city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയര്‍ ഇന്ത്യയുടെ കിറു കൃത്യസമയം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

എയര്‍ ഇന്ത്യയുടെ കിറു കൃത്യസമയം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട യാത്രക്കാരെ തിരുവനന്തപുരത്ത് നിലം തൊടുവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റിനും സഹജീവനക്കാര്‍ക്കും ഒരു നല്ല നമസ്‌കാരം! മണിക്കൂറുകളോളം നരകയാതന അനുഭവിച്ച യാത്രക്കാരായ പിഞ്ചു കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് ഒരു തുള്ളി ദാഹ ജലം പോലും നല്‍കാതെ ക്രൂരമായി പീഡിപ്പിച്ച എയര്‍ ഇന്ത്യ മാനേജ്‌മെന്റിനും വെള്ളം ആവശ്യപ്പെട്ടപ്പോള്‍ മൂത്രം ഒഴിച്ച് കുടിക്കാന്‍ പറഞ്ഞ ജവാനും ഒരു നല്ല നമസ്‌കാരം!

'ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്നത് മാറി, ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന് കേള്‍ക്കുമ്പോള്‍ ചോര തിളക്കുകയാണ് നമുക്ക്. നമ്മുടെ സ്വന്തം രാജ്യത്തെ വിമാനക്കമ്പനി രക്ഷപ്പെടട്ടെയെന്നു വിചാരിച്ചു പ്രവാസികളായവര്‍ ഈ പേടകത്തിന് ടിക്കെറ്റ് എടുത്താല്‍ അവരാണ് വിഡ്ഢികള്‍. 1994 ജൂലൈ 10 ന് ദുബൈയില്‍ നിന്ന് മുംബൈയിലേക്ക് വരാന്‍ ഈയുള്ളവന്‍ ഈ പേടകത്തിന് ടിക്കെറ്റെടുത്തു. അന്ന് എക്‌സ്പ്രസ് ആയിരുന്നില്ല, എയര്‍ ഇന്ത്യ ആയിരുന്നു. വൈകുന്നേരം 7.15 ന് ആണ് പേടകം പുറപ്പെടേണ്ടത്. അതനുസരിച്ച് നാല് മണിയോടെ ഈ പേടകത്തില്‍ യാത്ര ചെയ്യേണ്ടവര്‍ എയര്‍പോര്‍ട്ടില്‍ എത്തി. നടപടികള്‍ പൂര്‍ത്തിയാക്കി 6.30 ഓടെ ഞങ്ങള്‍ വെയിറ്റിംഗ് ഹാളിലേക്ക് പ്രവേശിച്ചു. അന്നേരം സ്‌ക്രീനില്‍ തെളിയുന്നത് കണ്ടു 15 മിനിറ്റ് ഫ്‌ളൈറ്റ് വൈകുമെന്ന്. അത് സാരമില്ല; സഹിക്കാം.
ഏഴു മണിക്കുള്ള ഡല്‍ഹി വിമാനവും 7.30നുള്ള തിരുവനതപുരം വിമാനവും മാനത്തേക്ക് ഊളിയിട്ടു. മുംബൈ പേടകത്തിന്റെ വിവരമേ ഇല്ല. എട്ട് മണി ആയപ്പോള്‍ വീണ്ടും സ്‌ക്രീനില്‍ പേടകത്തിന്റെ സമയം ഒമ്പത് മണിയാണെന്ന് കാണിച്ചു. മുമ്പ് കാണിച്ച 15 മിനിട്ടിനു പകരം നാല്‍പ്പത്തിയഞ്ച് മിനിട്ട് കടന്നു പോയത് ബാധകമല്ല. പിന്നെയും സമയം ഇഴഞ്ഞു നീങ്ങി. ഒമ്പത് മണി ആയിട്ടും ഞങ്ങളെ വിമാനത്തിലേക്ക് ക്ഷണിക്കുന്നില്ല. എങ്ങിനെ ക്ഷണിക്കാന്‍, അതൊന്ന് വന്നിട്ട് വേണ്ടേ!

ഒമ്പതു മണിയായപ്പോള്‍ സമയം വീണ്ടും മാറി, പത്തരയായി. ഇതോടെ യാത്രക്കാര്‍ ഇളകി. നാല് യാത്രക്കാര്‍ നാട്ടിലേക്ക് പുറപ്പെട്ടത് അവരുടെ മാതാപിതാക്കളുടെ ചേതനയറ്റ ശരീരം അവസാന നോക്ക് കാണുന്നതിനു വേണ്ടിയാണ്. കാലക്കേടിന് വിശ്വസിച്ചു ടിക്കറ്റെടുത്തത് ഈ പേടകത്തിന് ആയിപ്പോയി. അവരുടെ സങ്കടം കണ്ടപ്പോള്‍ ഞങ്ങള്‍ കുറച്ചു പേര്‍ മാനേജരെ തേടി കൗണ്ടറിലേക്ക് പോയി. അവിടം ശൂന്യം. തിരിഞ്ഞു നടക്കുമ്പോള്‍ ഒരു സ്റ്റാഫിനെ കണ്ടു. അയാളോട് കാര്യം അന്ന്വേഷിച്ചപ്പോള്‍ കൈമലര്‍ത്തി. ഞങ്ങള്‍ വിട്ടില്ല. മാനേജരെ കാണണമെന്ന് പറഞ്ഞു. ഗത്യന്തരമില്ലാത്ത അവസ്ഥ വന്നപ്പോള്‍ മാനേജര്‍ അകത്തെ റൂമില്‍ നിന്നും ഇറങ്ങി വന്നു. പത്തരമണിക്ക് നിങ്ങള്‍ക്ക് പോകാമെന്ന് അയാള്‍ കട്ടായം പറഞ്ഞു. എന്നാല്‍ അയാള്‍ പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ സ്‌ക്രീനില്‍ സമയം വീണ്ടും മാറി, പതിനൊന്നരയായി.

ഇതോടെ അന്‍പതോളം ആളുകള്‍ ഒന്നിച്ചു മാനേജരെ വളഞ്ഞു. മേല്‍പറഞ്ഞ നാലുപേര്‍ക്ക് മുംബൈയില്‍ നാല് മണിക്ക് എത്തിയാല്‍ മാത്രമേ മംഗലാപുരത്തേക്കുള്ള ഇന്ത്യന്‍ എയര്‍് ലൈന്‍സില്‍ തുടര്‍ യാത്ര നടത്തി മാതാപിതാക്കളുടെ അന്ത്യയാത്രയില്‍ പങ്കെടുക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് ആ നാലുപേരെ ഇപ്പോള്‍ തന്നെ മറ്റേതെങ്കിലും വിമാനത്തില്‍ കയറ്റി വിടണം. ഇല്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്ന മുന്നറിയിപ്പും ഞങ്ങള്‍ നല്‍കി. അതോടെ അങ്കലാപ്പിലായ അയാള്‍ അകത്തു കയറി വാതിലടച്ചു. വാതിലിന്റെ അരികില്‍ നിന്ന് മാറാന്‍ ഞങ്ങള്‍ തയ്യാറായില്ല. പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിവന്നു രണ്ടുപേരെ മസ്‌ക്കറ്റ് വഴി ഗള്‍ഫ് എയര്‍ വിമാനത്തില്‍ വിടാമെന്ന് പറഞ്ഞു. നാലുപേരെയും അയക്കണമെന്ന് ഞങ്ങള്‍ വാശി പിടിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. അങ്ങിനെ ഒരുവീട്ടിലെ രണ്ടു പേരെ അതില്‍ കയറ്റിവിട്ടു. പിന്നെയും ഞങ്ങള്‍ മാനേജരെ പൊതിഞ്ഞു. പത്തരമണിയോടെ അവശേഷിച്ച രണ്ടുപേരെയും വേറൊരു വിമാനത്തില്‍ കയറ്റിവിട്ടു. ഓര്‍മ ശരിയാണെങ്കില്‍ കാത്തെ പസഫിക് ആണ് ആ വിമാനം. ഏതായാലും അവര്‍ രക്ഷപ്പെട്ടു. ഇതുകഴിഞ്ഞു വീണ്ടും ഹാളിലെ കസേരയില്‍ വന്നിരുന്നപ്പോള്‍ കാണുന്നു 'മഹാരാജാവി'ന്റെ സമയം 12.30 ആണെന്ന്.

പതിനൊന്നു മണിയായപ്പോള്‍ എല്ലാവര്‍ക്കും ദാഹവും വിശപ്പും ക്ഷീണവും അനുഭവപ്പെട്ടു. പോരാത്തതിന് വിമാന അധികൃതരോട് വാക്ക് തര്‍ക്കത്തില്‍ ഏര്‍പെട്ടു തൊണ്ട വരണ്ടു പോയിരുന്നു. ഞങ്ങള്‍ വീണ്ടും മാനേജരെ തേടി. പേടകം ഇനിയും വൈകുകയാണെങ്കില്‍ റൂമും ഭക്ഷണവും തരണം. ആകെ കൂടി ബഹളം. അന്നേരം മാനേജര്‍ ഞങ്ങളോട് കയര്‍ത്തു. വിമാനത്തിന് മാനത്തു വെച്ച് വല്ല ടെക്‌നിക്കല്‍ പ്രശ്‌നവും ഉണ്ടായായാല്‍ ഈ വായിട്ടിളക്കുന്ന നിങ്ങളുടെ അഡ്രസ്സ് പോലും കാണില്ലായെന്നു കൂടി ആ മാന്യന്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് പോകാനുള്ള വിമാനം ഡല്‍ഹിയില്‍ നിന്നും ഇനിയും പുറപ്പെട്ടിട്ടില്ല. അവിടെ കേടായി കിടപ്പാണ്. അതോടെ ഞങ്ങളുടെ തലയില്‍ ബള്‍ബ് മിന്നി. ഏഴു മണിക്ക് ഇവിടെ നിന്നും ഡല്‍ഹിക്ക് പോയ വിമാനം പത്തരമണിയോടെ അവിടെയെത്തും. പതിനൊന്നരയ്ക്ക അവിടെ നിന്നുവിട്ടാല്‍ രണ്ടു മണിയോടെ ഇവിടെയെത്തും. അതിനു ശേഷമേ ഞങ്ങള്‍ക്ക് പോകാന്‍ പറ്റുകയുള്ളു എന്ന് മനസ്സിലായി. വീണ്ടും ഞങ്ങള്‍ ബഹളം കൂട്ടി. എയര്‍ പോര്‍ട്ടിലെ ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ക്ക് ഭക്ഷണം തന്നു. അതും ഞങ്ങളെ സപ്പോര്‍ട്ട്‌ചെയ്തു സംസാരിച്ച ദുബൈ എയര്‍പോര്‍ട്ടിലെ നല്ലവരായ ദുബൈ പോലീസുകാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയുംസന്മനസുകൊണ്ട്.

അങ്ങിനെ ഭക്ഷണം കഴിഞ്ഞ് വീണ്ടും ഹാളിലേക്ക് വന്നപ്പോള്‍ പേടകത്തിന്റെ സമയം വീണ്ടും മാറിയിരിക്കുന്നു-രണ്ടു മണി. ഇതിനിടയില്‍ മാനേജര്‍ ഡ്യൂട്ടി കഴിഞ്ഞെന്നു പറഞ്ഞു ഒന്ന് മുങ്ങാന്‍ നോക്കിയെങ്കിലും ഒരു മുംബൈവാല നാല് പച്ച തെറിയങ്ങു കാച്ചിയതോടെ മാന്യ ദേഹം അവിടെ തന്നെ ഇരുന്നു. ഞങ്ങള്‍ പോയ ശേഷം താന്‍ പോയാല്‍ മതിയെന്ന് പറഞ്ഞു ഞങ്ങള്‍ കക്ഷിയുടെ അരികത്തു നിലയുറപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും ഉറക്കിലേക്ക് വഴുതാന്‍ തുടങ്ങി. എന്നിട്ടും പേടകം വന്നില്ല.രണ്ടു മണിയായപ്പോള്‍ വീണ്ടും സമയം മാറി 3.45 ആയി. ഇതോടെ ഞങ്ങളുടെ മനസ് പറഞ്ഞു, ഇനി നാളെ വൈകുന്നേരമെ പോവാന്‍ സാധിക്കൂവെന്ന്. മൂന്നര മണിയായപ്പോള്‍ വിമാനസമയം വീണ്ടും മാറി 4.45 ആയി.

വീണ്ടും ബഹളം, മാനേജരുടെ ഇടപെടല്‍. എന്തായാലും നിങ്ങള്‍ക്ക് പ്രസ്തുത സമയത്ത് പോകാമെന്നും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് താമസിക്കാന്‍ റൂം തരുമെന്നും മാനേജര്‍ പറഞ്ഞു. മുക്കിയും മൂളിയും തൂങ്ങിയും ഒരു വിധത്തില്‍ നാലുമണിയായി. പെട്ടെന്ന് മാനേജര്‍ വളരെ ഹാപ്പിയായി വന്നു പറഞ്ഞു, നിങ്ങള്‍ക്ക് പോകാനുള്ള ഫളൈറ്റ് എത്തിയിരിക്കുന്നു. പലരും സ്വപ്നം കണ്ടതാണെന്ന് വിചാരിച്ചു കണ്ണുതിരുമ്മി. അപ്പോഴേക്കും അറിയിപ്പ് വന്നു, വിമാനത്തിലേക്ക് പ്രവേശിക്കാന്‍. പന്ത്രണ് മണിക്കൂറോളം അനുഭവിച്ച ദുരിതത്തിന് അറുതി വന്നെങ്കിലും മാന്യ മാനേജരുടെ അറംപറ്റുന്ന വാക്ക് ചെവിയില്‍ മൂളുന്നു. മാനത്തു വെച്ച് വല്ല ടെക്‌നിക്കല്‍ ഫോള്‍ട്ടും സംഭവിച്ചാല്‍! ഹോ ഓര്‍ക്കാനേ വയ്യ.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. രണ്ടും കല്‍പിച്ചു പേടകത്തില്‍ പ്രവേശിച്ചു. ഉറക്കച്ചടവോടെ മങ്കമാര്‍ കൈകൂപ്പി സ്വാഗതം അരുളി. അങ്ങിങ്ങായി പല യാത്രക്കാരും സീറ്റില്‍ ഉറങ്ങുന്നു. ഇവരെന്തേ ദുബൈ എത്തിയത് അറിഞ്ഞില്ലേ? ബോഡിംഗ് സ്ലിപ്പിലെ സീറ്റ് നമ്പര്‍ നോക്കി അവിടെ എത്തിയപ്പോള്‍ ഒരു ഭീമന്‍ കിടന്നുറങ്ങുന്നു. മങ്കയുടെ അരികില്‍ തിരിച്ചു വന്നു കാര്യം പറഞ്ഞു. 'നിങ്ങള്‍ക്ക് ഇഷ്ടമുള്ള സീറ്റില്‍ ഇരുന്നോളു. ബോഡിംഗ് സ്ലിപ്പ് നോക്കേണ്ട. ഇത് ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പോകുന്നതാണ്. ഇത് നിങ്ങള്‍ക്ക് പോകാന്‍ വേണ്ടി ഇവിടെ ഇറക്കിയതാണ്'. അങ്ങിനെ മധ്യ ഭാഗത്ത് ഒരു സ്ഥലത്ത് ഇരുന്നു.

 നേരത്തെ ഉണ്ടായ യാത്രക്കാരെ കൂടാതെ ഞങ്ങള്‍ ഇരുന്നൂറിലധികം പേര്‍ കയറിയിട്ടും പേടകം നിറഞ്ഞിട്ടില്ല. സംഗതി ഒരു മഹായാനം തന്നെ. 4.45 നു അങ്ങിനെ പേടകം പറന്നു. എയര്‍ ഹോസ്റ്റസുമാര്‍ കൊണ്ടുവന്ന ഭക്ഷണം പൊതി അഴിച്ചപ്പോള്‍ ബിരിയാണി. പുലര്‍ക്കാലത്ത് ബിരിയാണി തരുന്ന ലോകത്തിലെ ഏക വിമാന കമ്പനി നമ്മുടെ എയര്‍ ഇന്ത്യയാണെന്ന് അന്നാണ് ഈയുള്ളവന് മനസ്സിലായത്. അതുവരെ ഇങ്ങിനെ ഒരു വിവരം ഉണ്ടായിരുന്നില്ല. 7.15 മണിയോടെ പാറപ്പുറത്ത് കാളവണ്ടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാവുന്ന കുലുക്കവും ചാട്ടവും അനുഭവപ്പെട്ടപ്പോഴാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. മുംബൈയില്‍ ഇറങ്ങാന്‍ പോവുകയാണ്. ഒരു വിധത്തില്‍ നിലം തൊട്ടു. അതോടെ 1450 ദിര്‍ഹമിനു എടുത്ത ടിക്കറ്റിനു ഈ പേടകത്തിലെ ഞങ്ങളുടെ യാത്ര പൂര്‍ത്തിയായി.


Article, Air India, Hameed Kuniya, Pravasi, Gulf, Air Port

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia