city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിഞ്ഞിരിക്കാം കോവിഡിനെ കുറിച്ചും അതിന്റെ ടെസ്റ്റുകളെ കുറിച്ചും

ഡോ. ഫസീല മൊഗ്രാല്‍

(www.kasargodvartha.com 04.08.2020) ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്  അഥവാ സാര്‍സ്- കോവ്-2 (SARS COV-2) വൈറസിനെ പറ്റി ലോകമറിഞ്ഞുതുടങ്ങിയത് 2019 ഡിസംബര്‍ മാസം അവസാനത്തോടെയാണ്. ഇതിനു പിന്നാലെ ഈ വൈറസ് ഉണ്ടാക്കുന്ന കോവിഡ് 19 എന്ന അസുഖം കണ്ടു പിടിക്കാന്‍ സഹായിക്കുന്ന ചില ലബോറട്ടറി ടെസ്റ്റുകള്‍ കണ്ടുപിടിക്കപ്പെട്ടു. ഈ ടെസ്റ്റുകളെപ്പറ്റി നമ്മളില്‍ പലര്‍ക്കും ഒരുപാടു  സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണയായി നടത്തിവരുന്ന ടെസ്റ്റുകളെപ്പറ്റി ചെറിയ ഒരു വിവരണം ആണ്  ഈ  ലേഖനത്തിന്റെ ഉദ്ദേശ്യം.

ടെസ്റ്റുകളിലേക്ക്  കടക്കുന്നതിന്ന്  മുമ്പ്  ഈ വൈറസിനെ പറ്റി ചെറുതായി ഒന്ന് പരിചയപ്പെടുത്താം. വൈറസിന്റെ ഘടന പൊതുവെ മറ്റുജീവജാലങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമാണ്.  ജനിതകവിവരങ്ങള്‍ (gene) സൂക്ഷിക്കുന്ന ആര്‍.എന്‍.എ (RNA), അതിനെ പൊതിഞ്ഞു പ്രോടീന്‍കോട്ട്  (ക്യാപ്‌സിഡ്), ഇതിനെ മുഴുവനായും പൊതിഞ്ഞുള്ള 'എന്‍വലപ്പ്' എന്നറിയപ്പെടുന്ന ആവരണം. ഇത്രയുമാണ് കൊറോണ വൈറസിന്റെ ഘടന. ഈ വൈറസ് ശരീരത്തില്‍ കയറിയാല്‍ നമ്മുടെ ശരീരം അതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങും. ഇതോടെ ശരീരത്തിന്റെ പ്രതിരോധശ്രമത്തിന്റെ ഭാഗമായി വൈറസിന്റെ എന്‍വലപിന്റെ ചിലഭാഗങ്ങളെ ആന്റിജന്‍ (antigen) ആയികണക്കാക്കി ഇതിനെതിരെ ആന്റിബോഡി (antibody) ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കും. Ig M, IgG എന്നിങ്ങനെ രണ്ടുതരം ആന്റിബോഡികളാണ് ഇവയില്‍ പ്രധാനപ്പെട്ടത്. അണുബാധയുടെ (ഇന്‍ഫെക്ഷന്റെ) ആദ്യ ദിവസങ്ങളില്‍ IgM ആണ് കാണപ്പെടുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ IgG  പ്രത്യക്ഷപ്പെടുകയും IgM അപ്രത്യക്ഷമാവുകയും ചെയ്യുന്നു.



ഈ വൈറസ് അണുബാധ ഒരാളില്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ മൂന്ന് രീതികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. PCR ടെസ്റ്റിലൂടെ വൈറസിന്റെ ജനിതകവസ്തു (gene)കണ്ടെത്തുക, ആന്റിജന്‍ ടെസ്റ്റിലൂടെ എന്‍വലപ്പ് ആന്റിജന്‍ കണ്ടെത്തുക പിന്നെ റാപിഡ് ആന്റിബോഡി ടെസ്റ്റിലൂടെ ഈ വൈറസിനെതിരെ നമ്മുടെ ശരീരം ഉത്പാദിപ്പിച്ച ആന്റിബോഡി കണ്ടെത്തുക. ഇവ ഓരോന്നും അല്‍പം വിശദമായി പരിശോധിക്കാം.

1.PCR ടെസ്റ്റ്- RT PCR/ റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേഴ്‌സ് ചെയിന്‍ റിയാക്ഷന്‍

ടെസ്റ്റ് ഈ ടെസ്റ്റ് മേല്‍പറഞ്ഞ ടെസ്റ്റുകളില്‍ വച്ചു ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ('ഗോള്‍ഡ്സ്റ്റാന്‍ഡേര്‍ഡ്').സാധാരണയായി മൂക്കില്‍ നിന്നുള്ള സ്രവം (naospharyngeal (NP) swab) അല്ലെങ്കില്‍ തൊണ്ടയില്‍ നിന്നുള്ള സ്രവമോ (oropharyngeal (OP) swab) ഇവ രണ്ടും കൂടി ഒന്നിച്ചു എടുത്തോ ആണ് ഈ ടെസ്റ്റ് ചെയ്യുന്നത്. സ്വാബ് ഉപയോഗിച്ചു ശേഖരിച്ച സ്രവം (സാമ്പിള്‍) ഒരു പ്രത്യേക ബോട്ടിലിലേക്ക് മാറ്റി  (വൈറല്‍ട്രാന്‍സ്‌പോര്‍ട്മീഡിയ- VTM) കൂള്‍ ബോക്‌സില്‍ സൂക്ഷിച്ചു ലാബില്‍ എത്തിക്കും (അഥവാ 3 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കുകയാണെങ്കില്‍ -70°C ലോ അതില്‍ കുറഞ്ഞ ഊഷ്മാവിലോ സൂക്ഷിക്കണം). ഇത് ലാബില്‍ എത്തിയാല്‍ 3 മുറികളിലായി ഇതിന്റെ പ്രോസസ്സിംഗ് നടക്കും. ബയോസേഫ്റ്റി സൗകര്യം ലാബില്‍ ഉണ്ടായിരിക്കണം. ആദ്യം സാമ്പിളില്‍ നിന്നും ജനിതകവസ്തു (RNA) വേര്‍തിരിക്കും. ശേഷം PCR മെഷീന്‍ ഉപയോഗിച്ചു ഈ RNAയുടെ കുറെ കോപ്പി ഉണ്ടാക്കി കൊറോണ വൈറസില്‍ മാത്രമായി കാണപ്പെടുന്ന gene ഉണ്ടോ എന്ന്  കണ്ടെത്തും. കുറഞ്ഞത് രണ്ടു തരം gene എങ്കിലും ഉണ്ടായിരിക്കണം. ഈ ടെസ്റ്റിനു  ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റു വസ്തുക്കളും വിലയേറിയതായതിനാല്‍ ഈ ടെസ്റ്റ് ചിലവു കൂടിയതാണ്. മാത്രമല്ല ഇത് ഒരു വലിയ പ്രക്രിയ ആയതിനാല്‍ 6- 8 മണിക്കൂര്‍ വരെ സമയവും എടുക്കുന്നുണ്ട്. RNA വേര്‍തിരിച്ചെടുക്കുന്ന ഉപകരണം ഓട്ടോമേറ്റഡ് ആയി ലഭ്യമാണെങ്കിലും വളരെയധികം ചിലവേറിയതിനാല്‍ പല ലബോറട്ടറീസിലും ഇത് ഇല്ല എന്നുള്ളതാണ് വാസ്തവം. എന്നാല്‍ ഈ ടെസ്റ്റിന്റെ റിസള്‍ട്ട് പലകാര്യങ്ങളെ ആശ്രയിച്ചായിരിക്കും. ഉദാഹരണമായി രോഗിയുടെ സാമ്പിള്‍ന്റെ ക്വാളിറ്റി, സാമ്പിള്‍ സൂക്ഷിച്ച ഊഷ്മാവ്, ടെസ്റ്റിനു ഉപയോഗിക്കുന്ന കിറ്റ് എന്നിവ. ചെറിയ അളവിലുള്ള വൈറസിനെയും കണ്ടെത്താമെന്നതാണ് ഈ ടെസ്റ്റിന്റെ നേട്ടം. അത് ജീവനില്ലാത്ത വൈറസ്ആണെങ്കില്‍പോലും. അതേ സമയം ടെസ്റ്റിന്റെ റിസള്‍റ്റ് പല ഘടകങ്ങളെയും ആശ്രയിച്ചെന്നതിനാല്‍ ടെസ്‌ററ് നെഗറ്റീവ് ആയാല്‍ അയാളില്‍ കൊറോണ വൈറസ് അണുബാധ ഇല്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. പിന്നെ ഇത് ദൈര്‍ഘ്യമേറിയ പ്രക്രിയ ആയതിനാല്‍ ഒരുദിവസം കുറച്ചു സാംപിളുകള്‍ മാത്രമേ ഒരുലാബില്‍ ടെസ്റ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ. കൂടാതെ ഇതിന്റെ ചിലവും ഈ ടെസ്റ്റിന്റെ പോരായ്മയായി കാണാം.
അറിഞ്ഞിരിക്കാം കോവിഡിനെ കുറിച്ചും അതിന്റെ ടെസ്റ്റുകളെ കുറിച്ചും

2. കോവിഡ് -19  ആന്റിജന്‍ ടെസ്റ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ വൈറസില്‍ കാണപ്പെടുന്ന ആന്റിജന്‍ കണ്ടെത്തുകയാണ് ഈ ടെസ്റ്റിലൂടെ ചെയ്യുന്നത്. നേരത്തെ പറഞ്ഞ പോലെ രോഗിയുടെ സ്രവത്തിലുള്ള (സാമ്പിള്‍) കൊറോണ വൈറസിന്റെ എന്‍വലപില്‍ (പൊതിഞ്ഞുള്ള ആവരണത്തില്‍) കാണപ്പെടുന്ന ആന്റിജന്‍ കണ്ടെത്തുന്ന രീതിയാണിത്. മൂക്കില്‍ നിന്നുള്ള സ്രവം (naospharyngeal swab) തന്നെയാണ് സാമ്പിള്‍ ആയി ഈ ടെസ്റ്റിനും ഉപയോഗിക്കുന്നത്. സാമ്പിള്‍ എടുത്തു കഴിഞ്ഞാല്‍ ഒരു പ്രത്യേക ട്യൂബിലാക്കി ഒരു മണിക്കൂറിനകം ടെസ്റ്റ് ചെയ്തിരിക്കണം. ബയോസേഫ്റ്റി സൗകര്യങ്ങളോ വിലകൂടിയ ഉപകരണങ്ങളോ ആവശ്യമില്ലെന്നതാണ് ഈ ടെസ്റ്റിന്റെ പ്രത്യേകത. സാധാരണ ലാബുകളില്‍ കുറഞ്ഞ ചിലവില്‍ ഈ ടെസ്റ്റ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല ഏകദേശം 15-30 മിനിറ്റു കൊണ്ട് ടെസ്റ്റ് പോസിറ്റീവാണോ എന്ന് അറിയാന്‍ സാധിക്കും. വൈറസിലെ ആന്റിജന്‍ കണ്ടെത്തുന്നതായതു കൊണ്ടു തന്നെ രോഗിയുടെ സാംപിളില്‍ ഉള്ള വൈറസിന്റെ അളവ് അനുസരിച്ചായിരിക്കും ടെസ്റ്റ് പോസിറ്റീവ് വരാനുള്ളസാധ്യത. എന്നു വച്ചാല്‍ ഈ ടെസ്റ്റ് റിസള്‍റ്റ് പോസിറ്റീവ് ആണെങ്കില്‍ രോഗിയുടെ സാംപിളില്‍ വൈറസുണ്ടെന്ന് അര്‍ത്ഥം. അതേ സമയം ടെസ്റ്റ് റിസള്‍റ്റ് നെഗറ്റീവ് ആണെങ്കില്‍ രോഗിയില്‍ കൊറോണ വൈറസ് ഇല്ലെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല. സാംപിളില്‍ വൈറസ്  ഇല്ലാത്തതു മൂലമോ അല്ലെങ്കില്‍ വൈറസിന്റെ അളവ് വളരെ കുറഞ്ഞു ഉള്ളതു കൊണ്ടോ ആവാം. രോഗത്തിന്റെ പ്രാരംഭത്തില്‍ വൈറസിന്റെ അളവ് ഒരുപക്ഷെ കുറഞ്ഞ അളവില്‍ കണ്ടേക്കാം. അതിനാല്‍ 30%-50% വരെ കോവിഡ് രോഗികളില്‍ ഈ ടെസ്റ്റ് നെഗറ്റീവ് റിസള്‍റ്റ് കാണിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ PCR ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. കാരണം നേരത്തെ വിവരിച്ചതു പോലെ സാമ്പിളില്‍ വളരെ കുറഞ്ഞ അളവില്‍ വൈറസ് ഉണ്ടെങ്കില്‍ പോലും അതിലെ RNA യുടെ എണ്ണം വര്‍ദ്ധിപ്പിച്ചു കണ്ടുപിടിക്കാന്‍ PCR ടെസ്റ്റിലൂടെ കഴിയും

3.ആന്റിബോഡിടെസ്റ്റ്

രോഗിയുടെ രക്തത്തില്‍ കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള ആന്റിബോഡി ഉണ്ടോ എന്നുപരിശോധിക്കുന്ന രീതിയാണിത്. അതിനായി രോഗിയുടെ രക്തം എടുത്ത ശേഷം അതിലെ സെറം (serum) വേര്‍തിരിച്ചു ടെസ്റ്റിനായി ഉപയോഗിക്കും. പ്രത്യേകിച്ചു വില കൂടിയ ഉപകരണങ്ങളോ ബയോസേഫ്റ്റി സൗകര്യങ്ങളോ ലാബില്‍ ആവശ്യമില്ല എന്നതിനാല്‍ സാധാരണ ലാബുകളില്‍ കുറഞ്ഞ ചിലവില്‍ ഈ ടെസ്റ്റ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല ആന്റിജന്‍ ടെസ്റ്റ് പോലെത്തന്നെ 15-30 മിനിറ്റു കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണോയെന്ന് അറിയാന്‍പറ്റും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു ഇതിനെതിരെ ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ ഏകദേശം ഒരാഴ്ച വരെ എടുക്കും എന്നതിനാല്‍ രോഗത്തിന്റെ ആദ്യ ദിവസങ്ങളില്‍ രോഗം കണ്ടെത്താന്‍ ഈ ടെസ്റ്റ് കൊണ്ട് കഴിയില്ല എന്നതാണ് ഇതിന്റെ പോരായ്മ. അതിനാല്‍ രക്തപരിശോധനയില്‍ ആന്റിബോഡി പോസിറ്റീവ് ആണെങ്കില്‍ അയാള്‍ക്ക് അണുബാധ ഉണ്ടെന്നതിലുപരി ഈ വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടായിക്കഴിഞ്ഞു എന്ന് അനുമാനിക്കാം. വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് അതിനെതിരെ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത് എന്നതുകൊണ്ട് തന്നെ അയാളില്‍ നേരത്തെ ഒരു പക്ഷെ കൊറോണവൈറസ് അണുബാധ ഉണ്ടായിരുന്നിരിക്കാം എന്നര്‍ത്ഥം. അല്ലാതെ അയാള്‍ ഇപ്പോള്‍ കോവിഡ് രോഗിയാണെന്നു പറയാന്‍ പറ്റില്ല. അതുകൊണ്ട് രോഗം കണ്ടു പിടിക്കാന്‍ ഈ ടെസ്റ്റ് അത്ര ഉചിതമല്ലെന്നര്‍ത്ഥം. എന്നാല്‍ ഒരു പ്രത്യേക സ്ഥലത്തെ ജനങ്ങളെ കേന്ദ്രീകരിച്ചു ഈ ടെസ്റ്റ് ചെയ്യുമ്പോള്‍ ആ ഒരു സമൂഹം എത്രത്തോളം പ്രതിരോധശേഷി (herd immunity) നേടിക്കഴിഞ്ഞെന്നു മനസ്സിലാക്കാന്‍ കഴിയും.

കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയുമാണ്. സാമൂഹിക അകലം പാലിക്കാം. മാസ്‌കും ഇടവിട്ടുള്ള കൈ കഴുകലും ശീലമാക്കാം.

(യേനപ്പോയ മെഡിക്കല്‍ കോളജില്‍ മൈക്രോബയോളജി ഡിപാര്‍ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക.)


Keywords:  Kerala, Article, China, Covid-19, You may know about Kovid and its tests

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia