city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയ്യുറയില്ലാതെ അവരത് ചെയ്തു

കയ്യുറയില്ലാതെ അവരത് ചെയ്തു
ടുവില്‍ അവരത് സമ്മതിച്ചു. ഒന്നരപ്പതിറ്റാണ്ടോളം ജനങ്ങളെ ഒന്നടങ്കവും നിമയസഭയെയും കോടതികളെും മാധ്യമങ്ങളെയും കബളിപ്പിച്ച ഒരു നാടിന്റെ മുഴുവന്‍ ശാപവചസ്സുകള്‍ ഏറ്റുവാങ്ങിയ കേരളപ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ എന്‍ഡോസള്‍ഫാന്‍ വെറും വിഷമല്ല കൊടും വിഷം തന്നെയാണെന്ന് സമ്മതിച്ചു. അവരത് ജനസമക്ഷം ഏറ്റുപറഞ്ഞു.

അതാണ് ഇക്കഴിഞ്ഞ ജൂണ്‍ 17ന് ഞായറാഴ്ച ജനങ്ങള്‍ കണ്ടത് പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനമായിരുന്നു അത്. ഇരുമ്പുബാരലുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ലോകാരോഗ്യ സംഘടനയടക്കം നിഷ്‌കര്‍ഷിച്ച പ്രത്യേകം തയ്യാറാക്കിയ ബാരലുകളിലേക്ക് മാറ്റുന്ന നടപടികളായിരുന്നു അത്. ഇതോടെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സമ്മതിച്ചത് തങ്ങള്‍ ഇത്രയും നാള്‍ പറഞ്ഞത് വെറും കളവല്ല കൊടുംകളവ് തന്നെയാണെന്നാണ്. കാസര്‍കോട്ടെ ജനങ്ങളോട് ചെയ്ത ഈ കൊടും പാതകത്തിന്റെ പാപപരിഹാരക്രിയ കൂടിയായിരുന്നു ഇത്.

ഒരു വസന്തത്തിന്റെ തുടക്കമെന്ന് പേരിട്ടാണ് കൊടുംവിഷം പുതിയബാരലുകളിലേക്ക് മാറ്റിയത്. ഈ വസന്തത്തിന്റെ ഇടിമുഴക്കത്തിന് നിയോഗിക്കപ്പെട്ടവര്‍ പെരിയ തോട്ടത്തില്‍ വന്നിറങ്ങിയപ്പോഴാണ് ജനങ്ങളും പ്ലാന്റേഷന്‍ കോര്‍പറേഷനിലെ തൊഴിലാളികളും അമ്പരന്നത്. ഇത്രയും കാലം ഒരു കയ്യുറപോലുമില്ലാതെ ബാരലുകളില്‍ നിന്ന് ബക്കറ്റുകളിലേക്കും ടിന്നുകളിലേക്കും കൈകൊണ്ടും ചുള്ളിക്കമ്പുകൊണ്ടുമായിരുന്നു എന്‍ഡോസള്‍ഫാന്‍ ഇളക്കിനേര്‍പ്പിച്ച് കശുമാവില്‍ തളിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ടാങ്കിലേക്കും സ്‌പേയര്‍ ഡ്രമ്മിലേക്കും വിഷം യാതൊരു മുന്‍കരുതലുമില്ലാതെയാണ് കൈകാര്യം ചെയ്തിരുന്നത്. തോട്ടം സൂപ്പര്‍ വൈസറുടെ ആജ്ഞക്കുമുമ്പില്‍ ഇതല്ലാതെ മറ്റൊന്നും പഞ്ചപാവങ്ങളായ ആ തൊഴിലാളികള്‍ക്ക് ചെയ്യാനാകുമായിരുന്നില്ല. എന്നാല്‍ സുപ്രീംകോടതിയുടെയും മനുഷ്യവകാശകമ്മീഷന്റെയും ഇടപെടലുകളെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനെത്തിയവരുടെ പത്രാസ് ഇങ്ങനെയൊക്കെയായിരുന്നു. കൈയ്യുറ, കാലുറ, ഹെല്‍മറ്റ്, മുഖാവരണം(മാസ്‌ക്), ഇതിനുപുറമെ ഉടല്‍ മുഴുവന്‍ മറയ്ക്കുന്ന ആവരണവും. പോരെ പൂരം.
കയ്യുറയില്ലാതെ അവരത് ചെയ്തു


1978 മുതലാണ് ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നേരിട്ടും ആകാശമാര്‍ഗവും തളിക്കാന്‍ തുടങ്ങിയത്. പെരിയ, മുളിയാര്‍, ആദൂര്‍, പെര്‍ള എന്നീ നാല് ഡിവിഷനുകളിലായി 250ഓളം തൊഴിലാളികളെയാണ് എന്‍ഡോസള്‍ഫാന്‍ നേര്‍പ്പിച്ച് ലായനിയാക്കി തളിക്കാന്‍ നിയോഗിച്ചത്. ബാരലുകളില്‍ നിന്ന് ചെറിയ ടിന്നുകളിലേക്ക് എന്‍ഡോസള്‍ഫാന്‍ നേരിട്ട് ഊറ്റിയെടുത്തിരുന്ന പെരിയ കായകുളത്തെ കെ. കുട്ടി ഇന്ന് രണ്ടുകാലുകളിലും വ്രണബാധയേറ്റ് കിടപ്പിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. തണ്ണോട്ടെ അപ്പയുടെ സ്ഥിതിയും ഇതുതന്നെ.

പെര്‍ളയിലാണ് ആദ്യമായി എന്‍ഡോസള്‍ഫാന്‍ പ്രയോഗം തുടങ്ങിയത്. ഇവിടെ നിന്ന് തന്നെയാണ് മാരകവിഷം വിതച്ചതിന്റെ വിപത്തുകള്‍ ഒന്നൊന്നായി പുറത്തുവന്നത്. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന ഈ തുളുനാടന്‍ മണ്ണില്‍ നിന്നാണ് എന്‍ഡോസള്‍ഫാന്‍ എന്ന വിഷഭീകരന്‍ വിതയ്ക്കുന്ന ഭീഷണികള്‍ക്കെതിരെ ഡോ. വൈ.എസ് മോഹന്‍ കുമാര്‍ ലോകത്തോട് ആദ്യമായി സംസാരിച്ചത്. തന്റെ മുന്നിലെത്തുന്ന ദരിദ്രനാരയണന്‍മാരായ രോഗികളില്‍ കണ്ടുവരുന്ന മാറ്റങ്ങളും വാണിനഗറിലും സ്വര്‍ഗയിലും പെറ്റുവീഴുന്ന കന്നുകുട്ടികളുടെ ജനിതക വൈകല്യവും എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമാണെന്ന് ഗ്രാമീണ ഡോക്ടറായ മോഹന്‍കുമാര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിഹസിക്കാനാണ് പ്ലാന്റേഷന്‍ അധികൃതരും രാഷ്ട്രീയ നേതൃത്വവും അരാഷ്ട്രീയ ബുദ്ധിജീവികളും മത്സരിച്ച് മുന്നേറിയത്. പ്രശസ്ത പത്രപ്രവര്‍ത്തകനും സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ പദ്രെ വിഷഭീകരന്റെ ക്രൂരചിത്രം ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ ലോകജനതയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും രാജ്യത്തെ പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനരടക്കം ഇതിനെതിരെ പുറം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. എന്‍സോള്‍ഫാന്റെ ഭീഭത്സത പുറത്തുകൊണ്ടുവന്ന അതേ ഇംഗ്ലീഷ് പത്രം തന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം ആളികത്തുമ്പോള്‍ അതിനെ അപഹസിക്കാനും അവഹേളിക്കാനുമാണ് ധൈര്യപ്പെട്ടത്. പ്രൊഫ. എം.എ റഹ്മാന്റെ ഡോക്യുമെന്ററിയിലൂടെയും ആനുകാലികങ്ങളിലൂടെ അദ്ദേഹം നടത്തിയ ലേഖന സമരപരമ്പകളിലൂടെയും ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ നോവലിലൂടെയും അനാവൃതമാക്കപ്പെട്ടത് എന്‍ഡോസള്‍ഫാന്‍ ഒരു നാട്ടിലാകെ വിതച്ച ദുരിതങ്ങളുടെ തിഷ്ണമായ കഥകളായിരുന്നു.
കയ്യുറയില്ലാതെ അവരത് ചെയ്തു

അഗ്രികള്‍ച്ചര്‍ എന്ന ആംഗലേയ പദത്തിലെ കള്‍ച്ചര്‍(സംസ്‌ക്കാരം) എന്ന വാക്ക് എടുത്തുമാറ്റി അതിനുള്ളിലേക്ക് ഇന്റസ്ട്രി(വ്യവസായം) എന്ന വാക്ക് ഉള്‍പ്പെടുത്തിയതോടെ അഗ്രികള്‍ച്ചര്‍ എന്ന കാര്‍ഷിക സംസ്‌ക്കാരം ആഗ്രോഇന്റസ്ട്രി എന്നായി വഴിമാറുകയും ഇത് നമ്മുടെ രാജ്യത്തെ നവകാര്‍ഷിക വ്യാവസായിക നയത്തിന്റെ ഭാഗമാവുകയും ചെയ്തു.


 ഈ ആഗ്രോഇന്റസ്ട്രി എന്ന കാര്‍ഷിക വ്യവസായത്തിന് ലാഭേഛയല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. എങ്ങനെയും കൂടുതല്‍ ഉല്‍പ്പാദനം എന്നതാണ് ഇതിന്റെ അന്തിമലക്ഷ്യം. ഇതിന്റെ വക്താക്കള്‍ക്ക് മണ്ണുംമനുഷ്യനും കുന്നുംകാടും തോടുംപുഴയും ഒന്നും പ്രശ്‌നമല്ല. പ്രകൃതിയാകെ കീഴ്‌മേല്‍മറഞ്ഞാലും ഒരു ജനത മുഴുവന്‍ മാറാവ്യാധിപിടിപ്പെട്ട് കിടന്നാലും ലാഭം കൂട്ടണമെന്നല്ലാതെ മറ്റൊന്നും ഈ മുതലാളിത്ത് സാമ്പത്തിക ശക്തികള്‍ക്കില്ല. അവരാണ് സസ്യശ്യാമളകോമളമായ നമ്മുടെ പ്രകൃതിയില്‍ വിഷനാശിനികളും കീടനാശിനികളും വാരിവിതറി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അട്ടിമറിച്ചത്. 

ഈ അട്ടിമറിക്കുള്ള ബോംബുകളിലൊന്നായിലരുന്നു എന്‍ഡോസള്‍ഫാന്‍ എന്ന വിഷകീടനാശിനി. ഈ ബോംബിന്റെ ചില്ലുകളേറ്റാണ് കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലെ ജനങ്ങള്‍ ഇന്നും തീ തിന്നുന്നത്. ഈ വിഷഭീകരന്റെ പല്ലും നഖവും പിഴുതെടുക്കുന്ന കര്‍മ്മമാണ് കഴിഞ്ഞ ഞായറഴ്ച പെരിയ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ നിന്നാരംഭിച്ചത്. ഇത്തരമൊരു സംഭവം ലോകചരിത്രത്തില്‍ ആദ്യമായാണെന്ന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച അസി. നോഡല്‍ ഓഫീസര്‍ ഡോ. അഷീല്‍ മുഹമ്മദ് പറയുന്നു. രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് ഒരു വിഷകീടനാശിനി നിര്‍വീര്യമാക്കാന്‍ സര്‍ക്കാരും കോര്‍പറേഷന്‍ അധികൃതരും നിര്‍ബന്ധിതരായത് കാസര്‍കോട്ട് നിന്ന് ഉയര്‍ന്ന ലോകത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ പ്രക്ഷോഭത്തെ തുടര്‍ന്നാണെന്നും പ്രൊഫ. എം.എ റഹ്മാനും പറഞ്ഞു. 
കയ്യുറയില്ലാതെ അവരത് ചെയ്തു


എങ്കിലും കയ്യുറയും കാലുറയുമില്ലാതെ മുഖാവരണമില്ലാതെ ഇത്തരം മുന്‍കരുതലുകളൊന്നുമില്ലാതെ ഈ കൊടും വിഷം കലക്കി ശരീരമാകെ വിഷബാധയേറ്റ് മൃതപ്രായരായി കിടക്കുന്ന പ്ലാന്റേഷന്‍ തൊഴിലാളികളുടെ ചികിത്സയ്ക്കും അവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കിയാലേ പ്ലാന്റേഷന്‍ കോര്‍പറേഷനോട് കാസര്‍കോട്ടെ ജനത പൊരുത്തപ്പെടുകയുള്ളൂ. 
കയ്യുറയില്ലാതെ അവരത് ചെയ്തു

- K.S.Gopalakrishnan
Also read
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: പോരാട്ട ചരിത്രത്തിലെ മറ്റൊരു വിജയം


Keywords:  Article, Maruvartha, Endosulfan, K.S.Gopalakrishnan


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia