city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ 14 കാരിയായ മകള്‍ക്കു എന്തു സംഭവിക്കും?

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 17.09.2014) ദളിത് കോളനികളിലെ ജീവിതങ്ങള്‍ ഇന്നും അസ്വസ്ഥതകളുടെ നിഴലില്‍ തന്നെ. ആരു വിചാരിച്ചാലും ഇവരെ മാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. സാക്ഷരതാദിനവുമായി ബന്ധപ്പെട്ട് പങ്കെടുത്ത ഒരു യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിത്തോന്നി. സ്ഥലം മാനടുക്കം ശാസ്ത്രിനഗര്‍ ഹരിജന്‍ കോളണി. പ്രസ്തുത കോളണിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കള്‍ എം.എല്‍.എ.യെ വന്നു കണ്ടു. കോളണിയുടെ ദുരിതങ്ങള്‍ നേരിട്ടു പറഞ്ഞു. അതുകേട്ട അദ്ദേഹം പ്രസംഗമധ്യേ സൂചിപ്പിച്ച കാര്യം ഇങ്ങിനെ.

ഇന്ത്യയില്‍ കാര്യങ്ങള്‍ നടന്നുപോകുന്നത് ഭരണഘടന അനുസരിച്ചാണ്. ആ ഭരണഘടന നിര്‍മിച്ചത് നിങ്ങളില്‍ ഒരാളാണ്. നിങ്ങള്‍ക്കും അത് പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവ് നേടാന്‍ പറ്റും. ഇന്ത്യയിലെ പരമോന്നത സ്ഥാനമാണ് രാഷ്ട്രപതിക്കുളളത്. ഇന്ത്യന്‍ രാഷ്ട്രപതിയായി ഇരുന്നത് നിങ്ങളുടെ ആളാണ്. നിരവധി ഐ.എ.എസുകാരും, ഐ.പി.എസുകരും നിങ്ങളുടെ ആളുകളാണ്. പിന്നെന്തേ നിങ്ങള്‍ പിന്നാക്കാവസ്ഥ പറഞ്ഞു വിലപിക്കുന്നു? ഉയരണം. പഠിക്കണം. മുന്നേറണം എങ്കിലേ പിന്നാക്കാവസ്ഥ മാറൂ.

അതേ സ്‌റ്റേജില്‍ സന്നിഹിതനായിരുന്ന കെ. കുഞ്ഞിരാമനും ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി. നിങ്ങളുടെ അടുത്ത കോളണിയിലെ പ്രതിഭ എന്ന  ദളിത് പെണ്‍കുട്ടി കഴിഞ്ഞ എം.ബി.ബി.എസ്. എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയില്ലേ? പിന്നാക്കക്കാരാണെന്ന് പറഞ്ഞ് എന്നും ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കാതെ കാര്യങ്ങള്‍ മനസിലാക്കി മുന്നേറാനുളള കരുത്ത് കാണിക്കണമെന്നാണ് അദ്ദേഹവും പറഞ്ഞുവെച്ചത്.

ആ പ്രസംഗങ്ങള്‍ കേട്ടുകൊണ്ടിരുന്ന എനിക്ക് തോന്നിയത് ഇങ്ങനെയാണ്.  പറയാന്‍ എളുപ്പമാണ്, പ്രയോഗത്തില്‍ വരുത്താനാണ്  പ്രയാസം. ദാരിദ്ര്യത്തേക്കാളുപരി മാനസിക അടിമത്തമാണ് ഇവരെ നയിക്കുന്നത്. ഞങ്ങള്‍ക്കിങ്ങനെയേ ആവാന്‍ കഴിയൂ. എന്ന ചിന്ത ഇവരെ ഭരിക്കുന്നു. ഞങ്ങള്‍ ഇങ്ങനെയൊക്കെ ജീവിച്ചുപോയ്‌ക്കോളാം. ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല എന്ന ചിന്തയും.

പല ദളിത് കോളണിയിലെയും ജനങ്ങള്‍ ജീവിതം ആസ്വദിക്കുകയാണ്. അവരുടെ ജീവിതാസ്വാദനത്തിന്റെ രീതി വേറൊന്നാണ്. അധ്വാനിക്കും. അതിനനുസരിച്ച് കൂലിയും കിട്ടും. അത് അന്നന്ന് തീര്‍ക്കും. ഭക്ഷണകാര്യത്തില്‍ ശുഷ്‌കാന്തിയൊന്നുമില്ല. കിടന്നുറങ്ങുന്നതും അങ്ങനെ തന്നെ. മദ്യം ഒഴിച്ചുകൂടാനാവാത്ത അവിഭാജ്യ ഘടകമാണവര്‍ക്ക്. അത് ഉളളില്‍ കടന്നാല്‍ പിന്നൊന്നും ചിന്തിക്കേണ്ടല്ലോ?

കഴിഞ്ഞയാഴ്ച ഒരു ദളിത് കോളണിയില്‍ നടന്ന സംഭവം വായനക്കാരുമായി പങ്കിടുകയാണ്. കോളണിയുടെ പേരും വ്യക്തികളുടെ പേരും വെളിവാക്കുന്നില്ല. കാരണം കേസ്  ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലെ ഇര ഒരു പെണ്‍കുഞ്ഞാണ്. അതു കൊണ്ടാണ് ഇത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.

വേട്ടക്കാരന്‍ സ്വന്തം പിതാവാണ്. ആരോഗ്യവാനായ യുവാവ്. പതിനാലുകാരിയായ ഏക മകളാണ് അയാള്‍ക്കുളളത്. ഭാര്യ ആരോഗ്യവതിയായ യുവതി തന്നെ. മൂന്നുപേര്‍ മാത്രമെ ആ കുടിലിലുളളൂ. മകള്‍ വിദ്യാര്‍ത്ഥിനിയാണ്.
അയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ 14 കാരിയായ മകള്‍ക്കു എന്തു സംഭവിക്കും?

ഒരു ദിവസം രാത്രി അയാള്‍ ഭാര്യയുടെ അടുത്തു നിന്ന് എഴുന്നേറ്റുപോയി. എങ്ങോട്ടാണ് പോകുന്നതെന്ന് ഭാര്യ ശ്രദ്ധിച്ചു. അന്ന് അയാള്‍ നല്ലപോലെ ചാരായം കുടിച്ചിട്ടുണ്ടായിരുന്നു. മകള്‍ കിടക്കുന്ന പായയില്‍ അയാളും പോയി കിടക്കുന്നത് അമ്മ കണ്ടു. ശബ്ദം ഉണ്ടാക്കി അവള്‍ അയാളെ അവിടുന്ന് പിടിച്ചുമാറ്റി കൊണ്ടുവന്നു. ആഴ്ചകള്‍ക്കു ശേഷവും ഇതേ പോലെ അയാള്‍ ആവര്‍ത്തിച്ചു. അന്ന് കുട്ടിയെ കെട്ടിപ്പിടിച്ച് അവളുടെ വസ്ത്രം ഉരിഞ്ഞുമാറ്റാനുളള ശ്രമത്തിലായിരുന്നു അയാള്‍.

അയാളുടെ ഭാര്യ ഇത് കണ്ട് ഞെട്ടി. ബഹളം വെച്ചു. അന്ന് രാത്രി തന്നെ മകളെ അടുത്തുളള ബന്ധുവീട്ടില്‍ കൊണ്ടുചെന്നാക്കി. അവള്‍ തിരിച്ചു വന്നു.

അതേ ചൊല്ലി ഇരുവരും ബഹളമായി. അയാള്‍ കാമവെറിയോടെ മകളെ പ്രാപിക്കാന്‍ രണ്ട് മൂന്നുതവണ ശ്രമിച്ചയാളാണ്. പെറ്റമ്മയ്ക്ക്  അത് സഹിക്കാന്‍ കഴിഞ്ഞില്ല. ഉപദേശിച്ചുനോക്കി. മദോന്മത്തനായ ആ മനുഷ്യന്‍ അതൊന്നും ചെവിക്കൊളളാന്‍ തയ്യാറല്ലായിരുന്നു.

ഇവളെ ഇനി വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല എന്നയാള്‍ തീരുമാനിച്ചുകാണും. സ്വന്തം രക്തത്തില്‍ പിറന്ന പെണ്‍കുഞ്ഞിനെ വരുതിയിലാക്കുന്നതിന് ഭാര്യ തടസമാണെന്ന് അയാള്‍ ഉറപ്പിച്ചു. രാത്രി ഏറെ വൈകി. മത്ത് തലയ്ക്കകത്ത് നിന്ന് ഒഴിഞ്ഞുപോയിട്ടില്ല. തന്റെ ആഗ്രഹത്തിന് എതിര് നില്‍ക്കുന്ന ഇവളെ വകവരുത്തിയിട്ട് തന്നെ കാര്യം.

അടുക്കളയില്‍ നിന്ന് മണ്ണെണ്ണ എടുത്ത്  ഭാര്യയുടെ ശരീരത്തിലേക്ക് ഒഴിച്ചു. തീപ്പെട്ടി ഉരച്ച് തീ കൊളുത്തി. കുടിലിനും തീവെച്ചു. നിമിഷങ്ങള്‍ക്കകം എല്ലാം കഴിഞ്ഞു. കുടില്‍ നിശേഷം കത്തിനശിച്ചു. അതിനകത്തു പെട്ടുപോയ ഭാര്യയും വെന്തുമരിച്ചു.

അയാള്‍ പുറത്തിറങ്ങി ഓടുകയായിരുന്നു. ആളുകളൊക്കെ ഓടിക്കൂടി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പെണ്‍കുട്ടി ഇന്ന് അനാഥയാണ്. പതിനാലിലെത്തിയെങ്കിലും ഇക്കാര്യങ്ങളൊന്നും അവള്‍ക്ക് പിടികിട്ടുന്നില്ല. അമ്മയെ അച്ഛന്‍ തീകൊളുത്തി കൊന്നതാണെന്നവള്‍ക്കറിയാം. തന്നെ പ്രാപിക്കാന്‍ അയാള്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും അവള്‍ മനസിലാക്കിയിട്ടുണ്ട്.

കേസ് നടക്കുന്നുണ്ട്. അയാള്‍ റിമാന്റിലാണ്. ജാമ്യത്തിലിറങ്ങിയാല്‍ ആ പാവം പെണ്‍കുട്ടിക്ക് എന്തുപറ്റുമെന്ന അങ്കലാപ്പിലാണ് ബന്ധുജനങ്ങള്‍.

അയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ 14 കാരിയായ മകള്‍ക്കു എന്തു സംഭവിക്കും?
Kookkanam Rahman
(Writer)
ഇത് കോളണികളില്‍  ആരും അറിയപ്പെടാതെ നടക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍. ഭാര്യയെ ചുട്ടുകരിക്കുന്നതും സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതും ഒക്കെ ഇവിടെ നടക്കുന്നു. കാരണക്കാരന്‍ ഉളളില്‍ കടന്ന വീര്യമുളള ചാരായം.

പരിഹാരമൊന്നേയുളളു. കോളണികള്‍ ഉണ്ടാക്കാതെ നോക്കുക, പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകും വിധം മാറ്റിത്താമസിപ്പിക്കുക. വാറ്റുചാരായ ഉത്പാദനം കര്‍ശനമായി നിര്‍ത്തലാക്കുക. ഇവരുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം പൂര്‍മമായി സര്‍ക്കാരോ സമൂഹമോ ഏറ്റെടുക്കുക.

ഇങ്ങിനെയൊന്നും ചെയ്തില്ലെങ്കില്‍ ഇത്തരം പ്രക്രിയകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia