city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

സ്‌കാനിയ ബെദിര

(www.kasargodvartha.com 11/12/2015) ബന്ധങ്ങളൊക്കെയും സ്വന്തം മുരടില്‍ വെച്ച് മുറിയുമ്പോഴാണ് ആത്മഹത്യ ഒരു മാറാരോഗമായി മനുഷ്യജീവിതത്തെയാകെ പിച്ചിച്ചീന്തുന്നത്. അപ്പോഴാണ് പ്രതീക്ഷകള്‍ക്കൊക്കെയും നിറം മങ്ങിത്തുടങ്ങുന്നത്. അപ്പോഴാണ് ഒന്നും ഒരിക്കലും നേരെയാകില്ല എന്ന അശുഭ ചിന്തകള്‍ ഒരു ചാരനിഴലായി മനുഷ്യ ജീവിതത്തെ പിന്തുടരുന്നത്. എന്നെ അറിയുന്ന, ഞാന്‍ അറിയുന്ന രണ്ട് സുഹൃത്തുക്കള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ ഇനിയുള്ള ജീവിതത്തിന് നേര്‍ക്ക് സ്വകരങ്ങള്‍ കൊണ്ട് തന്നെ കത്തിവെച്ചിരിക്കുന്നു. അപ്പോഴുണ്ടായ സ്വാഭാവിക ചോദ്യം എന്തിനിവര്‍ ഇത് ചെയ്തു എന്നുള്ളതായിരുന്നു. ദാമ്പത്യ തകര്‍ച്ച? സാമ്പത്തിക പ്രശ്‌നം? പക്ഷെ എന്ത് കൊണ്ടാണീ പ്രശ്‌നങ്ങളെ ഇത്തരം വ്യക്തികള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ പോകുന്നു?

ആത്മഹത്യ ചെയ്യുന്നവരുടെ ഉദ്ദേശം മറ്റുള്ളവരില്‍ നിന്നും പ്രതികരണങ്ങള്‍ ഉളവാക്കലാണ്. രണ്ട് കാര്യങ്ങളാണ് അവരെ അതിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത്. ഒന്ന് പ്രത്യാശയില്ലായ്മ. മറ്റൊന്ന് നിസ്സഹായാവസ്ഥ. ഈ രണ്ട് കാരണങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു പ്രത്യേക രീതിയില്‍ ഉരുത്തിരിഞ്ഞ് വരുമ്പോഴും മാറാരോഗങ്ങള്‍ കാരണം ഇത്തരത്തിലുള്ള വികാരങ്ങള്‍ മനസ്സിനെ കീഴടക്കുമ്പോഴും ആത്മഹത്യ സംഭവിക്കുന്നു.

'ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി
വിടതരൂ മതി പോകട്ടെ ഞാനുമെന്‍
നടനവിദ്യയും മൂക സംഗീതവും'

എന്ന് പാടി ജീവനൊടുക്കിയ ഇടപ്പള്ളി രാഘവന്‍പിള്ള തന്റെ അന്ത്യ സന്ദേശം ഇങ്ങനെ എഴുതി. ' പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക.'സ്‌നേഹിക്കാന്‍ ആരെങ്കിലും ഉണ്ടായിരിക്കുക. ആശിക്കാനെന്തെങ്കിലും ഉണ്ടായിരിക്കുക. ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം മുഴുവന്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. ഏക രക്ഷാമാര്‍ഗം മരണമാണ് ' എന്ന്. ജീവിക്കാന്‍ ആഗ്രഹമുള്ള, എന്നാല്‍ അതിന് മാര്‍ഗമില്ലെന്ന് വിശ്വസിക്കുന്ന സാധു മനുഷ്യരാണ് ആത്മഹത്യക്കാര്‍.

അവരുടെ ആത്മഹത്യാ മുന്നറിയിപ്പുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മരിച്ചു കളയുമെന്ന് പറഞ്ഞ് നടക്കുന്നവര്‍ മരിക്കില്ല എന്നൊരു ധാരണയാണ് നമുക്ക്. അറുപത് ശതമാനം ആത്മഹത്യക്കാരും അവരുടെ ആഗ്രഹം നേരില്‍ തന്നെ പറയാറുണ്ട്. ഇരുപത് ശതമാനം അവ്യക്തമായി സൂചിപ്പിക്കാറുമുണ്ട്. മരിക്കാനുള്ള മാര്‍ഗത്തെക്കുറിച്ചും ശവമടക്കിനെക്കുറിച്ചുമൊക്കെ ചിലപ്പോഴവര്‍ ചര്‍ച്ച ചെയ്യാറുമുണ്ട്. ' ഇനി നമ്മള്‍ കാണുകയാണെങ്കില്‍, ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെങ്കില്‍ ' തുടങ്ങിയ വാചകങ്ങള്‍ അവര്‍ പ്രയോഗിക്കാറുമുണ്ട്. ഇതെല്ലാം 'രക്ഷിക്കണേ' എന്നുള്ള സന്ദേശമടങ്ങുന്ന വാചകങ്ങളാണെന്ന് വേണ്ടപ്പെട്ടവര്‍ മിക്കവാറും ശ്രദ്ധിക്കാറില്ല. ആവര്‍ത്തിച്ചു പറയുന്നവര്‍ പറയുന്നത് വെറുതെയാണെന്ന് വിശ്വസിക്കാനാണ് നാം പഠിച്ചതും പഠിപ്പിച്ചതും.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല സുഹൃത്തുക്കളെ. ' Every Tom - and Jack Cannot make Suicide , it need guts' എന്ന് പറഞ്ഞത് ഏതോ ഒരു വിവരദോഷിയാണ്. അത് കാര്യമാക്കരുത്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പിടിച്ചു നില്‍ക്കുന്നവനാണ് മാന്യന്‍. തോമസ് ആള്‍വാ എഡിസന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം പറഞ്ഞ് കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

പണിശാലയിലുണ്ടായ ഒരു തീപ്പിടുത്തത്തില്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ അടങ്ങുന്ന സര്‍വത്ര രേഖകളും ഉപകരണങ്ങളും നശിച്ചു പോയി. സ്തംഭിച്ചു നിന്നു പോയ എഡിസന്‍ മകനോട് അമ്മയെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു. ഇത് പോലൊരു കാഴ്ച ജീവിതത്തില്‍ ഇനിയൊരിക്കലും കാണാന്‍ ഇടവരില്ലെങ്കിലോ. തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും, പൂര്‍ത്തീകരിക്കപ്പെടാത്ത ഗവേഷണ രേഖകളുടെയും, ചാമ്പല്‍കൂനകള്‍ക്കിടയിലൂടെ ഭാര്യയുടെ കൈക്കു പിടിച്ച് കടന്നുപോകുമ്പോള്‍ അറുപത് കഴിഞ്ഞ എഡിസണ്‍ ഇപ്രകാരം പറഞ്ഞു ' ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് വലിയ വിലയുണ്ട്. തെറ്റായ ചില പരീക്ഷണങ്ങളുടെ പ്രഥമ ഘട്ടങ്ങളും അതേകുറിച്ചുള്ള എന്റെ നിഗമനങ്ങളും ദൈവം തന്നെ കത്തിച്ചു കളഞ്ഞിരിക്കുന്നു. ഇനി കാര്യങ്ങള്‍ എങ്ങിനെ തുടങ്ങണമെന്ന് ആ ദൈവം തന്നെ കാണിച്ചു തരും. സൃഷ്ടികര്‍ത്താവേ നന്ദി' എന്ന്. അതില്‍ പിന്നീടാണ് മാനവരാശിയെ തമസ്സില്‍ നിന്നും വെളിച്ചത്തിലേക്കുയര്‍ത്തിയ ഇലക്ട്രിക് ബള്‍ബുകളുടെ കണ്ടുപിടുത്തം നടന്നത്.

ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

Keywords : Article, Suicide, Family, Friend, Scania Bedira, Job, Reasons of suicide.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia