city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാങ്കേതിക മുന്നേറ്റത്തെ ചൂഷണം ചെയ്യുന്നവര്‍

സാങ്കേതിക മുന്നേറ്റത്തെ ചൂഷണം ചെയ്യുന്നവര്‍
കേരളത്തില്‍ മാറിയ കാലത്തിനനുസരിച്ച് എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പുതുമ നിറഞ്ഞതായി മാറിയിരിക്കുന്നു. എങ്ങനെയും പണമുണ്ടാക്കാമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഏത് തരത്തിലുള്ള നെറികേടുകളും കാണിക്കാന്‍ മടിയില്ലാത്ത തലമുറയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്നത്.
സാങ്കേതിക രംഗത്ത് ഏറെ പുരോഗതി കൈവരിച്ചതോടെ തട്ടിപ്പുകള്‍ക്ക് സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്ന രീതികളും വര്‍ദ്ധിച്ചു വരികയാണ്. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ കയറ്റി പണം സമ്പാദിക്കുന്ന സംഘങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനായി വന്‍മാഫിയാ സംഘം തന്നെ നമ്മുടെ സമൂഹത്തില്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുവെന്നാണ് സമീപകാലത്തെ സംഭവങ്ങളോരോന്നും തെളിയിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം ഇത്തരം കുറ്റ കൃത്യങ്ങള്‍ തടയുന്നതിന് സര്‍ക്കാരും നിയമപാലകരും പരാജയപ്പെടുന്നുവെന്നാണ് വസ്തുത.

കാസര്‍കോട്ട് രണ്ട് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ശരീരഭാഗങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയ ശേഷം ഇന്റര്‍നെറ്റിലെ പല അശ്ലീല സെറ്റുകളിലേക്ക് അപ്ലോഡ് ചെയ്ത് രക്ഷാകര്‍ത്താക്കളില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച സംഭവം ഈ അടുത്തകാലത്താണ് പുറത്തു വന്നത്. ഈ രീതിയില്‍ പെണ്‍കുട്ടികളേയും, മാതാപിതാക്കളെയും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന മാഫിയസംഘങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സജീവമായിട്ടുണ്ടെന്ന് ഉന്നത പോലീസ് അധികാരികള്‍ക്ക് രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് കാസര്‍കോട് ആലംപാടിയിലെ ഒരു യുവാവിനെ മോര്‍ഫംഗ് കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് ഈ രീതിയില്‍ സെക്‌സ് റാക്കറ്റുകളും സാമൂഹ്യവിരുദ്ധരും സജീവമാകുമ്പോള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ വേണ്ടി ചില സ്ത്രീകളും എന്തിനും തയ്യാറാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരരെ കൊച്ചിയിലെ ഫഌറ്റില്‍ വിളിച്ചു വരുത്തി നഗ്നയായ സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ഈ ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത സംഭവം കേരള ജനതയുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടയും സെക്‌സ് റാക്കറ്റിന്റെ പ്രധാന കണ്ണിയുമായ കൊച്ചിയിലെ ശോഭാ ജോണിന്റെ നേതൃത്വത്തിലാണ് ശബരിമല തന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നത്. ഈ സംഭവത്തിന് ശേഷം തന്ത്രി മോഡലില്‍ പലരേയും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇതിനായി സ്ത്രീകളെയാണ് പ്രധാനമായും സാമൂഹ്യവിരുദ്ധര്‍ ഉപയോഗിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബേക്കല്‍, പള്ളിക്കര, കാസര്‍കോട് എന്നിവിടങ്ങളിലെല്ലാം തന്ത്രിമോഡലില്‍ സമ്പന്നരായ യുവാക്കളെ യുവതികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കാഞ്ഞങ്ങാട് ഞാണിക്കടവില്‍ ഭര്‍തൃമതിക്കൊപ്പം നഗ്നയായി നിര്‍ത്തി ഫോട്ടോ എടുത്ത സംഭവവുമുണ്ടായിട്ടുണ്ട്. നീലേശ്വരം സ്വദേശിയായ വ്യാപാരിയെ ഞാണിക്കടവിലെ ഭര്‍തൃമതിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോ എടുത്ത സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ രണ്ടാഴ്ച മുമ്പ് ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മറ്റ് പ്രതികള്‍ ഒളിവിലാണ്.

ഇവിടെ നാം ചിന്തിക്കേണ്ടുന്ന ഒരു വസ്തുത എളുപ്പമാര്‍ഗ്ഗത്തില്‍ പണമുണ്ടാക്കാന്‍ വേണ്ടി സ്ത്രീകള്‍ ഏതു ഹീനകൃത്യത്തിനും കൂട്ടു നില്‍ക്കുന്നു എന്നുള്ളതാണ്. മുമ്പൊക്കെ വ്യഭിചരിച്ചും, അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമാണ് ഒരു വിഭാഗം സ്ത്രീകള്‍ പണമുണ്ടാക്കിയതെങ്കില്‍ ഇപ്പോള്‍ ബ്ലാക്ക് മെയില്‍ സംഘത്തിന്റെ ഒപ്പം ചേര്‍ന്ന് അവരുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങി പണമുണ്ടാക്കാന്‍ പുതിയ രീതികളാണ് പല സ്ത്രീകളും തേടിക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ വിവാഹിതരായ സ്ത്രീകളാണ് ഏറെയും ഉള്ളതെന്നാണ് വിചിത്രമായ വസ്തുത. ഏതൊരാളുടെ മുന്നിലും എങ്ങനെയും, അത് രീതിയിലും ഫോട്ടോക്ക് പോസ് ചെയ്യാന്‍ സ്ത്രീകള്‍ തയ്യാറാകുന്ന സ്ഥിതി വിശേഷം നമ്മുടെ നാടിന്റെ സാംസ്‌കാരികമായ അധ:പതനത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതൊക്കെ അത്തരം സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ അറിവോടെ തന്നെയാണോ എന്നത് തിരിച്ചറിയേണ്ടതുണ്ട്. ഭര്‍ത്താവും കുട്ടികളുമുള്ള സ്ത്രീകള്‍ ഇത്തരം ലജ്ജാവഹമായ കൃത്യങ്ങളിലേര്‍പ്പെടുന്നത് ഇത്തരം സ്ത്രീകളുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും അപമാനം വരുത്തിവെക്കിമെന്ന് മാത്രമല്ല, സമൂഹത്തിന് തന്നെ മൊത്തത്തില്‍ അവര്‍ ദ്രോഹപരമായ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് വിലയിരുത്തേണ്ടിവരും.
കാസര്‍കോട് ജില്ലയ്ക്ക് പുറമെ സമീപകാലത്തായി മലപ്പുറത്തും ചില സ്ത്രീകളെ തന്ത്രി മോഡല്‍ ബ്ലാക്ക് മെയിലിന് ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ നമ്മുടെ മഹിളാ സംഘടനകള്‍ ശക്തമായി ഇടപെടുകയോ, പ്രതികരിക്കുകയോ ചെയ്യാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരേയും ഘോരഘോരം പ്രസംഗിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുള്ളവര്‍ ഈ വിഷയത്തില്‍ കുറ്റകരമായ മൗനം അവലംബിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, വഴി തെറ്റിപ്പോകുന്നവരെ തിരിച്ച് നേര്‍വഴിക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്വവും, ബാധ്യതയും വനിതാ സംഘടനകള്‍ക്കുണ്ട്. ഈ ധാര്‍മ്മിക ദൗത്യം നിറവേറ്റുന്നതില്‍ വനിതാ സംഘടനകളൊക്കെയും പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും, മറ്റ് അനാശാസ്യ പ്രവണതകളിലും ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നത്. ഇതിനെതിരെ നമ്മുടെ സാംസ്‌കാരിക നായകരും ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉയര്‍ത്തിയതായി കാണുന്നില്ല.

ഇവിടെ നമുക്കൊക്കെ ബോധ്യപ്പെടുന്ന മറ്റൊരു സംഭവം കൂടിയുണ്ട്. ബ്ലാക്ക്‌മെയിലിംഗ് സംഭവങ്ങളില്‍ പങ്കാളികളായിട്ടുള്ള സ്ത്രീകള്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.
കേരളത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത തന്ത്രിമോഡല്‍ ബ്ലാക്ക്‌മെയില്‍ കേസുകളില്‍ പ്രതികളായവര്‍ പുരുഷന്മാര്‍ മാത്രമാണ്. അതേ സമയം അവര്‍ക്കു വേണ്ടി ബ്ലാക്ക് മെയിലിന് കൂട്ടുനിന്ന സ്ത്രീകള്‍ പ്രതികളായ ഒരു സാഹചര്യവും ഇവിടെ ഉണ്ടായിട്ടില്ല. ഇത്തരം സ്ത്രീകളെ കേസില്‍ നിന്നും ഒഴിവാക്കുന്നുവെന്ന് മാത്രമല്ല, അവരെ പിന്നീട് കേസുകളില്‍ മാപ്പ് സാക്ഷികളാക്കുന്ന രീതിയിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇത്തരത്തിലുള്ള പോലീസിന്റേയും, നമ്മുടെ നിയമത്തിന്റേയും നിലപാട് തന്ത്രി മോഡല്‍ ബ്ലാക്ക് മെയിലിങ്ങിന് പങ്കാളികളാകാന്‍ സ്ത്രീകള്‍ക്ക് പ്രോത്സാഹനമാകുന്നു. നമ്മുടെ നിയമത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ച തന്നെയാണിത്. ഇത്തരം സംഭവങ്ങളില്‍ പങ്കാളികളാകുന്നവര്‍ സ്ത്രീകളായാലും, പുരുഷന്മാരായാലും അവരെ ഒരേ പോലെ കണ്ട് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനും നടപടി സ്വീകരിക്കാനും പോലീസും ബന്ധപ്പെട്ട അധികാരികളും തയ്യാറാക ണം. എങ്കില്‍ മാത്രമെ ഇത്തരം തട്ടിപ്പുകളില്‍ സ്ത്രീകള്‍ പങ്കാളികളാകുന്ന സാഹചര്യം ഇല്ലാതാക്കാന്‍ സാധ്യതയുള്ളു.

മാനാഭിമാനം ഓര്‍ത്ത് ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പരിഗണന നല്‍കുന്ന കാര്യത്തില്‍ അവരുടെ പേര് വിവരങ്ങളോ വിലാസങ്ങളോ പോലീസ് ഒരിക്കലും പുറത്തു വിടാറില്ല. ഇത്തരമൊരു അനുകൂല ഘടകം മുന്നില്‍ കണ്ട് ഈ രീതിയില്‍ വഴിവിട്ട ജീവിതം നയിക്കുന്ന സ്ത്രീകള്‍ തുടര്‍ന്നും അത്തരം പ്രവണതയിലേക്ക് തന്നെ പോകുന്ന സാഹചര്യമുണ്ടാകുന്നു. അതുവഴി കേരളത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പുകളുടെ ശൃംഖലകള്‍ വ്യാപിച്ചു കൊണ്ടേയിരിക്കുന്നു. അത് സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്തുമാണ്. കാന്‍സര്‍ പോലെ പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സമൂഹ തിന്മയെ ഉന്മൂലനം ചെയ്യാന്‍ അധികാരികളും സാമൂഹ്യസംഘടനകളും തയ്യാറാകണം.

സാങ്കേതിക മുന്നേറ്റത്തെ ചൂഷണം ചെയ്യുന്നവര്‍
-മുനീര്‍ ആറങ്ങാടി

Keywords: Article, internet-crime, Muneer-Arangadi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia