city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്തിനാണീ യുവതലമുറ ഇത്രയും സ്മാര്‍ട്ടാകുന്നത്

മുഹമ്മദ് ശെഫീഖ് എന്‍

(www.kasargodvartha.com 06/05/2015) വല്ലാതെ ഭയപ്പെടുത്തുന്ന വര്‍ത്തമാനങ്ങളാണ് കുറേ നാളായി നമുക്ക് ചുറ്റും നടക്കുന്നത്. ഒരോ ദിവസവും നമ്മുടെ കുട്ടികളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ തീയാണ്. മുമ്പൊക്കെ ഒരു പത്താം ക്ലാസുകാരന്റെ മനസുവായിച്ചറിയാന്‍ വലിയ പ്രയാസമില്ലായിരുന്നു. അവന്റെ കുസൃതി തരങ്ങളുടെ പരിധിയും നമുക്ക് നിശ്ചയമുണ്ടായിരുന്നു. അവന് എത്തിപ്പെടാന്‍ കഴിയുന്ന ലോകത്തിന്റെ ചുറ്റളവും രക്ഷിതാക്കളുടെ പരിധിയിലായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. വിവര വിപ്ലവത്തിന്റെ പുതിയ കാലത്ത് എല്ലാം പരിധിക്കകത്തായതോടെ പരിധിക്ക് പുറത്തേക്ക് പോയത് നമ്മുടെ പുതിയ തലമുറയാണ്.

ഈ അടുത്ത് കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശത്തു നിന്നു കേട്ട വാര്‍ത്ത് വല്ലാതെ വേദനിപ്പിച്ചു. വിനോദസഞ്ചാരത്തിന് ബൈക്കില്‍ പോവാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ ഒരു പത്താം ക്ലാസുകാരന്‍ വാട്ട്‌സ് ആപ്പില്‍ ദൃശ്യങ്ങള്‍ അനുകരിച്ച് ആത്മഹത്യ ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കാത്തതിന്റെ പേരില്‍, കൂട്ടുകാരിയുടെ കല്യാണത്തിന് പോവാന്‍ അനുവദിക്കാത്തതിന്റെ പേരിലൊക്കെ നേരത്തെയും കുട്ടികള്‍ തങ്ങളുടെ ജീവിതം അവസാനിപ്പിച്ചിരുന്നു. എന്തു കൊണ്ട് നമ്മുടെ കുട്ടികള്‍ അവരുടെ ജീവിതത്തെ ഇത്രമാത്രം നിസാരമായി കാണുന്നുവെന്ന് പഠിക്കേണ്ടിയിരിക്കുന്നു. ഇവിടെ ആരാണ് തെറ്റുകാരെന്നും നാം പരിശോധിക്കണം.

പുതിയ കാലത്തെ കുട്ടികളെ വല്ലാതെ കുറ്റപ്പെടുത്തുന്നവരാണ് പഴയ തലമുറ. ഒന്നിനും ഗുരുത്വമില്ലെന്ന് നാം ആക്ഷേപിക്കുന്നു. മുതിര്‍ന്നവരോട്, അധ്യാപകരോട്, രക്ഷിതാക്കളോട് ഒന്നും കുട്ടികള്‍ക്ക് ഇന്ന് ബഹുമാനം ഇല്ലാതായിരിക്കുന്നു.
ഏവിടെയാണ് നമുക്ക് തെറ്റുപറ്റിയത്. നമ്മള്‍ കുട്ടികളില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച ജീവിത കാഴ്ചപാടിലല്ലേ തെറ്റുപറ്റിയത്. വീടുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അപ്പുറം ചുറ്റുപാടുകളില്‍ നിന്നും കുട്ടികള്‍ ഒരുപാട് പഠിക്കുന്നുണ്ട്. ഒരു പക്ഷേ അവന്റെ സ്വത്വം തന്നെ തെരുവുകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാവാം രൂപപ്പെടുന്നത്. പലപ്പോഴും തെരുവുകളില്‍ നിന്നും ലഭിക്കുന്ന പാഠങ്ങള്‍ ഉരച്ചു നോക്കാനും മാറ്റ് തിരിച്ചറിയാനും കുട്ടികള്‍ സാധിക്കാറില്ല. പത്തരമാറ്റ് തങ്കമെന്ന് കരുതി അവര്‍ തെരുവുകളില്‍ നിന്നും ജീവിതത്തലേക്ക് പകര്‍ത്തുന്ന പലതും കാക്കപൊന്നായിരുന്നുവെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നു. അപ്പോഴേക്കും അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാവും.

ഒരോ കുട്ടിയുടെ കൈകളിലും സ്മാര്‍ട്ട് ഫോണും അവര്‍ക്ക് സ്വന്തമായി വീട്ടില്‍ ഒരോ താവളങ്ങളും ഒരുങ്ങിയതോടെ അവരുടെ ലോകം തീരെ ചെറുതായി, നിഗൂഢമായി. ഒരോ കുട്ടിക്കും അവരുടെ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത് ഒരു പ്രത്യേകതരം ലോകമാണ്. ഈ ലോകത്ത് നല്ലതും ചീത്തയും ഇല്ല. എല്ലാം വിരല്‍ തുമ്പില്‍ കിട്ടുന്ന ഒരു മായാലോകം. ഈ ലോകത്ത് ജീവിക്കുന്നവര്‍ക്ക് പഴയ തലമുറയുടെ പക്വതയും വിവേകവും മൂല്യബോധവും പോര. അതിന്റെ പതിന്മടങ്ങ് വേണം. നമ്മുടെ കുട്ടികള്‍ പുതിയ സാങ്കേതിക വിദ്യയില്‍ പഴയ തലമുറയേക്കള്‍ പതിന്മടങ്ങ് മുന്നിലാണ്. മൂന്നു വയസുള്ള കുട്ടി സ്മാര്‍ട്ട് ഫോണിലെ എല്ലാ ഓപ്പഷനുകളും കൃത്യമായി തിരഞ്ഞെടുക്കുന്നതിനെ പറ്റി നാം കൗതുകത്തോടെ പറയാറുണ്ട്. അതില്‍ അത്ഭുതമില്ല. കാരണം, കാര്യങ്ങള്‍ പഠിക്കുന്നതില്‍ അത്രമാത്രം വേഗത പുതിയ തലമുറയ്ക്കുണ്ട്. അത് അവരുടെ അതിജീവനത്തിന് ആവശ്യവുമാണ്. ഇതേ വേഗതയില്‍ വിവേകവും മൂല്യബോധവും പക്വതയും തിരിച്ചറിവും ഉണ്ടായാലേ പുതിയ തലമുറയെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനാവുകയുള്ളു.

നമ്മുടെ കുട്ടികളില്‍ പുതിയ സാങ്കേതിക വിദ്യയുടെ അതേ വേഗതയില്‍ തന്നെ മൂല്യബോധവും തിരിച്ചറിവും പകരാനാവണം. അല്ലാത്തപക്ഷം തിരിച്ചറിവിനും മൂല്യബോധത്തിനും അവര്‍ കാത്തുകെട്ടികിടക്കില്ല. ഇവ പകര്‍ന്നു നല്‍കേണ്ടുന്ന ഒന്നാമത്തെ വിദ്യാലയം വീടുതന്നെയാണ്. രക്ഷിതാക്കള്‍ തന്നെയാണ് ഇവരുടെ ആദ്യ അധ്യാപകരും. എങ്ങിനെയും പണം സമ്പാദിക്കാമെന്നും അത് എങ്ങിനെയും ചിലവഴിക്കാമെന്നുമുള്ള പാഠമാണ് കുട്ടികള്‍ വീടുകളില്‍ നിന്നും പഠിക്കുന്നതെങ്കില്‍ പിന്നെ അവരും പണസമ്പാദന മാര്‍ഗത്തിലേക്ക് തിരിയും. പരസ്പര സ്‌നേഹവും സഹാനുഭൂതിയും വീടുകളില്‍ നിന്നും കുട്ടികള്‍ ശീലിച്ചില്ലെങ്കില്‍ പിന്നെ അവര്‍ സ്വന്തം കാര്യം മാത്രം ശരിയെന്നും സത്യമെന്നും വിശ്വസിക്കുന്നവരാവും. അവന്റെ ശരികള്‍ക്ക് വേണ്ടി പിന്നെ എല്ലാം അവന്‍ മറക്കും. വീടും, കുടുംബവും, എല്ലാം.

്‌വീട്ടില്‍ എത്ര പണമുണ്ടെങ്കിലും അത് മുഴുവന്‍ നമുക്ക് മാത്രം സുഖിക്കാനുള്ളതല്ലെന്ന ബോധം കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാനാവണം. അങ്ങനെ ഒരു പാഠം കുട്ടികള്‍ ശീലിച്ചാല്‍ എത്ര വലിയ പണക്കാരന്റെ കുട്ടികളും മിതത്വവും എളിമയും ശീലിക്കും. ഇത് അവന്റെ അല്ലെങ്കില്‍ അവളുടെ വളര്‍ച്ചയില്‍ ഏറെ പ്രയോജനം ചെയ്യും. അയല്‍ക്കാരന്റെ കൊട്ടാരം പോലുള്ള വീടും കാറും നുരച്ചു പൊന്തുന്ന പാനീയങ്ങളും പത്രാസുള്ള നടത്തവും കാട്ടി അതുപോലുള്ള ജീവിതം നേടിയെടുക്കാന്‍ മക്കളെ ഉപദേശിക്കുന്ന രക്ഷിതാക്കളുണ്ട്. ഇത് വലിയ അപകടം ചെയ്യും. ഇത്തരം കുട്ടികള്‍ ഇടനിലക്കാരായും പാതിരാവില്‍ മണല്‍ ലോറിക്ക് വഴികാട്ടിയും കുഴല്‍പണം വിതരണം ചെയ്തു. കഞ്ചാവിന്റെ ചില്ലറ വില്‍പ്പനക്കാരനായും, അങ്ങനെ പലതുമായും പണം നേടാന്‍ വെപ്രാളപ്പെടുന്നു. ഈ വെപ്രാളത്തിനിടിയില്‍ പല കുട്ടികള്‍ക്കും അവരെ തന്നെ നഷ്ടപ്പെടുന്നു.

പണം സമ്പാദിക്കല്‍ മാത്രമല്ല ജീവിതമെന്ന് കുട്ടികളെ പഠിപ്പിക്കാനാവണം. കുട്ടികള്‍ കുട്ടികളായി വളരണം. അവരുടെ ലോകവും ആ ലോകത്തെ കൂട്ടുകാരെയും സംഭവങ്ങളെയും കുറിച്ച് രക്ഷിതാക്കള്‍ക്ക് നല്ല ധാരണ വേണം. കുട്ടികളെ ഉള്ളു തുറന്ന് സംസാരിക്കാന്‍ ശീലിപ്പിക്കുക മാത്രമാണ് ഇതിനുള്ള വഴി. കൂടുമ്പോള്‍ ഇമ്പമുള്ളത് എന്ന് അര്‍ഥം ധ്വനിപ്പിക്കുന്ന രൂപത്തില്‍ തന്നെയാവണം നമ്മുടെ ഒരോ കുടുംബവും. കുട്ടികള്‍ക്ക് അവരുടെ കുടുംബവും വീടും കൂടുതല്‍ ഇഷ്മാവണം. കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോവുന്നതാവണം കുട്ടികള്‍ക്ക് ഏറെ ഇഷ്ടം.

കുട്ടികളുടെ കൂട്ടുകാര്‍ രക്ഷിതാക്കളുടെ കൂടി കൂട്ടുകാരാവണം. ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന തമാശകള്‍ പറയുന്ന സ്വാതന്ത്രം നമ്മുടെ കുട്ടികളുടെ കൂട്ടുകാരുമായി നമുക്കുണ്ടാവണം. അങ്ങനെയെ നമ്മുടെ കുട്ടികള്‍ക്ക് അവരുടെ ബാല്യവും കൗമാരവും യൗവനവും തിരിച്ചു കൊടുക്കാനാവുകയുള്ളു. കുട്ടികള്‍ക്ക് അവരുടെ കുട്ടിത്വം തിരിച്ചു കിട്ടുന്ന നാളില്‍ മാത്രമെ നമുക്ക് ഭയപ്പാടില്ലാതെ വിശ്രമിക്കാനാവുകയുള്ളു.

എന്തിനാണീ യുവതലമുറ ഇത്രയും സ്മാര്‍ട്ടാകുന്നത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Article, Youth, Mobile Phone, Suicide,  Smart Phone,  New Generation,  What we think, What the think. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia