city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പുകാലം വരും, പോകും; പക്ഷേ, ചരിത്രം നിങ്ങളെ വെറുതെ വിടുമോ?

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 15/01/2015) വീണ്ടുമൊരു ഉപ്പുവെള്ളക്കാലത്തെ പ്രതീക്ഷിക്കുകയാണ് കാസര്‍കോട്. വേനലിനു കാഠിന്യം കൂടുകയും പുഴകളില്‍ നീരൊഴുക്കു കുറയുകയും ചെയ്യുന്നതോടെ ഇത്തവണയും കാസര്‍കോട്ട് കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഫെബ്രുവരി അവസാനത്തോടെ കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങും. പിന്നെ പതിവുപോലെ ബാവിക്കരയില്‍ താത്ക്കാലിക തടയണ ഉയരും. ലോറികള്‍ വെള്ളവുമായി തലങ്ങും വിലങ്ങും പായും. പൈപ്പിനു കീഴേയും കുഴല്‍ക്കിണറുകള്‍ക്കു ചുറ്റിലും കുടങ്ങള്‍ നിരക്കും. വെള്ളത്തിന്റെ പേരില്‍ ആളുകള്‍ കലപില കൂടും. തര്‍ക്കിക്കും. അടികൂടും.

ഉപ്പുകാലം വരും, പോകും; പക്ഷേ, ചരിത്രം നിങ്ങളെ വെറുതെ വിടുമോ?അങ്ങനെയിരിക്കെ ഒരു മഴ പെയ്താല്‍ ലക്ഷങ്ങള്‍ ചെലവിട്ടു പണിത ബാവിക്കരയിലെ തടയണ പൊട്ടും. മണല്‍ നിറച്ച ചാക്കുകള്‍ക്കൊപ്പം ലക്ഷങ്ങളും ഒലിച്ചു പോകും.
ആളുകള്‍ പിന്നേയും ഉപ്പുവെള്ളം കുടിക്കും. മഴ പെയ്താല്‍ വേനല്‍ച്ചൂടു മറക്കും. ഒപ്പം ഉപ്പുവെള്ളം കുടിച്ച നാളുകളെയും. മറവിക്കു അങ്ങനെയൊരു ഗുണമുണ്ടല്ലോ!

സി.ടി. അഹ്‌മദലി എം.എല്‍.എ.യും, മന്ത്രിയും ആയിരിക്കുമ്പോള്‍ ഓരോ വേനല്‍ക്കാലത്തും, ഉപ്പുവെള്ളക്കാലത്തും സ്ഥിരം തടയണയുടെ കാര്യം ഉയരും. പിന്നെ മഴ വരുമ്പോള്‍ അതങ്ങു തണുക്കും. സ്ഥിരം തടയണ അഥവാ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന സാധനം യാഥാര്‍ത്ഥ്യമാകാത്തത് സി.ടി.യുടെ കഴിവു കേടു കൊണ്ടാണെന്ന് എതിരാളികള്‍ പറയും. തലസ്ഥാനത്തു ഇടതു സര്‍ക്കാരാണെങ്കില്‍ വലതു സര്‍ക്കാരിനെയും വലതു സര്‍ക്കാരാണെങ്കില്‍ ഇടതു സര്‍ക്കാരിനെയും കുറ്റം പറയും.

സി.ടി.യെ, അന്നു ഐ.എന്‍.എല്‍ നേതാവായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഉപ്പുവെള്ളത്തിന്റെ പ്രശ്‌നത്തില്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നത് ജനങ്ങള്‍ മറന്നു കാണില്ല. ഒടുവില്‍ എന്‍. എ. കാസര്‍കോടിന്റെ എം.എല്‍.എ. ആയി. അതും സി.ടി.യുടെ പാര്‍ട്ടിക്കാരനും പിന്‍ഗാമിയുമായിട്ട്. എന്നിട്ടും ഉപ്പുവെള്ളത്തിനു അറുതി വന്നില്ല. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നു വരുമെന്ന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ കൈമലര്‍ത്തുന്നു.

അതിനിടെ ഈയിടെ പത്രത്തില്‍ കണ്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ബാവിക്കരയില്‍ താല്‍ക്കാലിക തടയണ കെട്ടാന്‍ അലൂമിനിയം ഷീറ്റു ഉപയോഗിക്കുമെന്നു പറയുന്നുണ്ട്. അതു കൊണ്ടു ഉപ്പുവെള്ളം തടയാനാകുമോ എന്നതു വേറെ കാര്യം.

ചുരുക്കത്തില്‍ റെഗുലേറ്റര്‍ കംബ്രിഡ്ജ് വെറും വാചക കസര്‍ത്തും കടലാസു പുലിയും മാത്രമായി അവശേഷിക്കുകയാണ്. അര നൂറ്റാണ്ടു മുമ്പു തന്നെ യാഥാര്‍ത്ഥ്യമാകേണ്ട സംഗതിയാണ് ഒരു സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ ഡയലോഗു പോലെ ഇപ്പം ശരിയാകും എന്നു പറഞ്ഞ് അധികൃതര്‍ ഇതുവരെ എത്തിച്ചത്. എന്നിട്ടും തടയണക്കാര്യം ആണോ, പെണ്ണോ എന്നു തിരിഞ്ഞിട്ടില്ല. പുഴയ്ക്കു നടുവിലെ മൂന്നു കോണ്‍ക്രീറ്റു തൂണുകളെ മോക്ഷപ്രാപ്തി ആഗ്രഹിച്ചിട്ടെന്ന പോലെ ഇപ്പോഴും കാണാം.

ബണ്ടിന്റെ സ്ഥാനം മാറ്റാനെന്ന പേരിലും കരാര്‍ പുതുക്കാനെന്ന പേരിലും, പുതിയ പ്ലാന്‍ ഉണ്ടാക്കാനെന്ന പേരിലും വലിച്ചിഴച്ചു കൊണ്ടു പോകുന്ന ഈ പദ്ധതി കാസര്‍കോടിന്റെ ഏറ്റവും വലിയ ശാപമായി തുടരുകയാണ്.

ഒരു ജനതയോട് ഇത്രയും കാലം ഇതു പോലൊരു ക്രൂരത കാട്ടുന്നതിനു അധികൃതര്‍ക്കു ചരിത്രം എപ്പോഴും മാപ്പു കൊടുക്കുമോ!

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia