city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനലെരിയുന്ന മനസുമായി കുമ്പളയുടെ പ്രസിഡണ്ട്

കൂക്കാനം റഹ്മാന്‍
കുമ്പളയുടെ പ്രസിഡണ്ടിന് എളിമയുടെ മുഖമാണ്. ജീവിതത്തിലും ആ എളിമ പ്രയോഗവല്‍ക്കരിക്കുന്നു. പലയിടങ്ങളിലും കാണപ്പെടുന്ന പ്രഥമ വനിതകളുടെ ആഢ്യത്വമൊന്നും റംല എന്ന ഈ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ തൊട്ടുതീണ്ടിയിട്ടുപോലുമില്ല. പൊതു ജനസേവനത്തിന് സദാ സന്നദ്ധയാണവര്‍. തന്റെ വാര്‍ഡുകളിലും തൊട്ടടുത്ത വാര്‍ഡുകളിലും കാല്‍നടയായിട്ടേ പരിപാടിയില്‍ പങ്കെടുക്കൂ. അതിന് വണ്ടി ഉപയോഗിക്കേണ്ട ആവശ്യം ഇല്ലെന്ന് അവര്‍ പറയുന്നു. ഗ്രാമത്തിലെ ആളുകളുടെ വേദന അറിയണമെങ്കില്‍ ഈ ഒരു സമീപനം വഴി സാധ്യമാവുമെന്ന് റംല വിശ്വസിക്കുന്നു.

തികഞ്ഞ ഈശ്വര വിശ്വാസിയായതിനാല്‍ ചെയ്യുന്ന സകല പ്രവര്‍ത്തികളിലും സത്യസന്ധത കാത്തു സൂക്ഷിക്കാന്‍ റംല ശ്രമിക്കുന്നു. തന്റെ പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്നത് പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനായ സ്വന്തം ബാപ്പയാണെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. അസിനാര്‍ പെര്‍വാഡ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പത്രം വായിക്കാനുളള പ്രേരണയും, ബാഫക്കി തങ്ങള്‍ തുടങ്ങിയ പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധിക്കാനുളള അവസരവും ബാപ്പ ഉണ്ടാക്കിത്തന്നു. പാവങ്ങളോടും, ദുരിതം അനുഭവിക്കുന്നവരോടും ബാപ്പ കാണിച്ച സ്‌നേഹ വായ്പും സഹായങ്ങളും കുഞ്ഞു നാളിലേ കണ്ടു പഠിച്ചത് ജീവിതത്തില്‍ ഇപ്പോഴും പ്രയോഗിക്കാന്‍ ശ്രമിക്കുന്നു എന്നാണ് റംല പറയുന്നത്.

പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്നത് ഉപ്പയുടെ വലിയ ആഗ്രഹമായിരുന്നു. അതു കൊണ്ടാണ് എസ.്എസ്.എല്‍.സി. വരെയെങ്കിലും പഠിക്കാന്‍ റംലയ്ക്ക് സാധ്യമായതെന്ന് അവര്‍ ഓര്‍ക്കുന്നു.

സ്ഥലത്തെ അങ്കണ്‍വാടി അധ്യാപികയായിട്ടാണ് പൊതു രംഗത്തേക്ക് കടന്നു വന്നത്. കുടുംബശ്രീയിലുടെ ആ പ്രവര്‍ത്തനം കുറേ കൂടി ശക്തമാക്കാന്‍ റംലയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ടേമില്‍ പഞ്ചായത്ത് മെമ്പറായി സേവനം ചെയ്തു. ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കാന്‍ കഴിഞ്ഞ തവണത്തെ മെമ്പറായ അനുഭവം കൂടുതല്‍ കരുത്തേകുന്നുണ്ട്.

കനലെരിയുന്ന മനസുമായി കുമ്പളയുടെ പ്രസിഡണ്ട്കുമ്പള പഞ്ചായത്ത് വനിതാ ലീഗിന്റെ സെക്രട്ടറിയാണ് ഇപ്പോള്‍ റംല. രാഷ്ട്രീയമായ ശരിയായ കാഴ്ചപ്പാടും അവര്‍ക്കുണ്ട്. മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന എല്ലാ പഠന ക്ലാസുകളിലും അവര്‍ പങ്കെടുക്കും. അവിടെ നിന്ന് കിട്ടുന്ന കാര്യങ്ങള്‍ പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ഇസ്ലാം വിഭാവനം ചെയ്ത രീതിയില്‍ അതിന്റെ അനുയായികള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇവിടം സ്വര്‍ഗ തുല്യമായേനെയെന്ന് അവര്‍ ഉല്‍ക്കണ്ഠപ്പെടുന്നു.

കുമ്പളയുടെ കടലോര മേഖലയിലെ പട്ടിണിയെക്കുറിച്ചും അവരുടെ ബോധമില്ലായ്മയെക്കുറിച്ചും റംല ശരിക്കും ബോധവതിയാണ്. പട്ടിണികിടന്ന് പൊരിഞ്ഞാലും കൈനീട്ടാത്തവരുണ്ട് അക്കൂട്ടത്തിലെന്ന് റംലയുടെ അനുഭവ സാക്ഷ്യം. അവരുടെ വീടിന്റെ പൂമുഖത്ത് അത് കാണില്ല. അടുക്കളിയിലേക്ക് ചെല്ലണം. തീപുകയാത്ത അടുപ്പും ഒരു നേരത്തെ കഞ്ഞിവെക്കാന്‍ പോലും പാടുപെടുന്നവരും അക്കൂട്ടത്തിലുണ്ട്.

അവര്‍ നിസഹായരായി സ്വന്തം ജീവിതത്തെ ശപിച്ചു കൊണ്ട് കഴിയുന്നു. അഭിമാനബോധം മറ്റുളളവരുടെ മുന്നില്‍ കൈനീട്ടി വാങ്ങാന്‍ അവരെ സമ്മതിക്കുന്നില്ല. അവരെ സഹായിക്കലാണ് തന്റെ ലക്ഷ്യമെന്ന് റംല ഉറച്ച് പറയുന്നു. സഹായിക്കുന്ന വ്യക്തി ആരാണെന്ന് വിളിച്ചു പറയാതെ അത്തരം പാവങ്ങള്‍ക്ക് സഹായം എത്തിച്ചു കൊടുക്കുന്ന ശീലമാണ് റംലയ്ക്കുളളത്. മറ്റെവിടെയും കാണാത്ത ഒരു പ്രവര്‍ത്തന ശൈലിയാണിതെന്ന് തോന്നുന്നു. സൗജന്യമായി ഒരു സേഫ്റ്റി പിന്‍ കൊടുക്കുന്നതു പോലും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റത്തക്കവിധത്തില്‍ നല്‍കുന്ന നിലയാണ് പലര്‍ക്കും താല്‍പര്യം.

സാമൂഹ്യ പ്രവര്‍ത്തനം പണമുണ്ടാക്കലല്ല; ചെയ്യുന്ന കാര്യം വിളിച്ചു പറയുകയുമല്ല, ദൈവം പ്രതിഫലം തരും എന്ന നിലയില്‍  പ്രവര്‍ത്തിക്കലാണ് എന്നാണ് റംലയുടെ നിഗമനം. അവര്‍ അങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പറയുകയുണ്ടായി.

ചുറ്റും രാഷ്ട്രീയ-സാമൂഹ്യ-മത മേഖലകളില്‍ നടക്കുന്ന കൊളളരുതായ്മകളൊക്കെ റംല തിരിച്ചറിയുന്നുണ്ട്. പക്ഷെ അതല്ല എന്റെ വഴി എന്നവര്‍ ആണയിടുന്നു.

കമറുന്നിസ അന്‍വറും, കുല്‍സു ടീച്ചറും, നൂര്‍ബിനാറഷീദും റംലയുടെ മാതൃകാ വനിതകളാണ്. അവരുടെ ക്ലാസുകളും, പ്രസംഗങ്ങളും റംലയെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.

പുരുഷന്മാരുടെ പീഡനങ്ങളെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. സ്ത്രീകള്‍ നല്ലതാണെങ്കില്‍  പുരുഷന്മാരും നല്ലവരാകും. അവരും മാന്യമായി ഇടപെടും. ഇങ്ങിനെയൊക്കെയായിട്ടും. പിഞ്ചു കുഞ്ഞുങ്ങളെയും, നാല്‍ക്കാലികളെയും കാമകേളിക്ക് ഉപയോഗപ്പെടുത്തുന്ന പുരുഷന്മാരെക്കുറിച്ച് അവര്‍ പറയുന്നു. തീര്‍ചയായും അത്തരക്കാര്‍ മാനസിക വൈകല്യമുളളവരാണ്. അവരെ ചികില്‍സയ്ക്ക് വിധേയമാക്കേണ്ടതുമാണ് എന്നാണ്.

മുസ്ലിം നാമത്തില്‍ അറിയപ്പെടുന്നവരാണ്. പലകുറ്റകൃത്യങ്ങളിലും മുന്‍പന്തിയിലുളളത്. പത്ര-മാധ്യമങ്ങളില്‍ വരുന്ന കളവ്, പിടിച്ചുപറി, പെണ്‍വാണിഭം, മയക്കുമരുന്ന്, ബിസിനസ് തുടങ്ങി എല്ലാ ദുര്‍പ്രവര്‍ത്തനങ്ങളിലും മുസ്ലിം പേരുളളവരാണ് കൂടുതലും എന്ന് എന്റെ സന്ദേഹത്തിന് റംല പറയുന്നത് ചില ദുര്‍ബല നിമിഷങ്ങളില്‍ അങ്ങിനെ പെട്ടു പോകുന്നതാവാം എന്നാണ്. യഥാര്‍ത്ഥ മുസ്ലിം വിശ്വാസികള്‍ക്ക് ഇത്തരം നീച പ്രവൃത്തി ചെയ്യാന്‍ ഒരിക്കലും സാധിക്കില്ലെന്നും അവര്‍ ഉറച്ച് വിശ്വസിക്കുന്നു.

എന്തു കിട്ടിയാലും വായിക്കുന്ന സ്വഭാവക്കാരിയാണ് റംല. അതില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ ശ്രമിക്കുകയും ചെയ്യും. നേരില്‍ കണ്ടാല്‍ കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയിച്ചു പോകുന്ന രൂപഭാവമാണവര്‍ക്ക്. പക്ഷെ ഇക്കഴിഞ്ഞ മാസങ്ങളില്‍ രണ്ട് പൊതു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഞങ്ങളുടെ സംഘടന ക്ഷണിക്കുകയുണ്ടായി. അത്ഭുതകരമായിരുന്നു അവരുടെ പ്രസംഗശൈലി. ആകെ മൂടിക്കെട്ടിയ കറുത്ത ബുര്‍ഖക്കൂളളില്‍ നിന്ന് ഇത്ര വാചാലമായ സംസാരം ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.

ലളിത ജീവിതം എന്ന് സൂചിപ്പിച്ചപോലെ തന്നെ വീട്ടില്‍  ടെലിവിഷന്‍ പോലും അവര്‍ വാങ്ങിവെച്ചിട്ടില്ല. ഭക്ഷണകാര്യത്തിലും, ഡ്രസിന്റെ കാര്യത്തിലും എല്ലാം ഈ ലാളിത്യം അവര്‍ കാണിക്കുന്നുണ്ട്.

39 വയസുകാരിയ റംലയ്ക്ക് അഞ്ച് മക്കളുണ്ട്. എല്ലാ പൊതു പ്രവര്‍ത്തനത്തിലും താങ്ങും തണലുമായി നില്‍ക്കുന്നത് ഭര്‍ത്താവ് എം.ഇ. അബ്ദുല്ലയാണ്. ജീവന്‍ ടി.വി. കേമറാമേന്‍ എം.കെ.എച്ച്. പെര്‍വാഡ് സഹോദരനാണ്.

റംലയ്ക്ക് ഒരു പ്രയാസമുണ്ട്. സഹായം ലഭ്യമാവാന്‍ അര്‍ഹതയുളള നിരവധിപേരുണ്ട്. പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍  കൊണ്ട് പലര്‍ക്കും അര്‍ഹമായ സഹായം കൊടുക്കാന്‍ പറ്റുന്നില്ല.

സ്ത്രീകളോട് റംലയ്ക്ക് ചിലനിര്‍ദേശങ്ങള്‍ പറയാനുണ്ട്. സ്വയം അറിയാന്‍ ശ്രമിക്കണം. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവു നേടണം. എല്ലാത്തിനും മറ്റുളളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ പഠിക്കണം. പ്രത്യേകിച്ച് കുമ്പളയിലെ ദളിത് സ്ത്രീകളും, മുസ്ലിം സ്ത്രീകളുമാണ് ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെടേണ്ടത്.

കനലെരിയുന്ന മനസുമായി കുമ്പളയുടെ പ്രസിഡണ്ട്
Kookkanam Rahman
(writer)
കനലെരിയുന്ന മനസ്സുമായാണ് ഈ പഞ്ചായത്തു പ്രസിഡണ്ട് സമൂഹത്തില്‍ ഇടപെടുന്നത്. ദു:ഖങ്ങള്‍ കാണുമ്പോള്‍, വേദന അനുഭവിക്കുന്നത് കാണുമ്പോള്‍ ഭരണ സാരഥ്യത്തിലിരിക്കുന്ന തനിക്ക് അത്രത്തോളം സാന്ത്വനമേകാന്‍ കഴിയുന്നില്ലല്ലോ എന്നവര്‍ പരിതപിക്കുന്നു. എങ്കിലും തികഞ്ഞ വിശ്വാസിയായതിനാല്‍ ഇതിനൊക്കെ മാറ്റം വരുമെന്നും അവര്‍ കരുതുന്നു.

Keywords:  Kumbala, Panchayath, president, kasaragod, Article, Kookanam-Rahman, Ramla, Service, Muslim league, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia