city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എതിര്‍പ്പില്ലാതെ ഏകസിവില്‍കോഡ് ഇങ്ങനെയും നടപ്പിലാക്കാമായിരുന്നു!

(www.kasargodvartha.com 12.11.2016) ഏക സിവില്‍കോഡും, മുത്തലാഖും ആണ് ഇന്ത്യ ഭൂഖണ്ഡം നേരിടുന്ന ഭയാനകമായ പ്രശ്‌നമെന്ന നിലയിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറും ഇവിടുത്തെ മുസ്ലീം മത പണ്ഡിതന്മാരും നടത്തുന്ന പ്രസ്താവനകളും, പ്രമേയങ്ങളും, പ്രതിഷേധങ്ങളും കേട്ടാല്‍ തോന്നിപ്പോവുക.

ഏക സിവില്‍കോഡ് നടപ്പിലാക്കും എന്ന് ഒരു വിഭാഗം ശക്തിപൂര്‍വ്വം ശഠിക്കുമ്പോഴാണ്, തങ്ങള്‍ക്കെന്തോ നഷ്ടപ്പെടാന്‍ പോകുന്നു എന്ന് മറുഭാഗം ഭയപ്പെടുന്നത്. ശരീഅത്ത് നിയമങ്ങളെ ആരും തൊട്ടുകളിക്കേണ്ടെന്നും അനന്തമായ പോരാട്ടങ്ങളെ നേരിടേണ്ടിവരുമെന്നും മുസ്ലീം സംഘടനകള്‍ പറയുന്നു. ഏകീകൃത പൗരനിയമം വന്നാല്‍ മുസ്ലീംകളുടെ മത സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നും, മുസ്ലീംകളുടെ സാംസ്‌കാരിക സ്വത്വം നഷ്ടപ്പെടുമെന്നും, ഹിന്ദുകോഡ് അടിച്ചേല്‍പ്പിക്കുമെന്നും, ബഹുസ്വരത തകര്‍ക്കുമെന്നും ഇതിനെ എതിര്‍ക്കുന്ന മുസ്ലീം നേതാക്കള്‍ ഉന്നയിക്കുന്ന വാദ മുഖങ്ങളാണ്.

ഏകീകൃത പൗരനിയമം കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് പറഞ്ഞ് വീമ്പിളക്കാതെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് വ്യക്തികളുടെ പുരോഗതിക്കും വിഘാതമായി നില്‍ക്കുന്ന വസ്തുതകളെ നിയമം മൂലം ഇല്ലാതാക്കാന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടല്ലോ? ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അക്കാര്യങ്ങള്‍ കണ്ടെത്തി ഭരണഘടനാ ഭോദഗതിയിലൂടെയോ, കോടതി ഉത്തരവിലൂടെയോ, നിയമമാക്കിക്കൂടെ?

ബഹുഭാര്യത്വം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ബഹുഭാര്യത്വം മുസ്ലീംങ്ങളില്‍ മാത്രമല്ല.. ഇതരമതവിഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്. ഇന്ത്യയില്‍ 5.2 ശതമാനം മാത്രമാണ് മുസ്ലീംങ്ങളില്‍ ബഹുഭാര്യത്വമുള്ളതെങ്കില്‍ ഹിന്തുക്കളില്‍ 7.5 ശതമാനമുണ്ടെന്നാണ് ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ കണ്ടത്. ഇത്തരം പ്രശ്‌നം ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ മാത്രമെ കാണുന്നുള്ളു എന്ന് പ്രചരിപ്പിക്കുമ്പോഴാണ് മറുപക്ഷത്ത് പ്രശ്‌നം രൂക്ഷമാകുന്നത്.

ഏകപക്ഷീയ വിവാഹമോചനം സ്ത്രീ വര്‍ഗ്ഗം നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഇന്ന് എല്ലാമതങ്ങളിലും വിവാഹമോചനം ക്രമാതീതമായി വളര്‍ന്നു വരികയാണ്. പുരുഷന്‍ സ്ത്രീയെ ഉപേക്ഷിക്കുന്ന പ്രക്രിയയാണ് മിക്ക വിവാഹമോചനങ്ങളിലും കണ്ടുവരുന്നത്. ഏകപക്ഷീയമായ (പുരുഷമേധാവിത്വം) വിവാഹമോചനം നിരോധിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നതേയുള്ളു.

ഇക്കാലത്ത് സ്വത്തവകാശം ആണിനും പെണ്ണിനും എന്ന വ്യത്യാസമില്ലാതെ തുല്യമായി വീതം വെക്കുന്ന അവസ്ഥയാണ് ഉള്ളത്. സ്വത്തവകാശത്തില്‍ സ്ത്രീകളോടുള്ള വിവേചനം പാടില്ലായെന്നുള്ള നിയമം നടപ്പാക്കാനും സര്‍ക്കാരിനാവും. ഇന്നത്തെ അണുകുടുംബ സംസ്‌കാരത്തില്‍ സ്വത്ത് വീതം വെക്കലെല്ലാം തുല്യ പരിഗണന നല്‍കിയാണ് സര്‍വ്വരും ചെയ്തു വരുന്നത്. ഇത്തരം കാര്യങ്ങളില്‍ എല്ലാമതക്കാരും യോജിക്കും. വിഭാഗീയതയും, വിഷമയമായ വാക്ക് തര്‍ക്കങ്ങളും ഉണ്ടാകുന്നത് പ്രശ്‌നങ്ങള്‍ ഏതെങ്കിലും ഒരു മതത്തിന്റെ നേര്‍ക്ക് കെട്ടിവെക്കുമ്പോഴാണ്.

ഏകീകൃത പൗരനിയമം കൊണ്ടുവരണം എന്ന് വാദിക്കുന്നതിന് പകരം വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആവശ്യമായ നിയമ നടപടികളും പരിഷ്‌കാരങ്ങളും ആവശ്യമാണെന്ന ധാരണ പൊതു സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

മുത്തലാഖ്
മതങ്ങളില്‍ നിലനിന്നിരുന്ന ആചാരങ്ങളേയോ, നിയമങ്ങളേയോ നീക്കിക്കളയണമെന്ന ആവശ്യം പൊതു സമൂഹം ഉയര്‍ത്തുമ്പോള്‍ എതിര്‍പ്പുണ്ടാവുക സ്വാഭാവികം. മുത്തലാഖ് സമ്പ്രദായം എതിര്‍ക്കപ്പെടേണ്ടതും എടുത്തുകളയേണ്ടതുമാണെന്ന് ഇതിന് ഇരയായിത്തീരുന്നവര്‍ ആവശ്യപ്പെടുകതന്നെ ചെയ്യും. ഇതൊരു പുരുഷാധിപത്യ സമ്പ്രദായമാണെന്ന കാര്യവും സുവ്യക്തമാണ്.

പക്ഷേ.. ഇത്തരം താലാഖുകള്‍ നമ്മുടെ രാജ്യത്ത് വ്യാപകമായി നടക്കുന്നില്ലായെന്നതാണ് യഥാര്‍ത്ഥ്യം. വളരെ അപൂര്‍വ്വമായി മാത്രം നടക്കുന്നതും മുസ്ലിം സമൂഹത്തിലെ ഉന്നത കുലജാതരായ സ്ത്രീകളെ ബാധിക്കുമ്പോള്‍ മാത്രം കോടതി കേസുകളും, വാര്‍ത്താപ്രാധാന്യവും ലഭിക്കുന്നതുമായ ഒരു കാര്യമാണിത്.

പാവപ്പെട്ട ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നമല്ലിത്. അവരുടെ ഇടയില്‍ നടക്കുന്നത് മുത്തലാഖ് അല്ല. വിദ്യാഭ്യാസമില്ലാത്ത, സാമ്പത്തിക ശേഷിയില്ലാത്ത, പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ വരുന്ന പുരുഷനെ ആരെന്നോ, എന്തെന്നോ അറിയാതെ കെട്ടിച്ച് കൊടുക്കുന്നു. പാവപ്പെട്ട രക്ഷിതാക്കള്‍ കടം വാങ്ങിച്ചോ പണയപ്പെടുത്തിയോ പണവും സ്വര്‍ണ്ണവും സ്വരൂപിച്ചാണ് തങ്ങളുടെ പെണ്‍മക്കളെ വിവാഹം ചെയ്ത് കൊടുക്കുന്നത്. പെണ്ണിന്റെ സൗന്ദര്യവും, ആരോഗ്യവും ക്ഷയിക്കുമ്പോള്‍ അവന്‍ കടന്നുകളയുന്നു. ഇവിടെ താലാഖുമില്ല, മുത്തലാഖുമില്ല. ഇത്തരം പൈശാചികതയെ കുറിച്ച് സംസാരിക്കാനോ, അരിശം കൊള്ളാനോ, പ്രതികരിക്കാനോ ആരും മുന്നോട്ടുവരുന്നുമില്ല.

മുസ്ലിം സമൂഹം പ്രത്യേകിച്ച് സ്ത്രീകള്‍ യഥാര്‍ത്തത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ എന്തെന്ന് കണ്ടറിഞ്ഞ് പരിഹാരം കണ്ടാല്‍ തലാഖും മുത്തലാഖും ഒന്നും നടക്കില്ലിവിടെ. വിദ്യാഭ്യാസം നിര്‍ബ്ബന്ധമായി നേടിയിരിക്കണമെന്നും, ഒരു തൊഴില്‍ കണ്ടെത്തണമെന്നും അല്ലെങ്കില്‍ കണ്ടെത്തിക്കൊടുക്കാമെന്നും മുസ്ലീം മത പണ്ഡിത സമൂഹം അസന്നിഗ്ധമായി പ്രഖ്യാപിക്കണം. നടപ്പില്‍ വരുത്താന്‍ ശ്രമിക്കണം. തൊഴില്‍ നേടുകയും, സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടുകയും ശരിതെറ്റുകളെ വിവേചിച്ചറിയാനുള്ള വിദ്യാഭ്യാസം നേടുകയും ചെയ്താല്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയും. തനിക്കനുയോജ്യനായ പുരുഷനെ കണ്ടെത്തി ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയും. ഇതിനൊന്നും മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കാതെ അടക്കിയൊതുക്കി വീട്ടിലെ അടുക്കളക്കകത്ത് തളച്ചിടപ്പെട്ട ജീവിതമേ അവര്‍ക്ക് പറ്റൂയെന്ന് ശഠിക്കുന്ന പുരുഷാധിപത്യ സമീപനമാണ് മാറേണ്ടത്.

ചര്‍ച്ച നടക്കേണ്ടത് ആവഴിക്കാണ്. അങ്ങിനെ ജീവിച്ചു വരുമ്പോള്‍ സംഭവിക്കാവുന്ന വീഴ്ചകളെയും, പരാജയങ്ങളെയും ചൂണ്ടിക്കാണിക്കുകയും, തിരുത്തുകയും വേണം. വര്‍ത്തമാനകാലത്ത് മുസ്ലീം സ്ത്രീകളില്‍ വ്യാപകമായി കാണുന്ന ഒരു സ്വാതന്ത്ര്യ സ്വഭാവമുണ്ട്. കച്ചവടത്തിന് ടൗണുകളിലെ കടകളിലും മാളുകളിലും യഥേഷ്ടം കറങ്ങിത്തിരിയാനുള്ള സ്വാതന്ത്ര്യം. അത് കൂട്ടത്തോടെയാണിറങ്ങുന്നത്. അത്തരം കാഴ്ച അരോചകമായിത്തോന്നാറുണ്ട്. പുരുഷന്മാര്‍ ഗള്‍ഫ് മേഖലകളില്‍ നിന്നും മറ്റും ചോരനീരാക്കി കൊടുത്തയക്കുന്ന പണം വാരിക്കോരി ചെലവാക്കാന്‍ മാത്രമായി മാറുന്ന സ്വാതന്ത്ര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ജോലിക്കും മറ്റും പോകുന്നതുപോലെ തന്നെ ആവശ്യങ്ങള്‍ നിറവേറ്റാനും പുറത്തിറങ്ങണം. അതിന് ചിട്ടയും, അടക്കവും ഒതുക്കവും വേണം.

കാലത്തിനനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കാന്‍ എല്ലാമത സമൂഹവും തയ്യാറാവുന്നുണ്ട്. അതേപോലെ മുസ്ലീം സമൂഹവും സന്നദ്ധമാവണം. ഫോട്ടോ എടുപ്പ് തെറ്റാണെന്ന് പറഞ്ഞു. റേഷന്‍ അരി കിട്ടാന്‍ പോലും ഫോട്ടോ വേണമെന്ന അവസ്ഥ സംജാതമായപ്പോള്‍ അതിനെ എതിര്‍ത്ത് നില്‍ക്കാന്‍ പറ്റാതായി. ടെലിവിഷനും, സിനിമയും ഹറാമാണെന്ന് പറഞ്ഞു അകറ്റിനിര്‍ത്താന്‍ പ്രഖ്യാപനമുണ്ടായി. ഇന്നിപ്പോള്‍ ക്രമേണ ക്രമേണ അത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു.

ഇക്കഴിഞ്ഞാഴ്ച കാസര്‍കോട് ജില്ലയിലെ ഒരു ജമാഅത്ത് കമ്മിറ്റി കൊണ്ടുവന്ന നിര്‍ദ്ദേശം മാതൃകാപരവും സ്വാഗതാര്‍ഹവുമാണ്. ജമാഅത്ത് പരിധിയില്‍ വിവാഹിതരാവാന്‍ പോവുന്ന വധൂവരന്മാര്‍ക്ക് 'ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്' ഹാജരാക്കിയാലേ വിവാഹത്തിന് അനുവദിക്കൂയെന്നാണ് പ്രസ്തുത നിര്‍ദ്ദേശം. എച്ച്‌ഐവി അണുബാധ പോലെ പകര്‍ച്ച വ്യാധിയുള്ള വ്യക്തികളെ ശ്രദ്ധിക്കാന്‍ ഇത് ഉപകരിക്കും.

നിയമ സഭയില്‍ നടന്ന ചര്‍ച്ചയില്‍ കേട്ടത്: മുസ്ലീം പോലീസുകാര്‍ക്ക് താടിവളര്‍ത്താന്‍ അനുവാദം വേണമെന്ന് ഒരു എംഎല്‍എ ആവശ്യപ്പെട്ടു. താടി നിര്‍ബന്ധമുള്ള മത കാര്യമല്ലെന്ന് മന്ത്രി മറുപടി പറഞ്ഞു. ഒരു മുന്‍മന്ത്രി ചാടി എഴുന്നേറ്റ് പ്രവാചകന്റെ സുന്നത്തില്‍ പെട്ടതാണ് താടി എന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ ഭരിക്കുന്ന മന്ത്രി താടിയില്ലാത്ത മുന്‍മന്ത്രിയോട് ചോദിച്ചു.. അപ്പോള്‍ എവിടെ താങ്കളുടെ സുന്നത്ത് എന്ന്.

ഇതേ പോലാണ് നമ്മുടെ മുത്തലാഖും ഏകീകൃത പൗരനിയമവുമൊക്കെ ആവശ്യമില്ലാതെ ചര്‍ച്ചയും ബഹളവും ഉണ്ടാക്കുന്നു എന്നുമാത്രം. സാധാരണക്കാര്‍ ഇതൊക്കെ ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

എതിര്‍പ്പില്ലാതെ ഏകസിവില്‍കോഡ് ഇങ്ങനെയും നടപ്പിലാക്കാമായിരുന്നു!

Keywords:  Article, Kookanam-Rahman, Civil code, India, Wedding, Women, husband, wife, Uniform civil code,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia