city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍മ്മാണ മേഖല പട്ടിണിയിലേക്ക്

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 18.01.2018) പൊന്നിനേക്കാള്‍ വിലയാണ് പൂഴിമണലിന്. അതും കണികാണാന്‍ പോലുമില്ല. കരിങ്കല്ലിന്റെ പൊടിപോലുമില്ല കിട്ടാന്‍. ചെങ്കല്ലാണെങ്കില്‍ ഖനനം തന്നെ നിര്‍ത്തി വെച്ചിരിക്കുകയാണ്. സതംഭനത്തിലാണ് നിര്‍മ്മാണ മേഖല. പാവം തൊഴിലാളികള്‍ക്കു ഇനിയെന്തു ഗതി? അര നൂറ്റാണ്ടിനു മുമ്പെ പടിയടച്ച് പിണ്ഡം വെച്ച പട്ടിണി കടന്നു വരികയാണ്. 

പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രാദേശിക എതിര്‍പ്പുകളുമാണ് ക്വാറികള്‍ അടച്ചിടാന്‍ ഇടവന്നത്. ഭൂമി മാതാവ് ഡിപ്പോസിറ്റായി സൂക്ഷിച്ചു വെച്ചിരിക്കുന്ന കരിങ്കല്‍ ശേഖരങ്ങള്‍ ആര്‍ത്തി പിടിച്ച മക്കള്‍ മാന്തിയെടുത്തതു വറുതിക്ക് കാരണമായി. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ചെങ്കല്ല് ഖനനം ചെയ്യുന്ന ജില്ലയാണ് കാസര്‍കോട്. യന്ത്രം വന്നതോടെ തലങ്ങും വിലങ്ങും വെട്ടി ചെങ്കല്ലു വിളയിച്ചിടങ്ങളെല്ലാം പാതാളങ്ങളായി. പ്രകൃതി വിഭവങ്ങള്‍ മുച്ചൂടും മുടിഞ്ഞു. പുതു തലമുറക്കായി ബാക്കിവെക്കാന്‍ ഇനി വറുതി മാത്രം ബാക്കി. വികസനം മുരടിക്കുന്നതോടൊപ്പം നല്ല നിലയില്‍ കഴിഞ്ഞു കൂടിയിരുന്ന തദ്ദേശീയരും പരദേശികളുമായ നിര്‍മ്മാണ തൊഴിലാളികള്‍ അരപ്പട്ടിണിയിലാണ്. ഭരിക്കുന്ന സര്‍ക്കാര്‍ ഇവരുടെ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ്. ഇടതുപക്ഷത്തിന് അധികാരം ഏല്‍പ്പിച്ചു കൊടുത്തവരില്‍ ഭുരിഭാഗവും വോട്ടു ചെയ്തത് നിര്‍മ്മാണ തൊഴിലാളികളാണെന്ന സത്യം ഭരണകൂടം മറന്നു വെച്ചിരിക്കുകയാണ്.

നിര്‍മ്മാണ മേഖല പട്ടിണിയിലേക്ക്


കല്ലും കരിങ്കല്ലും കിട്ടിയാല്‍ മതിയോ, മണലിനെവിടെ പോകും. മണല്‍ വേണേല്‍ ബ്ലാക്കില്‍ വാങ്ങരുത്, ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. സര്‍ക്കാരിന് പ്രസ്താവന ഇറക്കിയാല്‍ മതിയല്ലോ. പണി പാതിയിലിട്ട് നട്ടം തിരിയുന്നത് ജനമാണല്ലോ. നാട്ടുകാര്‍ക്ക് വീടു വെക്കാന്‍ മാത്രമല്ല, ദിനംതോറും സര്‍ക്കാരിന്റേതടക്കം നിരവധി വമ്പന്‍ പ്രൊജക്ടുകള്‍ വന്നു ചേരുന്നുണ്ട്. പണിക്കാരുണ്ട്, പക്ഷെ മണലെവിടെ, കല്ലെവിടെ, കരിങ്കല്ലെവിടെ? ജിഎസ്ടി വന്നതോടു കൂടി സിമെന്റിന്റെ പോലും അടപ്പു തെറിച്ചു. കല്ലിനു പകരം ഹോളോബ്രിക്‌സ് കൊണ്ട് നിര്‍മാണം നടത്താമെന്ന് വെച്ചാല്‍ പൂഴിക്കു ബദല്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. പാറ പൊടിച്ച പൊടി ചാക്കില്‍ വാങ്ങാന്‍ കിട്ടും. അവ പിണ്ണാക്കിനു സമമെന്ന് വിലപിക്കുകയാണ് തൊഴിലാളികള്‍. പാറപ്പൊടി ഉപയോഗിച്ച് പണിതതില്‍ എമ്പാടും ചോര്‍ച്ചയും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കൂനിന്മേല്‍ കുരുവെന്ന മട്ടില്‍ മേലെ അലൂമീനിയം ഷീറ്റ് പാകുന്ന തിരക്കിലാണ് ഇപ്പോള്‍ താമസക്കാര്‍.
കുറവു നികത്താന്‍ വിദേശത്തു നിന്ന് മണല്‍ ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത് സെപ്തംബറിലാണ്. വരും വരാതിരിക്കില്ലെന്ന ഓരോ വിചാരത്തില്‍ കഴിയുകയാണ് ജനം. ഇതേവരെ ഒന്നുമായിട്ടില്ല. 

വിദേശത്തുനിന്ന് മണല്‍ ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോള്‍ നിയമ തടസ്സങ്ങളില്ല. തുറമുഖം വഴി മണല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇറക്കുമതിക്കു സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പെര്‍മിറ്റുമുണ്ട്. മലേഷ്യ, വിയറ്റ്‌നാം, കംബോഡിയ മുതലായ രാഷ്ട്രങ്ങളില്‍ ആവശ്യത്തിലധികം മണലുമുണ്ട്. വെറുതെയിടുന്ന മണല്‍ വില്‍ക്കാന്‍ അവര്‍ തയ്യാറാണ്. കേരളത്തിന് പ്രതിവര്‍ഷം മൂന്ന് കോടി ടണ്‍ മണലാണ് ആവശ്യം. ഇവ എത്തിത്തുടങ്ങിയാല്‍ ദുരിതം തീരും.

വേറൊരു മാര്‍ഗം ഡ്രഡ്ജിങ്ങാണ്. തുറമുഖങ്ങള്‍ ഡ്രഡ്ജ് ചെയ്യുമ്പോള്‍ ലഭിക്കുന്ന മണലും ചെളിയും ഉപ്പും കക്കയും മറ്റും ചേര്‍ന്ന മിശ്രിതം പുറംകടലില്‍ കൊണ്ടു പോയി തള്ളുകയാണു പതിവ്. നദിയിലൂടെ ഒഴുകിയെത്തുന്ന വിലപ്പെട്ട മണ്ണ് അങ്ങനെ പാഴാക്കപ്പെടുന്നു. നദിയുടെ മേല്‍ ഭാഗങ്ങളില്‍ നിന്ന് അമിതമായി മണല്‍ വാരി നദിയുടെ തന്നെ നാശത്തിനു വഴി വയ്ക്കുമ്പോഴാണ് ഈ പാഴാക്കല്‍. പൊന്നാനിയില്‍ ഭാരതപ്പുഴ കടലില്‍ ചേരുന്ന ഭാഗത്ത് ഉപ്പുകലര്‍ന്ന മണല്‍ ശുദ്ധീകരിച്ചു വില്‍പന തുടങ്ങിയിട്ടുണ്ട്. പൊന്നാനി തുറമുഖത്ത് മാസം ഡ്രഡ്ജ് ചെയ്യേണ്ടത് ഏകദേശം 50,000 - 55,000 ടണ്‍ മണലാണ്. 300 തൊഴിലാളികള്‍ വള്ളങ്ങളില്‍ മണല്‍ വാരി ഡ്രഡ്ജിങ് ജെട്ടികള്‍ വഴി ലോറികളില്‍ കയറ്റി 21 കി.മി. അകലെ കുറ്റിപ്പുറത്തുള്ള കിന്‍ഫ്ര പാര്‍ക്കിലെത്തിക്കും. രാജധാനി മിനറല്‍സിനാണ് മണല്‍ ശുദ്ധീകരണ ചുമതല. രാസ വസ്തുക്കള്‍ ചേര്‍ക്കാതെ ഐറിഷ് സാങ്കേതിക വിദ്യയിലൂടെ ശുദ്ധീകരിച്ച മണല്‍ ഓണ്‍ലൈനിലൂടെ വില്‍പന നടത്തുന്നതും തുറമുഖ വകുപ്പു തന്നെ. പറഞ്ഞിട്ടെന്തു കാര്യം ഇതൊന്നും കണ്ണൂരിന് വടക്കോട്ടെത്തുന്നില്ല. മംഗളൂരുവില്‍ നിന്നും റോഡുവഴി വരുന്ന വണ്ടികള്‍ പോലീസ് പിടികൂടുന്നു. നമുക്ക് ഇവിടെ എടുക്കാന്‍ മണലില്ല. ഇറക്കുമതിയും അനുവദിക്കുന്നില്ല. മാഫിയമാരുടെ കൈകളില്‍ നിന്നും മണലിനെ സംരക്ഷിച്ചാല്‍ മാത്രമേ എല്ലാറ്റിനും പരിഹാരമാവുകയുള്ളു. അതെപ്പോള്‍ നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. പാവം പിന്നോക്ക ജില്ല എപ്പോള്‍ ചെയ്ത പാപത്തിനുള്ള ശിക്ഷയാണിതൊക്കെ.

കണ്ണൂരിലെ അഴീക്കല്‍ തുറമുഖത്ത് പൊന്നാനി മോഡലില്‍ മണല്‍ ശുദ്ധീകരിച്ചു വില്‍പന നടത്താന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവിടെ മാസം ഒരു ലക്ഷം ടണ്‍ മണല്‍ വരെ ഡ്രഡ്ജ് ചെയ്യേണ്ടതുണ്ട്. ഇവിടെ കാസര്‍കോടുള്ള ജെട്ടികളിലും പൊന്നാനി മോഡല്‍ ഡ്രഡ്ജ്ജിങ്ങ് ആരംഭിക്കണമെന്ന് കെട്ടിട നിര്‍മ്മാണ തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം. ഇപ്പോള്‍ ചെറുവത്തൂരില്‍ നിന്നും മറ്റുമെടുക്കുന്നവ എവിടെ തികയാന്‍. പ്രതിമാസം അരലക്ഷം ടണ്‍ മണല്‍ ശുദ്ധീകരിച്ചു വിറ്റാല്‍ തന്നെ സര്‍ക്കാരിന് മാസം മൂന്നു കോടിയും ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷവും കിട്ടുന്ന പൊന്നാനി പദ്ധതി നമുക്കു ഇവിടെയും വ്യാപകമാക്കണം.  ജിയോളജി വകുപ്പിനു റോയല്‍റ്റിയും മണല്‍ വാരാന്‍ ആയിരത്തോളം തൊഴിലാളികള്‍ക്കു തൊഴിലും ലഭിക്കും. കൂട്ടത്തില്‍ ജില്ലയുടെ വികസനവും അന്യദേശത്തിന് തൊഴിലവസരവും. മാഫിയകളെ അമര്‍ച്ച ചെയ്യണം. അവിടെ വെച്ചു തുടങ്ങണം തൊഴില്‍ സംഘടനകളുടെ അജണ്ട. തൊഴില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ വേറെ കുറുക്കുവഴികളില്ല.

സര്‍ക്കാര്‍ അനുവദിക്കുന്ന അക്ഷയ വഴിയുള്ള വൈറ്റ് കോളര്‍ മണല്‍ മാത്രം മതി ഞങ്ങള്‍ക്കെന്നു വാശി പിടിക്കുന്ന കെട്ടിട നിര്‍മ്മാതാക്കളുണ്ട്. വേറെ മാര്‍ഗവുമില്ലല്ലോ. അത്തരക്കാര്‍ക്കായി www.gspeak.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിച്ച് കാത്തിരിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Article, Construction plan, Prathibha-Rajan, Sand, Crisis, Govt, The construction sector to starving
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia