city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടതുപക്ഷത്തിന്റെ മക്കള്‍ രാഷ്ട്രീയം

(www.kasargodvartha.com 14.10.2015) മക്കളേയും, ഭാര്യ ശാരദടീച്ചറേയും രാഷ്ട്രീയത്തിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിരുന്നില്ല, നായനാര്‍. പൊട്ടിച്ചിരിപ്പിച്ചും, സ്വയം ചിരിച്ചും, കരഞ്ഞും ജനമനസില്‍ ഇന്നും ജീവിക്കുന്ന നായനാരുടെ മകള്‍ ഉഷാ പ്രവീണിന്റെ സ്ഥാനാര്‍ത്ഥിത്വം തദ്ദേശ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുന്നു. പാര്‍ട്ടി അവരോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ' ഞാന്‍ റെഡി ' എന്നായിരുന്നു മറുപടി. കൊച്ചിക്കായലിന്റെ തണുപ്പുള്ള രവിപുരം അവര്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.

കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാണ് ഉഷ. വിദ്യാര്‍ത്ഥികളായ മക്കള്‍ അങ്കിതയ്ക്കും, അമൃതയ്ക്കും ഏക ആണ്‍സന്തതിയായ ഗോഗുല്‍ കൃഷ്ണക്കും അമ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിനോട് നൂറുവട്ടം സമ്മതം. അച്ഛനെപ്പോലെത്തന്നെ. ഈ കല്യാശേരിക്കാരിക്ക് കൊച്ചിയില്‍ അങ്കുരമിടാന്‍ അവസരം ഒരുങ്ങുമോ? കാത്തിരുന്ന് കാണാം. രാഷ്ട്രീയത്തില്‍ കുടുംബാധിപത്യമോ? അതു വേണ്ടേ വേണ്ടെന്ന് കട്ടായം പറഞ്ഞ നായനാരുടെ ആത്മാവ് ഇതു കേട്ട് സന്തോഷിക്കാന്‍ ഇടവരട്ടെയെന്ന് നമുക്കാശ്വസിക്കാം. ആ മഹാരഥനായ തേരാളി മക്കളേയും ഭാര്യയേയും രാഷ്ട്രീയത്തിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിരുന്നില്ല. നായനാരുടെ  ഭാര്യ ശാരദടീച്ചറും മുത്തമകള്‍ സുധയും തെന്നി വഴിമാറി നടന്നുവെങ്കിലും ഉഷയെ സാഹചര്യം രാഷ്ട്രീയത്തിന്റെ വെള്ളിത്തിരയിലേക്കെത്തിച്ചിരിക്കുകയാണ്. കാലം മാറി. കഥ മാറി. മക്കള്‍രാഷ്ട്രീയം തെറ്റെന്നു പറഞ്ഞ പാര്‍ട്ടിയും  മാറി.

കോണ്‍ഗ്രസ് മക്കള്‍ രാഷ്ട്രീയത്തിന്റെ പരമ്പരാഗത ഗൃഹാതുരത്വം പേറുന്ന പാര്‍ട്ടിയാണ്. കേരളത്തിന്റെ ലീഡര്‍, ആധുനിക ചാണക്യസൂത്രം രാഷ്ട്രീയത്തെ പഠിപ്പിച്ച കെ.കരുണാകരന്റെ മകള്‍ പത്മജാവേണുഗോപാലനായിരിക്കും ഒരു പക്ഷെ മേയര്‍ സ്ഥാനത്തിലേക്ക്  ഉഷയുടെ ഏതിരാളി. പടലപിണക്കത്തിന്റെ വേലിയേറ്റത്തില്‍ ആടി ഉലയുന്ന പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ബുധനാഴ്ച ഉച്ചയോടെ പരിസമാപ്തിയായേക്കും. ഉഷയ്ക്ക് രവിപുരം റെഡിയായിരിക്കുന്നുവെങ്കിലും പത്മജയുടെ ആഗ്രഹം ഇപ്പോഴും ചുവപ്പ് നാടയില്‍ തന്നെ.

ഏതു സീറ്റിലും മല്‍സരിക്കാന്‍ തയ്യാറെന്ന് പത്മജ. പാരയുണ്ട് പാര്‍ട്ടിയില്‍. പ്രധാന പാര ഐ ഗ്രൂപ്പില്‍ നിന്നു തന്നെ. വിശാല എ കോണ്‍ഗ്രസ്സുകാരിയായി ചെന്നിത്തലയുടെ പക്ഷത്ത് നിലകൊള്ളുമ്പോഴും കൊച്ചിയിലെ ക്രിസ്ത്യന്‍ മതാധിപത്യ ജനത ലാലി വിന്‍സെന്റിനേയും പൊക്കി നടക്കുന്നുണ്ട്. നിലവിലെ മേയര്‍, ന്യുനപക്ഷ സമുദായക്കാരനായ ടോമി ചമ്മിണിയില്‍ നിന്നും കൈവിട്ടു കൊച്ചി കൊച്ചിയുടെ പാട്ടിനു പോയാല്‍ പിന്നെ ഐക്കു തന്നെ തിരിച്ചു ഐകിട്ടിയില്ലെങ്കിലോ എന്നാണവരുടെ ഭയം.

കഴിഞ്ഞ തവണ വേണുഗോപാലനെ തഴഞ്ഞ് ചമ്മണിയെ ജയിപ്പിച്ച  ഐ ഗ്രൂപ്പ്് ഇന്നും കൊച്ചിയിലെ ഒന്നാം ശക്തി തന്നെയാണ് . സമവായ ചര്‍ച്ചകള്‍ തല്ലിത്തീരുമോ എന്ന് കണ്ടറിയണം. നെടുമ്പാശ്ശേരി വിമാനത്താവളവും, സ്റ്റേഡിയവും മറ്റും കരുണാകരന്റെ കരവിരുതില്‍ വിരിഞ്ഞ വികസന ശില്‍പ്പങ്ങളാണല്ലോ. അങ്ങനെ മറക്കാന്‍ കഴിയുമോ കൊച്ചി നഗരത്തിന്  മകളെ എന്ന ഒരേ വിശ്വാത്തിലാണ് പത്മജ. ഇപ്പോള്‍ കിട്ടിയാല്‍ കിട്ടിയെന്ന് പത്മജയ്ക്കറിയാം. വരാനിരിക്കുന്ന നിയമസഭയില്‍ കൊച്ചേട്ടന്‍ കെ.മുരളീധരന്‍ വീണ്ടും മല്‍സരിക്കും. വട്ടിയൂര്‍ക്കാവ് ജയിപ്പിക്കും. സംസ്ഥാനം യു.ഡി.എഫിനായാല്‍  മന്ത്രിയുമാകും, അപ്പോള്‍ അനുജത്തിയെ രാഷ്ട്രീയ കേരളം മറന്നുവെക്കാന്‍ ഏറെ സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവാണ് പത്മജയെ കിട്ടിയ തസ്തികയില്‍ മല്‍സരിക്കാന്‍ പ്രേരിപ്പിക്കുന്നതിലെ രാഷ്ട്രീയം.
ഇടതുപക്ഷത്തിന്റെ മക്കള്‍ രാഷ്ട്രീയം
കണ്ണൂരിനുമുണ്ട് കഥ പറയാന്‍. പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന്റെ ഉഗ്രപ്രതാപി. ആയുര്‍വേദ കോളജ്, തുടങ്ങി പരിയാരം മെഡിക്കല്‍ കോളജില്‍  ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പൊക്കിയ ,എഴിമല നേവല്‍ അക്കാദമിക്ക് ബീജം നല്‍കിയ,അര്‍ബന്‍ ബാങ്കിന്റെ ശില്‍പി എം.വി. രാഘവന്റെ മകള്‍ എം.വി. ഗിരിജയെ കണ്ണൂരിലെ ' കിഴുന്ന' ഡിവിഷന്‍ കാത്തുനില്‍ക്കുന്നുണ്ട്.

അധ്യാപകനായും, പിന്നീട് പറശ്ശിനിക്കടവ് ആയുര്‍വ്വേദ കോളജിന്റെ ഡയറക്ടറായും മറ്റും പ്രവര്‍ത്തിക്കുന്ന ഇ. കുഞ്ഞിരാമനാണ് ഭര്‍ത്താവ്. അദ്ദേഹത്തിന് മല്‍സരിക്കുന്നതില്‍ പരാതിയില്ലെന്ന് പറഞ്ഞിട്ടെന്തു കാര്യം? നേരേട്ടനും, റിപ്പോര്‍ട്ടര്‍ ചാനല്‍ കൊണ്ടു നടക്കുന്ന എം.വി. നികേഷ്‌കുമാര്‍ അനുജത്തിയെ തറപറ്റിക്കാന്‍ കണ്ണൂരിലേക്കെത്തിയേക്കും. ഇടതുവഴിയിലൂടെ സഞ്ചരിക്കുന്ന അരവിന്ദാഷന്റെ പക്ഷത്താണ് ഗിരിജയെങ്കില്‍ വലതു സി.എം.പിക്കാരനായി ഔദ്യോഗിക പക്ഷമായ സി.പി. ജോണിന്റെ കൂടെയാണ് നികേഷ്.

കാലടിക്കുമുണ്ട് കഥ പറയാന്‍. വലിയ വലിയ സ്ഥാനത്തിരിക്കുമ്പോള്‍ പോലും രണ്ടാം സിനിമക്ക് പോകാറുള്ള കളളിമുണ്ടുടുത്ത് തെരുവിലുടെ, കൂട്ടുകാരോടൊപ്പം  ചീട്ടു കളിച്ചു രസിക്കുന്ന, തട്ടുകടയില്‍ ചെന്ന് ചായ മോന്തുന്ന ഭരണാധിപന്‍ പി.കെ.വിയുടെ മകള്‍ ശാരദാ മോഹനുമുണ്ട് കൊച്ചില്‍ സ്ഥാനാര്‍ത്ഥിയായി.   കാലടിയാണ് തട്ടകം. വനിതാ കലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറിയും, സിപിഐയുടെ സംസ്ഥാന തല നേതാവുമായ അവര്‍ ബംഗളൂരുവില്‍ അധ്യാപികയായിരുന്നു. അച്ഛന്‍ മരിച്ചതോടെ പുല്ലുവഴിയിലെ കാപ്പള്ളിത്തറവാട്ടിലെ അന്തേവാസിയായി.  സജീവ രാഷ്ട്രീയത്തിന്റെ ഇടതു മുഖമാണ് ഗിരിജ. അവസരവാദ രാഷ്ട്രീയത്തിന്റെ ശത്രുവും ആദര്‍ശത്തിന്റെ പര്യായവുമായ പി.കെ.വി തന്നെയാണ് മോളും. ജയസാധ്യതയുള്ള കാലടിയില്‍ ശാരദാ മോഹന്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പി.കെ.വി. പൊറുക്കട്ടെ.


ഏറെ വൈകും വരെ  രാഷ്ട്രീയത്തിന്റെ ഇരുളില്‍ കഴിഞ്ഞിരുന്നവര്‍, അച്ഛന്‍ അരുതെന്ന് പറഞ്ഞു തള്ളിയ  മക്കളെ രാഷ്ട്രീയത്തെ പുതിയ നേതൃത്വം കൂടെ കൂട്ടിയിരിക്കുന്ന കാഴ്ച നമുക്ക് കാണിച്ചു തരുന്നതിന്റെ നേരറിവിനായാണ് ഈ കുറിപ്പ്. നായനാരും, പി.കെ.വിയും എം.വി.ആറും മക്കള്‍ രാഷട്രീയത്തിന്റെ ശത്രുക്കളായിരുന്നുവെന്നു മാത്രമല്ല, മക്കളെ കൂടെ കൊണ്ടു നടക്കുന്ന ഇന്ദിരയേയും, കരുണാ നിധിയേയും, ലാലുവിനേയും മുലായത്തേയും കണക്കിനു കളിയാക്കിയവരാണ്. കാലം മറിയപ്പോള്‍ പ്രത്യയശാസ്ത്രവും മാറുന്നുവെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാടും , നേര്‍പ്പിച്ച് നേര്‍പ്പിച്ച് വര്‍ഗരാഷ്ട്രീയം വറ്റിപ്പോയിരിക്കുന്ന ഇടതു അന്തരീക്ഷവും സഹതാപം അര്‍ഹിക്കുന്നു. അനൂബ് ജേക്കബും കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥനും  നെഹ്‌റുവിന്റെ പിന്‍ഗാമി ഇന്ദിരയും രാജീവുമെന്നതു പോലെ , മക്കള്‍ രാഷ്ട്രീയം രാജഭരണം പോലെ കൊണ്ടു നടന്ന കോണ്‍ഗ്രസിനോട് ഐക്യദാര്‍ഡ്യപ്പെടുകയാണ്  ഇവിടെ ഇടതുപക്ഷം.

പ്രതിഭാരാജന്‍

Also Read:
ബീഡി കൊടുക്കാത്തതിന് കൗമാരക്കാരനെ 2 കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി


Keywords:  LDF, UDF, Ernakulam, Kochi, Article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia