city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവസമൂഹം ഇങ്ങനെയായാല്‍ മതിയോ?

കുട്ടിയാനം മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 20/08/2015) കൗമാരത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയുടെ ഇപ്പോഴത്തെ പോക്കിനെച്ചൊല്ലി വ്യാകുലപ്പെടാത്തവര്‍ വളരെ കുറവായിരിക്കും. ആധുനിക വിദ്യാഭ്യാസരംഗങ്ങളില്‍ അവര്‍ തന്റേതായ ഇടം കണ്ടെത്താറുണ്ടെങ്കിലും നാടിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ കണ്ണികളാവാനോ, രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ പങ്കാളികളാകാനോ എന്തുകൊണ്ടോ ഇവര്‍ മുന്നോട്ടു വരുന്നില്ല.  രാഷ്ട്ര നിര്‍മ്മാണങ്ങളില്‍ നിന്നും സ്വയം പിന്തിരിയുന്നു.  സാമാന്യം തെറ്റില്ലാത്ത ഒരു വീടും കുടുംബവും, മക്കളുടെ ഭാവി ഭാസുരമാക്കുവാന്‍ വേണ്ടി അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി നല്ലൊരു ജോലിയിലെത്തിക്കുക എന്നതിനുമപ്പുറം ഒരു ചിന്തയുമില്ല.

''നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്, അതില്‍
നാരായണക്കിളി കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്....''

ഇങ്ങനെ ഗൃഹാതുരത്വത്തിന്റെ ആത്മനൊമ്പരങ്ങള്‍ അയവിറക്കി അന്യ ദേശങ്ങളില്‍ ജീവിതം കരുപ്പിടിപ്പിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.  ഈ കഷ്ടങ്ങളൊന്നും നമ്മുടെ മക്കള്‍ക്കുണ്ടാവരുതെന്ന പ്രാര്‍ത്ഥനയും അവരുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടപ്പോള്‍ നമ്മുടെ വിലമതിക്കപ്പെടാത്ത പല ജീവിത മൂല്യങ്ങളും നഷ്ടപ്പെട്ടുപോയി എന്നതാണ് ഖേദകരമായ വസ്തുത.

നോക്കെത്താ ദൂരത്ത് അതിരുകളില്ലാതെ കിടന്ന കുടുംബ സ്വത്തുക്കള്‍ ഉഴുതു മറിച്ചു നാട്ടിപ്പാട്ടുകള്‍ പാടി ആവേശത്തോടെ ഞാറുകള്‍ നട്ടു പൊന്‍കതിരുകള്‍ വിളയിച്ചിരുന്ന കാലം... പാടത്തിനടുത്തുകൂടി ഒഴുകിയിരുന്ന അരുവിയില്‍ നിന്ന് പരല്‍മീനുകള്‍ പിടിച്ചു രസിച്ച കാലം.  ആ പാടവരമ്പത്തുകൂടി കൊച്ചു കുടകളും ചൂടി ദൂരെയുള്ള സ്‌കൂളുകളില്‍ പോയിരുന്ന നാളുകള്‍.  അലക്കിത്തേച്ച ഉടുപ്പുകളില്‍ ചളിമണ്ണ് പുരണ്ട് ചീത്തയായതിന്ന് അമ്മ വഴക്കുപറഞ്ഞതിന്റെ മായാത്ത ഓര്‍മ്മകള്‍.

ചന്ദ്രനും ബഷീറും ഖാലിദും കൃഷ്ണനുമൊത്ത് സൊറപറഞ്ഞു പോകവേ പുസ്തകങ്ങള്‍ മരച്ചുവട്ടില്‍ വെച്ച് ഗോരിയും ഗോട്ടിയും കളിച്ചും പരസ്പരം അടികൂടിയും നാടന്‍ പാട്ടുകള്‍ പാടിയും നടന്നുപോയ കുഞ്ഞുനാളുകളെ ഒരിക്കല്‍ക്കൂടി കൃഷ്ണന്‍ എന്റെ വീട്ടില്‍വെച്ച് ഓര്‍മ്മപ്പെടുത്തി.  ''നീ ഒരു പുതിയ തുണിസഞ്ചി വാങ്ങിയപ്പോള്‍ നിന്റെ പഴയ സഞ്ചി എനിക്ക് തന്നത് എനിക്കന്നു നിധി കിട്ടിയത് പോലെയായിരുന്നു.''  - ശരിയാണ് ജാതിയും മതവും ചൂഴ്ന്ന് നോക്കാതെ മനുഷ്യത്വത്തിന്റെ മഹനീയ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്ന ആ സുന്ദര ദിനങ്ങള്‍ നമ്മോട് വിടപറഞ്ഞിട്ട് അധികമൊന്നുമായില്ല. വിവരസാങ്കേതികവിദ്യയുടെ അഭ്യാസങ്ങള്‍ സ്വായത്തമാക്കിയ നമ്മള്‍ ഇന്ന് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുമ്പോള്‍ പരിചയപ്പെടാനെന്നവണ്ണം പേര് ചോദിക്കും.  മറ്റേ ആള്‍ പറയുന്ന പേര് സ്വന്തം ജാതിക്കാരനോ മതക്കാരനോ അല്ലെങ്കില്‍ പിന്നീടൊരക്ഷരം ഉരിയാടാറില്ല.  നമ്മുടെ നാട്ടിലെ ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ പേര് ചോദിച്ചറിഞ്ഞാല്‍ ഉടന്‍ ജാതി മനസ്സിലാക്കാന്‍ നോക്കും.  സ്വജാതിക്കാരനല്ലെങ്കില്‍ പിന്നീട് അടുപ്പം നിലനിര്‍ത്താറില്ല.

പഴയ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും മാറി സ്വന്തം വീടും ചുറ്റുപാടുകളുമുണ്ടാക്കുമ്പോള്‍ വീടിന്ന് ചുറ്റും വലിയ മതിലുകള്‍ തീര്‍ത്ത് അതിനകത്ത് ഒട്ടുമിക്ക ചാനലുകളും കിട്ടാവുന്ന ടെലിവിഷന്‍ ഫിറ്റ് ചെയ്ത് എല്ലാ സുഖ സൗകര്യങ്ങളോടും കൂടി അണുകുടുംബമായി മുഴുനീളെ സീരിയലുകളും പാട്ടും കൂത്തുമായി കഴിഞ്ഞപ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹനീയതയെ പരസ്പരം തൊട്ടറിയാനാവാതെ ഏതോ തുരുത്തില്‍ കഥയെഴുത്തുകാരന്റെ തൂലികയിലൂടെ വിവരിച്ച നിഴലുകളോട് നാം ഏറെ കടപ്പെട്ടു.  അവരുടെ വികാര വിചാരങ്ങള്‍ സ്വായത്തമാക്കി.  സീരിയലിലെ കഥാപാത്രങ്ങള്‍ സ്വന്തക്കാരായി.  നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും വിവാഹബന്ധങ്ങള്‍ മുറിച്ചുമാറ്റാനും, മദ്യലഹരികള്‍ക്കടിമകളായി കൊള്ളയും കൊലപാതകങ്ങളും നടത്താനും, അകാരണമായി ആത്മഹത്യ ചെയ്യാനും വരെ പ്രേരണയായി.

നമ്മുടെ സ്വപ്നകൂടാരത്തിനുള്ളില്‍ ഭദ്രമായിരുന്ന അണുകുടുംബവും ഇപ്പോള്‍ വിഭജിച്ചു വീണ്ടും ചെറുതായി. കമ്പ്യൂട്ടര്‍ പഠനത്തിനായി ഡസ്‌ക്‌ടോപ്പുകള്‍ വീടുകളില്‍ വിരുന്നുവന്നപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പുണ്ടായിരുന്നു.  അത് ഓപ്പണ്‍ ഏരിയയില്‍ മാത്രമേ ഫിക്‌സ് ചെയ്യാവൂ, അല്ലെങ്കില്‍ നെറ്റ് കണക്ഷനെടുത്താല്‍ കുട്ടികള്‍ വേണ്ടാത്ത സൈറ്റുകള്‍ കാണാനിടയുണ്ടെന്നും അത് വഴി അവര്‍ വഴിപിഴച്ചു പോകുമെന്ന് പറഞ്ഞ് കമ്പ്യൂട്ടറുകളെ ഭയപ്പാടോടുകൂടി കണ്ടിരുന്നവര്‍, ഏറെ താമസിയാതെ തന്നെ ലാപ്‌ടോപ്പിന്റെ സൗകര്യങ്ങളിലേക്ക് നീങ്ങി.  ലാപ്‌ടോപ് ചില പഠനവിഷയങ്ങള്‍ക്ക് നിര്‍ബന്ധിതമായിത്തീര്‍ന്നപ്പോള്‍ രക്ഷിതാക്കള്‍ അത് മക്കള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.  ലാന്റ് ഫോണുകള്‍ മാറി സെല്‍ഫോണ്‍ കടന്നുകയറ്റവും നമ്മുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു.  ഹലോ വിളിക്കുമ്പോള്‍ അങ്ങേ തലയ്ക്ക് നിന്ന് ഹലോ എന്ന പ്രതികരണം വ്യക്തമാവാതെ തുടക്കം കുറിച്ച മൊബൈല്‍ ഫോണുകള്‍ വിപ്ലവകരമായ മാറ്റങ്ങളിലേക്കാണ് എത്തിച്ചേര്‍ന്നത്. ടോര്‍ച്ച്, കാല്‍ക്കുലേറ്റര്‍, റേഡിയോ എന്നുവേണ്ട ഒരു കമ്പ്യൂട്ടര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റെടുത്തു.

നമ്മുടെ സ്വീകരണ മുറിയില്‍ ടിവിക്ക് മുമ്പില്‍ ഒന്നിച്ചിരുന്ന മാതാപിതാക്കളും മക്കളും സ്വന്തം മുറിക്കകത്ത് സ്മാര്‍ട്ട് ഫോണുകളുടെ സ്വകാര്യതകളില്‍ ലയിച്ചിരുന്നു.  അകലങ്ങളിലുള്ളവരുമായി ഇഴപിരിയാത്ത നെറ്റു ബന്ധങ്ങള്‍ സ്ഥാപിച്ചു.  രാപ്പകലുകളില്ലാതെ വാട്‌സ്അപ്പും ഫെയ്‌സ്ബുക്കും ട്വിറ്ററും സജീവമായി കൊണ്ടാടുന്നവര്‍ നൊന്ത് പെറ്റ മാതാവിനെയും പെടാപ്പാടുപെട്ട് വളര്‍ത്തിയ പിതാവിനെയും തിരിച്ചറിയാനാവാതെ വീടിന്റെ പടിക്ക് പുറത്തേക്ക് തള്ളിവിടുന്ന കാഴ്ചയാണ് നാം കാണുന്നത്.

സ്മാര്‍ട്ട് ഫോണുകളുടെ സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന കൗമാരക്കാര്‍ പുറത്തിറങ്ങിയാല്‍ നിലാവെളിച്ചത്തില്‍ വിട്ട കോഴികളെപ്പോലെ പകച്ചുപോവുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട പുതുതലമുറ.  കാരണവന്‍മാരെയും മുതിര്‍ന്നവരെയും ആദരിക്കാനോ ബഹുമാനിക്കാനോ ഇവര്‍ മറന്നുപോവുന്നു. മുന്‍കാലങ്ങളില്‍ ബസ്സുകളില്‍ വൃദ്ധന്മാര്‍ കയറിയാല്‍ എഴുന്നേറ്റു സീറ്റു കൊടുക്കുന്ന ഒരു സംസ്‌കാരമുണ്ടായിരുന്നു.  ഇന്ന് അത് മാറി. സീനിയര്‍ സിറ്റിസണ്‍ എന്നു പേരെഴുതിയ സീറ്റില്‍ ചടഞ്ഞിരുന്നു വയസ്സന്‍മാരെ ഗൗനിക്കാത്ത വര്‍ത്തമാനകാലമാണിന്ന്.  പുതിയ തലമുറ മുഴുവനും കൊള്ളരുതാത്തവരാണെന്നല്ല പറഞ്ഞുവരുന്നത്.  ഉന്നതങ്ങള്‍ കീഴടക്കുന്നവരുണ്ട്. എന്നാല്‍ ഒരുവിഭാഗം ലക്ഷ്യബോധമില്ലാത്തവരായാണ് വളരുന്നത്.

ഈ താളപ്പിഴകള്‍ എങ്ങിനെയാണ് വന്നതെന്ന് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.  തകര്‍ന്നടിയുന്ന നന്മയുടെ സംസ്‌കാരത്തെ കാത്തുസൂക്ഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണം.  ജാതിമത ഭേദമന്യേ മൊത്തം സമൂഹത്തിന്റെ ജീര്‍ണതയെയാണ് മേല്‍ സൂചിപ്പിച്ചത്.  എന്നാല്‍ അതിരാവിലെ തന്നെ മതപഠനം തുടങ്ങുകയും ആഴ്ചയിലും മാസത്തില്‍ ഉല്‍ബോധന പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന മുസ്ലീം സമുദായത്തിനകത്ത് തന്നെയാണ് ഇത്തരത്തില്‍ സ്‌നേഹാദരങ്ങള്‍ അന്യം നിന്നുപോകുന്നത്.

മനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള സദ്ഗുണപാഠശാലയില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്.  ജീവിതക്രമങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം ശോചനീയമായിക്കൊണ്ടിരിക്കുന്നു.  എന്നാല്‍ കവല പ്രസംഗങ്ങളും പ്രഭാഷണങ്ങളും സമുദായത്തില്‍ ദിനേന കൂടിക്കൊണ്ടിരിക്കുന്നതിലൂടെ സഹോദരസമുദായങ്ങള്‍ ഇതിനെ അസൂയയോടെ നോക്കിക്കാണുകയും അവരും ഇത്തരത്തിലുള്ള മതപഠനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തുവെന്നല്ലാതെ സമൂഹത്തില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്കും സാധിച്ചില്ല എന്ന വസ്തുത ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.  ഇത്തരം പഠനക്രമങ്ങളില്‍ നിന്നും വ്യക്തിഗത വികസനമുണ്ടാവാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്താണ് ഫലമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.
ഇവിടെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് നമ്മെ പേടിപ്പെടുത്തുന്നത്. എങ്ങിനെയെങ്കിലും പണം സമ്പാദിച്ച് സുഖിയന്മാരായി വാഴാനുള്ള യുവതലമുറയുടെ തെറ്റായ രീതികളില്‍ നിന്നാണ് നമ്മുടെ വിദ്യാലയങ്ങള്‍ക്കകത്ത് വരെ മയക്കുമരുന്നും മദ്യവും സുലഭമായിക്കൊണ്ടിരിക്കുന്നതും രാഷ്ട്രീയ ലാഭങ്ങള്‍ക്കായി പിഞ്ചു മനസ്സുകളില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ പാവുന്നതും.  ഇതിനൊക്കെ ചൂട്ടുപിടിച്ചുനടക്കുന്നവര്‍ തന്നെ സാമുദായിക നവോത്ഥാന നായകരായി മതമേലാളികളായി വാഴുന്നിടത്തോളം പഴയകാലത്തെ നന്മകളും ജനാധിപത്യ ബോധവും പരസ്പര സാഹോദര്യവും സ്‌നേഹവും കാത്തുസൂക്ഷിക്കുവാന്‍ സാധിക്കുമോ എന്ന് പുനര്‍ ചിന്തനം നടത്താം.

യുവസമൂഹം ഇങ്ങനെയായാല്‍ മതിയോ?


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia