city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാളവണ്ടി യാത്ര

ഇബ്രാഹിം ചെര്‍ക്കള

ഇന്നത്തെ തലമുറ സിനിമയില്‍ കാണുകയും കഥകളില്‍ വായിച്ചറിയുകയും ചെയ്യുന്ന പലതും ബാല്യകാലത്തിന്റെ ഓര്‍മച്ചെപ്പില്‍ സൂക്ഷിച്ചുവയ്ക്കുകയും ഏകാന്തനിമിഷങ്ങളില്‍ തെളിച്ചമായി മനസില്‍ ഉണരുകയും ചെയ്യുന്നു. ഇന്നിന്റെ കുട്ടികള്‍ക്ക് ബാല്യം, കൗമാരങ്ങള്‍ നഷ്ടപ്പെടുന്നുവെന്നതാണ് സത്യം. പിച്ച വെച്ചു തുടങ്ങുമ്പോള്‍ തന്നെ കളിയെക്കുറിച്ചും കൂട്ടുകാരെ കുറിച്ചും മാത്രം ചിന്തിച്ചു നാട്ടുവഴികള്‍ താണ്ടി കളി വീടും മണ്ണപ്പവും ചുട്ടുനടക്കാന്‍ ഇന്നിന്റെ ബാല്യത്തിന് സമയമില്ല. ഗ്രാമങ്ങളില്‍ ആണെങ്കില്‍ ബാലടി, പട്ടണത്തില്‍ ബേബിസ്റ്റിങ്ങും, നേഴ്‌സറി സ്‌കൂള്‍, അമ്മയുടെയും അതുപോലെ മറ്റുള്ളവരുടെയും മടിയില്‍ ഇരുന്നു കൗതുക ലോകത്തിന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ അവര്‍ക്ക് ഭാഗ്യം നിഷേധിക്കപ്പെടുന്നു.

ആയമാരും ടീച്ചറും നയിക്കപ്പെടുന്ന ബാല്യം. മുതിര്‍ന്ന കുട്ടിയെ പോലെ നിയന്ത്രണങ്ങളുടെ ചട്ടക്കൂടുകള്‍ തീര്‍ക്കുന്ന വേലികളില്‍ തച്ചിട്ട് മുരടിക്കുന്ന കുരുന്നുകള്‍. വീട്ടിലെത്തിയാല്‍ മുതിര്‍ന്നവരുടെ കൂടെ ഇരുന്നു ടി.വി. കാണാന്‍ മാത്രം വിധിക്കപ്പെടുന്നു. ഇവിടെയും കുരുന്നു മനസില്‍ താങ്ങാന്‍ പറ്റുന്നതല്ല. ഇവരുടെ മനസില്‍ എത്തിപ്പെടുന്നത് ചെറിയ വായിലെ വലിയ വാക്കുകള്‍.  ചിന്തകള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു. പഴയ കാലം ഇതൊന്നുമായിരുന്നില്ല.

അധികവും അഞ്ച് വയസ് വരെ അമ്മയുടെ ഓരം പറ്റി മാതൃസ്‌നേഹത്തിന്റെ തേന്‍ നുകര്‍ന്നു. മുത്തശ്ശിയുടെ നീതിസര കഥകള്‍ കേട്ട് വളര്‍ന്ന തലമുറയില്‍ നന്മയുടെ സഹന്തിന്റെ ത്യാഗമനസിന്റെയും പൊന്‍വെളിച്ചം ഉണ്ടായിരുന്നു. ഇന്നിന്റെ മനസ് അക്രമത്തിന്റെയും പീഢനത്തിന്റെയും ദുഷ്ചിന്തകളും വാര്‍ത്തകളും മലിനപ്പെടുത്തുന്നു.

പഴയ ബാല്യത്തിന്റെ ഓരോ നിമിഷവും പ്രകൃതിയോട് ഏറെ ഇണങ്ങി ചേര്‍ന്ന് നടക്കാന്‍ അവസരം കിട്ടിയിരുന്നു. ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയില്‍ ആഹ്ലാദം നിറഞ്ഞ ഒരു കുട്ടിക്കാലം. ചെമ്മണ്‍ പാതകളില്‍  കട... കട.. ശബ്ദത്തില്‍ ഒരു ഗ്രാമീണ സംഗീത താളമുണര്‍ത്തി നീങ്ങുന്ന കാളവണ്ടികള്‍. ലോറിയും ജീപ്പും, കാറും, ഒക്കെ ഉണ്ടെങ്കിലും കാളവണ്ടിക്കും നല്ല സ്ഥാനമുണ്ടായിരുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ക്കെല്ലാം കാളവണ്ടിയെയാണ് ആശ്രയിച്ചിരുന്നത്. എന്റെ വീടിന്റെ ചുറ്റുവട്ടത്തിലായി പല വീടുകളിലും കാളവണ്ടി ഉണ്ടായിരുന്നു. ഇവിടങ്ങളിലെ കുട്ടികള്‍ സുഹൃത്തുകള്‍ ആയത് കൊണ്ട് പലപ്പോഴും അവരുടെ കൂടെ കാളവണ്ടിയില്‍ യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകുമ്പോഴും മടങ്ങി വരുമ്പോഴും വണ്ടിക്കാരന്‍ അറിയാതെ പതുക്കെ വണ്ടിയുടെ പുറകില്‍ പിടിച്ചുതൂങ്ങി വണ്ടിയില്‍ കയറാന്‍ ശ്രമിക്കും.  ചിന്തയോടെ ഉറക്കം തൂങ്ങുന്ന വണ്ടിക്കാരന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കി ദേഷ്യപ്പെടും. ചിലപ്പോള്‍ അടിക്കാന്‍ ഓടിക്കും.  ചിലര്‍ മന്ദഹാസത്തോടെ കേറാന്‍ അനുവദിക്കും.

ഗ്രാമങ്ങളില്‍ നിന്നും കൃഷി ചെയ്തുണ്ടാകുന്ന കാര്‍ഷിക വിളകള്‍ പട്ടണങ്ങളിലേക്ക് കൊണ്ട് പോയി മടക്കയാത്രയില്‍ അവിടങ്ങളില്‍ നിന്നും അരിയും അത് പോലെ ചെറുകിട കച്ചവടക്കാര്‍ക്കുള്ള സാധനങ്ങളുമായി മടങ്ങിവരുന്ന വണ്ടികള്‍ പഴയകാല പാതയിലെ നിത്യ കാഴ്ചകളാണ്. സ്‌കൂള്‍ അവധികാലങ്ങളില്‍ കളികളുടെ കൂട്ടത്തില്‍ കാളവണ്ടി യാത്രകളുംപെടും. പല കൂട്ടുകാരുടെയും വീട്ടില്‍ കാളവണ്ടിയുള്ളത് കൊണ്ട് സ്‌കൂള്‍ അവധി സമയങ്ങളില്‍ പല കുട്ടികളും എന്തെങ്കിലും ജോലിയില്‍ ഏര്‍പെടും. കളിയില്‍ എന്നെപോലെ ഇവര്‍ ചെയ്യുന്ന ജോലിയിലും ഞങ്ങള്‍ കൂട്ടുകാര്‍ പങ്കു ചേരും.

കാളവണ്ടികളുടെ പ്രധാന ഘടകമായ ഉശിരന്‍ കാളകളെ അധികവും മൈസൂര്‍ കാള ചന്തകളില്‍ നിന്നാണ് കൊണ്ടു വരുന്നത്. ഉയരവും തടിമിടുക്കും നല്ല ചന്തമുള്ള കൊമ്പും നിറവും എല്ലാം ഒത്ത് ചേര്‍ന്ന കാളകളെയാണ് തിരഞ്ഞെടുക്കുക. ഇവയെ വണ്ടിയില്‍ ബന്ധിച്ചാല്‍ കാണാന്‍ ഏറെ ഭംഗിയുണ്ട്. ഇത്തരം കാളകളുടെ കാല്‍ കുളമ്പില്‍ ഇരുമ്പു കൊണ്ട് ഉണ്ടാക്കിയ പരന്ന ബൈല്‍റ്റ് ആണികള്‍ തര്‍പ്പിച്ചു ഉറപ്പിക്കുന്നു.  ഇതിന് ധാഢം എന്നാണ് പറയുന്നത്. പാറപ്പുറത്തും ടാര്‍ റോഡുകളിലും കാളവണ്ടികള്‍ പായുമ്പോള്‍ കാളയുടെ കുളമ്പടി താളത്തിന്റെ പ്രത്യേക സംഗീതമുണര്‍ത്തുന്നത് ഈ ധാഢമാണ്.  ഇത് കാളയുടെ പാദങ്ങളില്‍ ഉറപ്പിക്കാന്‍ അറിയുന്നവര്‍ ധാരാളമായി ഉണ്ടായിരുന്നു. കാലുകള്‍ ബന്ധിച്ച് കാളകളെ നിലത്ത് കിടത്തിയാണ് ഇത് കാലുകളില്‍ അടിച്ചുറപ്പിക്കുന്നത്. മനുഷ്യ പാദങ്ങളിലെ ചെരുപ്പിന്റെ സ്ഥാനമാണ് ഈ ധാഢത്തിന് ഉള്ളത്. കാലപഴക്കത്താല്‍ ധാഢം തേഞ്ഞുപോയാല്‍ അത് മാറ്റി പുതിയവ ഉറപ്പിക്കും.

ചില വണ്ടിക്കാര്‍ കാളകളെ അലങ്കരിച്ചു നടത്തുകയും ചെയ്യും. ചക്രത്തിനും ചിലപ്പോള്‍ വര്‍ണ അലങ്കാരങ്ങള്‍ ചാര്‍ത്തും. വേഗതയില്‍ ഓടുമ്പോള്‍ ഇത്തരം വര്‍ണങ്ങള്‍ നല്ലൊരു ദര്‍ശനസുഖം നല്‍കും. ഗ്രാമങ്ങളില്‍ നിന്നും അവിടെ വിളയുന്ന പലതും അടുത്ത പട്ടണങ്ങളില്‍ എത്തിക്കുക എന്നതാണ് ഇത്തരം കാളവണ്ടിക്കാരുടെ തൊഴിലും വരുമാന മാര്‍ഗവും. ഞങ്ങളുടെ ഗ്രാമങ്ങളില്‍ മഴക്കാലമായാല്‍ ധാരാളം പച്ചപ്പുല്ല് വളരുന്ന സ്ഥലമാണ്. ഈ പുല്ലുകള്‍ ശേഖരിച്ച് ചെറിയ കെട്ടുകളാക്കി വെച്ച് രാവിലെ ഇത് വണ്ടിയില്‍ നിറച്ച് കാസര്‍കോട് പട്ടണത്തില്‍ എത്തും. പട്ടണവാസികളായ കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് ഇത് അത്യാവശ്യമാണ്. അത് കൊണ്ട് എത്ര വണ്ടികള്‍ എത്തിയാലും വിറ്റു തീരും. ഇത് കൊണ്ട് ചുറ്റുവട്ടങ്ങളില്‍ നിന്നും ധാരാളം കാളവണ്ടികള്‍ പുല്ല് നിറച്ച് രാവിലെ തന്നെ പുറപ്പെടും. അടുത്ത ദിവസത്തേക്കുള്ള പുല്ലെരിഞ്ഞുവെക്കാന്‍ സ്ത്രീ തൊഴിലാളികളും മറ്റും ഉണ്ടാകും. അധികവും തരിശായികിടക്കുന്ന കുന്നിലും പറമ്പിലും ധാരാളം പുല്ലുകള്‍ കിട്ടും.

രാവിലെ പുറപ്പെടുന്ന കാളവണ്ടി എല്ലാം വിറ്റ് തീര്‍ന്ന് തിരിച്ചെത്തുന്നത് സന്ധ്യയ്ക്കായിരിക്കും. രണ്ടോ മൂന്നോ പേര്‍ ഇത്തരം വണ്ടികളുടെ കൂടെ പോകും. പട്ടണത്തിലെ ഇടവഴികളില്‍ താണ്ടി ഒരോ സ്ഥലത്തും  നിര്‍ത്തി ഉച്ചത്തില്‍ വിളിക്കും. അടുത്തവീടുകളിലെ പുല്ല് ആവശ്യക്കാരെ അറിയിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അധികവും കുട്ടിത്തൊഴിലാളികളാണ് ഇത്തരം ജോലികള്‍ ചെയ്യുന്നത്. ചെറിയ ശമ്പളവും ഉച്ചഭക്ഷണവും പ്രതീക്ഷിച്ചു പലരും ഈ രംഗത്ത് ഉണ്ടാകും. അന്ന് ദാരിദ്ര്യം വലിയ പ്രശ്‌നമായിരുന്നല്ലോ?

എന്റെ ചില കൂട്ടുകാരുടെ കൂടെ വീട്ടുകാര്‍ അറിയാതെ ഞാനും ഇത്തരം കാളവണ്ടിക്കു പിറകെ ചേരും. എന്നെ അറിയുന്ന വണ്ടിക്കാര്‍ തടസം പറയുമെങ്കിലും ഞാന്‍ പിന്‍മാറില്ല. അവര്‍ പോകുന്ന ഓരോ വഴിയും കൗതുക കാഴ്ചകളും കണ്ട് വണ്ടിക്കാരനോട് ചേര്‍ന്ന് ഇരിക്കും. കാളകള്‍ക്ക് ചിലപ്പോള്‍ നല്ല അടി കിട്ടും.  അടിയുടെ വേദനയില്‍ നടത്തതിന് വേഗത കൂട്ടും. വണ്ടി കാളകളില്‍ ചില മടയന്മാരും ഉണ്ട്. ഇത്തരം കാളകളെ ജോലി ചെയ്യിക്കാന്‍ വണ്ടിക്കാരന്‍ ഏറെ പണിപ്പെടേണ്ടി വരുന്നു. ഇട കൃഷിയായി വിളയിക്കുന്ന മുതിരയും പുല്ലും കഞ്ഞി വെള്ളവും മറ്റുമാണ് കാളകള്‍ക്ക് നല്‍കുന്ന ആഹാരം.

ബസ് സ്റ്റോപ്പ് പോലെ കാളവണ്ടികളും ഇടയ്ക്ക് പല സ്ഥലത്തും വണ്ടി നിര്‍ത്തി വിശ്രമിക്കും. കാളകളെ വണ്ടിയില്‍ നിന്നും അഴിച്ചു മാറ്റി അവയ്ക്കും. ചിലപ്പോള്‍ വിശ്രമിക്കാന്‍ സമയം നല്‍കും. ഇത്തരം സ്റ്റോപ്പുകള്‍ ചുറ്റുമുള്ള സ്ഥലങ്ങളിലും വണ്ടിയിലെ കുട്ടി തൊഴിലാളികള്‍ പുല്ല് കെട്ടുകള്‍ തലയിലേറ്റി നടന്ന് വില്‍പ്പന നടത്തും. പച്ചപ്പുല്ലുകള്‍ അവസാനിച്ചാല്‍ കൊയ്ത്തു കഴിഞ്ഞാല്‍ പിന്നെ ഉണക്ക പുല്ലും അത് പോലെ പാറ പ്രദേശങ്ങളില്‍ വളര്‍ന്ന ഉണങ്ങുന്ന മുള്ളി (പുരമേയുന്നപുല്ല്) വില്‍പ്പന നടത്തും.

അത് പോലെ കാളവണ്ടിക്കാരുടെ മറ്റൊരു കച്ചവടമാണ് വിറക്. ധാരാളം കെട്ടു വിറക് കിട്ടുന്ന സ്ഥലങ്ങളില്‍ നിന്ന് അതുമായി വണ്ടികള്‍ പട്ടണത്തില്‍ എത്തും. അത് പോലെ മരമില്ലുകളില്‍ നിന്നും ഇര്‍ച്ചമരങ്ങളില്‍ നിന്നും കിട്ടുന്ന വിറകും വണ്ടികളില്‍ നിറച്ചു ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കും. വിറകിന് ക്ഷാമം നേരിടുന്ന കാലത്ത് ഇര്‍ച്ചമില്ലുകളില്‍ നിന്നും മരപ്പൊടികള്‍ ചാക്കിലാക്കി ഇത് വീടുകളില്‍ എത്തിക്കുന്നു. വിറക് അടുപ്പു പോലെ തന്നെ പൊടി അടുപ്പുകള്‍ അന്ന് ധാരാളമായിരുന്നു. ഇന്ന് ഗ്യാസ് അടുപ്പുകള്‍ അടുക്കള കൈയ്യടക്കി. കാടും നാടും എല്ലാം ചൂഷണത്തിന്റെയും കീഴടക്കലിന്റെയും പിടിയില്‍ അമര്‍ന്ന് പച്ചപ്പുല്ലും കെട്ട് വിറക് മറ്റ് സങ്കല്‍പങ്ങള്‍ മാത്രമായി.

കാളവണ്ടിയുഗം മെല്ലേ മെല്ലേ അവസാനിച്ചു. വലിയ പറമ്പും വയലുകളും നിറഞ്ഞു ഗ്രാമം വീടിന് അടുത്ത് തന്നെ കന്നുകാലികള്‍ക്കായി വലിയ തൊഴുത്ത്. അവിടെ കാളയും പശുവും പോത്തും മനുഷ്യനും മൃഗങ്ങളും എല്ലാം ചേര്‍ന്നു ജീവിച്ച ഒരു ഗ്രാമീണ സംസ്‌കൃതി അത് എങ്ങോ അസ്തമിച്ച് ഇന്ന് വലിയ വീടും ചെറിയ പറമ്പും അതില്‍ പുല്ലു മുള്ളക്കാന്‍ പോലും സ്ഥലമില്ലാതെ ചവിട്ടി നടക്കുന്ന നിലം പോലും അലങ്കാര വര്‍ണങ്ങള്‍ മിനുക്കി മനുഷ്യന്‍ ഭൂമിലെ സ്വര്‍ഗ്ഗമാക്കി. ഫലമോ? ശുദ്ധവായു പോലും കിട്ടാതായി.

കാളവണ്ടിയുടെ നിര്‍മാണവും ഒരു നല്ല കലയാണ്. ഓരോ വണ്ടി ഒരുക്കലിനും ഭംഗികള്‍ വ്യത്യസ്തമാണ്.   പഴയ കാല യാത്ര വണ്ടികള്‍ പലതും രാജകീയ പ്രൗഢിയുണ്ടായിരുന്നു.  ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ട ഗ്രാമീണ കാഴ്ചകളില്‍ വലിയതാണ് ചെമ്മണ്‍ പാതയില്‍ കൂടി കട.. കട.. ശബ്ദത്തില്‍ പായുന്ന കാളവണ്ടിയും അതിന്റെ സംഗീതവും.

കാളവണ്ടി യാത്ര

Keywords: Article, Ibrahim Cherkala, Family, Child, School, The nostalgic memories. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia