city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യമുന ടീച്ചറെ മാതൃകയാക്കൂ

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 26.09.2017)
ആവിക്കര കൊവ്വല്‍ - 2 അങ്കണ്‍വാടി വര്‍ക്കര്‍ യമുനയ്ക്ക് ഈ വര്‍ഷത്തെ സംസ്ഥാന തല അവാര്‍ഡ് ലഭിച്ചു. അവാര്‍ഡുകള്‍ ലഭിക്കുകയെന്നാല്‍ അംഗീകാരത്തിനുള്ള സൂചനയാണ്. വളരെ അടുത്ത കാലത്ത് ആരംഭിച്ചതാണ് അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കി പ്രോത്സാഹിപ്പിക്കുകയെന്ന അഭിനന്ദനീയമായ കാര്യം. മൂന്ന് വയസ്സു തുടങ്ങി ആറ് വയസ്സുവരെയുള്ള കുട്ടികളെ പഠന പ്രവര്‍ത്തനത്തി ലേര്‍പ്പെടാന്‍ സജ്ജരാക്കുന്ന പരിശീലന കളരികളാണ് അങ്കണ്‍വാടികള്‍. ഏറ്റവും നന്മയുള്ള പൗരന്മാരായി വളരാന്‍ കുഞ്ഞുങ്ങളെ പ്രാപ്തിയുള്ളവരാക്കി മാറ്റിയെടുക്കാന്‍ കഠോരശ്രമം നടത്തുന്ന വരെ 'ടീച്ചര്‍' എന്ന പദവി പോലും നല്‍കാന്‍ ഭരണാധികാരികള്‍ സന്മനസ്സ് കാണിക്കുന്നില്ല.

ക്ലാസുകള്‍ കയറി കയറി പോകുമ്പോള്‍ ടീച്ചര്‍, ലക്ചര്‍. പ്രൊഫസര്‍, റീഡര്‍, പ്രിന്‍സിപ്പാള്‍ എന്നിങ്ങനെ പദവിയുടെ പേരും ശമ്പളവും മാന്യതയുള്ളതായി മാറ്റപ്പെടുന്നു. മാസം 7500 രൂപ (അടുത്തകാലത്ത്)യാണ് സര്‍ക്കാര്‍ അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത്. അതൊരു പ്രൈമറി അധ്യാപികയാകുമ്പോള്‍ 30000/-, ഹൈസ്‌കൂള്‍ ആവുമ്പോള്‍ 45000/-, കോളജ് തലമാകുമ്പോള്‍ ലക്ഷത്തിലെത്തുന്നു. ദിവസം ശരാശരി 10 മണിക്കൂറിനടുത്ത് കുഞ്ഞുങ്ങളെ പരിപാലിക്കുകയും, ഉന്നത പഠന കേന്ദ്രങ്ങളിലെത്തി പഠിക്കാന്‍ സജ്ജരാക്കുകയും ചെയ്യുന്ന വര്‍ക്കര്‍ക്ക് നല്‍കുന്നത് തുച്ഛവേദനം.

ഒരു കോളജ് പ്രൊഫസര്‍ ദിവസം 3 -4 മണിക്കൂര്‍ മാത്രമാണ് പഠിതാക്കളുമായി ഇടപെടുന്നത്. അതും യാതൊരു ശാരീരിക ക്ലേശവുമില്ലാതെ അവര്‍ക്കാണ് ലക്ഷങ്ങള്‍............ ഇത് പര്യാലോചിക്കേണ്ടകാര്യം തന്നെയല്ലേ? ഈ വര്‍ഷം അവാര്‍ഡുനേടിയ യമുന എന്ന അങ്കണ്‍വാടി വര്‍ക്കറുമായി സംസാരിച്ചു. ഞാന്‍ ടീച്ചറേ എന്നാണ് അഭിസംബോധന ചെയ്തത്. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അങ്കണ്‍വാടി വര്‍ക്കര്‍മാരെ ടീച്ചര്‍ എന്നേ വിളിക്കൂ.......... വര്‍ക്കര്‍ എന്ന ഔദ്യോഗിക പദവി മാറ്റി ടീച്ചര്‍ എന്ന് മാറ്റുകയെങ്കിലും വേണം. ശമ്പളം പ്രൈമറി അധ്യാപികരുടേതെങ്കിലും നല്‍കുകയും വേണം. അങ്കണ്‍വാടിയിലെ ടീച്ചര്‍മാരെ നിശ്ചയിക്കുമ്പോള്‍, അവരുടെ ഔപചാരിക വിദ്യാഭ്യാസത്തിലുള്ള യോഗ്യതയേക്കാള്‍ കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ്- ഒരു കുഞ്ഞിന്റെ മനസ്സ് പോലെ ഉയരാന്‍ കഴിവുള്ള വനിതകളെ വേണം നിശ്ചയിക്കാന്‍. അത്തരം യോഗ്യത നേടിയ വ്യക്തിയാണ് പ്രീഡിഗ്രിവരെ പഠിച്ച യമുന ടീച്ചര്‍. 

യമുന ടീച്ചറെ മാതൃകയാക്കൂ

കുഞ്ഞുങ്ങളുടെ ഇടയില്‍ അവരും കുഞ്ഞായി മാറുന്നു. അവരുടെ കൂട്ടുകാരിയായി മാറുന്നു. അവരൊന്നിച്ച് കളിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ യമുനടീച്ചര്‍ കുഞ്ഞുങ്ങളുടെ കൂട്ടുകാരിയാവുന്നു. അവരുടെ അമ്മയാവുന്നു. അതുകൊണ്ടാണ് യമുനടീച്ചര്‍ അങ്കണ്‍വാടിയില്‍ എത്താത്ത ദിവസം കുഞ്ഞുങ്ങള്‍ക്ക് പ്രയാസം തോന്നുന്നത്. അവര്‍ക്ക് ക്ലാസിലിരിക്കാന്‍ താല്പര്യം തോന്നാത്തത്. അവര്‍ ടീച്ചര്‍ വരാത്തതിനുള്ള കാരണം തിരക്കുന്നത് എല്ലാം ടീച്ചറോടുള്ള സ്‌നേഹം മൂലമാണ്.

യമുന ടീച്ചറെ മാതൃകയാക്കൂ

അങ്കണ്‍വാടിക്കു ചുറ്റുമുള്ള മുഴുവനാള്‍ക്കാരുടെയും സഹായം തേടുകയും സ്ഥാപനത്തിന്റെ ഉന്നതിക്കുവേണ്ടി എല്ലാവരുടെയും സഹകരണം ഉറപ്പാക്കുകയും ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തകയാവണം അങ്കണ്‍വാടി ടീച്ചര്‍. യമുന ടീച്ചര്‍ അത്തരത്തിലുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ്. മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന ശിവദത്ത് ഇപ്പോഴത്തെ കൗണ്‍സിലര്‍ സവിതകുമാരി എന്നിവരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് മനോഹരമായൊരു അങ്കണ്‍വാടി കെട്ടിടം നിര്‍മ്മിച്ചെടുത്തത്. കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ 4 സെന്റ് സ്ഥലം സൗജന്യമായി തന്ന വസന്ത എന്ന വീട്ടമ്മയേയും യമുന ടീച്ചര്‍ നന്ദിയോടെ സ്മരിക്കുകയാണ്. കുഞ്ഞുങ്ങളെ പഠന പ്രവര്‍ത്തനത്തിന് തയ്യാറാക്കുന്നതിന് പരിശീലനം നല്‍കാനുള്ള അവസരം വിദേശത്തും യമുന ടീച്ചര്‍ക്ക് ലഭിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമൊന്നിച്ച് 7 വര്‍ഷത്തോളം കഴിയാനുള്ള അവസരം ലഭിച്ചു. പ്രസ്തുത കാലയളവില്‍ യമുന വെറുതെയിരുന്നില്ല. അവിടെ പ്ലേ സ്‌കൂളില്‍ ജോലി ചെയ്തു. അവിടുന്നും രക്ഷിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനം ലഭിച്ചതും സന്തോഷത്തോടെ യമുന ടീച്ചര്‍ ഓര്‍ക്കുന്നു.

സന്നദ്ധതയും, ഏറ്റെടുത്ത പ്രവൃത്തി ആസ്വദിച്ചു ചെയ്യാനുള്ള കര്‍മ്മ ശേഷിയും ഉണ്ടെങ്കില്‍ ചെയ്യുന്ന പ്രവൃത്തി മഹത്തരമാക്കാന്‍ നമുക്കുകഴിയും. ഗള്‍ഫിലായിരിക്കുമ്പോഴുണ്ടായ സന്തോഷാതിരേകത്തിന് ഒരു നിമിത്തമുണ്ടായിരുന്നു. ഗര്‍ഭിണിയായി. ഒരു കുഞ്ഞുമോന് ജന്മം നല്‍കി. ആ കൊച്ചു കുഞ്ഞുമായി നാട്ടിലെത്തി. ഏഴുമാസം പ്രായമെത്തിയ കുഞ്ഞിന് ന്യുമോണിയ പിടിപെട്ടു. മനസ്സില്‍ താലോലിച്ചു നടന്ന ആശകളെല്ലാം തകര്‍ന്നടിഞ്ഞു. ആ പൊന്നിന്‍കുടം യമുന ടീച്ചറോട് വിട ചൊല്ലി........ 

കുഞ്ഞു നഷ്ടപ്പെട്ട ആഘാതത്തില്‍ മാനസികമായി തകര്‍ന്നുപോയ ടീച്ചറെ വീണ്ടും കുഞ്ഞുങ്ങളുടെ ലോകത്ത് വിഹരിക്കാനുള്ള അവസരം ഒരുക്കിയത് അന്നത്തെ സി. ഡി. പി. ഒ ആയിരുന്ന ചന്ദ്രവതി മാഡമായിരുന്നു എന്നും യമുന ടീച്ചര്‍ പറഞ്ഞു. ഇന്ന് നാല്‍പ്പത്തൊന്നിലെത്തി നില്‍ക്കുന്ന ടീച്ചര്‍ക്ക് അതിനുശേഷം ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമുണ്ടായില്ല. അതുകൊണ്ട് തന്നെ തന്റെ മുന്നിലെത്തുന്ന കുട്ടികളെയെല്ലാം സ്വന്തം കുട്ടികളെ പോലെ താലോലിക്കുകയും, പരിചരിക്കുകയും സ്‌നേഹം പകര്‍ന്ന് നല്‍കുകയും ചെയ്യുന്നതില്‍ ടീച്ചര്‍ ആഹ്ലാദം കൊള്ളുന്നു. ഭര്‍ത്താവ് ശശിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എല്ലാ കാര്യങ്ങള്‍ക്കും സഹായവും ചെയ്തു തരുമെന്നും ടീച്ചര്‍ പറഞ്ഞു.

ഞങ്ങള്‍ രണ്ടുപേരുടെ കാര്യം മാത്രമെ ശ്രദ്ധിക്കാനുള്ളു എന്നതിനാല്‍ മുഴുവന്‍ സമയവും അങ്കണ്‍വാടിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തി ചെയ്യാന്‍ അവസരം ലഭിക്കുന്നു. യമുനടീച്ചര്‍ക്ക് ടൂവീലറുണ്ട്. രാവിലെ 9 മണിക്ക് ടൂവീലറുമായി യാത്ര തിരിക്കും. കുഞ്ഞുങ്ങളുടെ വീടുകളില്‍ ചെന്ന് സുഖാന്വേഷണം നടത്തും. അസുഖമുള്ള കുഞ്ഞുങ്ങളെ മാത്രമല്ല കുട്ടിയുടെ വീട്ടിലുള്ള എല്ലാവരുടേയും സുഖാന്വേഷണങ്ങള്‍ നടത്തും. സ്വന്തം വീട്ടിലേക്കുള്ള തിരിച്ചു പോക്കിലും ഇതേ പ്രവൃത്തി നടത്തും. കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, സമൂഹ വിരുദ്ധരുടെ ദ്രോഹങ്ങള്‍ക്കിരയാകുന്ന പെണ്‍കുട്ടികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കുകയും, ആവശ്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യും. ശരിക്കും സാമൂഹ്യ പ്രതിബന്ധതയുള്ള വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ് യമുനടീച്ചര്‍. 

അങ്കണ്‍വാടികളില്‍ കുട്ടികളില്‍ ചെറുപ്രായത്തിലേ പൗരബോധം, സാമൂഹ്യബോധം എന്നിവ ഉണര്‍ത്തിവിടാന്‍ പുതിയ രീതികളാണ് അവലംബിക്കുന്നത്. ഓരോ 'തീം' ആയിട്ടാണ് കുട്ടികളുടെ മുമ്പില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നത്. ടീച്ചര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് 'ചെടികളും വൃക്ഷങ്ങളും' എന്ന തീമാണ്. ഇതിലൂടെ പ്രകൃതി സ്‌നേഹവും, വൃക്ഷങ്ങള്‍ നമുക്കു നല്‍കുന്ന ഉപകാരങ്ങളും, പാട്ടിലൂടെയും, കഥകളിലൂടെയും, അഭിനയത്തിലൂടെയും, ചിത്രങ്ങളിലൂടെയും കുഞ്ഞുങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ടീച്ചര്‍ അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നു.

അങ്കണ്‍വാടികളാണ് ആദ്യമായി ഹൈടെക്കാക്കേണ്ടത്. ഇരിക്കാനും, ഉറങ്ങാനും, കളിക്കാനും, ഭക്ഷണം കഴിക്കാനും ഉള്ള നല്ല സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാക്കണം. ആധുനീക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള സൗകര്യമൊരുക്കണം. കഴിവുറ്റ, നല്ല സന്നദ്ധതാമനോഭാവമുള്ള ടീച്ചര്‍മാരെ നിശ്ചയിക്കണം, ഉയര്‍ന്ന വേതനം നല്‍കണം. ഇതെല്ലാം ഉയര്‍ന്ന ക്ലാസിലല്ല വേണ്ടത് ശിശുക്കളെ മോള്‍ഡ് ചെയ്‌തെടുക്കുന്ന അങ്കണ്‍വാടികളിലും പ്രീ- പ്രൈമറി ക്ലാസുകളിലുമാണ് വേണ്ടത്. യമുന ടീച്ചറിന്റെ അങ്കണ്‍വാടി പരിധിയില്‍ കൗമാരക്കാരായ 92 പെണ്‍കുട്ടികളും ഗര്‍ഭിണികളായ 16 സ്ത്രീകളും അത്ര തന്നെ പാലൂട്ടുന്ന അമ്മമാരുമുണ്ട്. 40 കുട്ടികള്‍ ഇവിടെ എത്തുന്നുണ്ട് ഇവരുടെയൊക്കെ കാര്യങ്ങള്‍ ബദ്ധശ്രദ്ധയോടെയാണ് യമുന ടീച്ചര്‍ കൈകാര്യം ചെയ്യുന്നത്. കൗമാരപ്രയക്കാരായ കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനുള്ള ഒരു നൂതന പദ്ധതിയും ടീച്ചര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മുഴുവന്‍ ഫീല്‍ഡു വര്‍ക്കുകളും സസൂക്ഷ്മം ടീച്ചര്‍ നിര്‍വ്വഹിക്കുന്നു. ഇതിനൊക്കെ സഹപ്രവര്‍ത്തക ഹെല്‍പ്പര്‍ പത്മിനിയും ഒപ്പമുണ്ട്. യമുന ടീച്ചര്‍ പ്രവൃത്തിക്കുന്ന അങ്കണ്‍വാടി ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലുള്ളവര്‍ സാമ്പത്തികമായി മുന്നോക്കത്തിലാണ്. മിക്കവരും ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്നവരാണ്. അവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം എല്‍. കെ. ജിലും യു. കെ. ജിയിലും ചേര്‍ത്തു പഠിപ്പിക്കാന്‍ കഴിവുണ്ടായിട്ടും യമുന ടീച്ചറുടെ പ്രവര്‍ത്തന മേന്മകൊണ്ട് അങ്കണ്‍വാടിയില്‍ ചേര്‍ക്കുകയാണ്. ഇക്കാര്യം ഇതര അങ്കണ്‍വാടി ടീച്ചര്‍മാര്‍ മാതൃകയാക്കണം. ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ ചേക്കേറുന്നു എന്ന് പരിതപ്പിക്കാതെ നമ്മുടെ അങ്കണ്‍വാടികളിലേക്കു തന്നെ കുട്ടികള്‍വരും, രക്ഷിതാക്കള്‍ ചേര്‍ക്കും. പക്ഷേ അതിനനുസരിച്ച് പ്രവര്‍ത്തകരും ഉയരണം. യമുന ടീച്ചറെപോലെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Teacher, Award, Students, Parents, Yamuna teacher: make your roll model.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia