city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു മൊട്ടത്തലയന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 22.04.2016) ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സാധാരണ വീട്ടമ്മയാണ് മാധവി ഏട്ടി (ഞങ്ങള്‍ മാതൈ ഏട്ടി എന്ന് വിളിക്കും) മാതൈ ഏട്ടിയെ ഞങ്ങള്‍ക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. ബഹുമാനമായിരുന്നു. കഴിഞ്ഞ മാസ 84-ാം വയസ്സില്‍ അവര്‍ മരിച്ചു. കളങ്കരഹിതമായ ഗ്രാമസൗകുമാര്യത്തിന്റെ ഉടമയായിരുന്നു മാതൈ ഏട്ടി. കൂക്കാനം പ്രദേശത്തിന്റെ പുഞ്ചവയല്‍ക്കരയില്‍ മോട്ടുമ്മല്‍ എന്നറിയപ്പെടുന്ന പറമ്പിലാണ് അവരുടെ പഴയകാല വീട്.

ആ വീടിനും ചില പ്രത്യേകതയുണ്ട്. കുഞ്ഞു നാളിലെ എന്റെ ഓര്‍മ്മയാണിത്. വീടിന്റെ തറയും ചുമരും മണ്ണ് കുഴച്ച് നിര്‍മ്മിച്ചതായിരുന്നു. ചാണകം മെഴുകി വൃത്തിയാക്കിയ നിലം. ഓലയും പുല്ലുമാണ് മേല്‍ക്കൂര. തികച്ചും പ്രകൃതിജന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൊച്ചുവീട്. വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഇരിപ്പിടമായി നല്‍കുക 'തെരിയ' ആണ് ( വാഴേപ്പാള കൊണ്ട് നിര്‍മ്മിച്ചത് ) ഇന്നത്തെ ഫൈബര്‍ കുഷ്യന്‍ പോലും തോറ്റുപോകും തെരിയയോട്.

കണ്ണേറിന് മന്ത്രിച്ചൂതരുന്നതില്‍ പ്രാവീണ്യമുള്ള സ്ത്രീയാണ് മാതൈ ഏട്ടി. അരനൂറ്റാണ്ടിനു മുമ്പ് എന്റെ കുട്ടിക്കാലത്തെയോര്‍മകളിലേക്ക് തിരിഞ്ഞോടുകയാണ്. അക്കാലത്ത് പനി വന്നാല്‍ ഡോക്ടറെ കാണാനൊന്നും പോവാറില്ല. ഗ്രാമത്തിലോ തൊട്ടടുത്ത ഗ്രാമത്തിലോ ഡോക്ടര്‍മാരില്ല. അക്കാലത്തെ പനി വന്നാലുള്ള ചികിത്സയെക്കുറിച്ച് ഓര്‍ത്തുപോവുകയാണ്. പ്രൈമറി ക്ലാസില്‍ പഠിച്ചിരുന്ന കാലത്ത് മാസത്തില്‍ ഒന്നോ രണ്ടോ തവണ പനിവരും. ഉമ്മ ആ പനിയെ 'കണ്ണേറ് പനി' എന്നാണ് വിളിച്ചിരുന്നത്. വീട്ടില്‍ നിന്ന് നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഓലാട്ട് സ്‌കൂളിലാണ് എന്റെ പ്രാഥമിക വിദ്യാഭ്യാസം. വയലിലൂടെ തോടും കടന്ന് കുന്നും ചവിട്ടിക്കയറി വേണം സ്‌കൂളിലെത്താന്‍. സമയം വൈകിയാല്‍ മാഷമ്മാരുടെ വക ചീത്തയും അടിയും ഉറപ്പ്. അതിനാല്‍ ഓടിച്ചാടിയാണ് ക്ലാസിലെത്തുക.

വൈകാന്‍ കാരണങ്ങള്‍ പലതുമുണ്ട്. മഴക്കാലത്താണെങ്കില്‍ വയലിലും തോട്ടിലുമുള്ള പരല്‍ മീനിനെ പിടിച്ചു കളിക്കും. സ്ലേറ്റ് പെന്‍സിലിന് നീളം കൂട്ടാന്‍ മുള ഉപയോഗിച്ച് കൂട്ടമെടയുന്ന രാമേട്ടന്റെ കുടിലിനുമുന്നില്‍ മുളക്കഷണം പെറുക്കാന്‍ നില്‍ക്കും. പോകുന്ന വഴിയിലുള്ള പറമ്പിലെ പുളിമരത്തിലും, നെല്ലിമരത്തിലും, മാവിലും കല്ലെറിഞ്ഞ് പുളിയും, നെല്ലിക്കയും, മാങ്ങയും പെറുക്കും. ഇങ്ങിനെയൊക്കെ സമയം വൈകിയേ ക്ലാസിലെത്തൂ...

ഉമ്മ പറയും 'സൂക്ഷിച്ചു നടക്കണേ'; അധികം ഉഷാറായി ഓടുകയും മറ്റും വേണ്ട. നല്ല ഡ്രസ്സിട്ടു നടക്കുമ്പോഴും സൂക്ഷിക്കണേ 'കണ്ണുകൊള്ളും'. സ്‌കൂളിലേക്ക് പോകും വഴിക്ക് 'കണ്ണേറ്' ഉള്ള ചിലരുടെ പേരും പറഞ്ഞുതരും. അവരുടെ മുമ്പിലെത്തുമ്പോള്‍ ശ്രദ്ധിക്കണേ എന്ന് ഉപദേശിക്കും. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തുമ്പോഴെക്കും പനിയും വിറയലും  ഉണ്ടാവും. അന്ന് മൂടിപ്പുതപ്പിച്ച് പാട്ടും കഥയും പറഞ്ഞ് ഉമ്മ ഉറക്കിക്കിടത്തും. വായയ്ക്ക് രുചി തോന്നാത്തതിനാല്‍ ഭക്ഷണമൊന്നും കഴിക്കാന്‍ പറ്റില്ല. തോളത്ത് കിടത്തി കഥ പറഞ്ഞ് പറഞ്ഞ് കുറച്ചെങ്കിലും ചോറ് വയറ്റിലെത്തിക്കും. അടുത്ത ദിവസം രാവിലെ മാതൈ ഏട്ടിയുടെ വീട്ടിലേക്ക് എന്നെയും ഒക്കത്തേന്തി കൊണ്ടു പോകും. മാതൈ ഏട്ടിക്ക് കാര്യം മനസ്സിലാവും.

ചാണകം മെഴുകിയ തറയില്‍ തെരിയയില്‍ ഉമ്മയിരിക്കും. എന്നെ മടിയില്‍ കിടത്തിയിട്ടുണ്ടാവും. മാതൈ ഏട്ടി അടുത്ത് വന്നിരുന്ന് മെല്ലെ മെല്ലെ എന്തോ ഉരുവിടും. ഉരുവിട്ടുകഴിഞ്ഞാല്‍ തല മുതല്‍ കാല്‍പാദം വരെ ഊതും. മൂന്നോ നാലോ തവണ ഇതാവര്‍ത്തിക്കും. പിന്നെ മാതൈ ഏട്ടി അവരുടെ കൈ വിരലുകള്‍ ഞൊടിക്കും. താളാത്മകമാണ് അവരുടെ വിരല്‍ ഞൊടിക്കുന്ന ശബ്ദം. അന്ന് സന്ധ്യവരെ പനിയുണ്ടാവും. സന്ധ്യയ്ക്ക് ഉമ്മ വേറൊരു പണി ഒപ്പിക്കും. വീട്ടില്‍ അരിയും മറ്റും അളന്നെടുക്കുന്ന മരം കൊണ്ട് നിര്‍മ്മിച്ച ഒരളവുപാത്രമുണ്ടായിരുന്നു. 'ഒയക്കായി' എന്നാണ് ആ പാത്രത്തെ പറയുക. അതില്‍ കുറച്ച് ഉപ്പും വറ്റല്‍ മുളകും ഇടും. എന്നിട്ട് എന്റെ തലയ്ക്ക് മുകളില്‍ രണ്ടുമൂന്നുപ്രാവശ്യം കറക്കും. തുടര്‍ന്ന് ഒയക്കായില്‍ നിന്ന് മുളകും ഉപ്പും കത്തുന്ന അടുപ്പിലേക്കിടും. തീയിലിട്ടാല്‍ ഉപ്പും മുളകും പൊട്ടിത്തെറിക്കും. അപ്പോള്‍ ഉമ്മ പറയും 'നിനക്കേറ്റ കണ്ണേറൊക്കെ പൊട്ടിത്തെറിച്ചുപോയി' അതുകേട്ട് ഞാനും സമാധാനിക്കും.

ഇതെല്ലാം കഴിഞ്ഞാലും മൂന്നാല് ദിവസം കഴിഞ്ഞേ പനിശമിക്കൂ. പനി 'കുളുത്താല്‍' (മാറിയാല്‍) കുളിക്കുന്നതിനും പ്രത്യേകതയുണ്ട്. വെള്ളം ഒരു പാത്രത്തില്‍ വെയിലത്തുവെച്ച് ചൂടാക്കും. തേങ്ങാപാല്‍ ദേഹത്ത് തേച്ച് ചെത്തിയെടുത്ത അത്തിമരത്തിന്റെ തോല്‍ കൊണ്ട് ദേഹം മുഴുക്കെ തേച്ചാണ് കുളിപ്പിക്കല്‍. അതോടെ പനി മാറി ഉഷാറാവും.

മാതൈ ഏട്ടിയെ കാണുമ്പോഴൊക്കെ എന്റെ കണ്ണേറുപനി ഓര്‍മ്മ വരും. മോട്ടുമ്മലിന്റെ രൂപവും ഭാവവും മാറി. ചെറിയ വീടിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റ് വീടുവന്നു. മക്കളൊക്കെ പ്രത്യേകം പ്രത്യേകം വീടുവെച്ചു മാറിത്താമസമായി. മോട്ടുമ്മല്‍ പറമ്പിന് തൊട്ടുതാഴെ പഞ്ചായത്തുകുളമുണ്ട്. വേനല്‍ക്കാലത്തൊന്നും പ്രസ്തുത കുളം വറ്റിപ്പോവാറില്ല. ആ കുളവും ഞാനും തമ്മില്‍ മറക്കാന്‍ പറ്റാത്ത ചില ഓര്‍മ്മകളുണ്ട്. കുളം നിര്‍മ്മിക്കുന്ന കാലത്ത് ഞാന്‍ ചെറിയ കുട്ടിയാണ്. നിരവധി ആളുകള്‍ കുളം നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ടായിരുന്നു. കൂട്ടമായി ചെയ്യുന്ന കുളം മാന്തല്‍ കാണാന്‍ കുട്ടികളായ ഞങ്ങള്‍ കൗതുകപൂര്‍വ്വം കുളക്കരയില്‍ വന്നുനില്‍ക്കുമായിരുന്നു.

ഞാനാക്കാലത്ത് തല മൊട്ടയടിച്ചാണ് നടക്കാറ്. മുസ്ലീം കുട്ടികള്‍ തല മൊട്ടയടിക്കണമെന്ന് നിര്‍ബന്ധമായിരുന്ന കാലമാണത്. കൂട്ടുകാരൊക്കെ തല മൊട്ടയടിച്ചു നടക്കുന്ന എന്നെ കളിയാക്കിക്കിപ്പാടുന്ന ഒരു പാട്ടുണ്ട്.

'മാപ്പിള മൊട്ട
തെങ്ങിന്റൊട്ട
ചെറുപയറുണ്ട
രണ്ടുണ്ട...'

അതൊക്കെ സഹിച്ചാണ് ജീവിച്ചു വന്നത്. കുളക്കരയില്‍ തുള്ളിച്ചിരിച്ച് രസിക്കുന്ന എന്റെ മൊട്ടത്തലയില്‍ ഒരുണ്ട ചെളി വന്നു വീണു. കുളത്തില്‍ നിന്ന് വാരിയെടുത്ത ചെളിയായിരുന്നു അത്. കുഞ്ഞിപ്പുരയില്‍ ചെറിയമ്പു എന്ന യുവാവ് പറ്റിച്ച പണിയാണത്. ഇന്നദ്ദേഹത്തിന് വയസ്സായി. എങ്കിലും ചെറിയമ്പുയേട്ടനെ കാണുമ്പോഴൊക്കെ മോട്ടുമ്മലും, കുളവും, ചളിയും എന്റെ കുട്ടിക്കാലത്തെ മൊട്ടത്തലയും ഓര്‍മ്മവരും.

ആ കുളവും മാതൈ ഏട്ടിയും ഞാനും തമ്മില്‍ വേറൊരു ബന്ധവും കൂടിയുണ്ട്. മാതൈ ഏട്ടിയുടെ മൂത്തമകനായ നാരായണനും ഞാനും സമപ്രായക്കാരായിരുന്നു. ഞാനന്ന് എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. നാരായണന്‍ ബീഡിതെറുപ്പ് പഠിക്കാനും പോകുന്നു.
നീന്തല്‍ പഠിക്കാന്‍ തിരുമാനിച്ച ഞാന്‍ കുളക്കടവിലെത്തി. നാരായണന് നീന്താനറിയാം. എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ നാരായണന്‍ തയ്യാറായി. കുറേശ്ശെ നീന്താന്‍ തുടങ്ങി. ധൈര്യപൂര്‍വ്വം നീന്താന്‍ നാരായണന്‍ പ്രോത്സാഹിപ്പിച്ചു. പക്ഷേ തളര്‍ന്നുപോയ ഞാന്‍ കുളത്തിനടിയിലേക്ക് താഴ്ന്നുപോകാന്‍ തുടങ്ങി. നാരായണന്‍ നീന്തി വന്ന് മുങ്ങിത്താഴുന്ന എന്റെ മുടിപിടിച്ച് പൊക്കി. അന്ന് എന്നെ രക്ഷപ്പെടുത്തിയത് നാരായണനാണ്. പക്ഷേ ഒന്നു രണ്ട് കൊല്ലം പിന്നിട്ടപ്പോള്‍ ഒരു സംഭവം നടന്നു. നാരായണന്‍ അപസ്മാര രോഗിയായിരുന്നു. അവന്‍ തനിച്ച് കുളിക്കാന്‍ ചെന്നപ്പോള്‍ എന്നെ പൊക്കിയെടുത്ത കുളത്തിലെ അതേ സ്ഥലത്ത് അവന്‍ മുങ്ങിപ്പോയി. ആരും കണ്ടില്ല. എന്നെ രക്ഷിച്ച മാതൈ ഏട്ടിയുടെ മൂത്തമകന്‍ നാരായണന്‍ അതേകുളത്തില്‍ മുങ്ങി മരിച്ചു എന്ന വാര്‍ത്തയാണ് ഞാനറിയുന്നത്...

മാതൈ ഏട്ടി വയ്യാതെ കിടപ്പിലായപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു. അക്കാര്യം ഞാന്‍ അന്നും ഓര്‍ത്തുപോയി... മാതൈ ഏട്ടിക്ക് താങ്ങും തണലുമായിട്ടുണ്ടായിരുന്ന രാമേട്ടന്‍ കുറേ വര്‍ഷങ്ങള്‍ക്കുമുമ്പേ മരിച്ചുപോയി... നാട്ടിലെ പ്രമുഖ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു രാമേട്ടന്‍. മൂന്നുമക്കളെയും മാതൃകാപരമായി വളര്‍ത്തിയെടുക്കാന്‍ മാതൈ ഏട്ടിയും രാമേട്ടനും ഏറെ വിഷമം സഹിച്ചിരുന്നു. അവരുടെ ബാക്കി മൂന്നുമക്കള്‍ തമ്പാനും, രവിയും, ശശിയും അവരുടെ പ്രായത്തിലുള്ള മറ്റു യുവാക്കള്‍ക്ക് മാതൃകയായി ജീവിച്ചു വരുന്നു. മാതൈ ഏട്ടിയെ കുറിച്ചുള്ള ഓര്‍മ്മകളെന്നും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.
ഒരു മൊട്ടത്തലയന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍


Keywords: Article, Children,Death, Doctor, Escaped, school, Swimming, Kookanam-Rahman, Childhood memories.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia