city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരുളിനുമേല്‍ വെളിച്ചവും തിന്മയ്ക്കുമേല്‍ നന്മയും നേടിയ വിജയം; നവരാത്രിയുടെ കാലിക പ്രസക്തി

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 21.09.2017) ഇരുളിനു മേല്‍ വെളിച്ചവും തിന്മയ്ക്കു മേല്‍ നന്മയും വിജയം കണ്ടതിന്റെ ആഘോഷമായാണ് നവരാത്രിയെ കണക്കാക്കുന്നത്. ദുഷ്ടനും അഹങ്കാരിയും ശല്യക്കാരനുമായ നരകാസുരനെ ദേവി വധിച്ചതിന്റെ ആഘോഷമാണിതെന്ന് ഐതീഹ്യം. ഒമ്പതു ദിവസം നീളുന്ന ആഘോഷത്തില്‍ ഓരോ ദിവസവും ഓരോ രൂപവും ഭാവവുമാണ് ദേവിയ്ക്കു കല്‍പിക്കുന്നത്.

നന്മയും വെളിച്ചവും ആഗ്രഹിക്കുന്ന മനുഷ്യമനസ്സിന്റെ രൂപഭാവങ്ങള്‍ തന്നെയാവാം ആഘോഷമായി കൊണ്ടാടപ്പെടുന്നത്. ചരിത്രാതീതകാലം മുതല്‍ക്കുതന്നെ മനുഷ്യര്‍, അവരെ ഭയപ്പെടുത്തിയിരുന്ന പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു. ഭയത്തില്‍ നിന്നും അഭീഷ്ടത്തില്‍ നിന്നും ആനന്ദബോധത്തില്‍ നിന്നും അജ്ഞതയില്‍ നിന്നുമൊക്കെയാണ് മനുഷ്യരില്‍ ദൈവാരാധനയും ഉത്സവങ്ങളും രൂപമെടുത്തതെന്നാണ് ചരിത്രം. അതു തന്നെയാണ് നവരാത്രി ആഘോഷത്തിന്റെയും പശ്ചാത്തലം.

ഇരുളിനുമേല്‍ വെളിച്ചവും തിന്മയ്ക്കുമേല്‍ നന്മയും നേടിയ വിജയം; നവരാത്രിയുടെ കാലിക പ്രസക്തി

ദുഃഖവും ദുരിതവും അത്യാഹിതങ്ങളും മോഹഭംഗങ്ങളും അനുഭവിക്കുന്ന മനുഷ്യര്‍ എക്കാലത്തും നന്മ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ക്ക് കാല- ദേശ-വര്‍ഗ വ്യത്യാസമുണ്ടായിരുന്നില്ല. എപ്പോഴെങ്കിലും തങ്ങളുടെ ദുഃഖം നീങ്ങുമെന്നും പ്രകാശം പരക്കുമെന്നും മനുഷ്യര്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ തന്നെയാണ് അവരെ ജീവിക്കാനും പ്രതിസന്ധികള്‍ അഭിമുഖീകരിക്കാനും പ്രാപ്തരാക്കുന്നത്. ദൈവങ്ങളെ പ്രീതിപ്പെടുത്തി അതിശക്തനായ നരകാസുരന്‍, ദൈവങ്ങള്‍ക്കു നേരെ തിരിഞ്ഞപ്പോഴാണ് വകവരുത്തേണ്ടി വന്നത്. അതിനുള്ള നിയോഗം ദേവിയില്‍ വന്നു ചേരുകയായിരുന്നു. ഇവിടെ ഘാതകിയായി മാറിയ ദേവി തന്നെയാണ് വിദ്യാസരസ്വതിയായും അമ്മയായും വീണാപാണിയായും മറ്റും മാറുന്നത്.

നവരാത്രിയുടെ ഐതീഹ്യം ചിന്തനീയമാണ്. അഹങ്കാരത്തിനും ക്രൂരതയ്ക്കും ദുഷ്ടതയ്ക്കും അന്ധകാരത്തിനും അജ്ഞതയ്ക്കും വിപത്തിനും എതിരായ സന്ദേശമാണ്. നന്മ മാത്രമേ വിജയിക്കാന്‍ പാടുള്ളൂ എന്ന വ്രതമാണ്. ഇരുട്ടിന്റെയും അഹങ്കാരത്തിന്റെയും അധീശത്വം ഇന്നാട്ടില്‍ പുലര്‍ന്നുകൂടെന്ന സന്ദേശവും താക്കീതും നവരാത്രി ആഘോഷം മുന്നോട്ടു വെക്കുന്നു. തികച്ചും ഹൈന്ദവ സംസ്‌കൃതിയില്‍ ഊന്നി നിന്ന് ലോകമെങ്ങുമുള്ള ഹൈന്ദവര്‍ കൊണ്ടാടുന്ന നവരാത്രി, ഏറിയും കുറഞ്ഞുമുള്ള വകഭേദങ്ങളോടെ എല്ലാ ജാതിക്കാരും ഉള്‍ക്കൊള്ളുന്നു.
ഹൈന്ദവ ആഘോഷമാണെങ്കിലും ഇതര മതസ്ഥര്‍ക്കും മതരഹിതര്‍ക്കും സ്വീകാര്യമായ നന്മയുടെയും മാനവീകതയുടെയും അംശങ്ങള്‍ ഇതിലുണ്ട്.

നവരാത്രി വേഷങ്ങളും പുലികളിയും സംഗീതപരിപാടികളും നാട്ടില്‍ ഒരു തരം ഉത്സവച്ഛായ പകരുന്നു. ക്ഷേത്രങ്ങളിലെ അന്നദാനം അതിന് കാരുണ്യ സ്പര്‍ശം നല്‍കുന്നു. സംഘര്‍ഷാന്തരീക്ഷം നിലനിലനില്‍ക്കുന്ന മണ്ണിലും മനസ്സിലും ദൈവീകവും കലാത്മകവുമായ ഒരനുഭൂതി പ്രദാനം ചെയ്യുന്നു. വരള്‍ച്ചയിലെ തെളിനീരുറവ പോലെ അത് അനുഭവപ്പെടുന്നു.

മഹാനവമിയോടും വിജയദശമിയോടും കൂടി സമാപ്തി കൊള്ളുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് പലരും ദര്‍ശിക്കാത്ത ഒരു മാനം കൈവരുന്നുണ്ട്. അത് തൊഴിലിന്റെയും വിദ്യയുടെയും മഹത്വത്തെ ദൈവീകതയിലേക്ക് ഉയര്‍ത്തുന്നു എന്നതാണ്. അറിവാണ് ശരിയായ ആയുധവും വെളിച്ചവും എന്നും അതിനെ ഭജിക്കുകയാണ് ഈശ്വരാരാധനയെന്നും കൂടി ഒരു സന്ദേശം അത് പകരുന്നു. മാനവ സേവയാണ് മാധവസേവയെന്ന വലിയ വിചാരവും നവരാത്രി ഉണര്‍ത്തുന്നു.

ഏതൊരാഘോഷവും അന്വര്‍ത്ഥമാകുന്നത് അത് നല്‍കുന്ന സന്ദേശത്തിലും അത് പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിലുമാണ്. ഇരുട്ടിന്റെയും അജ്ഞതയുടെയും ശക്തികള്‍ പെരുകിവരുന്ന ഇക്കാലത്ത് നവരാത്രി പകരുന്ന സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്.

അറിവും ആഖ്യാനവും മാനവിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനും ദുഷ്ടതയെ ഇല്ലായ്മ ചെയ്യുന്നതിനും ദേവിയുടെ അവതാര കഥകള്‍ നമുക്ക് പ്രചോദനമാകാതിരിക്കില്ല.

Keywords:  Kerala, Article, Navarathri-celebration, Celebration, Epic, Raveendran Pady, Mahanavami, Lights, 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia