ഒരു ടീച്ചറുടെ ഭാഗ്യങ്ങള്‍
Nov 15, 2012, 08:49 IST
സോഫിയ ടീച്ചര്‍ തന്റെ പെയിന്റിംഗ് ശേഖരത്തോടൊപ്പം |
ജനിച്ചത് കോട്ടയം പാലായിലാണ്. പഠിച്ചതും വളര്‍ന്നതും അവിടെ തന്നെ. കോളജ് പഠനത്തോടൊപ്പം കലയില്‍ അഭിരുചി ഉണ്ടായതിനാല്‍ ഒഴിവുദിനങ്ങള്‍ പെയിന്റിംഗിലും, ചിത്രം വരയിലും, പരിശീലനം നേടി. കോട്ടയത്തെ തൃപ്തി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നാണ് ഇതിലൊക്കെ പരിശീലനം നേടിയെടുത്തത്.
ഇന്നത് വലിയൊരു മുതല്‍ക്കൂകൂട്ടായി. സ്‌കൂള്‍ അധ്യാപികയായി സേവനം ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഈ മേഖലയില്‍ പരിശീലനം കൊടുക്കാന്‍ സാധിച്ചു. പെയിന്റിംഗിലും മറ്റും നിരവധി സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നേടിയെടുക്കാന്‍ ഇതുമൂലം സാധിച്ചു. അത് സ്‌കൂളിനൊരു മുതല്‍ക്കൂട്ടായി.
റിട്ടയര്‍മെന്റിന് ശേഷവും വീട്ടില്‍ വെച്ച് പെയിന്റിംഗ്, മോഡലിംഗ് ചെയ്യുന്നു. നൂറ് കണക്കിന് വൈവിദ്ധ്യമാര്‍ന്ന പെയിന്റിംഗുകള്‍ ഫ്രെയിം ചെയ്തു. വീട് നിറയെ അലങ്കരിച്ചിരിക്കയാണ്. ബാക്കിയുളളവ സ്റ്റെയര്‍ കെയ്‌സിലും, ഷെല്‍ഫിലും, തട്ടിന്‍ പുറത്തും കൂട്ടി വെച്ചിട്ടുമുണ്ട്. ആവശ്യക്കാര്‍ക്ക് വിലക്ക് നല്‍കാനും ടീച്ചര്‍ സന്നദ്ധമാണ്. വില പേശുകയോ, കച്ചവടക്കണ്ണോ ഇതിന്റെ പിന്നിലില്ല. ആവശ്യക്കാര്‍ക്ക്. കലയോട് താല്പര്യമുളളവര്‍ക്ക് ചിത്രം തെരഞ്ഞെടുക്കാം. ഫ്രെയിം ചെയ്ത തുകയും, അത്യാവശ്യം ചെലവുവന്ന പെയിന്റിന്റെയും മറ്റും വിലകണക്കാക്കി വാങ്ങുന്നവര്‍ തന്നെ തുക കണക്കാക്കികൊടുക്കും. അത് സന്തോഷപൂര്‍വം കൈപ്പറ്റുകയാണ് ടീച്ചറുടെ രീതി.
1983 ലാണ് മലബാറിലേക്ക് ടീച്ചറുടെ കുടുംബം കുടിയേറിയത്. അഞ്ചുമക്കളില്‍ മൂത്തവളായിരുന്നു സോഫിയ ടീച്ചര്‍. സഹോദരങ്ങളില്‍ ഒരാളൊഴികെ മറ്റെല്ലാവരും അധ്യാപന വൃത്തിയില്‍ ഏര്‍പ്പെട്ടവരാണ്. മലബാറില്‍ കാലുകുത്തിയ അതേവര്‍ഷം തന്നെ സോഫിയ അധ്യാപികയായി നീലേശ്വരം സെന്റ് ആന്‍സ് യു.പി. സ്‌കൂളില്‍ ജോയിന്‍ ചെയ്തു.
വീടിന്റെ ടെറസിന് മുകളിലെ പച്ചക്കറിത്തോട്ടം. |
ഒരു നിമിഷം പോലും വൃഥാകളയാതെ ടീച്ചര്‍ ഇന്നും കര്‍മ നിരതയാണ്. പാചകത്തില്‍ അതി വിദഗ്ദ്ധയാണ് ടീച്ചര്‍. ചിത്ര കലയില്‍ അച്ഛന്റെ പാരമ്പര്യഗുണമാണ് കിട്ടിയിട്ടുളളതെന്ന് പറയുന്ന ടീച്ചര്‍ പാചകത്തില്‍ സ്വയം നേടിയെടുത്ത അറിവും കഴിവുമാണെന്നും സൂചിപ്പിക്കുന്നു. എല്ലാതരം ബിരിയാണികളും ടീച്ചര്‍ തയ്യാറാക്കും വിവിധതരം ഷേക്കുകള്‍ നിര്‍മിക്കും. ഇളനീര്‍ ഷേക്ക് ടീച്ചറുടെ സ്‌പെഷല്‍ ഐറ്റമാണ്. ചിക്കന്‍ റോള്‍ തുടങ്ങി വിവിധങ്ങളായ അപ്പത്തരങ്ങളും ടീച്ചറുടെ കൈപുണ്യത്തില്‍ ഉണ്ടാക്കുന്നുണ്ട്. അച്ചാര്‍ നിര്‍മാണത്തില്‍ അതിവിഗ്ധയാണ് അവര്‍. ടീച്ചറുടെ ശിക്ഷണത്തില്‍ പഠിച്ചു പോയ ചില സഹോദരിമാര്‍ അച്ചാര്‍ നിര്‍മിച്ച് മാത്രം ജീവിതം നയിക്കുന്നുണ്ട്. എന്നു സൂചിപ്പിക്കുമ്പോള്‍ ടീച്ചറുടെ മുഖത്ത് സന്തോഷത്തിന്റെ നിര്‍വൃതി കാണുകയുണ്ടായി.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെമ്മീന്‍ അച്ചാറ് ഉണ്ടാക്കി അയച്ചു കൊടുത്ത് പ്രശസ്തരായ ചില ശിഷ്യകളും ടീച്ചര്‍ക്ക് സ്വന്തം. പാചകത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാനായി ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ച് വീട്ടിലെത്തുന്നവരും നിരവധിയാണ്. അതിനുളള സൗകര്യങ്ങളും വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. ഓരോ ബാച്ചിലും പത്തും പതിനഞ്ചും പേര്‍ പാചക പരീശിലനം വിജയകരമായി പൂര്‍ത്തിയാക്കി പുറത്തുപോകുന്നുണ്ട്. ആവശ്യമായ സാധാനങ്ങള്‍ക്കും. മറ്റും ചെലവാകുന്നതുകയേ ടീച്ചര്‍ ഇക്കാര്യത്തിലും പഠിതാക്കളോട് വാങ്ങാറുളളൂ.
ജീവിതം തിരിച്ചു കിട്ടിയ സഹധര്‍മിണിയുടെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹധനനായ ഭര്‍ത്താവിനെ ലഭിച്ചതും ടീച്ചറുടെ ഭാഗ്യമാണ്. കര്‍ഷകനായ തോമസാണ് ടീച്ചറുടെ പ്രിയതമന്‍. അദ്ദേഹത്തിന്റെ പ്രായോഗികമായ ചിന്തയും പ്രവര്‍ത്തനവും അവര്‍ താമസിക്കുന്ന വീട്ടിലും കാണാം. ഒരു തരി സ്ഥലം പോലും വീടിനകത്ത് ഉപയോഗയോഗ്യമല്ലാതെ കിടക്കുന്നില്ല. വളരെ അടുക്കും ചിട്ടയും വീടിന്റെ രൂപകല്പനയിലും ദൃശ്യമാവും. മാസങ്ങളോളം വീടിന്റെ പ്ലാനിംഗിനു വേണ്ടി ഭാര്യയും, ഭര്‍ത്താവും എഞ്ചിനീയറായ ഏകമകളും ചെലവഴിച്ചു എന്ന് തോമസ് പറയുന്നു.
നല്ല മഴയുളെളാരു ദിവസമാണ് ഞാനും എന്റെ ഒരു സുഹൃത്തും ആ വീട്ടിലെത്തിയത്. കേവലം പത്ത് സെന്റ് ഭൂമിയേ ഉളളുവെങ്കിലും. വീടിന്റെയും, പുന്തോട്ടത്തിന്റെയും ക്രമീകരണം സുന്ദരമാണ്. ഈ ചെറിയ സ്ഥലത്ത് ഏറ്റവും കൂടുതല്‍ വിളവ് തരുന്ന നാലഞ്ച് തെങ്ങും. അതേ പോലുളള വാഴകളും കുലച്ചു നില്‍ക്കുന്നത് കാഴ്ചക്കാര്‍ക്ക് അസൂയ ഉണ്ടാക്കും. മഴ തകൃതിയായി പെയ്യുമ്പോഴും വീടിന്റെ ടെറസില്‍ നിന്ന് ഒരുതുളളി വെളളം പോലും താഴെ പതിക്കുന്നത് കണ്ടില്ല. അക്കാര്യം ചോദിച്ചപ്പോഴാണ് അതിന്റെ ഗുട്ടന്‍സ് തോമസ് പറഞ്ഞത്. സിറ്റൗട്ടിലെ പില്ലറില്‍ ചെവിവെച്ച് നോക്കാന്‍ പറഞ്ഞു. പില്ലറിനകത്തു കൂടി ടെറസിലെ വെളളം മുഴുവന്‍ അടുത്ത തെങ്ങില്‍ ചോട്ടിലെത്തുന്നു. ഏകമകള്‍ സ്റ്റെഫിയും അച്ഛനുമമ്മയ്ക്കുമൊപ്പം ഈ കലാവിരുതില്‍ പങ്കാളിയാണ്.
ടീച്ചറുടെ വിശേഷം കഴിഞ്ഞില്ല. ഞങ്ങളെ ടെറസിലേക്ക് കൊണ്ടുപോയി. ടെറസ് നിറയെ പച്ചക്കറിത്തോട്ടം. അതും ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി. വെണ്ടയും, വഴുതിനയും, പാവയ്ക്കയും ഒക്കെ നിറയെ കായ്ച്ചു നില്‍ക്കുന്ന കാഴ്ച കണ്ണിനുകുളിര്‍മതോന്നിക്കും. ടീച്ചര്‍ ഒന്നുകൂടി ഓര്‍മപ്പെടുത്തി. ഈ ജൈവവളം ഉപയോഗിച്ച് ഉണ്ടാക്കിയ പച്ചക്കറി മാത്രമെ ഞങ്ങള്‍ കഴിക്കാറുളളു എന്ന്. പച്ചക്കറി വിത്തുകളും, ചെടികളും ആവശ്യമുളളവര്‍ക്ക് നല്‍കുകയും ചെയ്യും. അതിനും ചെലവായ തുക നല്‍കണം.
ഇങ്ങിനെ അധ്വാനിച്ചുകിട്ടുന്ന സമ്പത്തില്‍ നിന്ന് ഒരു പ്രധാന ഭാഗം വിഷമിക്കുന്നവര്‍ക്കും, ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കുകയാണ് ടീച്ചര്‍. വീട് നിര്‍മിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക്, വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് ടീച്ചര്‍ സഹായ ഹസ്തവുമായി മുന്നിലുണ്ടാവും. തിരിച്ചുകിട്ടിയ ജീവിതം അന്യര്‍ക്കുതകും വിധം ജീവിച്ചു തീര്‍ക്കാനാണ് ടീച്ചറുടെ ആഗ്രഹം. ടീച്ചറുടെ ചിട്ടയായ
ജീവിതരീതിയും, പ്രവര്‍ത്തനശൈലിയും ശ്ലാഘനീയം തന്നെ.
-കൂക്കാനം റഹ്മാന്‍
Keywords: Sofia Teacher, Painting, Vegetable, Cooking, House, Article, Kookanam Rahman