city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പുവെള്ളം കുടിക്കുമോ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികള്‍?

സമീർ ഹസൻ

(kasargodvartha.com 19.03.2014) മാര്‍ച്ച് മാസത്തിലെ കൊടും ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും കൂടി ആയപ്പോള്‍ നാടും നഗരവും വിയര്‍ക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാം വോട്ടുതേടി പരക്കം പായുകയാണ്. പാര്‍ട്ടികളെ കൂടെ നിര്‍ത്തി മുന്നണി സംവിധാനത്തില്‍ നടക്കുന്ന തിരഞ്ഞടുപ്പില്‍ ബി.ജെ.പിയും തങ്ങളുടെ സാന്നിധ്യം അറിയിച്ച് രംഗത്തുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇല്ലാതിരുന്ന ഒരു പ്രത്യേകത ഈ തിരഞ്ഞെടുപ്പിനുള്ളത് ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശമാണ്. കേരളത്തിലെ മിക്കവാറും മണ്ഡലങ്ങളിലെല്ലാം അവര്‍ മത്സരിക്കുന്നു. ഇതിനുപുറമെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ ആര്‍.എം.പിയും രംഗത്തുണ്ട്.

ഉപ്പുവെള്ളം കുടിക്കുമോ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികള്‍?കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദി ഒരുങ്ങിയിരിക്കുന്നത്. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. ആം ആദ്മി പാര്‍ട്ടിയും ആര്‍.എം.പിയും മറ്റു ചില ചെറു പാര്‍ട്ടികളും ഏതാനും സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. നിലവിലെ എം.പി. പി. കരുണാകരമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന്റെ മൂന്നാം അങ്കമാണിത്. യു.ഡി.ഫ്. സ്ഥാനാര്‍ത്ഥിയായി അഡ്വ. ടി. സിദ്ദീഖും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രനും രംഗത്തുണ്ട്. സിദ്ദീഖ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മുന്‍ പ്രസിഡന്റാണ്. സുരേന്ദ്രനാകട്ടെ ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും. ഇരുവരും കരുത്തരായ യുവ നേതാക്കള്‍. പി. കരുണാകരനാണെങ്കില്‍ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവാണ്. സി.പി.എമ്മിന്റെ തല മുതിര്‍ന്ന നേതാവ്. എകെജിയുടെ മകള്‍ ലൈലയുടെ ഭര്‍ത്താവ്. സുശീല ഗോപാലന്റെ മരുമകന്‍.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങളിലടക്കം സജീവമായി ഇടപെട്ട് ശ്രദ്ധേയനായ അമ്പലത്തറ കുഞ്ഞികൃഷ്ണനാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. അമ്പലത്തറയുടെ സ്ഥാനാര്‍ത്ഥിത്വം അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കോ ബി.ജെ.പിക്കോ സാധിക്കുന്നില്ല. ജനകീയനായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തങ്ങള്‍ക്ക് കിട്ടേണ്ട വോട്ട് കുറേയേറെ പിടിക്കുമെന്ന് അവര്‍ ഭയക്കുന്നു. അത് തങ്ങളുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാഷ്ട്രീയ ശുദ്ധീകരണം മറ്റിടങ്ങളിലും സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അത് അമ്പലത്തറയിലൂടെ കാസര്‍കോട്ടും നടപ്പാകുമെന്ന് സാധാരണക്കാരായ വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു.

ഉപ്പുവെള്ളം കുടിക്കുമോ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികള്‍?കാസര്‍കോട് ജില്ലയുടെ വികസന പ്രശ്‌നങ്ങളാണ് പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ ഉന്നയിക്കുന്നത്. ജില്ലയുടെ പിന്നോക്കാവസ്ഥ, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം, വ്യവസായ സ്ഥാപനങ്ങളുടെ അപര്യാപ്തത, റോഡുകളുടെയും ഗതാഗത സൗകര്യങ്ങളുടെയും കുറവ്, ദീര്‍ഘദൂര ട്രയിനുകള്‍ക്ക് കാസര്‍കോട് ഉള്‍പ്പെടെ പല സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്ത സ്ഥിതി..... തുടങ്ങിയ വിഷയങ്ങളാണ് അവയില്‍ പ്രധാനം. എന്നാല്‍ ഈ ആവശ്യങ്ങളെക്കാളെല്ലാം ഉപരിയായ വലിയ ഒരു പ്രശ്‌നം സ്ഥാനാര്‍ത്ഥികളാരും വേണ്ടത്ര ഗൗരവത്തോടെ ഉന്നയിക്കുന്നില്ല എന്നത് അത്ഭുതമുളവാക്കുന്നു. കാസര്‍കോട്ടെ ജനങ്ങള്‍ വേനല്‍ക്കാലത്ത് ഉപ്പുവെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് അത്. വാട്ടര്‍ അതോറിറ്റി വെള്ളമെടുക്കുന്ന പയസ്വിനി പുഴയിലെ ബാവിക്കര എന്ന സ്ഥലത്ത് സ്ഥിരം തടയണ ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇവിടെ സ്ഥിരം തടയണ വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. തടയണയുടെ പണി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയെങ്കിലും അത് ഇടക്കിടെ മുടങ്ങിയും ഇഴഞ്ഞും തുടങ്ങിയ അവസ്ഥയില്‍തന്നെ നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് വേളയിലെങ്കിലും അതിനൊരു അനക്കം വെക്കുന്നില്ല എന്നതാണ് ഏറെ കഷ്ടം. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയാണ് ഇതെന്നാണ് എം.പിയുടെ പക്ഷം. സംസ്ഥാന സര്‍ക്കാരും യു.ഡി.എഫ് നേതാക്കളും
ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവാതെ കേവലം പ്രസ്താവന ഇറക്കി മാത്രം പ്രശ്‌നത്തെ നേരിടുകയാണ്.

ഉപ്പുവെള്ളം കുടിക്കുമോ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികള്‍?ജില്ലയുടെ അഭിമാനമായി പലരും ഉയര്‍ത്തിക്കാട്ടുന്ന കേന്ദ്ര സര്‍വ്വകലാശാല ജില്ലയില്‍ എത്തിയത് എം.പി. പി. കരുണാകരന്റെ കഴിവ് കൊണ്ടല്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. അതിന്റെയൊക്കെ ക്രഡിറ്റ് കോണ്‍ഗ്രസിനും കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണിക്കും, മുല്ലപ്പള്ളി രാമചന്ദ്രനും മറ്റുമാണെന്ന് അവര്‍ പറയുന്നു. എം.പിയുടെ മാതൃ സ്റ്റേഷനായ നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ പോലും ഒരു ഓവര്‍ ബ്രിഡ്ജ് പോലും പണിയാന്‍ എംപിക്ക് സാധിച്ചിട്ടില്ല. പല ട്രയിനുകളും ജില്ലയിലെ സ്റ്റേഷനുകളില്‍ നിര്‍ത്താതെ കൂകിപ്പായുന്നു. മണ്ഡലത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട എംപി പാര്‍ട്ടി കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദീഖ് ആരോപിക്കുന്നു. എന്നാല്‍ നേട്ടങ്ങളുടെ ഒരു പട്ടികയുമായാണ് കരുണാകരന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കാസര്‍കോടിന്റെ പിന്നോക്കാവസ്ഥതയുടെ ഉത്തരവാദിത്വം എല്‍.ഡി.എഫിന് മേല്‍ കെട്ടിവെക്കുന്നത് കാസര്‍കോടിനെ കുറിച്ച് പ്രാഥമികമായ കാര്യങ്ങള്‍ പോലും അന്വേഷിക്കാതെയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ പറയുന്നു.

കാസര്‍കോടിന്റെ വികസന പിന്നോക്കാവസ്ഥയ്ക്ക് ഇരു മുന്നണികളും ഉത്തരവാദികളാണെന്ന കുറ്റപ്പെടുത്തലുമായാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി വോട്ടു ചോദിക്കുന്നത്. ആദ്യതവണ ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന കരുണാകരന് കഴിഞ്ഞ തവണ അത് 64,000 ആയി ചുരുങ്ങി. ഇത്തവണ തോറ്റ് തുന്നംപാടാന്‍ പോവുകയാണ് അദ്ദേഹം. തുടര്‍ച്ചയായി രണ്ട് തവണ എം.പിയായിരുന്ന കരുണാകരന്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹത്തെ വോട്ടര്‍മാര്‍ തോല്‍പിക്കുമെന്നും സുരേന്ദ്രന്‍ പറയുന്നു. ഇതിനിടയിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നം സജീവമായി എടുത്തിട്ട് അമ്പലത്തറ രംഗത്ത് വന്നിരിക്കുന്നത്. വരും നാളുകളില്‍ പ്രചരണം കനക്കുമ്പോള്‍ ചൂട് കൂടുക മാത്രമല്ല സ്ഥാനാര്‍ത്ഥികള്‍ക്കും കാസര്‍കോട്ടു വന്നാല്‍ ഉപ്പുവെള്ളം കുടിക്കേണ്ടിവരും എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോഴെങ്കിലും പാപം ചെയ്യാതെതന്നെ ഉപ്പുവെള്ളം കുടിക്കേണ്ടിവരുന്ന കാസര്‍കോട്ടെ വോട്ടര്‍മാരെ കുറിച്ച് അവര്‍ ചിന്തിക്കാതിരിക്കില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Article, Election-2014,  P.Karunakaran-MP, K.Surendran, BJP, UDF, CPM, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia