city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മദിനത്തില്‍ ഓര്‍ക്കേണ്ട രണ്ട് അമ്മമാര്‍...

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 18.05.2014) രണ്ടാഴ്ചമുമ്പ് കോടോം ബേളൂര്‍ പഞ്ചായത്തിലെ കോളയാര്‍ എന്ന സ്ഥലത്ത് സംഘടിപ്പിച്ച ഒരു ബോധവല്‍ക്കരണ ക്ലാസില്‍  ചെന്നതായിരുന്നു ഞാന്‍. അകലെ മാറിനിന്ന് കറുത്തുമെലിഞ്ഞ ഒരു  ഊശാന്‍ താടിക്കാരന്‍ ക്ലാസ് സശ്രദ്ധം കേള്‍ക്കുന്നുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് പിരിയാന്‍ നേരത്ത് അദ്ദേഹം അടുത്തു വന്നു. ഇത്തരം ക്ലാസുകള്‍ ഈ പ്രദേശത്ത് അത്യാവശ്യമാണെന്ന് സൂചിപ്പിച്ച അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട് ചൂണ്ടിക്കാണിച്ചുതന്നു. വളരെ അടുത്താണ്. ഒരു ഗ്ലാസ് വെളളം കുടിച്ചിട്ടുപോകാം. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണമായ ക്ഷണം സ്വീകരിച്ചു ഞാനും സുഹൃത്തുക്കളും അവിടേക്ക് ചെന്നു.

'ഞങ്ങളുടെ അമ്മയെ കാണണ്ടേ?'
'തീര്‍ച്ചയായും'. മുറി തുറന്നു. അകത്തേക്ക് ക്ഷണിച്ചു. ഞങ്ങളെ കണ്ടപാടേ കട്ടിലില്‍ കിടക്കുകയായിരുന്ന അമ്മ എണീറ്റിരുന്നു. മുഖത്തെ ചിരികണ്ടപ്പോള്‍ വല്ലാത്തൊരു ആകര്‍ഷണീയത. നീണ്ടു മെലിഞ്ഞ വെളുത്ത ശരീരം. മുഖം ചുക്കിച്ചുളിഞ്ഞിട്ടൊന്നുമില്ല. കണ്ണിന് നല്ല കാഴ്ച. വായനയാണ് ഇപ്പോഴത്തെ അമ്മയുടെ പ്രധാന പണി.

അമ്മദിനത്തില്‍ ഓര്‍ക്കേണ്ട രണ്ട് അമ്മമാര്‍...'വയസ്  അറിയേണ്ടെ?' മകന്‍ ചോദിച്ചു.

അമ്മയ്ക്ക് തൊണ്ണൂറ് കഴിഞ്ഞു. ഇന്നും കുഴപ്പമൊന്നുമില്ല. രാവിലെ എഴുന്നേല്‍ക്കും. നടക്കാന്‍ അല്‍പ്പം സഹായിക്കണം. പിന്നെ സ്വന്തമായി കുളിയും പ്രാര്‍ത്ഥനയുമൊക്കെ കഴിയും. അമ്മയുടെ കൂട്ടുകാരാണ് പുസ്തകങ്ങളും പത്രങ്ങളും വാരികകളും. മകന്‍ പറഞ്ഞു നിര്‍ത്തി. അമ്മയുടെ പേര് അന്നമ്മ. എത്രമക്കളുണ്ട്? ഞങ്ങളില്‍ ആരോ അന്വേഷിച്ചു.

അതുപറയണോ? ഞെട്ടേണ്ട കേട്ടോ.

ഒരു ചെറുചിരിയോടെ അവര്‍ പറഞ്ഞു. 'പതിമൂന്നെണ്ണത്തെ പ്രസവിച്ചോളാ ഞാന്‍. എല്ലാം സുഖമായി ജീവിച്ചിരിക്കുന്നു. മൂത്തമകന് എഴുപത് കഴിഞ്ഞു. ഇളയവന് നാല്‍പതും. എട്ടാണും അഞ്ച് പെണ്ണും.
എല്ലാവരും ഡല്‍ഹിയിലാണ്. ഇതാ ഇവന്‍ മാത്രം ഇവിടെ. ജോമോന്‍ എന്ന പത്താമത്തെ മകനെ ചൂണ്ടി അവര്‍ പറഞ്ഞു. മക്കളൊക്കെ ഉദ്യോഗസ്ഥന്‍മാരാണ്. ഇവന്‍ മാത്രം കൃഷിക്കാരനായി ജീവിതം നയിക്കുന്നു.
എത്ര മനോഹരമായി അന്നമ്മ എന്ന അമ്മ സംസാരിക്കുന്നു. തൊണ്ണൂറിന്റെ ക്ഷീണമോ, പ്രയാസമോ ഒന്നും കാണാനില്ല.

'വോട്ടുചെയ്‌തോ?'

എന്താസംശയം? കൃത്യമായി എല്ലാപ്രാവശ്യവും വോട്ടുചെയ്യാന്‍ പോവും. കൂട്ടത്തില്‍ ആരോ ചോദിച്ചു. ആര്‍ക്കാ ഇത്തവണ ചെയ്തത്? അത് പറയില്ല. സ്വകാര്യമാണത്. ഉറച്ച അഭിപ്രായം.
വീണ്ടും പഴയകാല കഥ പറയാന്‍ തുടങ്ങി. തിരുവിതാംകൂറിലാണ് ജനിച്ചത്. മണിമല എന്ന ഗ്രാമത്തില്‍. ഭര്‍ത്താവ് ചാക്കോച്ചന്‍. അങ്ങേര് പോയിട്ട് ആറ് വര്‍ഷമായി. നല്ല അധ്വാനിയായിരുന്നു. അതു പറഞ്ഞപ്പോള്‍ തൊണ്ടയിടറുന്നതായി തോന്നി. ഇപ്പോള്‍ മക്കളും പേരമക്കളും ഒക്കെയായി 40 പേരായിക്കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് ഡല്‍ഹിയിലേക്ക് ചെല്ലും. മക്കളുടെ കൂടെ നാലഞ്ചുമാസം താമസിക്കും. വീണ്ടും ഈ ഗ്രാമത്തിലേക്ക് വരും.

അന്നമ്മയെന്ന തൊണ്ണൂറുകാരിയുടെ പ്രസന്നതയാര്‍ന്ന മുഖവും സ്‌നേഹത്തോടെയുളള വര്‍ത്തമാനവും കേട്ട് സമയം പോയതറിഞ്ഞില്ല. മക്കളുടെ കാര്യത്തില്‍ സമ്പന്ന. അമ്മയെ പൊന്നുപോലെ നോക്കാന്‍ മത്സരിക്കുന്ന 13 മക്കള്‍. അല്ലലും അലട്ടലുമില്ലാതെ അന്നമ്മ ജീവിക്കുന്നു. അന്നത്തെ നാലാംക്ലാസുവരെയേ പഠിച്ചുളളൂ. അഞ്ചാം ക്ലാസായാല്‍ ടീച്ചറാവാമായിരുന്നു എന്നു ഇടയ്ക്ക് അവര്‍ പറഞ്ഞു.

മാതൃദിനത്തില്‍ അന്നമ്മയെ പോലുളള അമ്മമാരെ കാണുന്നതും, ആദരിക്കുന്നതും മഹത്വമുളള കാര്യമായിരിക്കും. വയസായാല്‍ പരിഭവവും പരിവട്ടവും പങ്കിടുന്നവരാണ് പലരും. പക്ഷെ അത്തരം പ്രയാസങ്ങളൊന്നും അന്നമ്മയുടെ നാലയലത്ത് പോലും വന്നിട്ടില്ല.

ഞങ്ങള്‍ തൊണ്ണൂറിലെത്തിയ ആ അമ്മയെ നമിച്ച് പുറത്തിറങ്ങി...  ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ ചിത്രം മനസില്‍  തങ്ങിനില്‍ക്കുന്നു...


അമ്മദിനമായ മെയ് 11 ന് എന്റെ പഴയകാല കളിക്കൂട്ടുകാരന്‍ മൂസ അവന്റെ പുതുതായി പണിത വീട് കാണാന്‍ ക്ഷണിച്ചു. ചെറുപ്പകാലം ഞങ്ങള്‍ അയല്‍വാസികളായിരുന്നു. അവന്റെ കുടുംബം ചെറുപുഴയ്ക്കടുത്ത് കോലുവള്ളിയിലേക്ക് താമസം മാറ്റി. പിന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടതേയില്ല. ജീവിതത്തില്‍ പല മാറ്റിമറിച്ചിലുകള്‍ ഉണ്ടായി.

മൂസ അവന്റെ പഴയകാല ജീവിതാനുഭവങ്ങള്‍ പറയാന്‍ തുടങ്ങി. അവന്റെ ഉമ്മയെക്കുറിച്ചാണ് ഏറെ വാചാലനായത്. അവര്‍ മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സാറുമ്മ ഒന്‍പത് മക്കളുടെ അമ്മയാണ്. മൂസയാണ് മൂത്തവന്‍. ബാപ്പ അസുഖം മൂലം കിടപ്പിലായി. പറക്കമുറ്റാത്ത സഹോദരങ്ങളുടെ ഉത്തരവാദിത്തം മൂസയിലായി. അന്ന് 18 കാരന്‍. ഏഴാം ക്ലാസുവരെയേ പഠിക്കാന്‍ കഴിഞ്ഞുളളൂ മൂസയ്ക്ക്.

ദിവസം പണിക്കുപോയി കിട്ടുന്ന കൂലികൊണ്ടുവേണം 11 വയറു കഴിയാന്‍. കരിങ്കല്ല് അടിക്കലായിരുന്നു ജോലി. അഞ്ചുരൂപയാണ് അന്നത്തെ ദിവസക്കൂലി. അരിക്ക് വില കിലോവിന് മൂന്നുരൂപയായിരുന്നു. ദിവസം ഒന്നരക്കിലോ അരി വാങ്ങും. അതിന് നാല് രൂപ അമ്പത് പൈസയാവും. ബാക്കി അമ്പത് പൈസയ്ക്ക് മുളകും ഉണക്കമീനും മറ്റും വാങ്ങും. ഒരു നേരം അരക്കിലോ അരി കഞ്ഞിവെക്കും. 11 പേര്‍ക്ക് ഉമ്മ അതെങ്ങിനെ വീതിച്ചു നല്‍കിയെന്ന് ഒന്നു ഓര്‍ത്തുനോക്കാന്‍ പറഞ്ഞു.

ഉമ്മയ്ക്ക് കഞ്ഞികിട്ടാന്‍ സാധ്യതയില്ല. അതൊന്നും എന്നോട് ഉമ്മ പറയാറില്ല. രണ്ട് മൂന്നുവര്‍ഷം പിന്നിട്ടു. ഉമ്മയുടെ ത്യാഗപൂര്‍ണമായ ആ പ്രവര്‍ത്തനം ഓര്‍ക്കുമ്പോള്‍ ഇന്നും മനസുപിടയുന്നു. ഉപ്പ കിടപ്പില്‍ തന്നെയായിരുന്നു. രോഗിയായ ഉപ്പയെ നോക്കണം. മൂത്തമകനായ എനിക്ക് പണിയെടുത്ത് കൊണ്ടുവരണമെങ്കില്‍ അതിനുള്ള ആരോഗ്യം വേണം. ബാക്കിയുളള കുഞ്ഞുങ്ങളുടെ വിശപ്പടക്കണം. വയറുനിറച്ചും കഞ്ഞികിട്ടാത്തപ്പോള്‍ അനിയത്തിമാരുടെയും, അനിയന്‍മാരുടെയും കരച്ചില്‍  ഞാന്‍ കേട്ടിട്ടുണ്ട്. അവരെ പറഞ്ഞ് സാന്ത്വനിപ്പിക്കുന്ന എന്റെ ഉമ്മയെ ഓക്കുമ്പോള്‍ ഇന്നും ഹൃദയം തേങ്ങുന്നു.

ഉമ്മ പഠിച്ചിട്ടില്ല. നിരക്ഷരയാണ്. ഒരു തൊഴിലിനും പോയി പരിചയമില്ല. ഇടിഞ്ഞുപെളിഞ്ഞു വീഴാറായ ചെറിയൊരുവീട്. അതില്‍ അമ്മക്കോഴിയേപോലെ ഒമ്പതുമക്കളെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഉമ്മ. ഒരിക്കലും വയറുനിറയെ കഞ്ഞികുടിച്ചിട്ടില്ലാത്ത എന്റെ ഉമ്മ. എന്ത് ത്യാഗിയായിരുന്നു അവര്‍?

അന്ന് ചിറ്റാരിക്കാലിനടുത്താണ് പണിക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്. മഴക്കാലമായാല്‍ യാത്രചെയ്യാന്‍ വിഷമമാണ്. പണിതന്ന വീട്ടുകാരന്റെ വരാന്തയില്‍ കിടന്നുറങ്ങും. ഒരു കാലിച്ചാക്ക് വിരിക്കും. ഒരു ചാക്ക് തലയണയാക്കും. ഉടുത്ത മുണ്ടഴിച്ച് പുതയ്ക്കും. കൂട്ടിന് ആ വീട്ടുകാരന്റെ നായയും ഉണ്ടാവും. അത് നിര്‍ത്താതെ കുരയ്ക്കും. നല്ല മഴയും. എന്റെ ഉമ്മയെ വിചാരിച്ചാണ് ഞാന്‍ ആ ത്യാഗം ചെയ്തത്. അഞ്ചുരൂപ കിട്ടിയില്ലെങ്കില്‍  ഉമ്മയും സഹോദരങ്ങളും മുഴുപ്പട്ടിണിയാവും...അവന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. വിവാഹിതനായി. ഗള്‍ഫിലെത്തി. ഒരു കമ്പനിയില്‍ പ്യൂണ്‍ ജോലി കിട്ടി. അധ്വാനിയായ മൂസയെ കമ്പനി മാനേജര്‍ക്ക് ഇഷ്ടമായി. ഏഴാം ക്ലാസുകാരന്‍ ക്രമേണ കമ്പനിയുടെ ചീഫ് അക്കൗണ്ടന്റായി.

സഹോദരങ്ങളെയൊക്കെ ഓരോ കരക്കെത്തിച്ചു. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച വീട്ടിലേക്കാണ് എന്നെ ക്ഷണിച്ചത്. ഇന്ന് മൂസ കിടക്കുന്നത് എ.സി. മുറിയിലാണ്. അത്യാധുനികമായ സജീകരണങ്ങളുളള വീട്. കീറച്ചാക്കില്‍ കിടന്നുറങ്ങിയ മൂസ ലക്ഷങ്ങള്‍ വിലപിടിപ്പിച്ചുള്ള സുഖസൗകര്യങ്ങളുളള വീട്ടില്‍ കഴിയുന്നു. പക്ഷേ ഇതൊന്നും കാണാനോ, അനുഭവിക്കാനോ ഉമ്മ ഇല്ലാതയല്ലോ എന്നാണ് മൂസയുടെ വ്യസനം.

അമ്മദിനത്തില്‍ ഓര്‍ക്കേണ്ട രണ്ട് അമ്മമാര്‍...
Kokkanam Rahman
(Writer)
പട്ടിണിയില്‍  കഴിഞ്ഞ ഉമ്മ. ഞങ്ങളെ പോറ്റി ഈ നിലയിലെത്തിച്ച ഉമ്മ. അതോര്‍ക്കുമ്പോള്‍ മൂസയുടെ കണ്ണ് നിറയുന്നു. എന്റെ ഉയര്‍ച്ചയും ഈ സുഖസൗകര്യങ്ങളും കാണാനും, ആസ്വദിക്കാനും ഉമ്മയില്ലാതെ പോയല്ലോ? ഒരു നേരമെങ്കിലും വയറുനിറച്ച് ആഹാരം കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ. ഇന്ന് അമ്മദിനമാണെന്നൊന്നും മൂസയ്ക്ക് അറിയില്ലായിരുന്നു. ഞാന്‍ അക്കാര്യം സൂചിപ്പിച്ചു. അതുകേട്ടപ്പോള്‍ മൂസ ഏങ്ങലടിച്ചുകരയാന്‍ തുടങ്ങി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kookanam-Rahman, Article, Panchayath, Grand Mother, Mothers Day, Education. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia