city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസീസ്, നിന്റെ ആ ചിരിക്കുന്ന മുഖം എങ്ങനെ മറക്കും ഞാന്‍...!

അബ്ദുല്‍ കരീം ബദിയഡുക്ക

(www.kasargodvartha.com 09.12.2014) (മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ടുമരിച്ച ബേവിഞ്ചയിലെ അസീസിനെ കുറിച്ച് സഹപാഠിയുടെ വികാരനിര്‍ഭരമായ അനുസ്മരണം)
ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു അത്. ബേവിഞ്ചയിലെ അസീസ് മൈസൂരില്‍ ഒഴുക്കില്‍ പെട്ടുവെന്ന്. വിവരമറിഞ്ഞു നാട്ടുകാരും ബന്ധുക്കളും മറ്റും അപകടസ്ഥലത്തേക്ക് കുതിച്ചപ്പോഴും, സര്‍വ്വ സംവിധാനങ്ങളും ഉപയോഗിച്ചു രാപ്പകല്‍ ഭേദമില്ലാതെ തിരച്ചില്‍ നടത്തുമ്പോഴും  ഇങ്ങകലെ എന്റെ മനസ് പിടയുകയായിരുന്നു.

ചെറുപ്പത്തിലേ ഒഴുക്കിനെതിരെ നീന്തി ജീവിതം പച്ചപിടിപ്പിച്ച എന്റെ പ്രിയപ്പെട്ട സ്‌നേഹിതന്‍ അസീസ്, വെള്ളച്ചാട്ടത്തിലെ ഒഴുക്കിനെ അതിജീവിച്ച് ജീവിതത്തിലേക്ക് കരപറ്റും എന്നുതന്നെയായിരുന്നു എന്റെ അസ്തമിക്കാത്ത പ്രതീക്ഷ.

ഓളങ്ങളെയും ചുഴികളെയും അതിജീവിക്കാന്‍ നാഥാ നീ അസീസിനു വഴിക്കാട്ടികൊടുക്കണേ എന്ന  അനേകായിരം പേരുടെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഞാനും പങ്കു ചേരുകയായിരുന്നു.  പക്ഷെ, പ്രതീക്ഷകളെ അസ്ഥാനത്താക്കി മരണമെന്ന സത്യം അസീസിലും  വന്നുചേരുകയായിരുന്നു.  ഇന്നാലില്ലാഹി ഓ ഇന്നാ ഇലാഹി റാജിഹൂന്‍... സ്‌നേഹിതാ, നിന്റെ ഖബറിടം   അള്ളാഹു വിശാലമാക്കിത്തരട്ടെ...ആമീന്‍...

ഞാനും അസീസും 20 വര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത്.  വിദ്യാനഗര്‍ ടാഗോര്‍ കോളജില്‍ വെച്ച്. അവിടെ സഹപാഠികളായിരുന്നു ഞങ്ങള്‍.  ഒരേ ബാച്ചുകാര്‍. സദാപുഞ്ചിരി തൂകുന്ന  മുഖം, അസീസിനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കിയിരുന്നു.

വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്നു അസീസ്. എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറുമായിരുന്ന എന്റെ ഈ കൂട്ടുകാരന്‍ ആര്‍ക്കും എപ്പോഴും എന്തു സഹായവും ചെയ്യാന്‍ മുന്നിലുണ്ടാകുമായിരുന്നു.

കോളജ് പഠനത്തിനിടയില്‍ തന്നെ ബിസിനസ് രംഗത്തേക്കിറങ്ങിയ അസീസ,് സാഹസികത ഏറെ ഇഷ്ടപെട്ടിരുന്നു. യാത്രകള്‍ അവനു ഹരമായിരുന്നു. തന്റെ ബിസിനസ് തട്ടകമായ ഷിംലയിലേക്ക് പോകാന്‍ എന്നെ ഒരുപാടു തവണ ക്ഷണിച്ചിരുന്നു. അപ്പോഴെല്ലാം അത് മറ്റൊരിക്കലാകട്ടെ എന്നു പറഞ്ഞു ഞാന്‍  യാത്ര മാറ്റിവെക്കുകയായിരുന്നു. ഇനി അതു വേണ്ടി വരില്ലല്ലോ എന്ന ദുഃഖ സത്യം ഞാന്‍ ഇപ്പോള്‍ അതിന്റെ എല്ലാ തീവ്രതയോടെയും അറിയുന്നു.

അസീസിന്റെ വിവാഹഫോട്ടോ ഒരു പ്രാദേശികപത്രത്തില്‍ കണ്ടപ്പോള്‍ ഞാന്‍ അവന്റെ മൊബൈലിലേക്ക്  തലേദിവസം രാത്രി ആശംസാസന്ദേശം അയച്ചു.  എന്നെ തിരികെവിളിച്ച അസീസ്,  ക്ഷണിക്കാന്‍ വിട്ടുപോയതാണെന്നും നാളെ രാവിലെ (കല്യാണദിവസം) നേരിട്ട് ക്ഷണിക്കാന്‍ വരുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ അമ്പരക്കുകയായിരുന്നു.  ഫോണിലൂടെയുള്ള ക്ഷണം തന്നെ ധാരാളം എന്നു പറഞ്ഞ് ഞാന്‍ കല്യാണത്തിനു പോകുകയും ചെയ്തു. അതാണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം.  വാക്കുകളിലെ മിതത്വവും ശൈലിയും അസീസിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ആരോടും സ്‌നേഹത്തോടു കൂടി മാത്രമേ അവന്‍ സംസാരിക്കുമായിരുന്നുള്ളൂ.

ഞങ്ങള്‍ രാഷ്ട്രീയത്തില്‍ രണ്ടു പക്ഷക്കാരായിരുന്നു. എങ്കിലും സൗഹൃദത്തില്‍ അത് യാതൊരു അകല്‍ച്ചയും ഉണ്ടാക്കിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മഞ്ചേശ്വരം മണ്ഡലത്തിലുണ്ടായിരുന്ന അസീസ് എത്ര തിരക്കിനിടയിലും ഫോണിലൂടെ ഞാനുമായി ബന്ധപ്പെട്ടിരുന്നു. ഫേസ്ബുക്കിലെ എന്റെ പ്രൊഫൈല്‍ ശ്രദ്ധിച്ച അസീസ് ജനനത്തീയതിക്ക് മുന്നില്‍ തീയതിയും മാസവും മാത്രമാണുള്ളതെന്നും ജനിച്ച വര്‍ഷം കാണാനില്ലല്ലോ എന്നും പറഞ്ഞു.  ഞാനും നീയും ഒരേ പ്രായക്കാരാണെന്ന സത്യം മറക്കരുത് എന്ന തമാശ നിറഞ്ഞ അവന്റെ ഓര്‍മപ്പെടുത്തലും ഇപ്പോഴും നിറം മങ്ങാതെ മനസിലുണ്ട്.

എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുമെന്നും,  അല്ലാഹുവിലേക്ക് തന്നെ തിരിയുമെന്നുമുള്ള സത്യം മനസിലാക്കികൊണ്ടുതന്നെ കുറിക്കട്ടെ, അസീസിന്റെ പെട്ടെന്നുള്ള വേര്‍പാട് ഒരു നൊമ്പരമായി ബന്ധുക്കളിലും കുടുംബാംഗങ്ങളിലും മിത്രങ്ങളിലും നാട്ടുകാരിലും എന്നതു പോലെ എന്നിലും വിങ്ങിനില്‍ക്കുന്നു. അസീസിന്റെ വേര്‍പാടിലുള്ള മുറിവിന്റെ നീറ്റല്‍ സഹിക്കാന്‍ എല്ലാവര്‍ക്കും  നീ ശക്തി നല്‍കണേ നാഥാ എന്നു പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുന്നു.  ആമീന്‍...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അസീസ്, നിന്റെ ആ ചിരിക്കുന്ന മുഖം എങ്ങനെ മറക്കും ഞാന്‍...!

Related News: 
അസീസ് കടവത്ത്, കണ്ണീര്‍ പുഴയോരത്ത് തേങ്ങലടങ്ങുന്നില്ല...

അസീസിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി; അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലി


മൈസൂര്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ അസീസിനുവേണ്ടി തിരച്ചില്‍ തുടരുന്നു, ഖലാസികളും രംഗത്ത്
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു
Keywords : Kasaragod, Death, Bevinja, Youth, Article, Azeez Kadavath, Abdul Kareem Badiyadukka. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia