേശ്വരം, കരിവെള്ളൂര്‍, വെള്ളൂര്‍, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പിലിക്കോട്, ഉദുമ ടൗണ്‍, മാങ്ങാട്, ഉദുമ പടിഞ്ഞാര്‍, നാലാംവാതുക്കല്, കൊക്കാല്‍, കാടകം, തായലങ്ങാടി തുടങ്ങി നിരവധി സ്ഥലങ്ങളില്‍.
ഇതില്‍ ഏകദദേശം സ്ഥലങ്ങളിലും ഇപ്പോള്‍ നെയ്ത്ത് യന്തങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഉദുമ നാലാം വാതുക്കലില്‍ 'ഉദുമ സ്പിന്നിംഗ് മില്‍' എന്ന പേരില്‍ വലിയൊരു കൈത്തറി കേന്ദ്രം കുറേ കാലം സി കെ മാധവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇടക്കാലത്ത് പ്രവര്‍ത്തനം നിലക്കുകയും പിന്നീട് അദ്ദേഹത്തിന്റെ തന്നെ പരിശ്രമഫലമായി മില്ലിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയിരുന്നു.
പഴയ പ്രതാപത്തിലേക്ക് സ്ഥാപനത്തെ തിരിച്ച് കൊണ്ട് വരാന്‍ അദ്ദേഹം കുറെ ശ്രമിച്ചു. സി കെ മാധവന്റെ വേര്‍പാടോട് കൂടി സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം വീണ്ടും നിലച്ചു. ഇപ്പോള്‍ ആ സ്ഥാപനം പൂട്ടി കിടക്കുകയാണ്. നെയ്ത്തുകാര്‍ക്ക് നൂലുകള്‍ നല്കുവാനും അവരില്‍ നിന്നും നെയ്ത തുണികള്‍ വാങ്ങുന്നതിനും വേണ്ടി ജില്ലയില്‍ ഒരുപാട് സഹകരണ സംഘങ്ങളും പ്രവര്‍ത്തിച്ചിരുന്നു.
ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റം സാധാരണ കൈത്തറി യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പുതിയ കാലത്തെ പുതിയ വിപണിയില്‍ കൈ കൊണ്ട് നൂല്‍നൂറ്റ വസ്ത്രങ്ങള്‍ അപ്രിയമായി. തൊണ്ണൂറുകളുടെ പകുതിയോടെ കീഴൂരിലെ കൈത്തറി യന്ത്രങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനം നിലച്ചു.
നെയ്ത്തുകാരുടെ സഹകരണ സംഘം വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും സംഘം സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം പണിത് അതില്‍ ഡയിങ്ങ് റൂം, നൂലിന് കളര്‍ മുക്കല്‍ തുടങ്ങിയ പ്രക്രിയകളും, തുണികളുടെ വിപണനം എല്ലാം വളരെ ഭംഗിയായി നടന്നിരുന്നു. ഇന്ന് അതെല്ലാം പൊളിച്ച് മാറ്റി സൊസൈറ്റിയുടെ ഒരു ചെറിയ കെട്ടിടം പ്രവര്‍ത്തിക്കുന്നു.
നിലവില്‍ ഇവിടെ കൈത്തറി ഉല്പന്നങ്ങളുടെ പ്രൊഡക്ഷനും, വില്പനയും ഇല്ലെങ്കിലും ഖാദിയുടെ പല തരം തുണികള്‍ അവിടെ വില്ക്കപ്പെടുന്നു. 'കളനാട് നെയ്ത്തുകാരുടെ പരസ്പര സഹായ ഉല്പന്ന വിക്രയ സംഘം, ക്ലിപ്തം, FF10' എന്ന പേരിലാണ് സ്ഥാപനം. റിട്ടേര്‍ഡ് ഉദ്യോഗസ്ഥന് എന്‍ സുധാകരന് ആണ് നിലവിലെ സെക്രട്ടറി. വലിയൊരു പൈതൃകത്തിന്റെയും, പാരമ്പര്യത്തിന്റെയും അടയാളമായി ഇപ്പോള്‍ കീഴൂരിലുള്ളത് ഈ സൊസൈറ്റിയുടെ കെട്ടിടം മാത്രം.
കീഴൂരില്‍ നെയ്ത്ത് മേഖലയില്‍ ഏര്‍പ്പെട്ട് വീട്ടില്‍ സ്വന്തമായി തറികള്‍ സ്ഥാപിച്ചിരുന്ന ഏതാനും പേര് പഴയ കാല കൈത്തറികളില്‍ നെയ്തെടുത്ത പട്ടിന്റെ മനോഹാരിത അയവിറക്കി നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ട്. ഇപ്പോള്‍ കീഴൂര്‍ തെരുവത്ത് പലചരക്ക് കട നടത്തുന്ന കെ കുഞ്ഞിരാമന്, ബെരിക്കളം കണ്ണേട്ടന്റെ മകന് ദാമോദരന്‍, മുളിയാര്‍ ചെട്ടിയാരുടെ മകന് കുഞ്ഞിക്കണ്ണന്, കണ്ണന്, കൊട്ടന് ചെട്ടിയാരുടെ മകന് ഭാസ്കരന് തുടങ്ങിയവര്‍.
ആധുനിക സാങ്കേതിക വിദ്യയില്‍ നെയ്തെടുത്ത പളുപളുപ്പുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ പ്രൗഢിയോടെ ധരിക്കുന്ന നമ്മളറിയണം പഴയ കാല രീതികള്‍. നമ്മുടെ നാടിന്റെ പഴമയും പാരമ്പര്യവും തേടി പോവുമ്പോള്‍ നാം അനുഭവിക്കുന്ന കുളിരും രോമാഞ്ചവും അനിര്‍വചനീയമാണ്. പെയ്തൊഴിഞ്ഞ കാലത്തിന്റെ നനവും കുളിരും നമ്മളിങ്ങനെ അനുഭവിച്ച് കൊണ്ടേയിരിക്കും.

Keywords: Story of weavers, Article, Top-Headlines, Business, Employees, Story, Kerala.