city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിന്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ പുതിയ രീതികള്‍ കണ്ടെത്തണം

കെ എസ് സാലി കീഴൂര്‍

(www.kasargodvartha.com 02.10.2019) നമ്മുടെ യാത്രക്കിടയില്‍ നിത്യേന നാം കണ്ടുകൊണ്ടിരിക്കുന്നത് വഴിയിടങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍. അതില്‍ നിറയെ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും അതിനു ചുറ്റും ഈച്ചകള്‍ ആര്‍ക്കുന്നതുമാണ്. മറ്റു ചില മാലിന്യക്കെട്ടുകള്‍ പട്ടികള്‍ കടിച്ചു കീറുന്നു. ഇതു മൂലം തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടാകുന്നു. എല്ലാ നാടുകളിലും നഗരങ്ങളിലും ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണിത്. കൂടുതല്‍ ജനവാസം ഇല്ലാത്തതും പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ സ്ഥലമാണ് മാലിന്യം വലിച്ചെറിയാന്‍ പലരും ഉപയോഗിക്കുന്നത്.

മാലിന്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ പുതിയ രീതികള്‍ കണ്ടെത്തണം


ഓരോ വീടുകളിലെയും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഗ്ലാസുകളും പ്ലെയ്റ്റുകളും ഡയപ്പറുകളും മറ്റു അവശിഷ്ടങ്ങളും റോഡരികില്‍ തള്ളി മാസങ്ങളോളം അത് നശിക്കാതെ ചീഞ്ഞളിയുന്നു. മഴക്കാലം വരുമ്പോള്‍ ഓവുചാലില്‍ കുടുങ്ങി മഴവെള്ളത്തിന്റെ ഒഴുക്കിനെ മാലിന്യക്കൂമ്പാരം തടഞ്ഞ് നിര്‍ത്തി, ദുര്‍ഗന്ധം വമിക്കുന്ന വെള്ളകെട്ടുകള്‍ ഉണ്ടാകുകയും, അതില്‍ കൊതുകള്‍ പെരുകി എല്ലാതരം പകര്‍ച്ചവ്യാധികളും മാറാരോഗങ്ങളെയും നമ്മള്‍ തന്നെ വിളിച്ചു വരുത്തുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ വഴിനീളെ ചെറു മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞ് പെറുക്കിയെടുക്കാന്‍ പോലും സാധിക്കാത്ത വിധം മാലിന്യം തള്ളുന്ന രീതിയാണ് കണ്ടുവരുന്നത്.

നമ്മുടെ ജീവിത രീതിയില്‍ മാറ്റം വരുത്തി ഭക്ഷണവും ഭക്ഷണത്തിനുള്ള വകകളും വാങ്ങി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന പാഴ് വസ്തുക്കള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കപ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ ഒരുപോലെ പെരുകുന്നത് ഭക്ഷണ അവശിഷ്ടം, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണ്. മാലിന്യം എന്തു തന്നെയായാലും അതൊരു സാമൂഹിക പ്രശ്‌നമാണ്. കേരളത്തില്‍ മാലിന്യത്തിന്റെ അളവ് കൂടിയിരിക്കുകയാണ്. അവ ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യപ്പെടാതെ ചുറ്റും മാലിന്യം തള്ളുന്നത് വഴി പുഴകളും തോടുകളും കടലുകളും മലീമസമാകുകയാണ്.

മാലിന്യം നീക്കംചെയ്യേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. പ്ലാസ്റ്റിക്ക്, ലോഹങ്ങള്‍, ഗ്ലാസ്, ചെരുപ്പ്, ഡയപ്പര്‍ എന്നിവ കത്തിച്ച് സംസ്‌കരിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ട് ശ്വാസതടസ്സം വരെ സംഭവിക്കുന്നു. കത്തിതീരാത്ത അവശിഷ്ടം, കിണര്‍, കുളം, മണ്ണ്, കുടിവെള്ളം, വായു എന്നിവയെ മലീമസമാക്കുന്നു. മാലിന്യങ്ങള്‍ ഭൂരിഭാഗവും ഓരോ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണ്. ഓരോ വീട്ടുകാരും സ്വയം നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ മാലിന്യമുക്തമാക്കാന്‍ കഴിയും.

നമ്മുടെ ജീവിതശൈലിയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. വീട്ടില്‍ ഭക്ഷണം പാകം ചെയ്യാതെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങി കഴിച്ച് അതിന്റെ അവശിഷ്ടം പ്ലാസ്റ്റിക് കവറില്‍ കെട്ടി വഴിയിടങ്ങളില്‍ വലിച്ചെറിയുന്ന പ്രവണതകള്‍ക്കാണ് മാറ്റം വരുത്തേണ്ടത്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അകന്ന് ജീവിക്കാനാണ് ഇപ്പോള്‍ പലരും ഇഷ്ടപ്പെടുന്നത്. രണ്ട് പേരുടെയും കുട്ടികളുടെയും ഭക്ഷണം പാകം ചെയ്യാന്‍ മടി കാണിക്കുന്ന സ്ത്രീകളാണ് നമുക്കിടയിലുള്ളത്. അതിനാല്‍ അണുകുടുംബത്തില്‍പ്പെട്ടവര്‍ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നു. ഇത്തരം ശൈലികള്‍ ഇതിന് ആക്കം കൂട്ടുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചന്ദ്രഗിരി പുഴയില്‍ മാലിന്യം വലിച്ചെറിഞ്ഞ ചെമ്മനാട് സ്വദേശിക്കെതിരെ ഈ കുറുപ്പുകാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. എന്നിട്ടും കൂടുതല്‍ പേരും ഇക്കാര്യത്തില്‍ ബോധവാന്മാരയിട്ടില്ല എന്നത് യാഥാര്‍ത്ഥമാണ്. മാലിന്യം വലിച്ചെറിയുന്നതിന് യാതൊരു കുറവും വന്നിട്ടില്ല. വീട്ടില്‍ കിടക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വഴിയില്ലാതെ ഏതെങ്കിലും ഒരു മൂലയില്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത് സര്‍ക്കാറിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തത് കൊണ്ടാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ വീട്ടിലെ അംഗങ്ങളും മാലിന്യ നിര്‍മാര്‍ജന രീതി പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലാതെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നുണ്ടെങ്കില്‍ കേരളം എത്ര സുന്ദരമാകും.

എവിടെ മാലിന്യമുണ്ടോ അവിടെ അതിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. അശാസ്ത്രീയമായ നിര്‍മാര്‍ജന രീതിയാണ് നാം ഉപയോഗിച്ച് വരുന്നത്. വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ തരംതിരിക്കാതെ റോഡരികില്‍ തള്ളുന്ന രീതി ഇനിയെങ്കിലും നമ്മള്‍ അവസാനിപ്പിച്ചേ മതിയാവൂ. മാലിന്യങ്ങള്‍ തരംതിരിച്ച് സ്വയം സംസ്‌കരിക്കണം. പൊതു സ്ഥലത്തും അന്യന്റെ വളപ്പിലേക്കും മാലിന്യം വലിച്ചെറിയുന്നത് നിര്‍ത്തണം. പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറക്കുക. പ്ലാസ്റ്റിക് തരംതിരിച്ച് റീസൈക്ലിംഗിനായി കൈമാറണം. പ്ലാസ്റ്റിക്കുകള്‍ റോഡു ടാറിംഗിനായി ഉപയോഗിക്കുന്ന രീതികള്‍ പലയിടത്തും പരീക്ഷിക്കുന്നുണ്ട്. കേരളത്തിലും പൊതുമരാമത്ത് വകുപ്പ് ഇത്തരം പരീക്ഷണങ്ങള്‍ നടപ്പിലാക്കിയാല്‍ ഒരു പരിധി വരെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. ജൈവ മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കാന്‍ തയ്യാറാവണം. എന്റെ നാടും നഗരവും ശുചിത്വമുള്ളതാക്കി മാറ്റാനുള്ള സ്വയം പ്രയത്‌നമാണ് നമ്മള്‍ ഉണ്ടാക്കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Kerala, Government, waste, Plastic, Police, case, complaint, Road, The government needs to find new ways to dispose of waste

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia