city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇതു ഷെയര്‍ ചെയ്തില്ലെങ്കില്‍ മരിക്കാന്‍ സാധ്യതയുണ്ട്

റസാഖ് പള്ളങ്കോട്

'വാട്ട്‌സ്ആപ്പ് നിങ്ങള്‍ക്ക് രണ്ടു ജി.ബി നെറ്റ് സൗജന്യമായി നല്‍കുന്നു. കൂടാതെ 100 രൂപ ടോക് ടൈമും ലഭിക്കും. നിങ്ങള്‍ ഈ മെസേജ് അഞ്ചു പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മാത്രം മതി. 30 മിനിറ്റിന് ശേഷം ചെക്ക് ചെയ്താല്‍ മൊബൈലില്‍ ബാലന്‍സ് കാണാം.' ഇത്രയും കണ്ടതേയുള്ളൂ. ആ ജി.ബിയും ബാലന്‍സും സ്വന്തമാക്കാന്‍ അഞ്ചു ഗ്രൂപ്പുകളിലേക്ക് ഷെയറലായി. ചിലര്‍ 'ശശി'യാവേണ്ടെന്നു കരുതി മരിച്ച ഗ്രൂപ്പുകളിലേക്ക് ഇതു ഷെയര്‍ ചെയ്യും. പോയാല്‍ ഒരു ഷെയര്‍, കിട്ടിയാലോ....?

വാട്ട്‌സ്ആപ്പില്‍ പരക്കുന്ന വ്യാജ മെസേജുകള്‍ക്ക് കണ്ണും കയ്യുമില്ല. തുപ്പരുത് എന്നെഴുതിയാല്‍ അവിടെ തുപ്പിയേ അടങ്ങൂ എന്നു വാശിപിടിക്കുന്ന സമൂഹത്തിനു മുന്നില്‍ വാട്ട്‌സ്ആപ്പല്ല അതിനപ്പുറത്തെ സാധനം കിട്ടിയാലും ഇങ്ങനെയൊക്കെയേ ഉണ്ടാവൂ. അത്യാവശ്യമായ ഒരെണ്ണം സെന്‍ഡ് ചെയ്യുമ്പോള്‍ അനാവശ്യമായ പത്തെണ്ണമാണ് പലരും സെന്‍ഡ് ചെയ്യുന്നത്. അറിഞ്ഞു ചെയ്യുന്നതോടൊപ്പം അറിയാതെ പെട്ടുപോകുന്നവരുമുണ്ട്. എന്നാല്‍ സൈബര്‍ ക്രിമിനലുകളുടെ ചുവടുപിടിച്ച് ചില വാട്ട്‌സ്ആപ്പിറ്റിസ്റ്റുകളാണ് ഇത്തരം പ്രചരണങ്ങള്‍ കൊണ്ടാടുന്നത്. തനിക്കു കിട്ടിയ സന്ദേശത്തിന്റെ നിജസ്ഥിതിയറിയാനല്ല, മറിച്ച് അടുത്ത ഗ്രൂപ്പിലേക്കു കൂടി കൈമാറി ഒരു അപ്‌ഡേറ്റഡ് ജീവിയാവാനാണ് അവന്‍ ആഗ്രഹിക്കുന്നത്.

സത്യമാണെങ്കിലും പ്രചരിപ്പിക്കാന്‍ പാടുണ്ടോയെന്ന് രണ്ടുവട്ടം ചിന്തിക്കേണ്ട മെസേജുകളാണ് വോയ്‌സ്, വീഡിയോ, ഇമേജ് രൂപത്തില്‍ പടരുന്നത്. ഇതിനിടയ്ക്ക് ഒരു വീഡിയോ വന്നത് ഏറെ ഞെട്ടിച്ചു. ഒരു പിഞ്ചു പെണ്‍കുട്ടി വാഹനാപകടത്തില്‍ തലയും ഉടലും വേര്‍പെട്ട് റോഡില്‍ വീണുകിടക്കുന്ന ഒന്നര മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോ. ആരെ കാണിക്കാനാണ് ഈ വീഡിയോ പരത്തുന്നത്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പിലേക്ക് തട്ടിമാറ്റുന്ന ഫോര്‍വേഡര്‍മാര്‍ ചിന്തിക്കാറുണ്ടെന്ന് തോന്നുന്നില്ല.

അങ്ങനെ ചിന്ത എന്ന സാധനം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത്തരം വീഡിയോ ഷെയറിംഗുകള്‍ ആവര്‍ത്തിക്കില്ല. ആ കുട്ടിയുടെ ബന്ധുക്കള്‍ക്കും ഈ വീഡിയോ സന്ദേശം എത്തില്ലേ. അപ്പോഴുള്ള അവരുടെ അവസ്ഥയെന്തായിരിക്കും? ഇനി കുട്ടിയുടെ മാതാപിതാക്കളുടെ മൊബൈലിലും അതു ലഭിക്കില്ലെന്നെന്താണ് ഉറപ്പ്. ഇത്തരം സുഖകരമല്ലാത്ത വീഡിയോകളും സന്ദേശങ്ങളും ഫോട്ടോകളും ലഭിക്കുന്നതിലൂടെ നമുക്കോ, സുഹൃത്തിനോ, സമൂഹത്തിനോ ലഭിക്കുന്ന ഗുണമെന്താണ്. സ്വന്തം കുടുംബത്തിലാണ് ഇങ്ങനെയുണ്ടാവുന്നതെങ്കില്‍ അതിനോടുള്ള സമീപനം എങ്ങനെയായിരിക്കും? സോഷ്യല്‍ മീഡിയയുടെ അര്‍ത്ഥം എന്തുമാവാമെന്ന് ആരാണ് നിര്‍വചിച്ചത്?.

വാട്ട്‌സ്ആപ്പ് ഭൂജാതമായതു മുതല്‍ പരക്കാന്‍ തുടങ്ങിയ 'കാരുണ്യ' സന്ദേശമാണ് മൂന്നര വയസുകാരിക്ക് ഉടന്‍ രക്തം വേണമെന്ന 'ഫ്‌ളാഷ്' മെസേജ്. കുട്ടി കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയിലാണെന്നും രക്തം നല്‍കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക എന്നറിയിച്ച് മൊബൈല്‍ നമ്പറും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു ഷെയറന്‍ ഈ നമ്പറില്‍ ഒന്നു വിളിച്ചുനോക്കിയിരുന്നെങ്കില്‍ സംഗതിയറിയാമായിരുന്നു. അങ്ങനൊരു നമ്പര്‍ നിലവിലില്ലെന്നതാണ് സത്യം. കുട്ടി ആശുപത്രി വിട്ടതിനു ശേഷവും വിളി തുടരുന്നതു സഹിക്കവയ്യാതെ സിം കട്ട് ചെയ്തതാവാനും സാധ്യതയുണ്ട്.

കഴിഞ്ഞമാസം വാട്ട്‌സ്ആപ്പ് തന്നെ വോയ്‌സ് കോള്‍ സംവിധാനത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യുമ്പോഴും പലരും മുതലെടുത്തു. ചത്തുതുടങ്ങിയ പല വെബ്‌സൈറ്റുകളുടെയും ലിങ്ക് ഇട്ടുകൊടുത്ത് എം.ബികളും ജി.ബികളും കാര്‍ന്നു തിന്ന് തടിച്ചു കൊഴുത്തു. വൈറസുകളും മാല്‍വെയറുകളും മൊബൈലുകള്‍ തോറും അഴിഞ്ഞാടി.

കാസര്‍കോട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനാണ് കര്‍ണാടക മന്ത്രി യു.ടി ഖാദര്‍. അദ്ദേഹത്തെയും വാട്ട്‌സ്ആപ്പിറ്റിസ്റ്റുകള്‍ വെറുതെ വിട്ടില്ല. ദേഹം മുഴുവന്‍ സ്വര്‍ണമണിഞ്ഞു നില്‍ക്കുന്ന ഒരു യുവതിയുടെ പടം 'യു.ടി ഖാദറിന്റെ മകളുടെ കല്യാണ ഫോട്ടോ' എന്ന അടിക്കുറിപ്പോടെ പ്രചരിച്ചു. മന്ത്രിക്ക് അങ്ങനെയൊരു മകളേയില്ലെന്നതാണ് സത്യം. കേസും കൊടുത്തു.

പാവം പ്ലസ്ടുവിന്റെ റിസള്‍ട്ടും കാത്തു നില്‍ക്കുന്ന കുട്ടികളെയും ഓണ്‍ലൈന്‍ തട്ടിപ്പന്‍മാര്‍ വെറുതെവിട്ടില്ല. കഴിഞ്ഞദിവസം ലിങ്കോടു കൂടിയ ഒരു മെസേജ് പരക്കാന്‍ തുടങ്ങി. പ്ലസ്ടു ഫലം പ്രഖ്യാപിച്ചിരിക്കുന്നു. അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്കിയാല്‍ മതി. പ്ലസ്ടുക്കാരനെന്നല്ല ഫലമറിയാന്‍ കാത്തിരിക്കുന്ന ഏതൊരുത്തനും ക്ലിക്കുമെന്നതില്‍ സംശയമില്ല, ലിങ്കിലെത്തിയപ്പോള്‍ കാണുന്നതോ, നിങ്ങള്‍ പ്ലിംഗ് ആയിരിക്കുന്നു എന്നാണ്.

മതവിശ്വാസികളും പ്ലിംഗാവാന്‍ വലിയ പണിയൊന്നുമില്ല. ഈ മെസേജ് പത്തു പേര്‍ക്ക് ഷെയര്‍ ചെയ്ത കഞ്ചമ്മാക്ക് 10 പവന്‍ കിട്ടി, ഡിലീറ്റ് ചെയ്ത ഖാദര്‍ ബൈക്കില്‍ നിന്നു വീണു മരിക്കാറായിട്ടുണ്ട്... ഇങ്ങനെപ്പോവുന്ന മെസേജ് അപ്പോത്തന്നെ പത്താള്‍ക്ക് അയക്കാന്‍ ഭക്തന്മാര്‍ ബാധ്യസ്ഥരാവുന്നു. ഒന്നൂല്ലെങ്കിലും പള്ളീലെ ഖത്തീബിനോടെങ്കിലും ചോദിച്ചിട്ട് ഷെയര്‍ ചെയ്തൂടെ.

വാട്ട്‌സ്ആപ്പിലെ ഭീകരാക്രമണത്തിനു പലവഴികളുമുണ്ട്. ടെക്സ്റ്റ്, വോയ്‌സ്, ഫോട്ടോ, വീഡിയോ തുടങ്ങി എല്ലാ മള്‍ട്ടിമീഡിയ സാധ്യതകളും ഇതിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഈയിടെ കൊയിലാണ്ടി പള്ളിക്കരയില്‍ നിന്നാണെന്ന് പറഞ്ഞ് വന്ന ആ ഓഡിയോ ഞെട്ടിക്കുന്നതായിരുന്നു. ഒന്നര വയസുമാത്രം പ്രായമുള്ള കുട്ടിയെ പേയിളകിയ കീരി മാന്തിയെന്നും കുട്ടിയെ ഉടന്‍ കൊല്ലാനാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയതെന്നുമാണ് ഓഡിയോയുടെ ഇതിവൃത്തം.

കുട്ടിയെ കൊന്നില്ലെങ്കില്‍ വീട്ടിലുള്ള മറ്റുള്ളവര്‍ക്കും കുട്ടിയില്‍ നിന്നു പേ പകരുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. വളരെ 'ദയനീയമായ' ശബ്ദത്തില്‍ പ്രാര്‍ഥിക്കാനും പറയുന്ന ഓഡിയോ ക്ലിപ്പ് ആരും വിശ്വസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പള്ളിക്കര ഭാഗത്ത് പേയിളകിയ കീരികളുണ്ടെന്നത് സത്യമാണ്. ഈ ഓഡിയോ കൂടി വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് പത്രക്കാര്‍ക്ക് അന്വേഷിക്കേണ്ടിവന്നു. അങ്ങനെയൊന്ന് പള്ളിക്കരയിലോ സമീപ ദേശത്തോ സംഭിവിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രശ്‌നമുണ്ടോ? പരിഹാരവുമുണ്ട്

ഏതൊരു പ്രശ്‌നത്തിനും പരിഹാരമെന്നപോലെ വാട്ട്‌സ്ആപ്പിലെ ഈ രോഗത്തിനും പരിഹാരമുണ്ട്. സ്വയം നിയന്ത്രണവും കോമണ്‍സെന്‍സും ഉണ്ടായാല്‍ മതി. ഈ പ്രശ്‌നങ്ങളൊന്നും വരില്ല. ഫോട്ടോ വച്ച് ഇയാളെ കാണുന്നില്ല എന്ന മെസേജ് വന്നാല്‍ ഉടന്‍ ഷെയര്‍ ചെയ്യുകയല്ല വേണ്ടത്. ബന്ധപ്പെടാനുള്ള നമ്പറുണ്ടോ, വിലാസമുണ്ടോ എന്നന്വേഷിക്കാം. നമ്പറുണ്ടെങ്കില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കാം. മാധ്യമങ്ങളില്‍ വന്നതാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത അവര്‍ നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക. ഒരുപക്ഷേ കാണാതായ ആളെ കിട്ടിയ വാര്‍ത്ത അവര്‍ പ്രസിദ്ധീകരിച്ചുകാണും. അങ്ങിനെയൊന്നുമല്ല, ആള്‍ ഇപ്പോഴും മിസ്സിംഗ് ആണെന്ന് ഉറപ്പുവന്നാല്‍ മാത്രം ഷെയര്‍ ചെയ്യുക.

പല അഭ്യര്‍ഥനകളും കാണാതായ വാര്‍ത്തകളും വരുന്നത് മാസങ്ങള്‍ കഴിഞ്ഞായിരിക്കാം. ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടരുകയും പകലന്തിയോളം ആപ്പായ ആപ്പിലെല്ലാം കയറിയിറങ്ങുകയും ചെയ്യും. രക്തമോ മറ്റോ ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ പേരും നമ്പറും ഡേറ്റും വയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ രക്തം വേണ്ടയാള്‍ മരിച്ചാലും മെസേജ് പോയിക്കൊണ്ടേയിരിക്കും.

സൂക്ഷിക്കുക, ഉപകാരമില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് പറയാന്‍ ഇടവരുത്തരുത്.

കുറിപ്പ്: വാട്‌സ്ആപ്പിറ്റിസ്: വാട്ട്‌സ്ആപ്പില്‍ ലയിച്ച് കണ്ടതെല്ലാം ഷെയര്‍ ചെയ്യുന്ന ഒരു തരം രോഗം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇതു ഷെയര്‍ ചെയ്തില്ലെങ്കില്‍ മരിക്കാന്‍ സാധ്യതയുണ്ട്

Keywords : Kasaragod, Article, Social networks, Youth, Fake Message, WhatsApp, Share, Group, Generation, Razak Pallangod, WhatsApp illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia