city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു മെയ്ദിനം കൂടി കടന്നു പോയി; തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം സ്വപ്നം മാത്രമോ? മെയ് ഫ്‌ളവറിനുമുണ്ട് ചരിത്രം പറയാന്‍

നേര്‍ക്കാഴ്ച്ചകള്‍....... പ്രതിഭാരാജന്‍

(www.kasargodvartha.com 03.05.2017) ഒരു മെയ്ദിനം കൂടി കടന്നു പോയി. സര്‍വ്വരാജ്യത്തിലേയും പീഡിതര്‍ തൊഴിലാളി വര്‍ഗം പ്രകടനങ്ങളായി മെയ് ദിനമാചരിച്ചു. പാതവക്കത്തെ മെയ് ഫ്ളവര്‍ അഥവാ ഗുല്‍മോഹര്‍ കുലുങ്ങിച്ചിരിച്ചു. പൂക്കള്‍ വിതറി സ്വാഗതം ചെയ്തു. തലയില്‍ ചൂടിയ രക്തപതാക വീശിക്കാണിച്ചു. പുഷ്പവൃഷ്ടി നടത്തി. വസന്തം ഒരിക്കല്‍ കൂടി കൂടണയുകയാണ്. 2018ലെ വരും വസന്തത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണവള്‍. വീണ്ടും ചുവപ്പു വാരിച്ചുറ്റാന്‍. അവളുടെ ചുവന്ന ചിരിപ്പാടുകള്‍ ഉതിര്‍ന്നു വീണ രാജപാതയിലുടെ ഏരിയാ തിരിച്ച് തൊഴിലാളികള്‍ മാര്‍ച്ച് ചെയ്തു. ഇതൊക്കെ മൂകമായി നടക്കുമ്പോഴും ആരും ഗൗനിക്കാതെ നില്‍ക്കുമ്പോഴാണ് മറ്റൊരു മെയ് ദിനം കൂടി കടന്നു പോയത്. സര്‍വരാജ്യ തൊഴിലാളികളുടെ സര്‍വ്വാധിപത്യത്തിനായ് അവര്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍.
 ഒരു മെയ്ദിനം കൂടി കടന്നു പോയി; തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം സ്വപ്നം മാത്രമോ? മെയ് ഫ്‌ളവറിനുമുണ്ട് ചരിത്രം പറയാന്‍

തീ പെയ്യുന്ന വെയില്‍ച്ചൂടേറ്റാല്‍ മാത്രം പൂക്കുകയും, വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന പൂമരമാണ് ഗുല്‍മോഹര്‍. അത്യുഷ്ണത്തില്‍ മാത്രം പൊട്ടിച്ചിരിക്കുന്നവള്‍. ഇവളുടെ യാത്രാമൊഴിയുമായാണ് മഴവന്നെത്തുക. വസന്തം തിരിച്ചു പോവുക. കൂടുതല്‍ ചുവപ്പാര്‍ന്ന മറ്റൊരു വസന്തകാലത്തിന്റെ വരവിനായി അവളോടൊപ്പം ഭാരതത്തിന്റെ അടിസ്ഥാന ശിലയായ തൊഴിലാളി വര്‍ഗവും കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ സോഷ്യലീസം ഇന്നല്ലെങ്കില്‍ എന്നെങ്കിലും വരും, വരാതിരിക്കില്ലെന്ന പ്രതീക്ഷയോടെ.

മാര്‍ക്സിസം എന്നതു പോലെ ഇവളും സ്വദേശിയല്ല. ഡെലോനിക്സ് റീജിയ എന്നാണ് ശാസ്ത്രീയ നാമം. കേരളത്തിലെ വഴിയോരങ്ങളില്‍ മുടിയഴിച്ചിട്ടിരിക്കുന്ന സുന്ദരി. പൂക്കള്‍ കണ്ണീരായി പൊഴിഞ്ഞു വീഴുന്ന തെരുവുകള്‍ ഇവള്‍ക്കു സ്വന്തം. സഖാക്കളെ പോലെ ഇവളും തൊഴിലാളി വര്‍ഗത്തിന്റെ സര്‍വ്വ രാജ്യം സ്വപ്നം കാണുകയാണ്. ഓരോ തുള്ളി ചോരക്കും ഒരായിരങ്ങളായി പടരുന്ന കമ്മ്യൂണിസ്റ്റുകാരെ പോലെ മേല്‍മണ്ണില്‍ ഏതു ചൂടിനേയും അതിജീവിച്ചു ജീവിക്കാന്‍ പഠിച്ചവള്‍. ജൂണോടെ കടന്നു പോകുന്ന വേനലിന് യാത്രാ മൊഴി നല്‍കി വരാനിരിക്കും വര്‍ഷത്തേയും ശിശിരത്തേയും വരവേല്‍ക്കാന്‍ കാത്തിരിക്കുന്നവള്‍.

മെയ്ഫ്ളവര്‍ എന്ന ഓമനപ്പേരു കിട്ടിയ ഇവള്‍ വഴിപ്പോക്കന് തണല്‍ മാത്രമല്ല, ആശയും പ്രതീക്ഷയുമാണ്. വയലാര്‍ തന്റെ മരമെന്ന കവിതയില്‍ പാടിയതു പോലെ കമ്പു വെട്ടിയെടുത്തൊന്നു മിനുക്കിയാല്‍ അവള്‍ പാടുന്ന വീണ. പക്ഷിക്കൂട്ടങ്ങള്‍ക്ക് തണല്‍. സര്‍വ്വംസഹ, എന്നാല്‍ ദുര്‍ബല. മഴക്കാലത്ത് റോഡിലേക്ക് സ്വയം പൊട്ടിവീണ് ആത്മാഹുതിക്കു ശ്രമിക്കുന്നവള്‍. വിജയഗാഥ ഏറെ പാടാനില്ലാത്ത ഇവളെ ചിലയിടങ്ങളില്‍ പാരിജാതമെന്നും കവികള്‍ പാടി സ്തുതിക്കാറുണ്ട്.

തീ പോലെ പൊള്ളുന്ന വെയിലേറ്റു വളരുന്ന, വെയില്‍ തീയായ് പെയ്താല്‍ മാത്രം പുഞ്ചിരിക്കുന്ന ഇവളെ ശൈത്യകാലം വാരിപ്പുണരുമ്പോള്‍ നഗ്‌നയാവും. ഇലകളെല്ലാം പൊഴിഞ്ഞ് നാണിച്ചു തലതാഴ്ത്തി നില്‍ക്കും. അടുത്ത വേനലില്‍ വീണ്ടും ചുവപ്പിനെ പ്രസവിക്കാന്‍ തയ്യാറായി നില്‍ക്കും. വീണ്ടുമൊരു വെയില്‍ക്കാലം കാത്ത്. ഇന്ത്യയിലേക്കെത്തി ഒരു നൂറ്റാണ്ടു പിന്നിട്ടുവെന്നത് ചരിത്രം. ഇവള്‍ കുള്ളത്തിയാണ്. കമ്മ്യൂണിസ്റ്റ് ചൈനയിലെ സുന്ദരികളേപ്പോലെ. പത്തു മീറ്ററിലധികം ഉയരം വെക്കില്ല. വളര്‍ച്ച പൂര്‍ത്തിയായാല്‍ ഉടന്‍ പടര്‍ന്നു പന്തലിക്കും. നാടാകെ പടരും. കമ്യൂണിസമെന്ന പോലെ. കുഞ്ഞു ഇലകള്‍, ഓരോ തുള്ളി ചെംപൂവിനും ഒരായിരങ്ങളായി വിരിയും. ഇലകള്‍ക്കിടയില്‍ കുലകളായി രക്ത പതാകപോലെ പൂക്കള്‍ പാറിപ്പറക്കും. പരന്ന പച്ച നിറത്തിനിടയിലുടെ ചുവന്ന പൂക്കളുമായി ഒരു മതേതര സങ്കല്‍പ്പം പോലെ ആകാശവും ഭൂമിയും ചുവപ്പിക്കും. ഇന്ത്യയില്‍ ഇവളുടെ വേര് ആഴത്തിലില്ലെങ്കിലും ഏതു സാഹചര്യത്തേയും അവിജീവിക്കും.

തോടോടു കൂടിയ കായ ഏറെ നാളുകളോളം ചുവട്ടില്‍ മണ്ണില്‍ ക്ഷമയോടെ കാത്തിരിക്കും. മഴ എത്തുന്ന താമസം ഒരുമിച്ച് പൊട്ടിമുളച്ചുയരും. വഴിപോക്കര്‍ വെറുതെ പിഴുതു കളയും. വളര്‍ന്നു, പടര്‍ന്നു പന്തലിക്കാതിരിക്കാന്‍. ചുവപ്പിന്റെ വംശനാശം കെടുത്താന്‍. വിത്തെന്തിനു വേറുതെ, വേണേല്‍ ഇവള്‍ വേരിലും മുളച്ചു പൊങ്ങും. മെയ്ദിനം കഴിഞ്ഞു. വീണ്ടും മഴയെത്താറായി. നമുക്കവളുടെ പൂക്കളെ ലാല്‍സലാം ചൊല്ലി യാത്രയാക്കാം. ചുവന്ന പ്രഭാതത്തിനായി കാത്തിരിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Rain, May day, Workers, Gulmohar, Spring, Summer, Shade, Thoughts about may day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia