city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jean Val Jean | കാഞ്ഞങ്ങാട്ടുമുണ്ടായിരുന്നു, ഒരു ജീന്‍ വാല്‍ ജീന്‍

എഴുത്തുപുര 

-പ്രതിഭാരാജന്‍

(www.kasargodvartha.com) ഇപ്പോള്‍ ഏതാണ്ട് അഞ്ചു വര്‍ഷത്തോളമായി അയാളെ കാണാറേയില്ല. ഒരു പക്ഷെ മരിച്ചു പോയിരിക്കാം. ആളു വെളുത്തു സുന്ദരനായിരിക്കാനാണ് സാധ്യത. ഞാന്‍ ആദ്യവും അവസാനമായും അയാളെ കാണുമ്പോള്‍ കരിപിടിച്ച ശരീരമായിരുന്നു. വര്‍ഷങ്ങളായി കുളിച്ചിട്ട്. കുപ്പായം ധരിക്കാറില്ല. മുണ്ടും ഒറ്റത്തോര്‍ത്തും വേഷം. ബീഡി വലിച്ച് കരുവാളിച്ച ചുണ്ട്. നീണ്ടു താണുകിടക്കുന്ന താടിരോമങ്ങളില്‍ കോല്‍ക്കഷണവും, തീപ്പട്ടിക്കോലുകളും, വാടിയ മെയ്ഫ്ളവറും ഒളിഞ്ഞിരിപ്പുണ്ടാകും. കൈലാസ് തീയറ്ററിരുന്നതിനു മുന്നിലുള്ള കല്‍മതിലിലാണ് ഇരിപ്പ്, സദാ നേരവും പുകയുന്ന മനസും ബീഡിക്കുറ്റിയുമായി.
                  
Jean Val Jean | കാഞ്ഞങ്ങാട്ടുമുണ്ടായിരുന്നു, ഒരു ജീന്‍ വാല്‍ ജീന്‍

കൈലാസ് തീയറ്ററില്‍ മാറ്റിനിക്ക് ചെന്നതായിരുന്നു ഞാന്‍. സമയമായിട്ടില്ല. തൊട്ടടുത്ത തട്ടുകടയില്‍ നിന്നും ഒരു ചായ കുടിച്ചു കളയാം. അയാള്‍ കൈലാസത്തിന്റെ മതിലില്‍ നിന്നും ചാടിയിറങ്ങി ഓടിയടുത്തു വന്നത് ഞാന്‍ കണ്ടില്ല. വന്ന് ഞാനിരിക്കുന്നതിന്റെ അടുത്തുള്ള പീപ്പയില്‍ ഇരുന്നു. സാറെഴുതുന്ന നേര്‍ക്കാഴ്ച്ചകള്‍ അസ്സലാവുന്നുണ്ട്. വിക്റ്റര്‍ യൂഗോവിന്റെ പാവങ്ങള്‍ എന്ന നോവലില്ലെ, അതിലെ നായകന്‍ ജീന്‍ വാല്‍ ജീനെ സാറിന്റെ പംക്തിയിലൂടെ വായിച്ച് ഞാന്‍ കരഞ്ഞു പോയിട്ടുണ്ട്. അയാളിങ്ങനെ പലതും പറഞ്ഞു കൊണ്ടേയിരുന്നു.

ഇടയ്ക്ക് ഞാന്‍ ചോദിച്ചു. ചായ പറയട്ടോ?. വേണ്ട, രണ്ട് ഇലയട മതി. അതു കഴിച്ച് മറ്റൊരു ബീഡി കൂടി കത്തിച്ച് ഊതി വലിച്ച് ഒരപരിചിതനെ കണ്ടു മറന്ന കണക്കിന് അയാള്‍ എഴുന്നേറ്റു എങ്ങോട്ടോ മറഞ്ഞു. അയാളെക്കുറിച്ച് പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായത് ഒരു കുലീന നായര്‍ തറവാട്ടിലെ അംഗവും, കുറച്ചു കാലം പടന്നക്കാട്ടെ നെഹ്‌റു കോളേജില്‍ ലക്ച്ചററായി പ്രവര്‍ത്തിച്ചിരുന്നു എന്നും മറ്റുമാണ്.

ഉപരി പഠനകാലത്തു ജീവിതത്തിലേക്കു കയറിവന്നവള്‍ ചതിച്ചു. ആ പതര്‍ച്ചയില്‍ ജീവിതം ഇങ്ങനെയൊക്കെയായി. ജീന്‍ വാല്‍ ജീനു മോഷണം ഒരു ഭ്രാന്താണെന്നതു പോലെ പ്രണയവും ഒരു ഭ്രാന്താണെന്ന് അന്ന് ഞാന്‍ എഴുതുമ്പോള്‍ ഈയാളെ പരിചയമില്ലായിരുന്നു. പിന്നീട് പലപ്പോഴായി അയാളെ കൈലാസിനു മുന്നില്‍ കാണാറുണ്ട്. ഏറ്റവും പ്രിയ്യപ്പെട്ട ഇലയടയോ, ഗോതമ്പു ബോണ്ടയോ രണ്ടെണ്ണം വിധം ആവശ്യപ്പെടാറുണ്ട്. ചായ വേണ്ട. പണം വേണ്ട. കൊടുത്താല്‍ വാങ്ങില്ല.

അങ്ങനെ കാലം ഏറെ കടന്നു പോയി. ഞങ്ങളുടെ ബന്ധങ്ങള്‍ക്ക് വഴിത്തിരിവുണ്ടായത് മറ്റൊരവസരത്തിലാണ്. കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. ഓഡിറ്റോറിയത്തിനകത്ത് എ സി മുറിക്കുള്ളില്‍ കയറി തിരിഞ്ഞു നോക്കിയപ്പോള്‍ ഇയാള്‍ കൂടെ വരുന്നു. ചുണ്ടില്‍ ബീഡി പുകയുന്നുണ്ട്. കുട്ടികള്‍ പേടിച്ചു പോകുന്ന രൂപം. വിശക്കുന്നു, നമുക്ക് പെട്ടിക്കടയിലേക്ക് പോകാം സാര്‍. അയാള്‍ വാശി പിടിച്ചു. ഓഡിറ്റോറിയത്തിലെ അടുക്കളയിലാകട്ടെ, ഊണ് കാലമായതുമില്ല.
          
Jean Val Jean | കാഞ്ഞങ്ങാട്ടുമുണ്ടായിരുന്നു, ഒരു ജീന്‍ വാല്‍ ജീന്‍

നല്ല വസ്ത്രം ധരിച്ചു കല്യാണത്തിനെത്തിയ പലരും നെറ്റി ചുളിക്കാന്‍ തുടങ്ങി. പലരും പിടിച്ചു പുറത്താക്കാന്‍ പറഞ്ഞു. പണം കൊടുത്താല്‍ അയാള്‍ വാങ്ങുന്നില്ല. കൂടെ പെട്ടിക്കടയിലേക്ക് പോകണം. 'അലാമി' എന്ന സുബൈദയുടെ നോവലിനേക്കുറിച്ച് ഞാന്‍ എഴുതിയ കാഴ്ച്ചപ്പാടുമായി സംവേദിക്കണം. ഇപ്പോള്‍ വരാന്‍ കഴിയില്ലെന്ന് തറപ്പിച്ചു പറഞ്ഞപ്പോള്‍ അയാളുടെ ശബ്ദം ഉച്ചത്തിലായി. സെക്യൂരിറ്റി എത്തി. നിര്‍ബന്ധിച്ചു പുറത്തുളള (ഇന്ന് ആ പാരിജാതപ്പൂമരം അവിടില്ല) തണല്‍മരത്തിന്റെ ചോട്ടിലേക്ക് തള്ളിയിട്ടു. മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.

നാറുന്ന, കീറിപ്പറഞ്ഞ മുണ്ട് നടുകെ കീറിപ്പോയിരിക്കുന്നു. അയാള്‍ അവിടെ നിന്നും 'അലാമി' എന്ന നോവലിനേക്കുറിച്ച് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. രാത്രിയായി. എനിക്കു ഉറക്കം വരുന്നില്ല.
കണ്ണടക്കുമ്പോള്‍ വിക്ടര്‍ ഹ്യൂഗോവിന്റെ 'പാവങ്ങള്‍' എന്ന നോവലിലെ ജീന്‍ വാല്‍ ജീന്‍ എന്ന പിടിച്ചുപറിക്കാരന്‍, മോഷ്ടാവ് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ലോകത്തിലെ തന്നെ പാവപ്പെട്ടവര്‍ക്കായി വിക്ടര്‍ ഹ്യൂഗോ എഴുതിയ, നാലപ്പാടു നാരായണമേനോന്‍ വിവര്‍ത്തനം ചെയ്ത പാവങ്ങള്‍ എന്ന ബൃഹത്ത് നോവലിലെ പ്രധാന കഥാപാത്രമാണ് ജീന്‍ വാല്‍ ജീന്‍. 17വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്ന അപരാധി. വിശന്നപ്പോള്‍ ഒരു ബ്രഡ് മോഷ്ടിച്ചതാണ് കുറ്റം.

ജയില്‍ മോചിതനായതിനുശേഷം മെത്രാനെ കാണാന്‍ അരമനയില്‍ വന്നു. മെത്രാന്‍ അയാള്‍ക്കു അഭയം നല്‍കി. അന്നു രാത്രി അരമനയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വെള്ളിപാത്രങ്ങളും വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരിക്കാലും മോഷ്ടിച്ച് അയാള്‍ കടന്നു കളഞ്ഞു. പോലീസ് പിടിയിലായി. പോലീസ് ജീന്‍ വാല്‍ ജീനിനെയും കൊണ്ട് രാവിലെ അരമനയിലെത്തി. താങ്കളുടെ വിളക്കുകാലും, വെള്ളിപാത്രങ്ങളും ഇയാള്‍ മോഷ്ടിച്ചിരിക്കുന്നു. മെത്രാന്‍ പറഞ്ഞു. മോഷ്ടിച്ചതല്ല, ഞാന്‍ കൊടുത്തതാണ്. പോലീസ് വീണ്ടും ചോദിച്ചു. കൊടുത്തതോ? ഈ മോഷ്ടാവ് നിങ്ങളുടെ ആരാണ്?. മെത്രാന്‍ മറുപടി പറഞ്ഞു. എന്റെ സഹോദരന്‍.

രണ്ടു ഇലയടക്കു വേണ്ടി മാത്രമായിരിക്കില്ല, ആ ഭ്രാന്തന്‍ എന്നെ പെട്ടിപീടികയിലേക്ക് ക്ഷണിച്ചത്. ആ ഭ്രാന്തനെ സെക്യൂരിറ്റി വലിച്ചിഴച്ചു കൊണ്ടു പോകുന്നതും, മരത്തിന്റെ പെരുംവേരുകള്‍ക്കിടയില്‍ വലിച്ചെറിയുന്നതും കണ്ടു നിന്ന എനിക്ക് എങ്ങനെ രണ്ടു തരം പായസവും കൂട്ടി സദ്യയുണ്ണാന്‍ കഴിയുന്നു? എന്തു കൊണ്ട് എനിക്കയാളെ മെത്രാന്‍ കണ്ടതു പോലെ സഹോദരനായി തോന്നിയില്ല?. സ്വപ്നത്തില്‍ വന്ന് എന്ന ഭയപ്പെടുത്തിയ ആ ഭ്രാന്തന് ജീന്‍ വാല്‍ ജീന്റെ അതേ മുഖമായിരുന്നു.

Keywords: Jean Val Jean, Victor Hugo, Les Miserables, Kanhangad, There was also Kanhangad, a Jean Val Jean.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia