city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.എ അബ്ബാസ് ഹാജി: കര്‍മ മണ്ഡലം പ്രോജ്വലമാക്കിയ ധിഷണ ശാലി

മുനീര്‍ പി. ചെര്‍ക്കളം

(www.kasargodvartha.com 11/12/2015) വ്യാഴാഴ്ച അന്തരിച്ച യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ടും, ദുബൈ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന പി.എ അബ്ബാസ് ഹാജി പ്രവാസി പ്രശ്‌നങ്ങള്‍ അധികാര കേന്ദ്രങ്ങളിലെത്തിക്കുകയും സംഘടനാ ബോധം ഊട്ടിയുറപ്പിച്ച് കെ.എം.സി.സിയെ ജനകീയമാക്കി മാറ്റുന്നതില്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനിയുമായിരുന്നു. ജീവകാരുണ്യ മേഖലയില്‍ തുല്യതയില്ലാത്ത രീതിയില്‍ നിരാലംബരുടേയും ആശയറ്റ് ജീവിക്കുന്ന അനേകായിരങ്ങളുടെ ആശാ കേന്ദ്രമാക്കി കെ.എം.സി.സിയെ മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക നേതൃത്വ പദവി അലങ്കരിച്ച ധിഷണശാലിയായിരുന്നു അബ്ബാസ് ഹാജി.

കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റം വന്‍ തോതിലുള്ള തള്ളിക്കയറ്റത്തോടെ വര്‍ധിക്കുകയും ജീവിക്കാനും ജീവിപ്പിക്കാനുമുള്ള കഠിന പ്രയത്‌നത്തിനിടയില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലും പ്രശ്‌നങ്ങളിലും അബ്ബാസ് ഹാജി എടുത്തിട്ടുള്ള നിലപാടുകള്‍ വിലമതിക്കാനാവാത്തതും എന്നും സ്മരിക്കത്തക്കതുമാണ്. ഇന്ത്യന്‍ എംബസിയും കോണ്‍സിലേറ്റുമായി അദ്ദേഹം ഉണ്ടാക്കിയെടുത്ത ബന്ധം നേതൃത്വ പദവി ഒഴിഞ്ഞ് കാലങ്ങളായിട്ടും കെ.എം.സി.സിയും മേല്‍ സ്ഥാപനങ്ങളുമായി അനുസ്യൂതം തുടരുന്ന സഹകരണത്തിന് സഹായകരവും അത് സാധാരണക്കാരായ പ്രവാസി സമൂഹത്തിനുള്ള പാസ്‌പോര്‍ട്ട്, വിസ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍ക്ക് നേര്‍ ദിശയൊരുക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആദ്യകാല കൂട്ടായ്മയായ ചന്ദ്രിക റീഡേര്‍സ് ഫോറത്തിന്റെ സ്ഥാപക നേതാവും പിന്നീട് കെ .എം.സി.സിയായി നിലവില്‍ വന്നതിന് ശേഷം സ്ഥാപക പ്രസിഡണ്ടും യു.എ.ഇ കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അബ്ബാസ് ഹാജിയുടെ നേതൃത്വത്തില്‍ കെ.എം.സി.സി ദുബൈ ഭരണ തലങ്ങളില്‍ നിന്ന് പ്രവര്‍ത്തന അംഗീകാരം നേടിയെടുക്കുകയും കോണ്‍സുല്‍ സേവനങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി ഓഫീസില്‍ സൗകര്യമൊരുക്കുകയും ചെയ്തു. ഇന്നും അത് തുടരുകയും ചെയ്യുന്നു. വളരെ ജനപ്രിയമായതും പ്രവാസികള്‍ക്ക് ഏറെ ഗുണപരവുമായ സുരക്ഷാ സ്‌കീം അടക്കമുള്ള പദ്ധതികളുടെ സൂത്രധാരനും അദ്ദേഹമായിരുന്നു.

സംഘടനാ സ്വാതന്ത്ര്യം നിലവില്ലാതിരുന്ന കാലത്ത് കൂട്ടായ്മ ബോധമുണര്‍ത്തുകയും ദേരയിലെ ഹൃദയഭാഗമായ സബക്കയില്‍ തന്റെ വ്യാപാര സ്ഥാപനത്തിന്റെ ഓഫീസ് കെ.എം.സി.സിക്കായി വിട്ടുകൊടുക്കുകയും സഹായങ്ങള്‍ തേടിയെത്തുന്നവര്‍ക്ക് മുമ്പില്‍ പുഞ്ചിരി തൂകിനിന്ന് സഹായമൊരുക്കിക്കൊടുക്കുകയും ചെയ്ത മഹാ മനീഷിയായിരുന്നു അദ്ദേഹം. ഉന്നതരുമായി കാത്തുവെച്ചിരുന്ന സുഹൃദ് ബന്ധം പ്രവാസികളെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങളിലേക്ക് പൊതു ശ്രദ്ധയില്‍ കൊണ്ട് വരാന്‍ അദ്ദേഹത്തിന് സഹായകരമായി.

കോഴിക്കോട് എയര്‍പോര്‍ട്ട് യൂസേസ് ഫീ എടുത്ത് കളയാനും, വിദേശത്ത് മരണമടയുന്നവരുടെ ദേഹം നാട്ടിലെത്തിക്കാനെടുക്കുന്ന കാല താമസം കുറക്കാനും കെ.എം.സി.സിയിലൂടെ അദ്ദേഹത്തിന്റെ ഉന്നത ബന്ധങ്ങളിലൂടെ സാധ്യമായവയാണ്. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുമായും പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധിയുമായും പ്രവാസികളുടെ പ്രശ്‌ന പരിഹാരം തേടി കെ.എം.സി.സി നേതാക്കളേയും കൂട്ടി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമുണ്ടായി.

ബാബരി ധ്വംസനത്തില്‍ വികാര വിക്ഷോപത്തോടെ അറബ് രാജ്യത്തെ നിയമ വ്യവസ്ഥ പോലും മറന്ന് മതേതര വിശ്വാസികള്‍ തെരുവിലിറങ്ങുമെന്ന ഘട്ടത്തില്‍ സബക്ക ഓഫീസ് പരിസരത്ത് അവരെ സംഘടിപ്പിച്ച് സമാധാനപരമായി ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് മാര്‍ച്ച് നടത്തി പിരിച്ചയച്ച് അദ്ദേഹം മാതൃക കാട്ടി. മത - രാഷ്ട്രീയ - സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്ന അദ്ദേഹം വലിയ വ്യാപാര പ്രമുഖനായിരുന്നിട്ടും പ്രവാസം നിര്‍ത്തി മടങ്ങുമ്പോള്‍ മഹിതമായ പ്രവര്‍ത്തന പരതയിലൂടെ സമ്പാദിച്ച നിസ്വാര്‍ത്ഥ സൗഹൃദങ്ങള്‍ മാത്രമാണ് ബാക്കി വെച്ചിരുന്നത്. സമ്പത്തും സമയവും സര്‍വസ്വവും സമൂഹത്തിനായി നീക്കി വെച്ച പൂര്‍വ സൂരികളായ നേതാക്കളുടെ ഗണത്തിലാണ് പി.എ അബ്ബാസ് ഹാജി എന്ന മഹാ മനീഷിയുടെ സ്ഥാനവും.

പി.എ അബ്ബാസ് ഹാജി: കര്‍മ മണ്ഡലം പ്രോജ്വലമാക്കിയ ധിഷണ ശാലി

(ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ട്രഷററാണ് ലേഖകന്‍)

Related News: കെ എം സി സി സ്ഥാപക നേതാവും പൗര പ്രമുഖനുമായ പി എ അബ്ബാസ് ഹാജിനിര്യാതനായി

Keywords : Article, UAE, KMCC, Leader, Remembrance, P.A Abbas Haji, Committee, Muneer P Cherkalam, When remembering PA Abbas Haji.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia