എന്താണീ ഫ്രീക്കന്‍സ് ?
Jun 9, 2015, 16:00 IST
റസാഖ് പള്ളങ്കോട്
കഴിഞ്ഞദിവസം നാട്ടില്‍ നടന്ന ഒരു മരണാനന്തര ചടങ്ങിന്റെ ഭാഗമായി ഖബര്‍ കുഴിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഞാനുമുണ്ടായി. പുതുതലമുറയില്‍പ്പെട്ട രണ്ടുമൂന്നു പേരെ കണ്ടിട്ടാവണം പലരുടെയും മുഖത്ത് പ്രതീക്ഷയുടെ വെട്ടം കാണാമായിരുന്നു. നാട്ടുസംസാരത്തിനിടയില്‍ പുതുതലമുറയെ മയ്യിത്ത് കുളിപ്പിക്കാന്‍കൂടി പഠിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ നാട്ടിലെ സന്നദ്ധസംഘടയായ എം.വൈ.എഫിന്റെ ജനറല്‍ സെക്രട്ടറി സത്താര്‍ച്ച പറഞ്ഞൊരു കാര്യമുണ്ട്. എല്ലാം വളരെ അടിച്ചുപൊളിച്ചുള്ള ഏര്‍പ്പാടാണെങ്കില്‍ പുതിയ കുട്ടികളെ കിട്ടും. വേണമെങ്കില്‍ ഒരു ജോളി ടീമിനെ ഇതിനുവേണ്ടി ഉണ്ടാക്കിയെടുക്കാം എന്നാണ്. പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടോ?
മയ്യിത്ത് കുളിപ്പിക്കുന്നതിനിടയില്‍ സെല്‍ഫിയെടുത്ത് വാട്ട്‌സ്ആപ്പിലോ ഫെയ്‌സ്ബുക്കിലോ അപ്്‌ലോഡ് ചെയ്യാന്‍ പറ്റുമായിരുന്നുവെങ്കില്‍ വലിയൊരു ക്യൂ ഉണ്ടാവുമായിരുന്നു. കുളിപ്പിക്കാന്‍ കൂടുന്നവനെ നീ പൊളിച്ചു ബ്രോ എന്ന കമന്റോടെയാണ് സ്വീകരിക്കുന്നതെങ്കിലും ഇപ്പണിക്കൊക്കെ ആളെക്കിട്ടുമായിരുന്നു. ഒന്നൂല്ലെങ്കിലും അവസാനം വയറ്റിനു വല്ലതും ഒപ്പിക്കുമെങ്കില്‍ പിന്നെയെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു.
ഇതിപ്പോ ഫീലിങ് സാഡ് മൂഡിലായ വീട്ടില്‍ ഫ്രീക്കന്‍സിനൊന്നും വലിയ താല്‍പര്യമില്ല. വീട്ടുകാരാണെങ്കില്‍ കൂട്ടക്കരച്ചില്‍, പൊട്ടിച്ചിരിക്കാന്‍ ആളില്ല, സെല്‍ഫിസ്റ്റിക്ക് പൊക്കിപ്പിടിച്ച് നടക്കാനാവില്ല. മൊത്തത്തില്‍ മൊഞ്ചന്മാര്‍ക്ക് പറ്റിയ ഏരിയയല്ലെന്ന് സാരം.
നടന്നതിലും നടക്കുന്നതിലും നടക്കാന്‍ പോകുന്നതിലും എന്‍ജോയ് വേണം. എങ്ങനെയും ദിവസം പത്തഞ്ചൂറ് ലൈക്കും ഇരുനൂറ് കമന്റും നേടണം. അതിനുവേണ്ടി എന്തു കോപ്രായത്തരങ്ങള്‍ക്കും തയ്യാറാണ്. പോലീസ് പിടിച്ച് ഫൈനിട്ടാല്‍ ഉടന്‍ ഒരു സെല്‍ഫി. വിത് മൈ ചങ്ക് എസ്.ഐ സാര്‍, ഗിവിംഗ് ഫൈന്‍, പിന്നെ ഒരു പുളിച്ച ഇമോജിയും. ഇതിന്റെയൊക്കെ ഇടക്ക് ഒരുത്തന്‍ അപ്പന്‍ മരിച്ചപ്പോള്‍ മുഖത്തുനിന്ന് തുണി നീക്കിവച്ച് ഇട്ടുകളഞ്ഞു, മൈ ഡാഡ് ഗൊണ്ണ സെല്‍ഫി. താഴെ കമന്റ് ബോക്‌സില്‍ പൊങ്കാലയിടാനും എത്തി. നമ്മുടെ പുന്നാര മക്കള്‍. ചങ്കുകള്‍...
വായനിറയെ സംസാരിച്ചില്ലെങ്കില്‍ ഫ്രീക്കന്‍സില്‍ പെടൂലെന്നൊരു നിബന്ധനയുണ്ടെന്ന് തോന്നുന്നു. അതൊരു സൈക്കോളജിയാണെന്നും പറയുന്നവരുണ്ട്. അല്ലെങ്കില്‍ ഈ ബസില്‍ കയറിയാല്‍ എന്തിനാ പുത്തന്‍തലമുറക്കുട്ടികള്‍ ബളാബളാ സംസാരിക്കുന്നത്. പുഞ്ചിരിക്കുന്നതുപോലും പൊട്ടിച്ചിരിച്ചുകൊണ്ടാണ്. ഇതെല്ലാം ഇവര്‍ക്കെങ്ങനെ സാധിക്കുന്നുവെന്ന് എത്ര തലകുത്തി ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ഇപ്പൊ അങ്ങനാണല്ലോ, ഒരുവിധമാള്‍ക്കാരൊക്കെ എസ്.എസ്.എല്‍.സിയില്‍ ജയിച്ചുപോന്നു. അതും ഹൈ മാര്‍ക്കോടു കൂടി. വറൈറ്റി പുള്ളര്‍ അതും വിട്ടില്ല. അങ്ങട് തോറ്റുകൊടുത്തു, രണ്ട് മൂന്ന് വിഷയങ്ങളില്‍. സേ പരീക്ഷയെഴുതുക എന്നൊക്കെ പറഞ്ഞാലാണ് ഒരു ഗുമ്മുണ്ടാവുക. ഫുള്‍ എ പ്ലസ്, അതൊക്കെ ഓള്‍ഡല്ലേ. ഇവര്‍ക്ക് കൊടുക്കാന്‍ എന്റെ കയ്യില്‍ മുന്നറിയിപ്പൊന്നുമില്ല, പക്ഷെ നിങ്ങള്‍ ഭാവികാണൂലെന്നേ പറയാനുള്ളൂ.
ത്രീജിയല്ലാത്ത നെറ്റ് ഫ്രീക്കന്‍സിന് വട്ടുപിടിപ്പിക്കും. പണ്ടൊക്കെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി വലിയ കഷ്ടപ്പാടാന്നു പറഞ്ഞുകേട്ടിട്ടുണ്ട്. പുതുതലമുറയും കഷ്ടപ്പെടുകയാണ്. അന്നത്തിനു വേണ്ടിയല്ല, അന്നന്നത്തെ റീചാര്‍ജ്ജിനുവേണ്ടിയാണെന്നു മാത്രം. റീചാര്‍ജ്ജ് ചെയ്യാന്‍വേണ്ടി എന്തു നെറികേടിനും തയ്യാറാവുന്നവരുമുണ്ട്. ചില ചെക്കന്മാര്‍ പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെട്ട് റീചാര്‍ജിനുള്ള വക കണ്ടെത്തുന്നുവെന്നാണ് പുതിയ വിവരങ്ങള്‍.
വീട്ടില്‍ ഉമ്മ സുഭിക്ഷമായ ഫുഡ് ഒരുക്കിയിട്ടുണ്ടാവും. പൈസയുണ്ടെങ്കിലും ഇല്ലെങ്കിലും കമ്പനിയടിച്ച് തിന്നാനാണ് കുമാരന്മാര്‍ക്കിഷ്ടം. വീട്ടിലുണ്ടാക്കുന്ന സാധനങ്ങള്‍ക്ക് രുചി പോരത്രേ. എങ്ങനെ രുചിയുണ്ടാവാനാ, വായില്‍ ഫുള്‍ടൈം കഞ്ചാവും പുകയുമല്ലേ. ലോകം എത്ര സ്മാര്‍ട്ടായിട്ടും വിവരമെത്ര ലഭിച്ചിട്ടും വിവേകമുണ്ടായില്ലെങ്കിലെന്താ കാര്യം അല്ലേ?...
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Article, Youth, Death, House, Social networks, Bus, Education, Razak Pallangod, Facebook, Whatsapp.