city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെയ്യം കെട്ടു മഹോത്സവങ്ങള്‍ക്ക് സമാപനം: കരിപ്പോടി മീത്തല്‍ വീട് തറവാട്ടിലെ കലവറ നിറഞ്ഞു

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 05.05.2017) പാലക്കുന്ന് ക്ഷേത്ര പരിധിയില്‍ പ്രതിവര്‍ഷം രണ്ടു തെയ്യം കെട്ടു മഹോത്സവങ്ങള്‍ക്കു മാത്രമെ അനുമതിയുള്ളു. ഇതു കഴക തീരുമാനമാണ്. തൊക്കൊച്ചി വളപ്പിലായിരുന്നു ആദ്യത്തേതെങ്കില്‍ ഈ തെയ്യക്കാലത്തിലെ അവസാന മാമാങ്കമായി മാറുകയാണ് കരിപ്പോടി മീത്തല്‍ വീട്. ഇത്തവണത്തെ 11 -ാമത് കുലവന്റെ തെയ്യാട്ടങ്ങളോടെ നാടിന്റെ മാമാങ്കോത്സവത്തിനു തിരശീല വഴും. ഇനി വരുമാണ്ടു വരെ എല്ലാവര്‍ക്കും ഗുണം നേര്‍ന്നു കൊണ്ട് കുലവന്‍ പിന്‍വാങ്ങും.

വലിയ വീട് തറവാട്ടിലെ കലവറ നിറക്കല്‍ ഉത്സവം ഉത്സവങ്ങളുടെ നാടായ പാലക്കുന്നിനു നവ്യാനുഭവമായിരുന്നു. കാരണം അവരുടെ പ്രാദേശിക നേതൃത്വത്തില്‍ ഇത് പുതിയ ചരിത്ര രചനയാണ്. നിരത്തായ നിരത്തുകളെല്ലാം അവര്‍ അലങ്കരിച്ചിരിക്കുന്നു. ഗെയ്റ്റുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുന്നു. ഭക്തിയുടെ നിറവിലാണ് പാലക്കുന്ന്. ആബാലവൃദ്ധം ജനങ്ങളും ചടങ്ങു കാണാനെത്തി. ചൂട്ടൊപ്പിക്കല്‍ ചടങ്ങോടെ നാലു മുതല്‍ ഏഴു വരെ തീയ്യതിക്ക് കുലവന്റെ കോലസ്വരൂപം കണ്‍പാര്‍ത്തു ജനം പിരിഞ്ഞു തുടങ്ങും. വരും കാലത്തേക്കുള്ള ഒരുക്കത്തോടെ.

പെരിയയിലെ ചാണവളപ്പുമായുള്ള ബന്ധവുമായാണ് കരിപ്പോടി തറവാട്ടിന്റെ പുരാവൃത്തം. പാലക്കുന്ന് ക്ഷേത്രത്തില്‍ സാന്നിധ്യമുള്ള പുല്ലൂരാളിയുടെ തിരുവായുധവുമായി ചരിത്രാതീത കാലം മുതല്‍ക്കേ ചാണവളപ്പില്‍ നിന്നും വെളിച്ചപ്പാടെത്താറുണ്ട്. ഭരണിക്കും, മറുപുത്തരിക്കും ഇന്നുമാ ചടങ്ങു തുടരുന്നു. വെളിച്ചപ്പാടിനു വന്നാല്‍ താമസിക്കാന്‍ ദേവി ക്ഷേത്രത്തിനു സമീപം ഒരു ആലയം വെണമെന്നായതിന്റെ പിന്‍തുടര്‍ച്ചയാണ് കരിപ്പോടി മീത്തല്‍ വീട് തറവാട്. ചരിത്രത്തിന് അത്രയൊന്നും പഴക്കമില്ലാത്ത ദൈവ സങ്കേതമാണ് ഇവിടം. ഒരു പക്ഷെ ഈ നാട്ടില്‍ തന്നെ ആദ്യമായായിരിക്കണം കുലവന്റെ പുറപ്പാട്.

'ചതിച്ചോനെ നമ്പാത്തോന്‍...
നമ്പിയോനെ ചതിക്കാത്തോന്‍...
വരുന്നോരെ മടക്കാത്തോന്‍...
പോന്നോനെ വിളിക്കാത്തോന്‍... '
അതാണ് കുലവനെന്ന് തോറ്റം പാട്ടിലുണ്ട്.

സ്വന്തം മകനായിട്ടു പോലും വാഗ്ദാന ലംഘനം നടത്തി കദളീ വനത്തില്‍ കേറിയ കുറ്റത്തിനു ദിവ്യന്റെ (തിയ്യന്റെ) രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ച് സത്യത്തിനു വേണ്ടി നിലകൊണ്ട ശൈവ സ്വരൂപന്റെ പിന്‍ കഥകള്‍ ഏറെ അത്ഭുതവും വിചിത്രവുമാണ്. വിശ്വസിച്ചു ചെന്നോനെ ചതിക്കില്ല, ചതിച്ചോനെ വെറുതെ വിടില്ല. ജീവിതാവസാനം വരെ ഭക്തര്‍ ഈ വിശ്വാസത്തെ പിന്‍തുടരാന്‍ കാരണമതാണ്. ആ കുലത്തിന്റെ ജീവിത വിജയത്തിന്റെയും.

നമ്പിയവന്‍ എന്തു കുറ്റം ചെയ്തു ചെന്നാലും തിരിച്ചയക്കില്ല. കൈനീട്ടാതിരിക്കില്ല. കുലവന്റെ വാസസ്ഥലങ്ങളായ തറവാടുകളില്‍ ചെന്നാല്‍ രണ്ടു വറ്റെങ്കിലും ഉണ്ടിട്ടേ പോകാവൂ. പഴങ്കഞ്ഞിയെങ്കിലും മോന്തണം. ഇല്ലെങ്കില്‍ കവിള്‍ വെള്ളം. കൊടുക്കുന്തോറും കുറയുകയല്ല, കൂടുകയാണെന്ന വാക്കുരിയാണ് കുലവന്റേത്. ആ സമൂഹം അവ ജീവിതത്തില്‍ കൊണ്ടു കൂടെ കൊണ്ടു നടക്കാറുണ്ട്. ജാതി - മത - വര്‍ണ ഭേദങ്ങള്‍ക്കതീതമാണ് കുലവന്‍. എന്നാല്‍ തന്നെ അനുസരിക്കാതെ തിരിച്ചു പോകുന്നവരെ തിരികെ വിളിക്കാറില്ല. ദേവന്‍ തെയ്യ രൂപം പൂണ്ടാല്‍ നല്‍കുന്നത് പൂക്കുല പ്രസാദമാണ്. പൂക്കുലക്ക് ജാതി - മതങ്ങളില്ല.

ശൈവാംശമാണ് കുലവന്‍. ഒരിക്കല്‍ ശിവബീജം ഭൂമിയില്‍ പതിക്കാനിടയായി. അത് തെങ്ങായി രൂപാന്തരപ്പെട്ടു. തെങ്ങിന്‍ ചുവട്ടില്‍ 'മധു' (കള്ള്) ഊറി വരുന്നത് പാനം ചെയ്ത് ഉന്മത്തനാകാന്‍ തുടങ്ങി മഹാദേവന്‍. മധു നുകര്‍ന്ന് ഭ്രാന്തോന്മത്തനായപ്പോള്‍ സ്വപത്‌നി പാര്‍വതീ ദേവി ഇതു കണ്ട് ഭയപ്പെട്ടു. ഈ ഇതിഹാസ കഥയില്‍ നിന്നുമാണ് കുലവന്റെ പിറവി. ശ്രീപാര്‍വതി ഇടപെട്ട് തന്റെ ശക്തിയാല്‍ തെങ്ങിന്‍ ചോട്ടില്‍ ഊറിവരുന്ന 'മധു' തടവി തെങ്ങിന്‍ മുകളിലേക്കുകയര്‍ത്തി വിട്ടു. പിറ്റേന്ന് 'മധു' പാനം ചെയ്യാനെത്തിയ ശിവന്‍ ലഹരി കിട്ടാഞ്ഞ് കോപാകുലനാവുകയും ജഡയിളക്കി തുടയില്‍ തല്ലി 'ദിവ്യനെന്ന' പുത്രനെ സൃഷ്ടിച്ചു. അതാണത്രെ തീയ്യന്‍. തീയ്യനോട് എന്നും തെങ്ങില്‍ കേറി 'മധു' അഥവാ കള്ളെടുത്തു തരാന്‍ മകനെ ശട്ടം കെട്ടി. പിതാവിന്റെ ആജ്ഞ സ്വീകരിച്ച മകന്‍ പതിവു ജോലിക്കിടയില്‍ സ്വയം മദ്യപാനിയായി മാറി.

പതുക്കെപ്പതുക്കെ മദോന്മത്തനായിത്തുടങ്ങി. പിതാവിതറിഞ്ഞു. പരമശിവന്‍ പുത്രനു താക്കീതു നല്‍കി. നീ എവിടെ ചെന്നാലും ശരി, എന്തെടുത്തു കുടിച്ചാലും ശരി, നിന്റെ പിതാവായ ഈ ഞാന്‍ മാത്രം വിഹരിക്കുന്ന 'കദളീമധുവന'ത്തില്‍ മാത്രം കേറിപ്പോകരുതെന്നും, അവിടെ നായാടരുതെന്നും, അവിടെ വിളയുന്ന മധുവെടുത്ത് പാനം ചെയ്യരുതെന്നുമായിരുന്നു താക്കീത്. എന്നാല്‍ എന്തിനും പോന്ന ധൈര്യം എന്നേ സ്വരൂക്കൂട്ടിയിരുന്ന മകന്‍ ദിവ്യന്‍ പിതാവിനെ വകവെക്കാതെ കദളിവനമധു പാനം ചെയ്യുകയും അവിടെ നായാടുകയുമുണ്ടായി. ഭഗവാന്‍ കോപിച്ചു. വാക്കു പാലിക്കാന്‍ കൂട്ടാക്കാത്ത മകന്റെ ഇരു കണ്ണും കുത്തി പൊട്ടിച്ച് ആജ്ഞാലംഘനത്തിനു ശിക്ഷിച്ചു. തുടക്കത്തില്‍ സൂചിപ്പിച്ച തോറ്റന്‍ പാട്ടിലെ അര്‍ത്ഥവത്തായ കവിതയിലെ ഈരടികളില്‍ ഇതുപോലെ നൂറുക്കണക്കിനു ഗുണപാഠങ്ങളൊളിഞ്ഞിരിപ്പുണ്ട്.

ചെയ്ത തെറ്റിനു മാപ്പിരന്ന് മോക്ഷം യാചിച്ച മകന്‍ ദിവ്യന് പിതാവ് പൊയ്കണ്ണും മുളംചൂട്ടും വിതക്കാന്‍ വിത്തും മുള കൊണ്ട് തീര്‍ത്ത അമ്പും വില്ലും നല്‍കി പറഞ്ഞു വിട്ടു. പോ, നീ നിന്റെ കൂട്ടരോടൊത്തു ചേര്‍ന്ന് പുനം കിളച്ച്, വിത്തിട്ട് കുലത്തെ സംരക്ഷിച്ചു വാഴാന്‍ അനുഗ്രഹം നല്‍കി പറഞ്ഞയച്ചു. തീര്‍ത്തും അന്ധനായ ദിവ്യന് ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായപ്പോള്‍ പൊയ്ക്കണും, വിത്തുപാത്രവും മുളം ചൂട്ടും വലിച്ചെറിഞ്ഞു. അവ ചെന്നു വീണത് വയനാട്ടിലെ ആദി പറമ്പന്‍ കണ്ണന്റെ പടിഞ്ഞാറ്റയിലാണ്. അവിടെയാണ് വയനാട്ടു കലവനെന്ന കുലഗുരുവിന്റെ ആദിയുണ്ടാകുന്നതെന്നാണ് തീയ്യമതം. പൊയ്ക്കണ്ണും, മുളംചൂട്ടും കിടന്നു തുള്ളന്നത് കണ്ട വയനാടന്‍ കണ്ണനോട് അവയെടുത്ത് അകത്തു കൊണ്ടു വെച്ചേക്കാന്‍ മഹാദേവന്‍ ദര്‍ശനം നല്‍കി മൊഴിഞ്ഞുവത്രെ. അങ്ങനെ വയനാട്ടില്‍ നിന്നുമാരംഭിക്കുന്ന ജൈത്രയാത്രയുടെ പിന്‍തുടര്‍ച്ചക്കാരാണ് ഉത്തര മലബാറിലെ ദിവ്യരിലുടെയുള്ള തീയ്യ സമൂഹമെന്നാണ് വെയ്പ്പ്. അതിനകത്തുള്ളൊരു താവഴിയാണ് മീത്തല്‍ വീട്.

മദോന്മാദത്തിനു പുറമെ, യാത്രാ പ്രിയന്‍ കൂടിയായ കുലവന്‍. വയനാട് ചുരം താണ്ടി വടക്കോട്ടുള്ള യാത്രാ മധ്യേ കേളന്റെ വീട്ടിലെത്തി. കുലവന്റെ ദൈവിക ശക്തി തിരിച്ചറിഞ്ഞ കേളന്‍ തൊണ്ടച്ചനെന്നു നാമകരണം ചെയ്ത് സല്‍ക്കരിച്ചിരുത്തി. നിത്യ മധുപാനിയായ ദേവസ്വരൂപന് നാനാ രുചിയുള്ള കാട്ടിറച്ചിയുടെ വിഭവങ്ങള്‍ വിളമ്പി പ്രീതിപ്പെടുത്തി. ഇതിനെ അനുസ്മരിക്കുന്നതാണ് കണ്ടനാര്‍ കേളന്‍ തെയ്യവും, തെയ്യത്തിന്റെ ബപ്പിടല്‍ ചടങ്ങും.

ഇന്നത്തെ പള്ളിക്കര പഞ്ചായത്തിലെ പനയാലിലെ കോട്ടപ്പാറ വീട്ടില്‍ കുലവന്റെ ആരാധനയുമായി കഴിഞ്ഞു കൂടിയിരുന്ന കോരന്‍ അതിഭക്തിമൂലം തന്റെ ശരം വലിച്ചൂരി കുലവന്റെ മുമ്പില്‍ സ്വയം ആത്മാഹുതി വരുത്തിയെന്നും വാമൊഴിയുണ്ട്. മരണനാന്തരം ദേവരൂപം പൂണ്ട് കൂടെ സതീര്‍ത്ഥ്യനായി കൂട്ടിയതിനാല്‍ ഇന്നും കുലവനോടൊപ്പം കോരച്ചനേയും കെട്ടിയാടുന്നു. കോട്ടപ്പാറ കുഞ്ഞിക്കോരന്‍ തറവാട്ടിലെ പടിഞ്ഞാറ്റയില്‍ ഇന്നും ഈ പുരാവൃത്ത കഥയുടെ ശേഷിപ്പുകള്‍ പതിഞ്ഞിരിക്കുന്നുതായി കാണാം. വിവിധ തറവാടുകളിലെ കാരണവന്മാര്‍ മരിച്ചില്ലാതായാല്‍ അതാതു തറവാട്ടില്‍ കാര്‍ന്നോന്‍ തെയ്യ സങ്കല്‍പ്പമായി കെട്ടിയാടുന്നു. ഓരോ താവഴിക്കുമുണ്ട് ഇതുപോലെ മണ്‍മറഞ്ഞു പോയവരുടെ പ്രതിനിധിയായി കണ്‍കണ്ട കാര്‍ന്നോന്‍ തെയ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

തെയ്യം കെട്ടു മഹോത്സവങ്ങള്‍ക്ക് സമാപനം: കരിപ്പോടി മീത്തല്‍ വീട് തറവാട്ടിലെ കലവറ നിറഞ്ഞു

Keywords : Article, Theyyam, Prathibha-Rajan, Temple, Wayanattu Kulavan Theyyam, Palakkunnu, Karippody Tharavadu, Nerkazhchakal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia