വരിക വരിക സോദരേ വിമോചന സമര നേരമായ് !
May 11, 2021, 23:08 IST
സൂപ്പി വാണിമേൽ
(www.kasargodvartha.com 11.05.2021) ഉക്കിനടുക്കയിൽ കാസർകോട് ഗവ.മെഡിക്കൽ കോളജിന് ശിലാസ്ഥാപനം നടത്തിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി - ഒരു കൂട്ടരുടെ അഭിമാനം. ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ - മറ്റൊരു കൂട്ടർക്ക് രോമാഞ്ചം. ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളജിൽ പതിനേഴ് വെന്റിലേറ്ററുകൾ ഒഴിവുണ്ടെന്ന് സർക്കാർ ജാഗ്രതാ പോർട്ടൽ.മറ്റു സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അവ പ്രവർത്തിപ്പിക്കാനാവില്ലെന്ന് കോളജ് അധികൃതർ - കാസർക്കോടൻ ജനതക്കാകെ അപമാനം.
ഉറപ്പാണോ കൂട്ട മരണങ്ങൾ എന്ന ആധി ജില്ലയാകെ പടരുന്ന വേളയിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ജനങ്ങൾക്ക് സാന്ത്വന സന്ദേശം നൽകുമ്പോഴും മാസ്ക് മാറ്റിയ ആ മുഖം മൂടുന്നത് വിഷാദം. ചിരി മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചുണ്ടുകൾ കരിവാളിച്ചുവോ?. എല്ലാം ശരിയായി എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വാസത്തിലെടുത്തും ജനങ്ങളുടെ ഭീതിയകറ്റുകയെന്ന ധർമ്മം പാലിച്ചും മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയെങ്കിലും സ്ഥിതിഗതികൾ അതീവ ഗുരുതരം എന്നാണ് ചൊവ്വാഴ്ച പകൽ തരുന്ന സന്ദേശം. കാസർക്കോട് കിംസ് ആശുപത്രി അധികൃതർ പറയുന്നത് അവർ സ്വയം നടത്തിയ അതിജീവന ശ്രമങ്ങളല്ലാതെ സർക്കാർ സഹായം ഒന്നും ലഭിച്ചില്ലെന്നാണ്. അരമന ആശുപത്രി അധികൃതർ ജില്ല കളക്ടറെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനാൽ വിദ്യാനഗറിൽ ഔദ്യോഗിക വസതിയിൽ ചെന്ന് ഏറെ നേരം കാത്തിരുന്ന് ദർശനം ലഭിച്ചതിനെത്തുടർന്ന് അത്യാസന്ന രോഗികൾ പ്രാണവായു കിട്ടാതെ മരിക്കാമെന്ന് ബോധിപ്പിച്ചു. നോക്കട്ടെ എന്ന പ്രതീക്ഷ നൽകിയത് നിസ്സഹായനായ ജില്ല ഭരണാധികാരിയുടെ വെറുംവാക്കായിരുന്നുവെന്ന് നടപടി ഇല്ലാതായപ്പോൾ ബോധ്യമായി.
കാസർക്കോട് ജില്ല കൊവിഡ് ഒന്നാം തരംഗത്തിൽ ഒന്നാമതായപ്പോൾ ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ കരുതൽ സ്പർശമുണ്ടായിരുന്നു. ആരോഗ്യ മേഖലയിലെങ്കിലും പിന്നാക്ക ജില്ല കേരള ശരാശരി സൗകര്യങ്ങൾക്കൊപ്പം എത്തുമെന്ന പ്രതീക്ഷ ജനങ്ങളിലുണ്ടായി. അറുപത് കോടി രൂപ മുടക്കി ടാറ്റ കമ്പനി കൊവിഡ് ആശുപത്രി സ്ഥാപിച്ചു. മെഡിക്കൽ കോളജിന്റെ പൂർത്തിയായ കെട്ടിടത്തിൽ കൊവിഡ് ചികിത്സക്കായി തിരുവനന്തപുരത്തു നിന്ന് മെഡിക്കൽ സംഘം വാനിൽ പുറപ്പെട്ടത് ആഗോള വാർത്തയായി. കാസർകോട് ജനറൽ ആശുപത്രിയും ജില്ല ആശുപത്രിയും കൊവിഡ് സ്പെഷ്യൽ. അപ്പോഴും കർണ്ണാടക അതിർത്തി പാതകൾ അടച്ചതിനാൽ ചികിത്സ കിട്ടാതെ മരണങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു.
കേരളത്തിൽ മൂന്നാം തരംഗമാണ് കൊവിഡ് വ്യാപനം. രണ്ടാം തരംഗത്തിനിടെ ഒന്നാം പിണറായി സർക്കാറും രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷവും എൻ ഡി എയുടെ കേരള ക്യാപ്റ്റനും നയിച്ചതിന്റെ വൈറസ് വ്യാപനത്തുടർച്ചയാണ് മൂന്നാമത്തേത്. അതി തീവ്ര വൈറസ് യു കെയിൽ നിന്ന് ഇപ്പോൾ എത്തിയതേയുള്ളൂ എന്ന് തിങ്കളാഴ്ച അറിയിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ഭൂരിപക്ഷത്തിലെന്നപോലെ കൊവിഡ് അറിവിലും മുഖ്യമന്ത്രിയെ മറികടന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പേരുച്ചരിച്ചല്ലാതെയും ടീച്ചർ സായാഹ്ന വാർത്താ പ്രക്ഷേപണ ശേഷം കൃത്യം വിവരങ്ങൾ പുറത്തുവിടുന്നെങ്കിൽ ഊഹിക്കാം വിജയനും ജയരാജനുമല്ല തന്നെ താനാക്കിയതെന്ന തന്റേടം അവർ മറച്ചു വെക്കുന്നില്ല.
കാസർകോട് ടാറ്റ കൊവിഡ് ആശുപത്രിയുടേയും മെഡിക്കൽ കോളജിന്റേയും കാര്യത്തിൽ ആരോഗ്യ മന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാൻ ഇടം നൽകാതെ ബന്ധപ്പെട്ട ഫയലുകൾ കെട്ടിവെച്ചാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് സെക്രട്ടറിയറ്റ് പൂട്ടിയിറങ്ങിയ മുഖ്യമന്ത്രിക്ക് പിന്നാലെ നാടുപിടിച്ചത്. ശൈലജ ടീച്ചർ തസ്തികകൾ പ്രഖ്യാപിച്ചത് വീട്ടിലേക്കോ വീമ്പിനൊ ആയിരുന്നില്ല. കാസർക്കോടിനു വേണ്ടി മുടക്കാൻ പണമില്ലെന്ന നിലപാടിന്റെ ആഘാതം ഇപ്പോഴാണ് അനുഭവിച്ചു തുടങ്ങുന്നത്.
മെഡിക്കൽ കോളജിലേക്ക് വന്ന മെഡിക്കൽ സംഘം തിരിച്ചങ്ങ് പോയി. ടാറ്റ ആശുപത്രിക്കായി നിയമനങ്ങൾ നടന്നില്ല. മറ്റ് ആശുപത്രികളിൽ നിന്ന് ഡോക്ടർമാരുടെ ജോലി സമയം ക്രമീകരിച്ച് ചികിത്സ നടക്കുന്നു എന്നുവരുത്തുന്ന ഇടമായി കിടക്കുകയാണ് ടാറ്റയുടെ അറുപതു കോടി മുതൽ. വിജന മേഖലയിൽ കെട്ടിടങ്ങൾ ഒഴിഞ്ഞു കിടന്നാൽ സംഭവിക്കാവുന്നതൊക്കെയാവും അവിടന്ന് വരാവുന്ന വാർത്തകൾ.
മഞ്ചരിയിലും കാസർക്കോട്ടും ഒരേ കാലത്താണ് മെഡിക്കൽ കോളജ് അനുവദിച്ചത്. അവിടെയും ഇവിടേയും താരതമ്യം ചെയ്യുമ്പോൾ കാസർക്കോട് ജില്ലയിലെ എം എൽ എമാരുടെ തല താണുപോവാത്തത് തലയുയർത്തി നിൽക്കുന്ന ജനങ്ങൾ ഇല്ലാഞ്ഞിട്ടാണ്.
അതീവ ഗുരുതര അവസ്ഥയിൽ ഈ ജില്ല വിറങ്ങലിക്കുമ്പോഴും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പരാമർശിച്ചത് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലും കാസർക്കോട് നഗരസഭയിലും വാർഡുതല സമിതികൾ പ്രവർത്തിക്കുന്നില്ല എന്ന വിവരമായിരുന്നു. കേരളത്തിൽ 941 ഗ്രാമ പഞ്ചായത്തുകളിലായി 15962 വാർഡുകളും 87 നഗരസഭകളിൽ 3122 വാർഡുകളുമാണല്ലോ ഉള്ളത്. അവിടങ്ങളിലെല്ലാം അരിച്ചുപെറുക്കി നിരീക്ഷിച്ച ശേഷമാണ് ദേശീയ മാധ്യമ പ്രതിനിധികൾ ഉൾപ്പെടെ കാതുകൂർപ്പിച്ചിരിക്കുന്ന സായാഹ്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തും നഗരസഭയും പരാമർശിച്ചത് എന്നാണ് കരുതിപ്പോയത്.
എന്നാൽ ജില്ലയിലെ മൊത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കൊവിഡ് പ്രവർത്തനം അവലോകനം ചെയ്ത യോഗത്തിൽ വ്യക്തമാക്കപ്പെട്ടത് ആരോഗ്യ വകുപ്പ് അധികൃതർ അങ്ങിനെ അനാരോഗ്യകരമായ റിപ്പോർട്ട് നൽകിയിട്ടേയില്ലെന്നാണ്. ശിരോവസ്ത്രം ധരിക്കുന്ന അഭിഭാഷക സമീറ ഫൈസലാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്. വി എം മുനീർ വക്കീൽ കാസർക്കോട് നഗരസഭ ചെയർമാനും. പ്രാദേശിക സർക്കാറുകൾക്കെതിരെ പാർട്ടി ബ്രാഞ്ചിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ അവലംബിച്ച് തോന്ന്യാസം പറഞ്ഞാൽ നിയമപരമായി കൈകാര്യം ചെയ്യാൻ വേറെ അഭിഭാഷകരെ തേടി പോവേണ്ടതില്ലെന്ന് ചുരുക്കം.
മറിയം റഷീദ മുസ് ലിമായതുകൊണ്ടാണോ ചന്ദ്രിക അവരുടെ പക്ഷം എന്ന് ചാരക്കേസ് കാലം അന്നത്തെ കൂത്തുപറമ്പ് എംഎൽഎ ചോദിച്ചത് നിയമസഭ രേഖയിലുണ്ട്. ആ മാനസികാവസ്ഥക്ക് മാറ്റം വന്നില്ലെന്നാണോ, അതല്ല തിരിച്ചുപോക്കാണോ സംഭവിക്കുന്നതെന്ന സന്ദേഹമാണ് അഡ്വ.സമീറക്കെതിരായ പരാമർശങ്ങൾ ഉയർത്തുന്നത്. കോൺഗ്രസ് മുക്ത ഭാരതത്തിന് ചേരുംവിധം കേരളവും മാറ്റാൻ പാകത്തിലുള്ള കഷായം ഇത്ര ഫലം ചെയ്തത് ആ വിചാരധാര മേമ്പൊടി മധുരം കാരണമാണെന്ന് അറിഞ്ഞു തുടങ്ങുന്നതിന്റെ അടയാളമാവാം പാലക്കാടൻ കാഴ്ച.
കാസർക്കോടിന്റെ അവകാശങ്ങൾ കവരുന്നവരോട് അകലം പാലിക്കാനും അവരുടെ മുഖാവരണം പറിച്ചെറിയാനുമുള്ള കൂട്ടായ്മ ഇപ്പോഴല്ലാതെ പിന്നെ എപ്പോൾ ? ഇസ, കൊടി ഭേദങ്ങളില്ലാതെയുള്ള മുന്നേറ്റവും ചെറുത്തുനിൽപ്പും അനിവാര്യമാവുന്ന ഈ ഘട്ടം പ്രതികരിച്ചില്ലെങ്കിൽ ഇവിടെ മനുഷ്യകുലം ശേഷിച്ചു കൊള്ളണമെന്നില്ല. ഇത് തുടർഭരണം തുടങ്ങുന്നവരോടുള്ള യുദ്ധമല്ല. വളരെ വളരെ പിൽക്കാല അനുഭവങ്ങളുടെ കനലിൽ നിന്നുള്ള ആളലാണ്. ഉദ്യോഗാർത്ഥികൾ തൊഴിലവസരങ്ങൾക്ക് സർക്കാർ ഗസറ്റ് ആശ്രയിച്ച കാലം കാസർക്കോട്ടേക്കുള്ള ഗസറ്റുകളിൽ നിന്ന് ബന്ധപ്പെട്ട പേജുകൾ പിഴുതുമാറ്റുന്ന പ്രവണതക്കെതിരെ തീക്കൊളുത്തി സമരം നയിച്ച ചരിത്രമുള്ള മന്ത്രി ഇ ചന്ദ്രശേഖരനെ അവകാശ പോരാട്ടത്തിന്റെ മുന്നിൽ കിട്ടണം.
ചന്ദ്രഗിരി പുഴക്ക് വടക്കുള്ള ഭൂപ്രദേശങ്ങൾ മംഗളൂറുവിന്റെയല്ല, കേരളത്തിന്റ ഭാഗം തന്നെയെന്ന ആർജ്ജവം മഞ്ചേശ്വരം, കാസർക്കോട് മണ്ഡലം എംഎൽഎമാരാണ് കാണിക്കേണ്ടത്. കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രപ്പടി മഞ്ചേശ്വരം എംഎൽഎക്കാണ് ലഭിക്കുക. അതു കഴിഞ്ഞാൽ കാസർക്കോട്. ഈ രണ്ട് മണ്ഡലങ്ങളിലും കമ്മ്യൂണിസ്റ്റ് എംഎൽഎമാരായിരുന്നെങ്കിൽ ഈ ഫസ്റ്റ് ക്ലാസ് ടിഎ പാർട്ടി ലെവിയായി വാങ്ങുമായിരുന്നു. അതാണ് ശമ്പളത്തിൽ നിന്ന് പിടിക്കുന്നതിനേക്കാൾ പാർട്ടിക്ക് ലാഭം. ദൂരം അടിസ്ഥാനമാക്കി അനുവദിക്കുന്ന ഈ യാത്രാപ്പടിയുടെ മറുപുറം ഈ രണ്ട് മണ്ഡലങ്ങളും തിരുവനന്തപുരവും തമ്മിലുള്ള അകലമാണ്.
നടന്നടുക്കുന്ന പടപ്പുകൾക്ക് നേരെ പാഞ്ഞടുക്കുന്ന പടച്ചവനെക്കുറിച്ചാണ് പൊതുവേയും റമദാനിൽ സവിശേഷമായും എൻഎ നെല്ലിക്കുന്നും എകെഎം അഷറഫും കേട്ടുകൊണ്ടിരുന്നത്. എന്നാൽ കേരളം ഭരിക്കുന്നത് പടച്ചവനല്ല, അങ്ങിനെയൊന്നില്ലെന്ന് വിശ്വസിക്കുകയും അത് വെളിപ്പെടുത്താൻ ഇപ്പോൾ ധൈര്യപ്പെടാതിരിക്കുകയും ചെയ്യുന്ന പടച്ചവന്റെ പടപ്പുകളിൽ ഒരാളായ പിണറായി വിജയനാണ്. രണ്ട് മണ്ഡലങ്ങളേയും ചേർത്തുപിടിച്ച് അദ്ദേഹം വോട്ടു ചോദിച്ചിട്ടും മൂന്നാം സ്ഥാനത്തു നിന്നൊരു പ്രമോഷൻ ഇടതു സ്ഥാനാർത്ഥികൾക്കുണ്ടായില്ല. നരേന്ദ്ര മോദിക്ക് കേരളത്തോട് തോന്നുന്ന അലർജിക്ക് സമാന സമീപനം സ്വീകരിച്ചാൽ കുറ്റം പറയാനാവില്ല.
മഞ്ചേശ്വരം - കാസർക്കോട് മണ്ഡലങ്ങൾ സംഗമിക്കുന്ന സീതാംഗോളി കിൻഫ്ര പാർക്കിൽ എച്ച്എഎൽ ഫാക്ടറിക്ക് തറക്കല്ലിട്ടതും ഉദ്ഘാടനം ചെയ്തതും രണ്ട് ഘട്ടങ്ങളിൽ പ്രതിരോധ മന്ത്രിയായ എ കെ ആന്റണിയായിരുന്നു. ശിലാസ്ഥാപന വേദിയിൽ അന്നത്തെ മഞ്ചേശ്വരം എംഎൽഎ സി എച്ച് കുഞ്ഞമ്പു ആന്റണി പ്രധാനമന്ത്രിയാവണം എന്ന് തന്റെ പാർട്ടി നിലപാടിന് ചേരാത്തവിധം പറഞ്ഞുപോയത് വികസനം കൊതിക്കുന്ന ജനപ്രതിനിധിയുടെ മനസ്സിന്റെ ആത്മാർത്ഥ പ്രകടനമായിരുന്നു. ഇനിയങ്ങോട്ട് കാസർക്കോട് ജില്ലയിൽ പ്രതിരോധ വകുപ്പിൽ നിന്നുള്ള അനുബന്ധ വികസന പദ്ധതികളുടെ മഹാപ്രവാഹം പ്രതീക്ഷിക്കാം എന്നാണ് ആന്റണി അന്ന് പ്രഖ്യാപിച്ചത്. അതിന് സഹായകമാവുന്ന പദ്ധതികൾ കേന്ദ്രത്തിലെ രണ്ടാം യുപിഎ സർക്കാറിന് സമർപ്പിക്കാൻ ഉമ്മൻ ചാണ്ടി സർക്കാറോ അന്നത്തെ എംപിയോ അഞ്ച് എംഎൽഎമാരോ താൽപ്പര്യമെടുത്തോ എന്ന ആത്മപരിശോധന അവർക്കും സോഷ്യൽ ഓഡിറ്റിംഗ് നടത്തൽ വോട്ടുബട്ടൺ അമർത്തികൾക്കും നല്ലതാണ്.
കെ ആർ ഗൗരിയമ്മയുടെ വിയോഗ വാർത്ത പുറത്തുവരുമ്പോൾ കാസർക്കോടിന്റെ നെഞ്ചകം പുകയുന്നത് ആ മഹാമഹിളയുടെ വിശാല മനസ്കതയിൽ ഉയർന്ന ബദ്രഡുക്കയിലെ കെൽ ഫാക്ടറി ഭെൽ തിമിംഗലത്തിന് തിന്നാൻ കൊടുത്ത് ആ സ്ഥാപനത്തിലെ തൊഴിലാളികളുടെ അടുപ്പിലെ തീ അണഞ്ഞുപോയ ദുരവസ്ഥയിലാണ്. ഇ അഹ്മദ് സാഹിബ് കേരളത്തിന്റെ വ്യവസായ മന്ത്രിയായിരിക്കെ കാസർക്കോടിന് അനുവദിച്ച കെൽ ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് ഭരണമാറ്റത്തിൽ ഗൗരിയമ്മ വ്യവസായ മന്ത്രിയായത്. അവർക്ക് ഫാക്ടറി വയലാറിലേക്കോ പുന്നപ്രയിലേക്കോ കൊണ്ടുപോവാൻ പച്ച മഷിയിൽ ഒപ്പിട്ടൊരു ഉത്തരവേ വേണ്ടിയിരുന്നുള്ളൂ. അതല്ല ബദ്രഡുക്കയിൽ തുടർപ്രവർത്തനം ചടുലമാക്കാനുള്ള നടപടികളാണ് അവർ സ്വീകരിച്ചത്.
ആ ഫാക്ടറിയും കാസർക്കോട് ബീച്ച് റോഡിലെ ആസ്ട്രാൾ വാച്ച് ഫാക്ടറി പോലെ അടഞ്ഞു കിടക്കുകയാണിപ്പോൾ. തൊഴിലാളികൾ ഞങ്ങൾ പട്ടിണിയിലാണേ എന്ന് നിലവിളിക്കുന്ന പന്തലിൽ ചെന്നുകയറി നടത്തുന്ന കണ്ഠക്ഷോഭം അഞ്ചും ഒന്നും ആറ് ജനപ്രതിനിധികൾ നിയമസഭയിലും ലോക്സഭയിലും അല്ലേ നടത്തേണ്ടത്. കൊല്ലം ജില്ലയിലാണ് ഈ അവസ്ഥയെങ്കിൽ പണ്ട് കോൺഗ്രസിലെ മറുഗ്രൂപ്പുകാർ കാണിച്ചത് സ്വയം ചെയ്ത് തലമൂടി നടക്കേണ്ടിവരുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക്.
ഭൂപരിഷ്കരണ നിയമത്തിലൂടെ പിടിച്ചെടുത്ത് സർക്കാർ തന്നെ പിടിച്ചുവെച്ച ഹെക്ടർ കണക്കിന് തോട്ട ഭൂമിയിൽ മൂന്നു പതിറ്റാണ്ട് എൻട്രിനും എൻഡോസൾഫാനും തളിച്ച് ആളുകളെ കൊല്ലുകയും തലമുറകളെ ജനിതക വൈകല്ല്യങ്ങളുടെ ശാപശയ്യകളിൽ ഇഴജീവി മനുഷ്യരാക്കി മാറ്റുകയും ചെയ്ത ഭരണകൂടങ്ങൾക്കെതിരെ നിശ്ശബ്ദരാവുക മാത്രമല്ല, പങ്കുപറ്റുക കൂടിയായായിരുന്നു രാഷ്ട്രീയ നേതൃത്വങ്ങളും ബ്യൂറോക്രാറ്റ് സിംഹങ്ങളും. ഉണ്ണിത്താന്റെ ജില്ലയുടെ കീർത്തി കശുവണ്ടി ഫാക്ടറികളുടേതാവുമ്പോൾ കേരളത്തിൽ ഏറ്റവും മികച്ച കശുവണ്ടി വിളയുന്നത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലാണെന്ന് മറക്കരുത്.
ഭൂമിയുടെ ലഭ്യതയുടെ പുണ്യത്തിലാണ് പെരിയയിൽ കേന്ദ്ര സർവ്വകലാശാലയും സീതാംഗോളിയിൽ പോർവിമാന കമ്പനിയും മഞ്ചേശ്വരത്തും അമ്പലത്തറയിലും സോളാർ പാർക്കുകളും സ്ഥാപിതമായത്. സർവ്വകലാശാലയുടെ അനുബന്ധമായി കാസർക്കോട്ട് സ്ഥാപിക്കേണ്ടിയിരുന്ന മെഡിക്കൽ കോളജ് ആലപ്പുഴക്കെടുത്തപ്പോഴും തീവണ്ടികളിലെ ശീതീകൃത കോച്ചുകളിലും വിമാനത്തിലും സഞ്ചരിക്കുന്നുണ്ടായിരുന്നു ജനങ്ങൾ തെരഞ്ഞെടുത്ത അഞ്ചും ഒന്നും ആറുപേർ. മഞ്ചേശ്വരം മണ്ഡലത്തിൽ അന്നത്തെ എംഎൽഎ സിഎച്ച് കുഞ്ഞമ്പു കൊണ്ടുവന്ന മറൈൻ അക്കാദമി എങ്ങോട്ട് പോയെന്ന് പിൻഗാമികൾക്കറിയില്ല. പിബി അബ്ദുർ റസാഖിന്റെ സമ്മർദത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവിറക്കിയ ഉറുദു അക്കാദമി പിണറായി സർക്കാർ ഉപേക്ഷിച്ചത് ഉപതെരഞ്ഞെടുപ്പാനന്തരം വന്ന പൊന്നു വ്യാപാരിക്കും തിരിഞ്ഞില്ല.
നിസ്സംഗതയുടെ പുതപ്പുകൾക്കുള്ളിൽ നിന്ന് ജനനേതാക്കളേയും ആൾക്കൂട്ടത്തേയും വിളിച്ചുണർത്താൻ കഴിയുന്ന കൂട്ടർക്കൊരു കൂടാരം എന്ന നിലയിലായിരുന്നു അരക്കോടിയോളം രൂപ മുടക്കി കാസർക്കോട് പ്രസ്ക്ലബ്ബ് നിർമ്മാണത്തിന് മനസ്സും മടിശ്ശീലയും തുറന്ന് പ്രവാസികളും പ്രദേശികളും സഹകരിച്ചത്. പ്രസിഡണ്ട് കെ എം അഹ്മദും സെക്രട്ടറി സൂപ്പി വാണിമേലും ഫിനാൻസ് കമ്മിറ്റി പ്രതിനിധിയായി എൻ എ നെല്ലിക്കുന്നും ഒപ്പിട്ട ധനശേഖരണ അഭ്യർത്ഥന കത്തുമായി കടൽകടന്ന അഹമ്മദ് മാഷ് കൈയും മനവും നിറഞ്ഞ പുഞ്ചിരിയുമായായിരുന്നു തിരിച്ചുവന്നത്. അന്നത്തെ ധനമന്ത്രി ശിവദാസ മേനോൻ ട്രഷറി നിയന്ത്രണമില്ലാതെ തന്ന അഞ്ചു ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് മുണ്ടോൾ എഞ്ചിനിയർ വരച്ച പ്ലാനിനു മുകളിൽ അടയിരിക്കുകയായിരുന്നു അന്നത്തെ പ്രസ്ക്ലബ്ബ് ഭാരവാഹികൾ.
ആ ഇരുത്തത്തിൽ നിന്ന് അവരെ എഴുന്നേൽപ്പിച്ച് അന്നത്തെ കാസർക്കോട് നഗരസഭ ചെയർമാൻ ടി ഇ അബ്ദുല്ലയുടേയും വൈസ് ചെയർമാൻ എ അബ്ദുറഹ്മാന്റേയും ചേംബറുകളിൽ കൊണ്ടുപോയി തുടർ പ്രവർത്തന വഴി തേടിയത് കോഴിക്കോട് ജില്ലയിൽ നിന്ന് കാസർക്കോട് മാധ്യമത്തിൽ പണിക്ക് വന്ന് ആസ്ഥാന വിദ്വാന്മാരിൽ ഒരാളോട് മത്സരിച്ച് ജയിച്ച് സെക്രട്ടറിയായ ഒരാളായിരുന്നുവെന്നത് പിൻഗാമികൾ തമസ്കരിക്കാൻ ശ്രമിക്കുന്ന ചരിത്രം. നഗരസഭയുടെ എഞ്ചിനിയറിംഗ് വിഭാഗത്തെ ഏതാണ്ട് പൂർണ്ണമായി പ്രസ്ക്ലബ്ബ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിട്ടുതന്ന ചെയർമാന്റേയും വൈസ് ചെയർമാന്റേയും ആർജ്ജവം ഓർക്കുന്ന ഒറ്റയാനാവാം ഒരുവേള അന്നത്തെ പ്രസ്ക്ലബ്ബ് സെക്രട്ടറി.
സംഭാവന നൽകിയവരുടെ പട്ടികയിലെ തളങ്കരപ്പെരുമ തമസ്കരിക്കാൻ മാറിയണിയുന്ന ചെരിപ്പിനൊപ്പം കാൽ മുറിക്കാൻ നിർബന്ധിതനാവുന്ന തളങ്കരക്കാരൻ സന്നദ്ധനായാലും വാണിമേൽക്കാരൻ അംഗീകരിച്ചു തരില്ല. ജില്ലക്ക് വേണ്ടി അവർ ചെയ്യുന്നതെന്തെന്നല്ല, ചെയ്യേണ്ടതെന്തെന്ന അറിവില്ലായ്മയാണ് പ്രശ്നം എന്ന അറിവാണ് പ്രസ്ക്ലബ്ബ് പരിസരത്തെ ഇരുട്ടകറ്റാൻ നഗരസഭയെക്കൊണ്ട് വിളക്കുവെപ്പിക്കാൻ ആ കെട്ടിടത്തിലെ വാടകക്കാരൻ വിളിച്ചുപറയേണ്ടിവന്നുവെന്ന യാഥാർത്ഥ്യം വിളിച്ചോതുന്നത്.
ഇനിയെന്ത് എന്ന ആലോചനയിൽ തല കുമ്പിട്ടിരിക്കാൻ പാകമാണ് ഉള്ളംകൈയിൽ ലോകം തെളിയുന്ന ഇലക്ട്രോണിക് ഉപകരണമുള്ള വർത്തമാനം. ഉപ്പാപ്പാന്റേയും വല്ല്യച്ഛന്റേയും തറവാടെവിടെയെന്നുപോലും അറിയാൻ ഗൂഗിൾ ചേട്ടനോട് ചോദിക്കുന്ന യുവതയോടും മിനിസ്ക്രീൻ പ്രതലത്തിൽ ചുണ്ണാമ്പു തേച്ചങ്ങിനെ ചുമ്മാ ഇളിച്ച് നേരം കൊല്ലുന്ന മൂത്തവരോടും പറയാനുള്ളത് ഇനിയെങ്കിലും സെർച്ചുകളിൽ കോമൺസെൻസും പരിസര ബോധവും ഉണ്ടാവണമെന്നാണ്. വിമോചന സമര വേളയായി കൂട്ടരേ! ഒന്നാം ഇ എം എസ് സർക്കാറിനെ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അത്യധികം മനോവേദനയോടെ പിരിച്ചുവിടാൻ ശുപാർശ ചെയ്യുന്നതിൽ കലാശിച്ച പ്രക്ഷോഭമാണ് വിമോചന സമരമായി അറിയപ്പെടുന്നത്.ആ സമരത്തിൽ അണിചേർന്ന് അറസ്റ്റ് വരിച്ചവരായിരുന്നു കാസർക്കോട് ബീച്ച് റോഡിലെ കോൺഗ്രസ് നേതാവ് അഡ്വ. വി കെ ശ്രീധരൻ നായരും കാസർക്കോട് തായലങ്ങാടിയിലെ അഡ്വ.ഹമീദലി ശംനാടും.
മുസ്ലിം ലീഗ് നേതാവായിരുന്ന ശംനാടിനെ വിമോചന സമരാനന്തരം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലം വിജയിപ്പിച്ചിരുന്നു. കേരളം അത്തരത്തിൽ വിമോചന സമരമുഖത്താണെന്നല്ല പറയുന്നത്. എന്നാൽ കാസർക്കോട്ട് രണ്ടാം വിമോചന സമരം അനിവാര്യമല്ലെന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, ഇവിടം വിട്ടുപോവുക. നാടുനന്നാക്കാൻ പ്രാപ്തിയുള്ളവർ ആ ദൗത്യം നിറവേറ്റിയ ശേഷം തിരിച്ചുവരുക.
കാസർക്കോട് പാക്കേജ് എന്നു കേട്ടാൽ അഭിമാന പൂരിതമാവാത്ത അന്തരംഗങ്ങൾ അത്യുത്തര കേരളത്തിൽ ഉണ്ടാവില്ല. ആ പാക്കേജും പ്രഭാകരൻ കമ്മീഷനും അന്നത്തെ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലൂടെ നടത്തിയ പദയാത്രയിൽ ശേഖരിച്ച വിവരങ്ങളും നിവേദനങ്ങളിലെ ആവശ്യവും ക്രോഡീകരിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ചതും പ്രാവർത്തികമാക്കിത്തുടങ്ങിയതുമെന്നത് നിഷേധിക്കാൻ കഴിയുന്ന ഏത് ജനപ്രതിനിധിയുണ്ട് കാസർക്കോട്ട്?. ആ പാക്കേജിന് എത്ര പേജുകളുണ്ടെന്നോ എന്തെല്ലാം നടപ്പായെന്നോ അറിയുന്നവർ കണ്ണാടിയുടെ മുന്നിൽ നിന്ന് കൈപൊക്കട്ടെ. പൊങ്ങുന്നില്ല അല്ലേ?!
Keywords: Kerala, Article, Medical College, Top-Headlines, Treatment, COVID-19, Corona, Hospital, Soopy Vanimel, Varika Varika Sodare Vimojana Samara Samayamaai.
< !- START disable copy paste -->