city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീതിമാന്മാരായ ഉദ്യോഗസ്ഥരെ വെച്ചു പൊറുപ്പിക്കാത്തവര്‍

നീതിമാന്മാരായ ഉദ്യോഗസ്ഥരെ വെച്ചു പൊറുപ്പിക്കാത്തവര്‍
V.N.Jithendran
കാസര്‍കോട് ജില്ലാ കലക്ടര്‍ വി. എന്‍ ജിതേന്ദ്രനെ കൊല്ലം ജില്ലാ കലക്ടറായി മാറ്റി നിയമിച്ചു. വാര്‍ത്ത ടി.വി.യില്‍ കണ്ട ഉടനെ കലക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. ശരിയാണോ എന്നറിയാന്‍. ജോയിന്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കണ്ടു സംസാരിച്ചിരുന്നു. എന്തായാലും ഒരു വര്‍ഷം ജില്ലയിലുണ്ടാകും എന്നാണ് അന്ന് സൂചിപ്പിച്ചിരുന്നത്. പിന്നെന്തു സംഭവിച്ചു എന്നറിയാനാണ് വിളിച്ചത്. അദ്ദേഹത്തിന്റെ മറുപടി സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ഇന്ത്യയില്‍ എവിടെ പോയി ജോലി ചെയ്യാനും ബാധ്യതപ്പെട്ടവരാണ് ഞങ്ങളെ പോലുളളവര്‍ എന്നായിരുന്നു.

കൊല്ലം ജില്ലയിലേക്കാണ് ട്രാന്‍സ്ഫര്‍ എന്നറിഞ്ഞപ്പോള്‍ കുറച്ചുകൂടി സൗകര്യമായി. സ്വന്തം നാടാണ്. കുടുംബത്തോടൊപ്പം കഴിയാം ഞാന്‍ മനസില്‍ കണ്ടു. അടുത്തദിവസം മറ്റൊരു വാര്‍ത്ത വന്നു. കൊല്ലം ജില്ലാകലക്ടറെ അവിടെ നിലനിര്‍ത്തി. വി.എന്‍ ജിതേന്ദ്രനെ പത്തനം തിട്ടയിലേക്ക് മാറ്റി നിയമിച്ചു എന്ന്.

ഭരിക്കുന്നവരുടെ താല്‍പര്യമാണ് പ്രധാനം. ജനങ്ങളുടെ താല്‍പര്യമല്ല. സമൂഹത്തിന് നന്മ ചെയ്യുന്ന ഉദ്യോഗസ്ഥരെ ഭരണ കര്‍ത്താക്കള്‍ക്ക് ഇഷ്ടമല്ല. അവര്‍ ജനങ്ങള്‍ക്കുവേണ്ടിയല്ലല്ലോ ഭരിക്കുന്നത്. സ്വന്തം താല്‍പര്യം സംരക്ഷിക്കാനല്ലേ കോടികള്‍ മുടക്കി ഭരണത്തിലേറുന്നത്? വി.എന്‍. ജിതേന്ദ്രന്‍ എന്ന ജനകീയ കലക്ടറുടെ പ്രവര്‍ത്തന ശൈലി ഭരണ കക്ഷിയില്‍പെട്ട ചിലര്‍ക്ക് ദഹിച്ചില്ല. അവര്‍ ആഗ്രഹിക്കുന്നത് പോലെയും അവര്‍ക്കനു കൂലമായും അദ്ദേഹം പ്രവര്‍ത്തിച്ചില്ല എന്നാണ് പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്.

വി.എന്‍ ജിതേന്ദ്രന്‍ കാസര്‍കോട് കലക്ടറായി വരുന്നു എന്നറിഞ്ഞതു മുതല്‍ ഇവിടുത്തെ സാധാരണക്കാര്‍ ആഹ്ലാദിക്കുകയായിരുന്നു. അദ്ദേഹം ജില്ലയിലെ സാധാരണ ജനവിഭാഗങ്ങളുടെ ജീവിതം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്. ജില്ലയിലെ ദളിതരുടെ കോളനികളിലെല്ലാം അദ്ദേഹം എത്തിയിട്ടുണ്ട്. ഇവിടെ ഏതൊക്കെ മേഖലകളിലാണ് വികസനം അനിവാര്യമായി നടക്കേണ്ടതെന്ന്. അദ്ദേഹത്തിന് അറിയാമായിരുന്നു. ഇതിനൊക്കെ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നത് ജില്ലയില്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറായി രണ്ട് മൂന്ന് വര്‍ഷം സേവനം ചെയ്തപ്പോഴാണ്.

അദ്ദേഹം സാധാരണ എ.ഡി.സിമാരെ പോലെ കലക്ടറേറ്റിന്റെ നാലു ചുവരുകള്‍ക്കുളളില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയല്ല സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളിയാവാന്‍, സ്വയം സന്നദ്ധമായി ജില്ലാ കോ ഓര്‍ഡിനേറ്ററായി ചാര്‍ജെടുത്ത ആളാണ്. സാധാരണക്കാരായ വ്യക്തികളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധത കാണിച്ചു. പ്രവര്‍ത്തന ചാതുരിയും, സംഘടനാപാടവും, ബുദ്ധിപൂര്‍വ്വമായ ആസൂത്രണ- നിര്‍വ്വഹണ മേന്മയും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം.

രണ്ടു വര്‍ഷക്കാലം അദ്ദേഹത്തോടൊപ്പം സാക്ഷരതാ- തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നിയിട്ടുണ്ട്. കാര്‍ക്കശ്യമുണ്ട്. നന്മ കാണാനുളള മനസ് അതിനേക്കളേറെയുണ്ട്. സമയ പരിധിയൊ, ദുര പരിധിയോ അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല. പുലരുവോളം ഇരുന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യും രാവും പകലും യാത്ര ചെയ്യാനും സദാസന്നദ്ധന്‍

അദ്ദേഹം ജില്ലയിലുണ്ടായിരുന്നപ്പോള്‍ രണ്ട് ജില്ലാ കലക്ടര്‍മാര്‍ വിവിധ കാലയളവില്‍ ഇവിടെ ഉണ്ടായിരുന്നു. ജെ. സുധാകരനും, പി. കമാല്‍ കുട്ടിയും. ഇരുവരുടേയും കണ്ണിലുണ്ണിയായിരുന്നു. ജിതേന്ദ്രന്‍. എല്ലാ പ്രശ്‌നങ്ങളിലും അവരുടെ വലതുകൈയായി പ്രവര്‍ത്തിച്ചത് ജിതേന്ദ്രനായിരുന്നു. അന്ന് സാക്ഷരതാ പ്രവര്‍ത്തകരായ ഞങ്ങള്‍ കരുതി ജിതേന്ദ്രന്‍ കലക്ടറായി വന്നിരുന്നെങ്കില്‍ എന്ന്. ആ ആഗ്രഹം സാക്ഷാല്‍ക്കരിച്ച സന്തോഷത്തിലായിരുന്നു ഞങ്ങളൊക്കെ. അദ്ദേഹത്തിന്റെ കര്‍മ്മ ശക്തി പ്രയോജനപ്പെടുത്താന്‍ അനുവദിക്കാത്ത രാഷ്ട്രീയ ഇടപാടുകാരെക്കുറിച്ച് എന്തു പറയാന്‍?

വി.എന്‍ ജിതേന്ദ്രനുമൊത്തു പ്രവര്‍ത്തിക്കുമ്പോള്‍ പരസ്പരം പലകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്താറുണ്ട്. സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. സന്നദ്ധ സംഘടനാ പ്രവര്‍ത്തക കേമ്പില്‍ അദ്ദേഹം ചെയ്ത ഒരു ആഹ്വാനം ഇന്നും ഞാന്‍ ഓര്‍ത്തു പോവുകയാണ്. അദ്ദേഹം പറഞ്ഞു അവനവനെ സ്വന്തം ജീവിതവുമായി ബന്ധിക്കുന്ന സ്വാര്‍ത്ഥതയുടെ ചങ്ങല വലിച്ചു പൊട്ടിച്ച് സ്വതന്ത്രരാകണം. എല്ലാത്തരം പരാധീനതകളില്‍ നിന്നും സ്വതന്ത്രനാകാനുളള മനുഷ്യേച്ഛയെ ആവാഹിച്ചെടുത്ത് അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ക്ക് തിരിച്ചു നല്‍കണം. ആഗോളവല്‍ക്കരണത്തെയും, അധികാരത്തിന്റെ അമിതമായ കേന്ദ്രീകരണത്തെയും പ്രയോഗത്തെയും തിരസ്‌ക്കരിക്കണം. നീതിയുടെയും അവസര സമത്വത്തിന്റെയും സാന്ത്വനം സാധാരണക്കാരന് സ്വഭാവികമായി കിട്ടുന്ന വ്യവസ്ഥയ്ക്ക് വേണ്ടി അവിരാമം പരിശ്രമിച്ചുകൊണ്ടേയിരിക്കണം.

മേലുദ്ധരിച്ച അദ്ദേഹത്തിന്റെ പ്രസ്താവനവും, പ്രവര്‍ത്തനവും തമ്മില്‍ ഏറെ ബന്ധമുണ്ട്. നീതിയും സമത്വവും സാധാരണക്കാരന് സ്വാഭാവികമായി കിട്ടണം എന്ന് പറഞ്ഞ വി. എന്‍ ജിതേന്ദ്രന്‍ അതേ പോലെ അനുഭവത്തിലൂടെ ചെയ്തു കൊടുക്കുന്നതും ഞാന്‍ നേരിട്ടനുഭവിച്ചു. കലക്ടര്‍ സാറിനെ കാണാന്‍ കടലാസ് കഷണവുമായി തൊഴുകയ്യോടെ വിറച്ചു നില്‍ക്കാതെ നവ സാക്ഷരനും, നിരക്ഷരനും ദളിതനും അദ്ദേഹത്തെ നേരിട്ടുകാണാനും ആവശ്യങ്ങള്‍ ഉന്നയിക്കാനും അവസരം നല്‍കി.

അധികാരത്തിന്റെ അമിതമായ പ്രയോഗമാണ് ഇന്ന് അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മേലാളരുടെ അതൃപ്തിക്ക് പ്രാത്രീ ഭൂതനായപ്പോള്‍ ആ നല്ല മനുഷ്യ സ്‌നേഹിയായ ഉദ്യോഗസ്ഥനെ എടുത്തെറിയുകയാണ് ചെയ്തത്. ഈ അപ്രീതിക്ക് കാരണവും പൊതുജനം അറിയേണ്ടെ? പരിസ്ഥിതി സംരക്ഷണ വ്യവസ്ഥയുടെ പുന:സ്ഥാപനത്തിനായി അദ്ദേഹം ശ്രമിച്ചു. മണല്‍ ലോബിക്ക് ഈ പ്രവൃത്തി സഹിച്ചില്ല. നിയമത്തിന്റെ വഴിവിടുളള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കലക്ടര്‍ തയ്യാറായില്ല. ഇതാണദ്ദേഹം ചെയ്ത തെറ്റ്. ഇതെന്തു ജനാധിപത്യ ഭരണം എന്ന് നാം ചിന്തിക്കണം. ആരാണ് ജനത്തെ ഭരിക്കുന്നത്. സമ്പത്ത് മുഴുവന്‍ കൈക്കലാക്കി വെച്ചവര്‍, അധികാരം സ്വാര്‍ത്ഥയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നവര്‍. നാട്ടിന്റെ- പ്രകൃതിയുടെ സംരക്ഷണത്തിന് തന്റെ അധികാരം പരിധിയില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ചതിന് കലക്ടര്‍ക്ക് കിട്ടിയ സമ്മാനമാണ് ഈ നാടുകടത്തല്‍.

കഴിഞ്ഞ ഏഴുമാസത്തിനുളളില്‍ ചെയ്ത ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങള്‍ മേലാളന്മാര്‍ കണ്ടില്ല. അവര്‍ അത് കാണില്ല. നാട്ടിനും നാട്ടാര്‍ക്കും നന്മ ചെയ്‌തോ ഇല്ലയോ ഒന്നും അവര്‍ക്കറിയേണ്ടല്ലോ? ഗോഡൗണുകളില്‍ ശേഖരിച്ചു വെച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കിക്കളയാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചു. പഞ്ചായത്തി രാജ് സംവിധാനം ശക്തപ്പെടുത്താന്‍ അദ്ദേഹം ഇടപെട്ടു. കുന്നിടിക്കലിനെതിരെ പ്രായോഗിക പദ്ധതി നടപ്പാക്കി. രോഗികള്‍ക്കും, ദളിതര്‍ക്കും, സഹായമേകുന്ന നിരവധി പദ്ധതികള്‍ പ്രയോഗത്തില്‍ വരുത്തി. പുതിയ വികസന ആശയങ്ങള്‍ക്കു രൂപം നല്‍കാന്‍ രാപകല്‍ അധ്വാനിക്കുകയായിരുന്നു അദ്ദേഹം.

പിന്നോക്ക ജില്ലയെന്ന് എന്നും പാടിനടക്കുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അത് മാറ്റിയെടുക്കാനുളള കര്‍മ്മ പദ്ധതി ഒരു വര്‍ഷത്തിനകം നടപ്പാക്കാന്‍ അദ്ദേഹം പാടുപെടുകയായിരുന്നു. അങ്ങിനെയൊരാളെയാണ് നിഷ്‌ക്കരുണം ജന താല്‍പര്യം കണക്കിലെടുക്കാതെ ഭരണക്കാര്‍ തട്ടിക്കളഞ്ഞത്.

ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം വി.എന്‍ ജിതേന്ദ്രന്റെ പ്രവര്‍ത്തന ശൈലി അറിയാം. അധികാരത്തിന്റെ ശീതളഛായയില്‍ അതൊക്കെ മറന്നു പോകുന്നു എന്ന് കാണുമ്പോള്‍ കഷ്ടം തോന്നുന്നു.

സാക്ഷരതാ പ്രവര്‍ത്തന കാലഘട്ടത്തില്‍ കാസര്‍കോട് ജില്ലയെ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയാക്കി മാറ്റിയെടുക്കാന്‍ വി.എന്‍ ജിതേന്ദ്രന്‍ കാണിച്ച കര്‍മ്മ കുശലത ഏവരാലും ശ്ലാഘിക്കപ്പെട്ടതാണ്. അന്ന് പി.എന്‍ പണിക്കരുടെ കൂടെ കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തിയ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ മുന്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ് സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, പി. ഗംഗാധരന്‍ നായര്‍, തുടങ്ങിയവരൊക്കെ. വി.എന്‍. ജിതേന്ദ്രന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായിരിക്കേ മുന്‍ പറഞ്ഞവരൊക്കെ അദ്ദേഹത്തിന്റെ സജീവമായി സാക്ഷരതാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു.

ഇവരൊക്കെയാണ് ജില്ലാകലക്ടറായി വി.എന്‍ ജിതേന്ദ്രനെ സ്ഥലം മാറ്റാന്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയതെന്ന് ചില പത്രങ്ങളില്‍ വായിക്കിനിടയായതു കൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്. അവരുടെ ഭാഗത്ത് നിന്ന് അങ്ങിനെ ഒരു നീക്കം ഉണ്ടാവാന്‍ ഇടയില്ലായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പല സംഘടനകളും വ്യക്തികളും വി.എന്‍ ജിതേന്ദ്രനെ മാറ്റിയതില്‍ പ്രതിഷേധിക്കുകയും ജില്ലയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒരു കാര്യം തീര്‍ച്ച ഏത് തീക്ഷ്ണമായ പരീക്ഷണത്തെയും അതിജീവിക്കാന്‍ കഴിവുളള വ്യക്തിയാണ് വി.എന്‍ ജിതേന്ദ്രന്‍. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പ്രതീക്ഷാ സാന്ദ്രമായ ഒരു പുത്തന്‍ ലോകത്തെക്കുറിച്ചുളള വന്യമായ സ്വപ്നങ്ങള്‍ കാണുന്ന വ്യക്തിയാണ് അദ്ദേഹം.

നീതിമാന്മാരായ ഉദ്യോഗസ്ഥരെ വെച്ചു പൊറുപ്പിക്കാത്തവര്‍
-കൂക്കാനം റഹ്മാന്‍

Keywords: Transfer, District collector, V.N.Jithendran, Kasaragod, Article, Kookanam Rahman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia