city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നമ്മുടെ ഗതാഗത സംസ്‌കാരവും സുരക്ഷാ വാരാചരണവും..?

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 16/01/2016) ആയുസ്സ് തീര്‍ന്നാല്‍ ഒരു നാള്‍ മരിക്കും. ആയുസ് തീര്‍ന്നവരെ മരണപ്പെടൂ എന്ന വിശ്വാസം ഒരു പരിധി വരെയെങ്കിലും നമുക്ക് ആശ്വസം നല്‍കുന്നുണ്ടോ എന്ന് സംശയം. നമ്മുടെ ഇളം തലമുറയുടെ കൊലയാളിയായ ഇരുചക്ര വാഹനങ്ങളും അവതരിക്കുന്നതിനു മുമ്പ് നമ്മുടെ നാട് ഏറെയും ഗ്രാമങ്ങളായിരുന്നല്ലോ. കാടു പിടിച്ച പരിസരങ്ങളും. പാമ്പ് കടിയേറ്റും, മൃഗങ്ങള്‍ കടിച്ചു പറിച്ചും മരണം അന്ന് കോംപന്‍സേറ്റ് ചെയ്തിരിക്കാം.

കുറച്ച് മുമ്പ് മധ്യപ്രദേശിലാണെന്നാണ് ഓര്‍മ്മ. ഏതോ ഉള്‍നാടന്‍ കുഗ്രാമത്തില്‍. ചൂട് സഹിക്കാനാവാതെ രാത്രി കുടിലിനു വെളിയില്‍ കിടന്ന അമ്മയോടൊപ്പം കുട്ടിയും. രാവിലെ അമ്മ ഉണര്‍ന്നു നോക്കിയപ്പോള്‍ കുട്ടിക്ക് തലയില്ല. ചോരപ്പാടുകള്‍ വീണ ശരീരം മാത്രം. ഇതുപോലെ തന്നെയാണല്ലോ നമ്മുടെ ചെറുപ്പക്കാര്‍ ഇരുചക്ര വാഹനങ്ങള്‍ നിയമം ലംഘിച്ചോടിച്ച് 'റോട്ടില്‍ ശഹീദാ'വുന്നത്. ഒരു പോംവഴി ആലോചിക്കവെ, പുടി കിട്ടിയത് (വെറുതെ ചിന്തിച്ചതാണ് കേട്ടോ.. ചിലവൊന്നുമില്ലല്ലോ) ബൈക്കുകള്‍ ഹൈവേകളില്‍ കര്‍ശനമായും നിരോധിക്കുക, അല്ലെങ്കില്‍ ബൈക്കുകളില്‍ പരമാവധി വേഗത അറുപത്-(60kmph)-പരിമിതപ്പെടുത്തുക, അതുമല്ലെങ്കില്‍ 30 വയസില്‍ താഴെയുള്ളവര്‍ ഇരുചക്ര വാഹനമോടിക്കാതിരിക്കുക,  ഇരുചക്രവാഹനങ്ങള്‍ അമിത വേഗത്തില്‍ നിയമം ലംഘിച്ചു കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് പിടിച്ചിട്ട് തല്ലാനുള്ള (നിയമം കയ്യിലെടുക്കല്‍ തന്നെ) അനുവാദം നല്‍കുക. എന്നൊക്കെയാണ്.

ഇവ എന്റെ സ്വപ്നങ്ങള്‍ മാത്രമാണെന്ന് കരുതിക്കോളൂ. പ്രശ്‌നമില്ല.. കാരണം ഇതൊക്കെ നടപ്പിലാക്കാന്‍ ഇതത്രയും ഗൗരവമായെടുക്കുന്ന ഒരു ഭരണകൂടം വേണം. നിര്‍ഭാഗ്യവശാല്‍ നമുക്കതില്ലാതെ പോയി. നമ്മുടെ ഭരണാധികാരികളും അവരുടെ രീതികളും കണക്ക്‌ന്നെ.. ഇക്കാര്യത്തില്‍ ഇരുമുന്നണികളും സമം. എന്നാലും ഇങ്ങനെ, ജീവിച്ചു തുടങ്ങുന്നതിനു മുമ്പ്, തവളകളെ പോലെ റോഡില്‍ ചതഞ്ഞരഞ്ഞ്, അംഗഭംഗം സംഭവിച്ച്, ജീവച്ചവമായി കാണുമ്പോള്‍ ഇതെഴുതുന്ന ആള്‍ക്ക് വേദനയുണ്ട്. ഹൃദയം മുറിയുന്ന വേദന. ഇരായാകുന്ന കുടുംബങ്ങളെ ഓര്‍ക്കുമ്പോള്‍ കരള്‍ മുറിയുന്ന പോലെ.

അതെ സമയം ഒരു തരം നിസ്സഹായതയും അനുഭവപ്പെടുന്നുണ്ട്. അതു പകര്‍ന്നു വെയ്ക്കുന്നു ഇവിടെ, എന്നേയുള്ളൂ. വേണ്ടത് ഉത്തരവാദിത്വ ബോധമുള്ള ഭരണാധികാരികളും, കാര്യങ്ങള്‍ യഥാസമയം നടപ്പിലാക്കാന്‍ പ്രപ്തരായ, ഇച്ഛാശക്തിയുള്ള എക്‌സിക്യുട്ടീവ് വൃന്ദവുമാണ്. സ്വാര്‍ത്ഥ ചിന്തയില്ലാത്ത, ദൈവശിക്ഷയെ, അല്ലെങ്കില്‍ സ്വന്തം മനസാക്ഷിയെയെങ്കിലും ഭയക്കുന്ന,  ശമ്പളം വാങ്ങുന്നുണ്ടെങ്കിലും താനൊരു സാമൂഹ്യ സേവകനാണെന്ന് സ്വയം തോന്നുന്ന, വീഴചകള്‍ തങ്ങളുടെ പിടിപ്പു കേടാണെന്ന് സദാ ബോധമുള്ള, അതിന് നാളെ ഞാന്‍ സമാധാനം പറയേണ്ടിവരുമെന്ന് ഭയക്കുന്ന ഒരു ഉദ്യോഗസ്ഥ സമൂഹം. നിര്‍ഭാഗ്യവശാല്‍ തന്നെ നമുക്കതുമില്ലാതെ പോയി.

മന്ത്രിമാരും എം.എല്‍.എ മാരും സംഭവം നടന്നാല്‍ ആശുപത്രി/മോര്‍ച്ചറി സന്ദര്‍ശനം കേവലം സഹതപിക്കുന്നതിനൊരിടം മാത്രമാക്കി ചുരുക്കുന്നു. ഇനിയിത്തരം അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അവിടുന്ന് തന്നെ പ്രതിജ്ഞ മനസ് കൊണ്ടെങ്കിലും എടുക്കുന്നവരാവേണ്ടതല്ലെ അവര്‍? പോലീസുകാര്‍ ഏതെങ്കിലും കുറ്റകൃത്യം തെളിയിച്ചാല്‍ (അവരുടെ യഥാര്‍ത്ഥ ദൗത്യം നിര്‍വ്വഹിച്ചാലെന്നര്‍ത്ഥം) നാം അവരെ ആദരിക്കുന്നു. അവര്‍, പോലീസുകാര്‍, കുറ്റകൃത്യങ്ങള്‍ക്കുത്തരവാദികളായവരെ കണ്ടെത്തേണ്ടത്, അതവരുടെ ഡ്യൂട്ടിയാണ്.. അതിലപ്പുറം വല്ലതും ചെയ്താല്‍ ആദരിക്കാന്‍ സര്‍ക്കാറുണ്ട്. അതു ചെയ്തു വരുന്നുമുണ്ട്. അത് ചെയ്യാതിരുന്നിടത്ത് പോലീസുകാര്‍ അവരുടെ  കടമ നില്‍വ്വഹിച്ചില്ലെന്നര്‍ത്ഥം. അതവരുടെ പോരായ്മകളായി കാണേണ്ടിയിരിക്കുന്നു.

കാസര്‍കോട് നഗരത്തിലൂടെ ഒന്ന് സഞ്ചരിച്ച്, വീക്ഷിച്ചു നോക്കൂ. നോക്കൂ.. അപൂര്‍വ്വം ഫോര്‍വീലര്‍മാരൊഴിച്ച്, ഫോണില്‍ സംസാരിച്ചു കൊണ്ടല്ലാതെ ഡ്രൈവ് ചെയ്യുന്നില്ല. വിളിക്കുന്നത് വീട്ടില്‍ നിന്ന് ഭാര്യയാവാം, മക്കളാവാം. പക്ഷെ അതുണ്ടാക്കുന്ന അശ്രദ്ധ ചിലപ്പോള്‍ തട്ടിയെടുത്തേക്കാവുന്നത് മറ്റൊരു കുടുംബനാഥനെയാവാം. ഞാനും എന്റെ കെട്ടിയോളും കുട്ടിയാളും എന്ന ഒരു കണ്‍സെപ്റ്റിലേയ്ക്ക് നാം ഒതുങ്ങിപ്പോയിട്ടുണ്ട്. കൊച്ചിയിലോ മറ്റോ ഒരു കലളക്ടറുടെ കാറിനെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഒരാള്‍  മറികടന്നുവത്രെ. അത് ചെയ്തതിന്, അയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തു. കൊച്ചിയെന്ന പേരായൊരു നഗരം ജപ്പാനിലുമുണ്ട്.  ഇനിയിപ്പോ ആ കൊച്ചി ഈ കോച്ചിയാവുമോ എന്ന് ഞാന്‍ ന്യായമായും സംശയിച്ചു.

ഡ്രൈവിങ്ങും ഫോണില്‍ സംസാരവും ഒരേ സമയം ചെയ്യുന്ന ഒരൊറ്റ ഡ്രൈവറെ മാത്രമെ ആ കലക്ടര്‍ അവിടെ കണ്ടുള്ളൂ എന്നത് എന്നെ അതിശയിപ്പിക്കുന്നു. അതാണ് ജപ്പാനിലെ കൊച്ചിയാണോ എന്ന സംശയം എന്നിലുണര്‍ത്തിയത്. ഇനി അത് നമ്മുടെ കൊച്ചിതന്നെയാണെങ്കില്‍ ആ നിയമം എല്ലായിടത്തും ബാധകമാവേണ്ടതാണല്ലോ. കലക്ടര്‍ക്ക് ഒരു നിയമം, സാധാരണക്കാരന് മറ്റൊന്ന് അങ്ങിനെയൊന്നുണ്ടോ...? ഇനിയങ്ങനെയുണ്ടാവുമോ ദൈവമെ. ആര്‍ക്കറിയാം.
   
ഈയിടെ ഒരു സ്ഥലത്ത് ഒരു പയ്യന്‍ ലക്കു കെട്ട രീതിയില്‍ ബൈക്കും കാറുകളും ഓട്ടുന്നതിനെതിരെ ഒരു പ്രദേശത്തുകാര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്രെ. ഓഫീസര്‍ അന്വേഷിക്കട്ടെ എന്നു പറഞ്ഞു വിട്ടു. ഒരാഴ്ച കഴിഞ്ഞിട്ടും പയ്യന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നു കാണാത്തപ്പോള്‍ അവര്‍ സ്റ്റേഷനില്‍ വീണ്ടും പോയി അന്വേഷിച്ചു. പോലീസ് പറയുകയാണത്രെ, അവരതന്വേഷിച്ചു  നോക്കിയപ്പോള്‍ ----ന്റെ മകനല്ലെ.? അവനെയിപ്പോ എന്തു ചെയ്യാനാ..? ഒന്നുപദേശിച്ചു നോക്കാം. അത്രേയുള്ളൂ. ഇതെഴുതുന്ന ആള്‍ പല നാടുകളിലെ പോലീസുകാരേയും കണ്ടിട്ടുള്ള ഒരാളായതു കൊണ്ട് പറയുകയാണ്. നമ്മുടെ പോലീസ് നമ്മെ കരയിപ്പിക്കും ചിലപ്പോള്‍ ചിരിപ്പിക്കുകയു ചെയ്യും.. ഒരു ആക്‌സിഡന്റ് നടന്ന സ്ഥലത്ത് പാഞ്ഞെത്തി, ആരുടെ ഭാഗത്ത് തെറ്റെന്ന് കണ്ടെത്തേണ്ട പോലീസിനെ, തെറ്റു വരുത്താതെ അപകടത്തില്‍ പരിക്ക് ഏറ്റു വാങ്ങിയ വ്യക്തിയുടെ ആള്‍ കൂട്ടിക്കൊണ്ട് പോയി കാണിക്കണമെന്നതാണ് ഇവിടുത്തെ നിയമം.!  ഇത്  സംഭവിച്ചതാണ് കേട്ടോ.

അപകടത്തില്‍ സാരമായ പരിക്കേറ്റ നിരപരാധി വിദഗ്ദ്ധ ചികിത്സയ്ക്ക് ആശുപത്രിയിലേയ്ക്കും, പരിക്ക് കുറഞ്ഞ നിയമലംഘകന്‍ നിരപരാധിക്കെതിരെ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലേയ്ക്കും.. ഭാഗ്യവശാല്‍ ആയുസ്സിന്റെ ബലം കൊണ്ട് ജീവിതിത്തിലേയ്ക്ക് തിരിച്ചു വന്നവന്‍ ആശുപത്രി വിട്ട് ബാക്കി വിശ്രമത്തിനും ചികിത്സയ്ക്കുമായി വീട്ടിലെത്തുമ്പോള്‍ വാറണ്ടുമായി പോലീസും... സിനിമയിലല്ല കേട്ടോ.. സാക്ഷാല്‍ ജീവിതത്തില്‍. ഓരോ നവവത്സരത്തിന്റെ തുടക്കത്തിലും ഗതാഗത സുരക്ഷാ ബോധവത്ക്കരണ വാരാചരണം നടക്കുകയാണല്ലോ. ഇപ്രാവശ്യവും അതു മുറപോലെ ആചരിച്ചു പോകും. നമ്മുടെ സുരക്ഷയ്ക്ക് നാം സ്വയം എന്തു ചെയ്യണമെന്ന് ഒരു രാഷ്ട്രത്തിന്റെ നിയമം നമ്മെ ബോധവത്ക്കരിക്കുന്ന വിരോധാഭാസം. മാറേണ്ടത് നമ്മുടെ ഗതാഗത സംസ്‌കാരമാണ്. അതോടൊപ്പം നാം ചിന്തിക്കണം നാം സ്വാതന്ത്ര്യം അല്‍പം അമിതമായി ഉപയോഗിച്ചു പോകുന്നുണ്ടോ എന്നും.
നമ്മുടെ ഗതാഗത സംസ്‌കാരവും സുരക്ഷാ വാരാചരണവും..?

Keywords: Article, A.S Mohammed Kunhi, Accident, Police, Traffic safety week and our attitude

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia