city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുരുത്തിയെ ആര്‍ക്കാണ് തീവ്രവാദത്തിന്റെ ഭൂമികയാക്കേണ്ടത്?

റഷീദ് തുരുത്തി

(www.kasargodvartha.com 20.06.2017) കാസര്‍കോട് നഗരസഭയിലെ പതിനാലാം വാര്‍ഡ് ഉള്‍പ്പെടുന്ന, ചന്ദ്രിഗിരി പുഴയാല്‍ വലയം ചെയ്യപ്പെട്ട, പച്ചപ്പ് നിറഞ്ഞ, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന കുറേയധികം നല്ല മനുഷ്യരുളള ശാന്തമായ ഒരു ഗ്രാമപ്രദേശമാണ് എന്റെ തുരുത്തി. ഞാന്‍ തുരുത്തിയെ കുറിച്ച് ഇങ്ങനെ എഴുതാന്‍ കാരണം കഴിഞ്ഞ മാസം തുരുത്തിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട ഒരു പോക്കറ്റ് റോഡിന്റെ പേരുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ അടക്കമുളള ഇന്ത്യയിലെ അറിയപ്പെടുന്നതും, അറിയപ്പെടാത്തതുമായ ഇരുപതില്‍ അധികം പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ്, അതായത് ഉദ്ഘാടനം ചെയ്യപ്പെട്ട പോക്കറ്റ് റോഡിന് നല്‍കിയ പേര് 'ഗാസ സ്ട്രീറ്റ്' എന്നായിരുന്നു. ഇതിനെതിരെ കേന്ദ്ര അന്വേഷണ വിഭാഗമായ എന്‍ ഐ എയും, ഐ ബിയും അന്വേക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്ത തുരുത്തിക്കാരായ ഞങ്ങള്‍ ഞെട്ടലോടെയാണ് വായിച്ചറിഞ്ഞത്.

പിന്നീട് സോഷ്യല്‍ മീഡിയ പരിശോധിച്ചപ്പോള്‍ കാണാന്‍ സാധിച്ചത് തുരുത്തിയെ ഒരു ഭീകര നാടാക്കി ഈ വാര്‍ത്ത ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുളളതാണ്. അതിനിടയില്‍ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന പോലെ കോടതി വഴി എം എല്‍ എ ആകാന്‍ ശ്രമിക്കുന്ന മാന്യ ദേഹവും രാജ്യസ്‌നേഹമറിയിച്ചു കൊണ്ടുളള പോസ്റ്റുമായി ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു, അതോടെയാണ് കാര്യങ്ങളുടെ നീക്കു പോക്ക് എങ്ങോട്ടാണെന്ന് ഏകദേശം മനസിലായത്. നഗരസഭയുടെ ഒരു ഔദ്യോഗിക രേഖയിലും ഉപയോഗിക്കാത്ത ഒരു പേര്, ആ റോഡ് ദിനേന ഉപയോഗിക്കുന്നവര്‍ നല്‍കിയതുമായി ബന്ധപ്പെടുത്തി തുരുത്തിയെ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന് വാര്‍ത്ത കൊടുക്കുന്നവരും കേസ് കൊടുക്കുന്നവരും നശിപ്പിക്കുന്നത് ചിന്തകൊണ്ടു പോലും തീവ്രവാദം ആഗ്രഹിക്കാത്ത ഒരു നാടിന്റെ നല്ല മനസ്സിനെയാണ്. വെറും 150 വീടുകളുളള, ബഹു ഭൂരിപക്ഷം ആളുകളും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഹൃദയം കൊണ്ട് നെഞ്ചേറ്റിയ ഹരിതഭൂമിയാണ് തുരുത്തി.

സമ്പന്നതയുടെ അതിപ്രസരമോ, ദാരിദ്രത്തിന്റെ അതിദാരുണതയോ ഇല്ല, എല്ലാവരും അവരവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ തേടി ജീവിതം നയിക്കുന്നവര്‍. ഗള്‍ഫാണ് തൊഴിലന്വേഷകരുടെ രണ്ടാം നാട്, പിന്നെ കാര്‍ഷികമായി ദൈവം കുറച്ചനുഗ്രഹിച്ച നാട്, വിദ്യ അഭ്യസിക്കാന്‍ ഒരു അങ്കണവാടിയും, യു പി തലം വരെയുളള ഒരു സ്‌കൂളും, ഒരു മദ്രസയുമുണ്ട്, പ്രകൃതി കൊണ്ട് ഏറ്റവും നന്നായി അനുഗ്രഹിച്ച ഒരു നാടിനെയാണ് തീവ്രവാദത്തിന്റെ മേലങ്കി ചാര്‍ത്തി മീഡിയയും, അധികാര കേന്ദ്രങ്ങളും ചാപ്പ കുത്താന്‍ ശ്രമിക്കുന്നത്. 2017 മെയ് മാസത്തില്‍ തുരുത്തി പളളിക്ക് മുന്‍വശത്തെയും, പളളിക്ക് ശേഷമുളളതുമായ നഗരസഭ കോണ്‍ക്രീറ്റ് പൂര്‍ത്തികരിച്ച രണ്ട് പോക്കറ്റ് റോഡുകള്‍ ഉദ്ഘാടനം ചെറിയ രീതിയില്‍ ചെയ്യാന്‍ വാര്‍ഡ് മുസ്ലിംലീഗ് യോഗം തീരുമാനിക്കുന്നു. അങ്ങനെ തീരുമാനം നഗരസഭ ചെയര്‍പേഴ്‌സണെ അറിയിക്കുകയും സമയം കുറിക്കുകയും ചെയ്യുന്നു. പക്ഷേ പളളിക്ക് മുന്‍വശമുളള റോഡിന്റെ ഉദ്ഘാടനം കുറച്ച് ഗംഭീരമാക്കാനുളള ആ പ്രദേശവാസികളുടെ ആഗ്രഹപ്രകാരം മറ്റൊരു ദിവസത്തേക്ക് അതു മാറ്റിവെക്കുകയും ഒരു റോഡിന്റെ ഉദ്ഘാടനം മുന്‍ നിശ്ചയപ്രകാരം ചെയര്‍പേഴ്‌സണ്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നു.

അന്നു തന്നെ ആ പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് റോഡ് ഉദ്ഘാടനം ചെയ്യാനുളള ഒരു തിയ്യതി കണ്ടെത്തുകയും ബഹുമാന്യ ചെയര്‍പേഴ്‌സണെ അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നു. പക്ഷേ ഉദ്ഘാടന ദിവസം ചെയര്‍പേഴ്‌സണ് ഒഴിവാക്കാനാകാത്ത മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ചെയര്‍പേഴ്‌സണ്‍ അക്കാര്യം തീരുമാനം വാര്‍ഡ് കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൗണ്‍സിലറുമായി ആശയവിനിമയം നടത്തുന്നതിനിടയിലാണ് അറിയാന്‍ കഴിഞ്ഞത് അന്ന് ഉച്ചയ്ക്ക് എം എല്‍ എ യും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുളള ജനപ്രതിനിധികളും, നേതാക്കളും ഒരു സ്വകാര്യ ചടങ്ങിന് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ടി എ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലേക്ക് വന്നിട്ടുണ്ടെന്ന്. അങ്ങനെ ഞങ്ങള്‍ അവിടെ പോവുകയും ബഹുമാന്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജി സി ബഷീറിനെ കാണുകയും ചെയര്‍പേഴ്‌സന്റെ അഭാവത്തില്‍ റോഡ് ഉദ്ഘാടനം താങ്കള്‍ നിര്‍വ്വഹിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് എ ജി സി ബഷീര്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതാണ് സത്യാവസ്ഥ, അല്ലാതെ ഐസിസിലേക്ക് ആളെ റിക്രൂട്ട് ചെയ്യലോ ഒന്നുമല്ല, മാത്രമല്ല ഗാസ എന്നത് ഇന്ത്യയുടെ സൗഹൃദ രാജ്യമായ ഫലസ്തീന്റ ഹൃദയഭൂമിയാണ്. അത് തീവ്രവാദികളുടെ ഇടമാണെന്ന് ലോകത്തെവിടെയും ആരും പറയുന്നില്ല. ഗാസ ഇരകളുടെ പ്രതീകമാണ്, ഇസ്രയേല്‍ സയണിസ്റ്റുകളുടെ അക്രമങ്ങളുടെയും ക്രൂരതകളുടെയും പ്രതീകം. പണ്ട് ഇന്ത്യ- പാക്കിസ്ഥാന്‍ കാര്‍ഗില്‍ യുദ്ധമുണ്ടായപ്പോള്‍ തുരുത്തിയിലെ കൈവരി പുഴയിലെ പാലത്തിന് നാട്ടുകാര്‍ നല്‍കിയ പേര് കാര്‍ഗില്‍ എന്നായിരുന്നു. തികഞ്ഞ മതേതര വാദികളും രാജ്യസ്‌നേഹികളുമാണ് തുരുത്തിയിലെ സാധാരണ ജനങ്ങള്‍. വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പോലും ആഗ്രഹിക്കാത്ത ജനങ്ങള്‍. തുരുത്തിയിലെ ജനങ്ങളുടെ മതേതര മനസ്സറിയാന്‍ തുരുത്തി സ്‌കൂളിലെ അധ്യാപകരോട് ചോദിച്ചാല്‍ മതി. ഒരു നോട്ടം കൊണ്ടു പോലും അന്യമതസ്ഥരോട് വിവേചനം കാണിച്ചിട്ടില്ല തുരുത്തിക്കാര്‍. തീവ്രവാദ കേന്ദ്രം പോയിട്ട് ഒരു തീവ്രവാദ സംഘടനക്കും വേച്ച് വേച്ച് നടക്കാനുളള അവസരം പോലും നല്‍കിയിട്ടില്ല തുരുത്തി പ്രദേശത്തുകാർ.

ഇന്ത്യന്‍ സ്വാതന്ത്രദിനം മദ്രസയിലും, സ്‌കൂളിലും, പാര്‍ട്ടി ഓഫീസുകളിലും നന്നായി ആഘോഷിക്കുന്നവര്‍, പക്ഷേ എന്നിട്ടും ഇന്ന് ഇന്ത്യയിലെ പല മാധ്യങ്ങളും, അന്വേഷണ വിഭാഗവും തുരുത്തിയെ തീവ്രവാദ കേന്ദ്രമാക്കിയിരിക്കുന്നു. അതിന് പെട്രോളൊഴിച്ച് കൊടുക്കാന്‍ ചില കഴുകന്‍മാരും. എന്തൊരു വിരോധാഭാസമാണിത്. കേവലം ഒരു പോക്കറ്റ് റോഡിന്റെ പേരിനാണ് ഇത്ര വലിയ അംഗീകാരപട്ടം ചാര്‍ത്തി തരുന്നത്. ഒരിക്കല്‍ ഞാനെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു, ഒരാള്‍ പോലും തീവ്രവാദിയായി ജനിക്കുന്നില്ല, ഒരു നാടും തീവ്രവാദം ആഗ്രഹിക്കുന്നില്ല പക്ഷേ ചിലരുടെ ഇടപെടല്‍, ചില വാര്‍ത്തകള്‍, ചില ഗൂഢാലോചനകള്‍ ചിലരെ തീവ്രവാദികളാക്കുന്നു, അങ്ങനെ ആകാനുളള മനസ്സു പോലും തുരുത്തി നിവാസികള്‍ക്കില്ല.

ഇത്തരം വാസ്തവ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമ ശിഖണ്ഡികളെ സമൂഹത്തിന് മുന്നില്‍ വലിച്ചു കീറപ്പെടണം. എന്നാലെ ഈ രാജ്യത്തെ മാധ്യമ വേശ്യാവൃത്തി അവസാനിക്കൂ. സത്യം അത് ഒരു നാള്‍ പുറത്ത് വരിക തന്നെ ചെയ്യും, ആര്‍ക്കാണ് തുരുത്തിയെ തീവ്രവാദ കേന്ദ്രമാക്കണമെന്ന സത്യം അതിനായി കാത്തിരിക്കാം...

തുരുത്തിയെ ആര്‍ക്കാണ് തീവ്രവാദത്തിന്റെ ഭൂമികയാക്കേണ്ടത്?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Road-damage, Road Concrete, Thuruthi, Gaza Street, Rasheed Thuruthi,who wants to make Thuruthi as the land of terror 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia