city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൈവളപ്പ് മുഹമ്മദ് സാഹിബ്; മരുഭൂമിയിലെ മരുപ്പച്ച

സ്‌കാനിയ ബെദിര

(www.kasargodvartha.com 13/04/2016) വെയ്ക്കപ്പുമായി ബന്ധപ്പെട്ടു മുന്നോട്ട് പോകുന്നതിനിടയിലാണ് എനിക്ക്, മനുഷ്യന്റെ മഹത്വം അവന്റെ അസാധാരണങ്ങളായ പ്രവര്‍ത്തനങ്ങളിലല്ല മറിച്ച് സാധാരണ ചെയ്തികളിലാണടങ്ങിയിരിക്കുന്നതെന്ന് മനസിലാവുന്നത്. എവിടെയോ ഒക്കെ കെട്ടുപിണഞ്ഞു പോയ പഴയ ജീവിതത്തിന്റെ നൂലിഴകള്‍ വീണ്ടും ഇഴചേരുകയും, ഗതകാലസൗഹൃദത്തിന്റെ പൂമരങ്ങളൊക്കെ ഇപ്പോഴും വാടിക്കരിഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്ത വെയ്ക്കപ്പ് കൂട്ടായ്മ, രാജ്യാതിര്‍ത്തികള്‍ കടന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിലും എത്തിയപ്പോള്‍, ഏറ്റവും കൂടുതല്‍ പേര്‍ പരാമര്‍ശിച്ച പേര് അദ്ദേഹത്തിന്റെതായിരുന്നു. 'നിങ്ങള്‍ ടി എയുമായി ബന്ധപ്പെട്ടില്ലേ? 'എന്ന്. അത് വരേ എനിക്ക് ടി എയെ അറിയില്ലായിരുന്നു.

ആരാണീ ടി എ, എന്താണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്ന ചോദ്യത്തിന് സൗദിയെന്ന വിസ്തൃത രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഇങ്ങനെയായിരുന്നു പ്രതികരിച്ചത്. 'ടി എ മുഹമ്മദ് കുഞ്ഞി സാഹിബ് തൈവളപ്പ്, ഞങ്ങടടുത്തെത്തിയാല്‍ എവിടെയോ വിരിഞ്ഞ ഒരു സൗഗന്ധികത്തിന്റെ വശ്യ സുഗന്ധം ഇവിടങ്ങളില്‍ പടരും- ചിലര്‍ പറഞ്ഞു 'എവിടെ നിന്നോ ഒഴുകി വരുന്ന ഒരു പുല്ലാങ്കുഴല്‍ പാട്ടിന്റെ ഈണം പോലെ അദ്ദേഹം ഞങ്ങളെ തഴുകും. ഇന്ന് അദ്ദേഹം ഖത്തര്‍ ബോര്‍ഡറില്‍ ആണെങ്കില്‍ അടുത്ത ദിവസം ചിലപ്പോള്‍ ജോര്‍ദാനിന്റെ അതിര്‍ത്തി പങ്കിടുന്നിടത്തായിരിക്കും. അതിന്റെ അടുത്ത ദിവസം ഒരു പക്ഷേ ഇറാഖ് ബോര്‍ഡറിലും. അല്ലെങ്കില്‍ ആന്തരിക മരുഭൂമികളില്‍ ആടു ജീവിതങ്ങളും ഒട്ടക ജീവിതങ്ങളും ജീവിച്ചു തീര്‍ക്കുന്നവരുടെ ഇടയില്‍. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളുടെ കെട്ടഴിക്കാന്‍ കൂടെ അദ്ദേഹം ഉണ്ടാകും'.

പലതും കൂട്ടി വായിച്ചപ്പോള്‍ എനിക്ക് തോന്നി ഇദ്ദേഹം തന്നെയല്ലേ, ആടുജീവിതത്തിന്റെ അവസാന ഭാഗങ്ങളില്‍ ബെന്യാമിന്‍ വിവരിക്കുന്ന ആ അമാനുഷ്യന്‍. മരുഭൂമിയിലൂടെ തന്നെ തോളത്തിരുത്തി അതി ദൂരം നടന്ന ഇബ്‌റാഹിം ഖാദിരി? അല്ലെങ്കില്‍ മനുഷ്യനെന്ന സംജ്ഞയില്‍ നിന്നും മാറി മറ്റൊരു ജീവിയായി പരിണമിച്ച് വഴിയരികില്‍ തളര്‍ന്നു കിടന്ന തന്നെ, തന്റെ പുത്തന്‍ വണ്ടിയുടെ പിന്‍സീറ്റിലേക്ക് പിടിച്ചിരുത്തി പാനപാത്രം ആവോളം നിറച്ചു തന്ന് മനുഷ്യവാസമുള്ള ഒരിടത്ത് ഏല്‍പിച്ചു പോയ ആ അജ്ഞാത മനുഷ്യന്‍? ഒടുവില്‍ പരിലാളനകളുടെ നിറകുടമായ കുഞ്ഞിക്ക?. ടി എ എന്ന തൈവളപ്പുകാരന്‍ മുഹമ്മദ് കുഞ്ഞി സാഹിബ് അവര്‍ക്ക് ഇതെല്ലാമാണ്. അദ്ദേഹം ആടുജീവിതം വായിച്ചിട്ടില്ല. ഒരു നജീബിനെ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ വിവിധ തരം നരക ജീവിതങ്ങളില്‍ നിന്നും താന്‍ രക്ഷിച്ച ആയിരക്കണക്കിന് നജീബുമാരുണ്ട് ടി എയുടെ അനുഭവങ്ങളുടെ ആവനാഴിയില്‍.

അതില്‍ ഒരു തിരുവനന്തപുരം സ്വദേശി ബാബുവിന്റെ കഥ ഇങ്ങനെയാണ്. തായിഫ് റോഡില്‍ നിന്നും വിട്ടുമാറി മരുഭൂമിയുടെ അനന്തതയിലൂടെ വണ്ടിയും ഓടിച്ചു പോകുകയാണ് ഒരു നട്ടുച്ചയ്ക്ക് ടി എ. തൊട്ടകലെ ഒരാള്‍ വേച്ച് വേച്ച് നടന്നു പോകുന്നു. ഒന്ന് ഉറക്കെ കരയാനോ ഒരു കൈ പൊക്കി കാണിച്ച് തന്നിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനോ കഴിയാതെ അപ്പോഴേക്കും അയാള്‍ തളര്‍ന്നു പോയിരുന്നു. ഒടുവില്‍ അയാള്‍ അവശനായി വീണു. ചുട്ടുപൊള്ളുന്ന ആ മരുഭൂമിയില്‍ അപ്പോഴത്തെ ചൂട് 55 ഡിഗ്രിയാണെന്ന് വണ്ടിയിലെ താപമാപിനി ഓര്‍മിപ്പിച്ചു. ടി എ അയാളെ താങ്ങി എടുത്ത് വണ്ടിയില്‍ കിടത്തി.

തൈവളപ്പ് മുഹമ്മദ് സാഹിബ്; മരുഭൂമിയിലെ മരുപ്പച്ച

എപ്പോഴും കൂടെ കരുതി വെയ്ക്കാറുള്ള കുടിവെള്ള കുപ്പികള്‍ ഒന്നൊന്നായി അദ്ദേഹം, മരിച്ചു എന്ന് കരുതിയ ആ മനുഷ്യന്റെ തൊണ്ടയിലേക്ക് ഒഴിച്ചു കൊടുത്തു. അത്യാവശ്യ തുണിത്തരങ്ങളുമായി ഒരു വണ്ടിയില്‍ ഔട്ട് ഡോര്‍ വില്‍പന നടത്തി ഉപജീവനം കഴിക്കുന്ന അദ്ദേഹം മുന്നോട്ടുള്ള യാത്ര തല്‍ക്കാലം ഉപേക്ഷിച്ചു. എത്രയും പെട്ടെന്ന് എല്ലും തോലുമായ ആ ശരീരത്തിലെ ജീവന്റെ തുടിപ്പുകള്‍ക്കായി അദ്ദേഹം പാഞ്ഞു. ഇടയ്ക്ക് അയാളൊന്നു കണ്ണു മിഴിച്ച് നോക്കി. ആ നോട്ടത്തില്‍ അണയാന്‍ പോകുന്ന ഒരു മെഴുകുതിരിയുടെ അവസാന വെട്ടം അദ്ദേഹം കണ്ടു. വരണ്ടുണങ്ങിയ ചുണ്ടുകള്‍ ആദ്യം ശരീരത്തോട് പ്രതികരിച്ചില്ല. അല്‍പാല്‍പമായി ഇറ്റിറ്റു വീഴുന്ന ദാഹജലം ഒരു ഉണങ്ങിയ മരത്തെ എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നു എന്ന് കാട്ടിത്തന്നു. നാലു മണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ മനുഷ്യവാസമുള്ള ഒരിടത്തെത്തി. അപ്പോഴേക്കും, ബാബു എന്ന് പേരുള്ള അയാള്‍ വെള്ളവും ഭക്ഷണവും കഴിച്ചിട്ട് ആറ് ദിവസമായിരുന്നു. സ്ഥലം ട്രിവാന്‍ഡ്രം. ഒരു ആട് മസ്‌റയില്‍ നിന്നും പീഡനം സഹിക്ക വയ്യാതെ ജീവനും കൊണ്ടോടിയതാണയാള്‍.

ജിദ്ദ കെ എം സി സിയുമായി ചേര്‍ന്ന് എത്രയും പെട്ടെന്ന് അയാളെ നാട്ടിലെത്തിക്കാന്‍ എംബസി മുഖാന്തരം ഏര്‍പ്പാട് ചെയ്തിട്ടാണ് ടി എ പകുതി വഴിയില്‍ ഉപേക്ഷിച്ച തന്റെ യാത്ര പൂര്‍ത്തിയാക്കിയത്. പിന്നീട് പല പല ബാബുമാര്‍... നജീബുമാര്‍... രണ്ട് പുണ്യ നഗരങ്ങളുടെ നാടായ സൗദി അറേബ്യയില്‍ ടി എ ചെന്നെത്താത്ത സ്ഥലങ്ങളില്ല. മലയാളികളുടെ മാത്രമല്ല ബംഗാളികളുടെയും പാക്കിസ്ഥാനികളുടെയും നേപ്പാളികളുടേയും എന്ന് വേണ്ട അവശത തലയിലേറ്റുന്ന ആരൊക്കെയുണ്ടോ, അവരൊക്കെ ടി എ മുഹമ്മദ് സാഹിബിന് കൂടപ്പിറപ്പുകളാണ്. അശരണരെ കാണുമ്പോള്‍ എത്ര തിരക്കുകള്‍ക്കിടയിലാണെങ്കിലും അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ ചിറകുകള്‍ താനേ താഴും. അവരിലെ രോഗികള്‍ക്കദ്ദേഹം മരുന്നാകും. പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണമാകും. നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നിയമജ്ഞനും.

1986 ല്‍ പ്രവാസിയായി സൗദിയിലെത്തിയ ആദ്യ രാത്രി തന്നെ ടി എയെ സ്‌പോണ്‍സര്‍ തന്റെ ഒരു തോട്ടത്തില്‍ കൃഷി പണിക്ക് കൊണ്ടു പോയി. രണ്ട് വര്‍ഷം തോട്ടക്കാരനായി കഠിന ജോലി. ജീവിത സാഹചര്യങ്ങളോട് തോറ്റു കൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനിടയില്‍ നല്ലവനായ അറബി അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്കുള്ള അംഗീകാരമായി ഡ്രൈവിങ്ങ് ലൈസന്‍സെടുത്തു കൊടുക്കാന്‍ സഹായിച്ചു. ക്രമേണ സ്വന്തമായി ഔട്ട് ഡോര്‍ ബിസിനസ് നടത്താനുള്ള സ്വാതന്ത്യവും നല്‍കി.

തൈവളപ്പ് മുഹമ്മദ് സാഹിബ്; മരുഭൂമിയിലെ മരുപ്പച്ച1983 തൊട്ട് 86 വരെ ചെര്‍ക്കളം അബ്ദുല്ലയോടൊപ്പം അദ്ദേഹത്തിന്റെ നിഴലായി ടി എ ഉണ്ടായിരുന്നു. പരിശ്രമത്തിന്റെ ബാലപാഠങ്ങള്‍ ടി എ അദ്ദേഹത്തില്‍ നിന്നും സ്വായത്തമാക്കി. നിരാലംബരുടെ കണ്ണീരൊപ്പേണ്ടത് എങ്ങിനെ എന്ന് മാതാവും പിതാവും കാട്ടിക്കൊടുത്തു.

17 വര്‍ഷമായി റിയാദ് കെ എം സി സി യുടെ അമരത്തെത്തിയിട്ട്. രണ്ട് പ്രാവശ്യം ജില്ലാ ട്രഷററായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സന്നദ്ധ സംഘടനകള്‍ മൂന്ന് പ്രാവശ്യം അദ്ദേഹത്തെ പട്ടും വളയും നല്‍കി ആദരിച്ചു. വെറും സാധാരണക്കാരില്‍ സാധാരണക്കാരനായിട്ടും റിയാദ് കമ്മിറ്റിയുടെ ബൈത്തുറഹ് മ പദ്ധതിയില്‍ ഒരാള്‍ക്ക് വീടുവെയ്ക്കാനുള്ള സ്ഥലം നല്‍കി മാതൃകയായി.


തൈവളപ്പ് മുഹമ്മദ് സാഹിബ്; മരുഭൂമിയിലെ മരുപ്പച്ച
തൈവളപ്പ് മുഹമ്മദ് ലേഖകന്‍ സ്‌കാനിയ ബെദിരയ്‌ക്കൊപ്പം
കുമ്പോല്‍ സയ്യിദുമാരുടെ വിശ്വസ്ത ശിഷ്യന്‍. മാപ്പിള കലകളായ ദഫ്മുട്ട്, കോല്‍ക്കളികളുടെ അറിയപ്പെടുന്ന ഗുരു. പേരെടുത്ത സംഘാടകന്‍, ഉജ്ജ്വല വാഗ്മി തുടങ്ങിയ വിശേഷണങ്ങള്‍ അദ്ദേഹത്തിന്റെ തൊപ്പിയിലെ ചില തൂവലുകള്‍ മാത്രം. വളര്‍ന്നു വരുന്ന പുത്തന്‍ തലമുറയ്ക്കും വളര്‍ന്നെന്ന് കരുതുന്ന ഇന്നത്തെ വളര്‍ച്ച എത്താത്ത തല മുതിര്‍ന്നവര്‍ക്കും അദ്ദേഹം ഒരു പുസ്തകമാണ്. വായിച്ചിരിക്കേണ്ട ഒരു വേദ പുസ്തകം.

മുഹമ്മദിന്റെ ഫോണ്‍ നമ്പര്‍: സൗദി- 00966506308237, ഇന്ത്യ - 00919847582127


Keywords : Article, Gulf, Thaivalappu Muhammed, Pravasi Parichayam, Scania Bedira.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia