city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിലവിളിച്ചൂടായിരുന്നോ പെണ്ണേ നിനക്ക്? എഴുന്നേറ്റ് കുതറി ഓടായിരുന്നില്ലേ? കടിച്ചു പറിക്കാമായിരുന്നില്ലേ ആ അക്രമകാരിയേ?

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 19.03.2017)
പുതുതലമുറ പെണ്‍കുട്ടികള്‍ കാര്യങ്ങളെ ലളിതവല്‍ക്കരിച്ചു കാണാന്‍ ശ്രമിക്കുന്നു. വകതിരിവില്ലാത്ത പ്രവൃത്തിമൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവര്‍ക്ക് ഉള്‍ഭയമില്ലാത്ത അവസ്ഥ കൈവന്നിരിക്കുന്നു. എന്റെ കാര്യം ഞാന്‍ ശ്രദ്ധിച്ചോളാം എന്നും, എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ സമൂഹമോ, കുടുംബമോ ഇടപെടേണ്ട കാര്യമില്ലെന്നും അവര്‍ മനസ്സില്‍ ഉറപ്പിച്ചിരിക്കുന്നു. ഞാന്‍ മൂലം ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ ഞാന്‍ തന്നെ നേരിട്ടോളാം എന്ന മന:സ്ഥിതിയും അവര്‍ കൈവരിച്ചിരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന പ്രകാരം പതിനെട്ടു വയസ്സുതികഞ്ഞവര്‍ക്ക് ഇത്തരം നിലപാടെടുക്കുന്നതില്‍ സ്വാതന്ത്ര്യമുണ്ട്. ആ പ്രായത്തിന് താഴെവരുന്ന പെണ്‍കുട്ടികള്‍ കാട്ടിക്കൂട്ടുന്ന തെറ്റായ സമീപനങ്ങളെ ബോധ്യപ്പെടുത്താന്‍ കുടുംബത്തിനും സമൂഹത്തിനും ബാധ്യതയുണ്ട്. അത്തരം ബാധ്യതകള്‍ നിറവേറ്റാന്‍ രക്ഷിതാക്കളും, സമൂഹവും ഇടപെടുമ്പോള്‍ ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടി രക്ഷപ്പെടുകയാണ് പല കുട്ടികളും. അവസരങ്ങളും സന്ദര്‍ഭങ്ങളുമാണ് അരുതായ്മകള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ കൗമാരക്കാരികളായ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത്.

നിലവിളിച്ചൂടായിരുന്നോ പെണ്ണേ നിനക്ക്? എഴുന്നേറ്റ് കുതറി ഓടായിരുന്നില്ലേ? കടിച്ചു പറിക്കാമായിരുന്നില്ലേ ആ അക്രമകാരിയേ?

വൈദികന്റെ പീഡനത്തിനിരയായ പതിനാറുകാരി പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് അക്കാര്യം വ്യക്തമാവും. സഹോദരന്റെ കൂടെ പ്രാര്‍ത്ഥിക്കാനാണ് പതിനാറുകാരി പള്ളിയില്‍ ചെന്നത്. കൂടെ വന്ന സഹോദരന്‍ അവന്റെ കൂട്ടുകാരോടൊപ്പം പള്ളിയില്‍ നിന്ന് ഇറങ്ങി. അന്ന് നല്ല മഴയുണ്ടായതിനാല്‍ പെണ്‍കുട്ടി പള്ളിക്കകത്ത് കയറി നിന്നു. പള്ളി വികാരിയായ ഫാദര്‍ റോബിന്‍ വടക്കുംചേരി കമ്പ്യൂട്ടര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിക്കുന്നു... സമൂഹത്തിലും, സമുദായത്തിലും ഉന്നത ശ്രേണിയില്‍ വിരാജിക്കുന്ന, ദൈവത്തിന്റെ പ്രതിപുരുഷനായ വ്യക്തിയെ സംശയിക്കേണ്ടതായിട്ടോ, ഭയപ്പെടേണ്ടതായിട്ടോ ഇല്ല. അതുകൊണ്ട് പെണ്‍കുട്ടി ആദരവോടെയും, ധൈര്യത്തോടെയും മുറിയിലേക്ക് ചെല്ലുന്നു. പുറത്ത് മഴ, പള്ളിയില്‍ ആരുമില്ലാത്ത സമയം, വികാരിയുടെ ലൈംഗീകവികാരം കുട്ടിയില്‍ പ്രയോഗിക്കുന്നു.

പെണ്‍കുട്ടിയോട് ചിലരുടെ ചോദ്യം ഇങ്ങിനെയാണ്, നിലവിളിച്ചൂടായിരുന്നോ പെണ്ണേ നിനക്ക്? എഴുന്നേറ്റ് കുതറി ഓടായിരുന്നില്ലേ? കടിച്ചു പറിക്കാമായിരുന്നില്ലേ ആ അക്രമകാരിയേ? ആയിരങ്ങള്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്ന, ഇടവകയിലെ ജനങ്ങള്‍ ആരാധിക്കുന്ന ഈ വ്യക്തി ലൈംഗികമായി ദ്രോഹിച്ചാല്‍ അതവള്‍ക്കു കിട്ടുന്ന അംഗീകാരമായി അവള്‍ കണ്ടു കാണുമോ? എന്തു സംഭവിച്ചാലും എനിക്ക് താങ്ങും തണലുമാവാന്‍ ഈ വലിയ മനുഷ്യനുണ്ടാവും എന്ന് കരുതിയിരിക്കുമോ? അതിനാലാവാം ആരേയുമറിയിക്കാതെ പതിനാറുകാരി ഒരു കുഞ്ഞിന് ജന്മം നല്‍കും വരെ നിശ്ശബ്ദയായി ജീവിച്ചത്.

ഇക്കാലത്തെ പെണ്‍കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കാനും, ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം കള്ളത്തരങ്ങള്‍ പടച്ചു വിടാനും മിടുക്കികളാണ്. ഇവരുടെ ലൈംഗിക ബന്ധപ്പെടല്‍ ആദ്യത്തെ സംഭവം മാത്രമായിരിക്കില്ല. പതിനാറുകാരി ഇതിനായി സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയതായിരിക്കാം. അതിന് സഹോദരന്റെ കൂടെ ചെന്നതും മഴ വന്നതും, പള്ളിയില്‍ കയറി നിന്നതും, കംമ്പ്യൂട്ടര്‍ ശരിയാക്കലും ഭാവനയില്‍ മെനഞ്ഞെടുത്തതായിരക്കാം. ഗര്‍ഭിണിയായതും, പ്രസവിച്ചതും, അക്കാര്യം ചൈല്‍ഡ് ലൈന്‍ അറിഞ്ഞതും ഇടപെട്ടതും കൊണ്ടുമാത്രം പുറത്തായതായിരിക്കണം ഈ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം. ഇതാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്.

***********
പെണ്‍കുട്ടികള്‍ അവര്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാന്‍ ത്രാണി കാണിക്കുന്നുവെന്നതിനും, ലൈംഗിക സുഖം തേടി പോയ കാര്യം മറച്ചുവെക്കാനും ശ്രമിച്ച വേറൊരു പതിനാറുകാരി ഇക്കഴിഞ്ഞ ദിവസം എന്റെ മുന്നിലേക്ക് വന്നു. അച്ഛനും അമ്മയും കൂടെയുണ്ട്. ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതേണ്ട കുട്ടിയാണ്. പരീക്ഷയോ, മാര്‍ക്കോ, ഒന്നും അവള്‍ക്കിപ്പോള്‍ പ്രശ്‌നമല്ല. ചിന്ത അവളെ പ്രണയിക്കുന്നവനെ കുറിച്ചു മാത്രം... പ്രണയം തുടങ്ങിയിട്ട് പത്തു മാസമേ ആയുള്ളു. സ്‌കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും അവനെ കാണുന്നു. ചിരിക്കുന്നു. പരസ്പരം പരിചയപ്പെടുന്നു. ജന്മദിനം ചോദിച്ചറിയുന്നു. ജന്മദിനത്തിന് ഒരു വാച്ച് ഗിഫ്റ്റായി അവന്‍ നല്‍കുന്നു. അവളത് സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു...

അവള്‍ പറയുന്നു.. എന്റെ പതിനാല് ബര്‍ത്ത് ഡേകള്‍ കഴിഞ്ഞു. എനിക്കിതേവരെ ബര്‍ത്തേഡേ അറിഞ്ഞ് കൊണ്ട് ആരും സമ്മാനം തന്നില്ല. അവന്റെ സമ്മാനം കിട്ടിയത് എനിക്ക് വലിയ സന്തോഷമായി. ഇക്കാര്യം പറഞ്ഞത് അവളുടെ അച്ഛന്റെ മുന്നില്‍ വെച്ചുതന്നെയാണ്. ജന്മദിനത്തില്‍ സമ്മാനം നല്‍കാത്ത സ്‌നേഹം നല്‍കാത്ത അച്ഛനോടുള്ള അമര്‍ഷവും അവളുടെ വാക്കുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനുശേഷം അവര്‍ പരസ്പരം കത്ത് കൈമാറിത്തുടങ്ങി. പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ മൊബൈല്‍ ഫോണ്‍ അവന്‍ വാങ്ങിക്കൊടുത്തു.

മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യമറിയുന്നത്. അവളുടെ കൂട്ടുകാര്‍ ഇക്കാര്യമറിഞ്ഞു, സ്‌കൂളധികൃതര്‍ അറിഞ്ഞു. ആ വഴിക്കാണ് വീട്ടുകാരുമറിയുന്നത്. പിന്നെ പാരമ്പര്യമായി ചെയ്യുന്ന കാര്യങ്ങള്‍ അച്ഛനും അമ്മയും ചെയ്തു. സമ്മാനങ്ങളൊക്കെ വാങ്ങി വെച്ചു. നിര്‍ദ്ദേശോപദേശങ്ങള്‍ വേണ്ടുവോളം നല്‍കിത്തുടങ്ങി. സാധാരണ പെണ്‍കുട്ടികള്‍ പറയുന്ന ഡയലോഗ് അവളും പറഞ്ഞു. ''ഇനി ആവര്‍ത്തിക്കില്ല.. അവനെ കാണില്ല.''

പെണ്‍കുട്ടിയുടെ മനസ്സ് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ലഭിക്കാത്തതിനാല്‍ വേദനിച്ചികൊണ്ടിരിക്കുന്നുണ്ട്. അവള്‍ക്ക് പത്തുവയസ്സാവുമ്പോഴാണ് അമ്മ ഒരനിയന്‍ കുഞ്ഞിന് ജന്മം നല്‍കുന്നത്. അവന്‍ ജനിച്ചതിന് ശേഷം അവളോടുള്ള സ്‌നേഹം വീണ്ടും ഇടിഞ്ഞു. എല്ലാം അനിയന് മാത്രം കൊടുക്കുന്നു. അവനെ മാത്രം ലാളിക്കുന്നു. എന്നോടിതൊന്നുമില്ല. അവളുടെ ഈ തോന്നല്‍ ദൃഢമായിക്കൊണ്ടിരുന്നു. സ്‌നേഹം തുളുമ്പുന്ന വാക്കുകള്‍ കേട്ടപ്പോള്‍ സമ്മാനങ്ങള്‍ നല്‍കി അവളെ സന്തോഷിപ്പിച്ചപ്പോള്‍ അവനെ മനസ്സില്‍ കുടിയിരുത്തിക്കഴിഞ്ഞു അവള്‍. അതില്‍ നിന്ന് മാറാന്‍ അവള്‍ക്കാവുന്നില്ല. 'പതിനെട്ടുവയസ്സാവുന്നതുവരെ ഞാന്‍ കാത്തിരിക്കും. അവനെയല്ലാതെ വേറെ ഒരാളെയും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.' അവളുടെ ഉറച്ചവാക്കുകള്‍.

അവള്‍ പെട്ടെന്ന് വിഷയം മാറ്റി. അവരുടെ മുഖത്തുനോക്കി അവള്‍ ഉറക്കെ പറഞ്ഞു.. ഈ അച്ഛനുമമ്മയും പ്രണയിച്ചിട്ടാ വിവാഹിതരായത്. പിന്നെന്താ എനിക്കും പ്രണയിച്ചുകൂടെ? വിവാഹിതയായിക്കൂടെ? കേട്ട ഉടനെ അമ്മയുടെ പ്രതികരണം വന്നു. 'ഞങ്ങള്‍ പ്രായപൂര്‍ത്തിയായിട്ടാ പ്രണയിച്ചത്. നിന്നെ പോലെ പതിനാറുവയസ്സിലല്ലാ.' ചിരിച്ചു കൊണ്ടായിരുന്നു ഇക്കാര്യം അവര്‍ പറഞ്ഞത്. പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിവന്നിട്ടുണ്ടാവാം.. അക്കാര്യം പറഞ്ഞപ്പോള്‍... മകളെ മറ്റിനിര്‍ത്തിക്കോണ്ട് അച്ഛന്‍ സ്വകാര്യമായി പറഞ്ഞുതുടങ്ങി.

സാറെ കാര്യമതല്ല, അവള്‍ അവന്റെ കൂടെ രാത്രി ഇറങ്ങി പോയിട്ടുണ്ട്. നേരം പുലരാനായപ്പോഴാണ് തിരിച്ചു കൊണ്ടു വിട്ടത്. 'നിങ്ങളുടെകൂടെയല്ലേ അവളുണ്ടായത്?' ഞാന്‍തിരക്കി. അല്ല അവളുടെ കൂടെ പഠിക്കുന്ന ഞങ്ങളുടെ അടുത്ത ബന്ധുവായ ഒരു പെണ്‍കുട്ടിയുണ്ട്. അവര്‍ ഒന്നിച്ചിരുന്നു പഠിച്ചോട്ടെ എന്നു കരുതി ആ വീട്ടിലാണ് രാത്രി സമയത്ത് പഠനവും ഉറക്കവുമൊക്കെ... ഇതുമനസ്സിലാക്കിയിട്ടാവാം അവന്‍ രാത്രി എല്ലാവരും ഉറക്കമായ സമയത്ത് അവിടെവരികയും, കൂട്ടിക്കൊണ്ടുപോവുകയും ചെയ്തത്. ഒരു ദിവസം അവന്‍ പോകുന്നതും വരുന്നതും നാട്ടുകാര്‍ കണ്ടു. അവരാണ് ഞങ്ങളോടിക്കാര്യം പറഞ്ഞത്...

വീണ്ടും പെണ്‍കുട്ടിയോട് കാര്യം തിരക്കി. പോയകാര്യം അവള്‍ സമ്മതിച്ചു. ലൈംഗികമായിട്ടൊന്നും ചെയ്തില്ല. ഞങ്ങള്‍ ഇരുവരും കുടുംബകാര്യങ്ങള്‍ സംസാരിച്ചു, അത്രമാത്രമെ ഉണ്ടായുള്ളു. അവള്‍ തറപ്പിച്ചു പറഞ്ഞു. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ വൈദ്യപരിശോധനാകാര്യം സൂചിപ്പിച്ചപ്പോള്‍ ആ പെണ്‍കുട്ടി തുറന്നു പറഞ്ഞു. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ലജ്ജയില്ലാതെ പ്രയാസമില്ലാതെയാണ് അവള്‍ അക്കാര്യം പറഞ്ഞത്... ഇങ്ങിനെ കൂടെ പോകാനും അവന് എല്ലാം സമര്‍പ്പിക്കാനും പെണ്‍കുഞ്ഞുങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വരുന്നു?

അവന്‍ അവളെ ഒഴിവാക്കും തീര്‍ച്ച. അവന്‍ എല്ലാം ആസ്വദിച്ചു കഴിഞ്ഞു. ആസ്വാദനത്തിന് വേണ്ടിമാത്രമാണ് അവന്‍ സമ്മാനങ്ങളുമായും പഞ്ചാരയില്‍ പൊതിഞ്ഞ വാക്കുകളുമായി അവളെ സ്വാധീനിച്ചത്... ഇക്കാര്യം തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തി നേടുന്നില്ല എന്നതാണ് ഖേദകരം... പെട്ടെന്നൊരുനാള്‍ ഇത്തരം പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാണെന്നറിയും. അവന്‍ അവളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞിട്ടുണ്ടാവും. അപ്പോള്‍ ലൈംഗിക ആക്രമണത്തിന് അവനെതിരെ കേസ് നല്‍കും. സ്വയം ഇഷ്ടപ്പെട്ട് അവനൊന്നിച്ച് പുറപ്പെടുകയും, സ്‌നേഹപൂര്‍വ്വം സര്‍വ്വതും സമ്മതിക്കുകയും ചെയ്തവളാണ് - ലൈംഗിക പീഡനത്തിന് പരാതി നല്‍കുന്നത്. ഇത്തരം ലൈംഗിക പീഡന കേസുകള്‍ അംഗീകരിക്കാന്‍ പാടില്ല എന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം ആശാവഹമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam Rahman, Women, Girl, Protect, Harrasment, Molestation, Kerala, We can protect girls

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia