city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാന്‍ഫെഡ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

കൂക്കാനം റഹ്‌മാന്‍

കേരളത്തില്‍ നിരവധി സാംസ്‌ക്കാരിക - സാമൂഹ്യ - വിദ്യാഭ്യാസ - ശാസ്ത്ര സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതില്‍ കേരള ഗ്രന്ഥശാലാ സംഘം പ്രഥമസ്ഥാനം അര്‍ഹിക്കുന്നു. അതിനെ കിടപിടിക്കത്തക്ക വിധത്തില്‍ ഉദയം ചെയ്ത വേറൊരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കാന്‍ഫെഡ്. അനൗപചാരിക വിദ്യാഭ്യാസം എന്നൊരു പുതിയൊരു വിദ്യാഭ്യാസ ശാഖ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കാന്‍ഫെഡിന് സാധിച്ചിട്ടുണ്ട്.

പ്രഗത്ഭരായ രണ്ട് വിദ്യാഭ്യാസ മഹാരഥന്മാരുടെ ചിന്തയില്‍ നിന്നും പ്രായോഗികതയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന പ്രസ്ഥാനമാണിത്. പി.എന്‍. പണിക്കരും പി.ടി. ഭാസ്‌ക്കര പണിക്കരുമായിരുന്നു അവര്‍. ത്രയാക്ഷരങ്ങളില്‍ പ്രസിദ്ധരായ പി.എന്‍.പി.യും, പി.ടി.ബി.യും ആശയപരമായി രണ്ടു ധ്രുവങ്ങളിലാണെങ്കിലും പ്രസ്ഥാനങ്ങളുടെ സംഘാടനത്തിലും പ്രവര്‍ത്തനത്തിലും അവര്‍ ഒന്നു നിന്ന് പ്രവര്‍ത്തിച്ചു. ബുദ്ധിപരമായ ചിന്തകള്‍ പി.ടി.ബി. മുന്നോട്ടു വെക്കും, അതിനെ പ്രായോഗിക വല്‍ക്കരിക്കാന്‍ പി.എന്‍.പി മുന്നിട്ടിറങ്ങും. പി.ടി.ബി.യെന്ന വെളുത്ത തടിച്ച വ്യക്തി കമ്മ്യൂണിസ്റ്റ് ആശയക്കാരനും വെളുത്തു മെലിഞ്ഞ പി.എന്‍. പി. തികഞ്ഞ ഗാന്ധിയനുമായിരുന്നു.

1977 ജൂണ്‍ 30 ന് തിരുവനന്തപുരം ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കാന്‍ഫെഡിന് ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടു കേരളക്കരയിലാകമാനം പതിനായിരക്കണക്കിന് പ്രവര്‍ത്തകന്മാരെ അണിചേര്‍ക്കാനും പ്രവര്‍ത്തനം ശക്തമാക്കാനും സാധിച്ചു. ഇന്നത്തെ ആം ആദ്മി പാര്‍ട്ടിക്കാര്‍ മുന്നോട്ടു വെക്കുന്ന ആശയഗതി തന്നെയായിരുന്നു കാന്‍ഫെഡിനും. അഴിമതിയും, കൈക്കൂലിയും തുടച്ചു നീക്കണമെന്നും, മദ്യ രഹിത കേരളം സൃഷ്ടിക്കണമെന്നും, മുഴുവനാളുകളും അറിവുളളവരാകണമെന്നും, എഴുത്തും, വായനയും ശീലിച്ച് മാന്യമായി ജീവിക്കണമെന്നും, പട്ടിണിക്കും ദാരിദ്ര്യത്തിനും അറുതി വരുത്തണമെന്നും പാടി നടന്നൊരു പ്രസ്ഥാനമാണ് കാന്‍ഫെഡ്.
കാന്‍ഫെഡ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

മലബാര്‍ മേഖല കാന്‍ഫെഡ് പ്രസ്ഥാനത്തിന് വളക്കൂറുളള മണ്ണായി മാറി. കാന്‍ഫെഡ് മാത്രമല്ല ഏതൊരു ജനകീയ പ്രസ്ഥാനങ്ങള്‍ക്കും നല്ല വേരോട്ടമുളള പ്രദേശമാണ് മലബാര്‍ മേഖല. കാന്‍ഫെഡിന്റെ തലസ്ഥാനം തിരുവനന്തപുരമാണെങ്കിലും കണ്ണൂര്‍ - കാസര്‍കോട് ജില്ലകളാണ് കാന്‍ഫെഡിന്റെ ശക്തി കേന്ദ്രങ്ങള്‍.

പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്നവരുടെ വിയോഗത്തിന് ശേഷം അതിനെ കയ്യിലൊതുക്കാന്‍ തിരുവനന്തപുരത്തെ ചില പ്രഭൃതികള്‍ കുത്സിത ശ്രമങ്ങളുമായി മുന്നോട്ടു വന്നു. അവരുടെ ലക്ഷ്യം സാധിച്ചു. കാന്‍ഫെഡിനെ ജീവച്ഛവമാക്കി മാറ്റി. സംഘടനയുടെ ആസ്തികള്‍ മുഴുവന്‍ വിറ്റു തുലക്കുകയോ, പിടിച്ചെടുത്ത് നശിപ്പിക്കുകയോ ചെയ്തു.

രാഷ്ട്രീയ സംഘടനകള്‍ പിളരുന്നത് പോലെ കാന്‍ഫെഡിനെയും പിളര്‍ത്തി. പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരുമൊഴുക്കിയ പ്രവര്‍ത്തകര്‍ തഴയപ്പെട്ടു. മസില്‍ പവറും അധികാരഗര്‍വും ഉളളവര്‍ പിടിച്ചെടുത്ത സംഘത്തിന്റെ നേതൃസ്ഥാനത്തെത്തി. സംഘത്തിന്റെ സാമ്പത്തിക നില പരുങ്ങലിലായപ്പോള്‍ അവരും സംഘത്തെ കൈവിട്ടു.

കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി കാന്‍ഫെഡിന്റെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. അതിലൂടെ വളര്‍ന്നു വന്ന പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണിന്ന്. നേതൃഗുണവും സംഘടനാ പാടവവുമുളള നിരവധി ഗ്രാമീണ യുവാക്കള്‍ കാന്‍ഫെഡിലൂടെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായി വന്നു. കാന്‍ഫെഡ് ലക്ഷ്യമിട്ട രീതിയില്‍ അനീതിക്കും, അസമത്വത്തിനു അരാജകത്വത്തിനും എതിരായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാ ബദ്ധരായിരുന്നു അന്നത്തെ കാന്‍ഫെഡ് പ്രവര്‍ത്തകര്‍.

പി.എന്‍. പണിക്കരുടെ ആശയഗതികള്‍ക്ക് തികച്ചും വിപരീതമായി പ്രവര്‍ത്തിക്കുന്ന ചിലരുടെ കൈകളില്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ സംഘടിപ്പിച്ച സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സത്യത്തിന്റെയും ത്യാഗത്തിന്റെയും കൊടുമുടിയില്‍ നിന്ന് പ്രവര്‍ത്തിച്ച യുവതലമുറയ്ക്ക് അതിനായുളള മാര്‍ഗം തെളിയിച്ചു കൊടുത്ത പി.എന്‍.പിയുടെ പേരില്‍ സ്ഥാപിതമായ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനം അറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.

കാന്‍ഫെഡ് പ്രസ്ഥാനത്തെ നശിക്കാന്‍ അനുവദിക്കില്ല എന്ന് തീരുമാനിച്ച പഴയകാല പ്രവര്‍ത്തകര്‍ ഇപ്പോള്‍ അതിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. അത്തരം ഒരു ശ്രമത്തിന് ആരംഭം കുറിക്കുന്നതും കാസര്‍കോട് നിന്നാണ്. ആര്‍ക്കും വേണ്ടാതാക്കി സംഘടനയെ കുഴിച്ചു മുടാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവരുടെ കൈകളില്‍ നിന്ന് അതിനെ രക്ഷിച്ചേ പറ്റൂ. കാരണം പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ അത്രയ്ക്ക് വിലയേറിയതാണ്. മതത്തിനും രാഷ്ട്രീയത്തിനും, വിഭാഗീയതയ്ക്കും അതീതമായി പ്രവര്‍ത്തിക്കാനും, മനുഷ്യരെ ഒറ്റക്കെട്ടായി നിര്‍ത്താനും മനുഷ്യ മനസിലെ അഴുക്കുകളോടൊപ്പം നാട്ടിലെ കൊളളരുതായ്മകളേയും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം നാടിന്റെ മോചനത്തിന് ആവശ്യമാണ്.


കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കാന്‍ഫെഡിന് പുതുജീവന്‍ നല്‍കാനുളള തീവ്ര ശ്രമത്തിലാണ് ഇവിടുത്തെ പഴയകാല പ്രവര്‍ത്തകര്‍. സംഘത്തെ പഴയ പോലെ നയിക്കാന്‍ കഴിവുളളവരൊക്കെ മണ്‍മറഞ്ഞു പോയി. അവരുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട്, അവര്‍ കാട്ടിത്തന്ന പന്ഥാവിലൂടെ മുന്നേറാന്‍ ശ്രമിക്കുകയാണ് ഇവര്‍. കാന്‍ഫെഡ് എന്ന പേര് നിലനിര്‍ത്തിക്കൊണ്ട് അല്‍പം പേരുമാറ്റം നടത്തി രജിസ്റ്റര്‍ ചെയ്യാനാണ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുളളത്. 'കാന്‍ഫെഡ് സോഷ്യല്‍

മൂവ് മെന്റ്' എന്ന പേര് നല്‍കി ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്യാനുളള പ്രവര്‍ത്തനങ്ങളെല്ലാം ശരിയായിക്കഴിഞ്ഞു. ആദ്യപടിയായി പത്ര വാര്‍ത്തയിലൂടെ പഴയകാല പ്രവര്‍ത്തകരുടെ ഒരു കൂടിച്ചേരല്‍ നടത്തി. കാന്‍ഫെഡിനെ സ്‌നേഹിക്കുന്ന, കാന്‍ഫെഡിനെ നെഞ്ചേറ്റി നടന്ന നിരവധി പ്രവര്‍ത്തകര്‍ അന്ന് ഒത്തു കൂടി. തുടര്‍ന്ന് മുന്നോട്ടു പോകണം എന്ന ധാരണയോടെ അന്ന് പിരിഞ്ഞു. തുടര്‍ന്ന് ഏകദിന സന്നദ്ധ പ്രവര്‍ത്തക ക്യാമ്പ് നടത്തി. സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, പ്രബന്ധ രചനാ മത്സരം, എന്നിവ സംഘടിപ്പിച്ചു. മികച്ച സാക്ഷരതാ പ്രവര്‍ത്തകരെ അവാര്‍ഡ് നല്‍കി ആദരിച്ചു. കാസര്‍കോട് ഗവ. കേളജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്കായി കാന്‍ഫെഡിനെ അറിയുക പരിപാടി നടത്തി. മുളേളരിയ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ പരിപാടി ആസുത്രണം ചെയ്തിട്ടുണ്ട്. കാന്‍ഫെഡിന്റെ ആദ്യകാല പ്രവര്‍ത്തന ശക്തി കേന്ദ്രങ്ങള്‍ പലതും മലയോരത്തായിരുന്നു. അതില്‍ മാനടുക്കം അതിശക്തമായ രീതിയില്‍ ടി.എന്‍. അപ്പുക്കുട്ടന്‍ നായരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം കാഴ്ചവെച്ച പ്രദേശമായിരുന്നു. അവിടെ ഇന്നും കാന്‍ഫെഡിന് കുറച്ചു സ്ഥലവും താല്‍കാലിക ഷെഡും ഉണ്ട്. അതൊക്കെ ശരിയാക്കിയെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ മോഹം.

കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ 101 ദിവസം കാല്‍ നടയായി മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ നടന്ന കരിവെളളൂര്‍ വിജയന്‍, ജനവിജ്ഞാന്‍ ജാഥയുടെ ജില്ലാ നേതാവായിരുന്ന പി.കെ കുമാരന്‍ നായര്‍, കാന്‍ഫെഡിന്റെ ആദ്യകാല സെക്രട്ടറിമാരിലൊരാളായ അഡ്വ. മാധവന്‍ മലാങ്കാട്, വനിതാ വേദി പ്രവര്‍ത്തകയായിരുന്ന സി.എച്ച്. സുബൈദ, മന്നാര്‍ പരിപാടിയുടെ ഭാഗമായി ഡല്‍ഹി വരെ ചെന്ന ഷാഫി ചൂരിപ്പളളം, തന്റെ 12-ാം വയസ് മുതല്‍ കാന്‍ഫെഡിന്റെ കൂടെ നടന്ന ജയചന്ദ്രന്‍ കാറടുക്ക, കിഴക്കേമുറിയില്‍ കാന്‍ഫെഡ് പ്രവര്‍ത്തനം ശക്തമാക്കിയ ടി. തമ്പാന്‍, മാനടുക്കം കാന്‍ഫെഡ് ഭവന്‍ നിര്‍മിച്ച ടി.എന്‍.എ. നായര്‍, കാന്‍ഫെഡിന്റെ പ്രതിസന്ധി ഘട്ടത്തില്‍ അതിനെ തടുത്തു നിര്‍ത്താന്‍ പണിപ്പെട്ട പ്രൊഫ. കെ.പി. ഭരതന്‍, കാരാക്കോട് പ്രദേശത്ത് കാന്‍ഫെഡ് യൂണിറ്റ് രൂപീകരിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സുകുമാരന്‍, കാന്‍ഫെഡ് അവാര്‍ഡ് ജേതാവായ കളളാറിലെ മീനാക്ഷി, കാഞ്ഞങ്ങാട്ടെ നാരായണി ടീച്ചര്‍, ഓര്‍ക്കുളം നാരായണന്‍ മാസ്റ്റര്‍, പാറയില്‍ അബൂബക്കര്‍ തുടങ്ങി 50 പ്രവര്‍ത്തകര്‍ ഇന്നും കാന്‍ഫെഡ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.

കാന്‍ഫെഡ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

നിലവില്‍ കൂക്കാനം റഹ്മാന്‍ ചെയര്‍മാനും, കെ.പി. ഭരതന്‍ വൈസ് ചെയര്‍മാനും, ഷാഫി ചൂരിപ്പളളം സെക്രട്ടറിയും പാറയില്‍ അബൂബക്കര്‍ ഖജാന്‍ജിയും ജയചന്ദ്രന്‍ ജോ. സെക്രട്ടറിയുമായ 11 അംഗ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്. കാന്‍ഫെഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്മനസുളളവര്‍ കൂക്കാനം റഹ്മാനുമായോ, ഷാഫി ചൂരിപ്പളളവുമായോ ബന്ധപ്പെടണം ഫോണ്‍- 9446270260

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kookanam Rahman, Article, Canfed,  Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia