city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപ്പോള്‍ അസ്ഹറിനെ കൊന്നതാര്?

അപ്പോള്‍ അസ്ഹറിനെ കൊന്നതാര്?
യിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് നീതിന്യായ വ്യവസ്ഥയിലെ എക്കാലത്തെയും പ്രാമാണികമായ തത്വം. എന്നാല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ആ തത്വത്തിന്റെ പ്രാമാണികത ചോദ്യംചെയ്യപ്പെടുകയാണ്.

കാസര്‍കോട് ജില്ലാ കോടതി അടുത്തിടെ പ്രസ്താവിച്ച രണ്ട് വിധികളാണ് ഈ ചിന്ത ഉണര്‍ത്തിയത്. ഒരെണ്ണം ഒരു കൊലപാതക കേസിലെ പ്രതികളെയെല്ലാം വിട്ടയച്ചതാണ്. മറ്റേത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മദ്രസാ അധ്യാപകനെ 22 വര്‍ഷം കഠിന തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചതാണ്.

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആരിക്കാടി കടവത്തെ മുഹമ്മദ് അസ്ഹറുദ്ദീനെ (21) കുത്തിക്കൊന്ന കേസിലാണ് അഞ്ച് പ്രതികളെ കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വിട്ടയച്ചത്. പ്രതികളെ ശിക്ഷിക്കാന്‍ തക്കതായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെതുടര്‍ന്നായിരുന്നു പ്രതികളെ വിട്ടയച്ചത്.

നിരപരാധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുകൂടല്ലോ? പക്ഷേ ഇവിടെ അസ്ഹറുദ്ദീന്‍ മരണപ്പെട്ടു എന്നത് ഒരു യാഥാര്‍ഥ്യമാണ്. കുത്തേറ്റാണ് അസ്ഹര്‍ മരണപ്പെട്ടത് എന്നതും നേരാണ്. അപ്പോള്‍ അയാളെ ആരെങ്കിലും കൊന്നതായിരിക്കുമല്ലോ. പ്രതിപട്ടികയില്‍ പറയുന്ന ആളുകളെല്ലാം കൊലയാളികളല്ലെങ്കില്‍ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്തേണ്ടതും ശിക്ഷിക്കേണ്ടതും പോലീസിന്റെയും കോടതിയുടെയും ചുമതലയാണ്.

അതുണ്ടായില്ലെങ്കില്‍ എവിടെയാണ് നീതി? 2009 നവംബര്‍ 15ന് രാത്രിയാണ് അസ്ഹര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കുത്തേറ്റ സ്ഥലം സംബന്ധിച്ച് പോലീസ് കോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ അവ്യക്തതയുണ്ട്. കറന്തക്കാട് ജംഗ്ഷനില്‍ വെച്ചാണ് അസ്ഹറിന് കുത്തേറ്റതെന്ന് ഒരുസ്ഥലത്തും ഫയര്‍ഫോഴ്‌സ് ഓഫീസിന് സമീപത്ത് വെച്ചാണ് കുത്തേറ്റതെന്ന് മറ്റൊരു സ്ഥലത്തും പറയുന്നു. രണ്ട് സ്ഥലവും തമ്മില്‍ വലിയ അന്തരമില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം.

പ്രതികളെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. കൊല്ലാനുപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടില്ല. കേവലം സംശയത്തിന്റെ ബലത്തിലാണ് അഞ്ചുപേരെ പോലീസ് പ്രതികളാക്കിയത്. മേല്‍പറഞ്ഞ കാരണങ്ങള്‍കൊണ്ടുതന്നെ അവരെ കോടതി വിട്ടയക്കുകയും ചെയ്തു. പക്ഷെ ഇവിടെ സംഗതി മറ്റൊന്നാണ്. യഥാര്‍ഥ പ്രതികളെ കത്തെുന്നതിലും കുത്തേറ്റ സ്ഥലം കൃത്യമായി തിരിച്ചറിയുന്നതിലും ആയുധം കണ്ടെത്തുന്നതിലും പോലീസിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ വീഴ്ചയുണ്ടായി.

ശരിയായ അന്വേഷണം നടത്തി കൃത്യമായ തെളിവുകള്‍ ശേഖരിച്ച് വേണമായിരുന്നു പ്രതികളെ അറസ്റ്റുചെയ്യാനും കോടതിയില്‍ കുറ്റപത്രം സമര്‍പിക്കാനും. അതുണ്ടായില്ല. അസ്ഹറിന്റെ വധത്തെകുറിച്ച് പുനരന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗും അസ്ഹറിന്റെ കുടുംബാംഗങ്ങളും ആവശ്യപ്പെടുമ്പോഴും യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനുള്ള തുമ്പുപോലും ദുര്‍ബലമാക്കുന്ന രീതിയിലാണ് പോലീസിന്റെ ഭാഗത്തുനിന്ന് പ്രാഥമിക അന്വേഷണം ഉണ്ടായത് എന്നതിനാല്‍ പുനരന്വേഷണംകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാവുമോഎന്ന് കണ്ടുതന്നെ അറിയണം. ഏതായാലും അസ്ഹറിന്റെ കാര്യത്തില്‍ ആയിരം കുറ്റവാളികളെ രക്ഷപ്പെടുത്തിക്കൊണ്ടല്ല, അഞ്ച് നിരപരാധികളെ ശിക്ഷിക്കാതിരുന്നത് എന്നത് എടുത്തുപറയേണ്ട ഒരുകാര്യമാണ്.

യഥാര്‍ത്ഥ പ്രതികള്‍ ഇതിനിടയിലും നാട്ടില്‍ വിലസിനടക്കുകയാവാം. അവരെ കണ്ടെത്താനും നിയമത്തിന്റെ പരിധിയില്‍കൊണ്ടുവരാനും മതിയായ ശിക്ഷ നല്‍കാനും നമ്മുടെ നിയമ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. 10 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകനെ 22 വര്‍ഷം കഠിന തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച കോടതി വിധിയെ സമൂഹ മനസാക്ഷി സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്. എട്ടും പൊട്ടും തിരിയാത്ത ഒരുപെണ്‍കുട്ടിയെ പീഡിപ്പിച്ച കാമവെറിയനായ അധ്യാപകനെ അങ്ങനെതന്നെയാണ് ശിക്ഷിക്കേണ്ടതെന്ന് മനസാക്ഷിയുള്ള ആരും പറഞ്ഞുപോകും.

സമൂഹത്തിന് മാതൃക കാണിക്കേണ്ടയാളാണ് അധ്യാപകന്‍. പ്രത്യേകിച്ച് മതത്തെകുറിച്ച് പഠിപ്പിക്കുന്നവര്‍. ഇവിടെ തന്റെ ശിഷ്യയായ പെണ്‍കുട്ടിയെയാണ് 31 കാരനായ അധ്യാപകന്‍ ക്രൂരമായി പീഡിപ്പിച്ചത്. ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്നാംകടവ് മദ്രസ അധ്യാപകനും മലപ്പുറം മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശിയുമായ വി.ടി. അയ്യൂബിനെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. ഭാസ്‌ക്കരന്‍ ശിക്ഷിച്ചത്.

പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവത്തിലാണ് ശിക്ഷ. 2008 ആഗസ്റ്റ് 10 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ തന്റെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രമാതീതമായി രക്തം വാര്‍ന്നുപോയതിനെതുടര്‍ന്ന് കുട്ടി അബോധാവസ്ഥയിലാവുകയും അഞ്ച് ദിവസം ചികിത്സയില്‍ കഴിയുകയും ചെയ്തു. ഈ സംഭവത്തിന് മുമ്പും അധ്യാപകന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു.

അതുസംബന്ധിച്ച് വീട്ടുകാരെ അറിയിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പുഴയില്‍ മുക്കിക്കൊല്ലുമെന്നായിരുന്നു അധ്യാപകന്റെ ഭീഷണി. ഈ കേസിലാണ് കോടതിയുടെ ശ്രദ്ധേയമായ വിധിയുണ്ടായത്. ഒരു കൊലപാതകക്കേസില്‍ പ്രതികളെ വിട്ടയക്കുകയും പീഡനക്കേസില്‍ 22 വര്‍ഷത്തെ ശിക്ഷനല്‍കുകയും ചെയ്ത നീതിപീഠത്തിന്റെ വിധിയിലെ വൈരുധ്യം ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പോലീസിന്റെ പ്രഥമ വിവരറിപ്പോര്‍ട്ടിനും കോടതിയിലെ വാദത്തിനും ഇടയില്‍ വന്നുനിരക്കുന്നതോ അഥവാ ചോര്‍ന്നുപോകുന്നതോ ആണോ തെളിവുകളും നീതിയും എന്ന് ജനം സംശയിച്ചുപോയാല്‍ കോടതിക്ക് അവരെ കുറ്റപ്പെടുത്താനാകുമോ?

അപ്പോള്‍ അസ്ഹറിനെ കൊന്നതാര്?


-ര­വീ­ന്ദ്രന്‍ പാടി

Keywords:  Article, Murder-case, court, Rape, Muslim-league, Student, Karandakkad, Abdul Nasar Madani, Kasaragod, Azhar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia