city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലെറിയുന്നവര്‍ ആര്?

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 05/02/2015) സുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുന്നതും ആളുകള്‍ക്കു പരിക്കേല്‍ക്കുന്നതും അതു സംഘര്‍ഷത്തിനു വഴിവെക്കുന്നതും നമ്മുടെ നാട്ടില്‍ പതിവാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സംഘടനകളുടെയും സമ്മേളനങ്ങള്‍ക്കു ആളുകളെയും കൊണ്ടു പോകുമ്പോഴോ, വരുമ്പോഴോ ആണ് കൂടുതലും കല്ലേറുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ആര്‍.എസ്.എസിന്റെ വിജയശക്തി സമ്മേളനത്തോടനുബന്ധിച്ചു ജില്ലയുടെ ചില പ്രദേശങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടാവുകയും അത് സംഘര്‍ഷത്തിനു വഴിവെക്കുകയും ചെയ്തത് ഇവിടെ ചേര്‍ത്തുവായിക്കണം.

വാടകപോയി കിട്ടിയതിനേക്കാള്‍ ചെലവ് തകര്‍ന്ന ബസുകള്‍ നന്നാക്കാന്‍ വേണ്ടിവന്നതായി ഉടമകള്‍ പറയുന്നു. ബസുകളുടെ വില കൂടിയ ഗ്ലാസുകളും ബോഡിയും ലൈറ്റും എല്ലാം കല്ലേറില്‍ തകര്‍ന്നു പോയിട്ടുണ്ട്. ഏതാനും യാത്രക്കാര്‍ക്കും കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അനന്തരമുണ്ടായ അക്രമത്തിലാണ് ബോവിക്കാനത്ത് കടകള്‍ക്കും വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ കല്ലേറുണ്ടായത്. കല്ല് ആരെറിഞ്ഞു, എന്തിനെറിഞ്ഞു എന്ന കാര്യം അവിടെ നില്‍ക്കട്ടെ. എറിഞ്ഞു എന്നത് വസ്തുതയാണ്. അതു കുഴപ്പത്തിനു വഴിവെച്ചു എന്നതും അനിഷേധ്യമാണ്.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ബൈബിള്‍ സൂക്തം ഇവിടെ പ്രസക്തമാവുന്നു. ആരൊക്കെയോ കല്ലെറിഞ്ഞു. അത് പലേടത്തും കൊണ്ടു. കല്ലിനും കലാപമുണ്ടാക്കാന്‍ കഴിയുമെന്നത് പുതിയ കാര്യമൊന്നുമല്ല.

കല്ലായിരുന്നു മനുഷ്യവര്‍ഗം ആദ്യമായി ഉപയോഗിച്ച ആയുധമെന്നാണ് ചരിത്രവും ശാസ്ത്രവും ഒരുപോലെ പറയുന്നത്. പോലീസുകാര്‍ക്കു കല്ലേറു തടുക്കാനുള്ള പരിചയും കുപ്പായവും തൊപ്പിയും ഉണ്ടായതും വാഹനം കണ്ടുപിടിച്ചതും കല്ലു വലിയൊരു ആയുധമായതു കൊണ്ടു തന്നെയാണ്. കല്ലിനുമുണ്ടു ലോക ചരിത്രത്തില്‍ ഒരുപാടു കഥ പറയാന്‍ എന്നു സാരം.

കല്ലേറു തടുക്കാനുള്ള ഉപാധികളേക്കാള്‍ പരിഷ്‌കൃത മനുഷ്യനു വേണ്ടത് എറിയാനെടുത്ത കല്ല് കൈയില്‍ നിന്നു താഴെയിടീക്കാനുള്ള മനോഭാവമാണ്. കല്ലെറിഞ്ഞവനെയും കല്ലെറിയാത്തവനെയും കല്ലെറിഞ്ഞോ, വടിയെറിഞ്ഞോ, ബോംബെറിഞ്ഞോ വീഴ്ത്തലല്ല ജയമെന്നും അവനെ വാക്കുകൊണ്ടു വീഴ്ത്തുന്നതിലാണെന്നും നാം തിരിച്ചറിയണം.

ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായിട്ടുണ്ടെങ്കില്‍ ബോവിക്കാനത്തെ മുസ്ലിം പള്ളി എന്തു പിഴച്ചുവെന്നു നമുക്കു ചോദിക്കാന്‍ കഴിയണം. കല്ലെറിഞ്ഞവരെ പിടികൂടാനല്ലേ പോലീസ്! വേണമെങ്കില്‍ കല്ലെറിഞ്ഞവരെ പിടിച്ചു പോലീസിനു കൈമാറാം. അതല്ലെങ്കില്‍ സമാധാനപരമായി പ്രതിഷേധിക്കാം. അതല്ലാതെ അക്രമത്തെ ചെറുക്കേണ്ടതു അതു പോലെയോ, അതിലും ഭീകരമായോ അക്രമം അഴിച്ചു വിട്ടല്ല എന്നും നമുക്കു ചിന്തിക്കാന്‍ കഴിയണം.

തികഞ്ഞ അച്ചടക്കത്തോടെ, കാല്‍ ലക്ഷത്തിലേറെ പേരെ പങ്കെടുപ്പിച്ചു സമ്മേളനം നടത്താന്‍ സാധിച്ച ആര്‍.എസ്.എസിനെ പോലുള്ള ഒരു സംഘടനയ്ക്കു ആ വഴിക്കു കൂടി കാര്യങ്ങളെ സമീപിക്കാനുള്ള മനസുണ്ടാവണമെന്നു ആഗ്രഹിച്ചു പോകുന്നു. അതു പോലെ തന്നെ കല്ലെറിയുന്നവരും.

ഇന്ത്യന്‍ ഭരണകൂടം അനുവദിക്കുന്ന അവകാശവും സ്വാതന്ത്ര്യവും നാട്ടുവഴക്കവും പ്രകാരം ആരും എന്തുപരിപാടിയും നടത്തിക്കോട്ടെ. അതില്‍ എന്തിനു അസഹിഷ്ണുത കാട്ടണം! റോഡുകള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതല്ലേ? സംഘടിക്കാനും ആശയപ്രകാശനത്തിനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ!

ആശയപരമായി ഇരു ധ്രുവങ്ങളില്‍ നിലകൊള്ളുന്നവരാണെങ്കില്‍ പോലും പരസ്പര ബഹുമാനവും അപരന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനുള്ള മനോഭാവവും ഉണ്ടാകണം. അതോടൊപ്പം ആശയപരമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സാധിക്കണം. അതു സാധിക്കുമ്പോള്‍ എറിയാനോങ്ങിയ കല്ലുകള്‍ താഴെ വീഴുന്നതു കാണാം.
കല്ലെറിയുന്നവര്‍ ആര്?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Article, Stone pelting, Ravindran Pady, Bovikkanam,  Bus, Glass.  

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia