city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

TE Abdulla | അത്രമേല്‍ നാടിനെ സ്പര്‍ശിച്ച ടി ഇ അബ്ദുല്ല

-താത്തു ത്വല്‍ഹത്

(www.kasargodvartha.com) ചില തണല്‍ വൃക്ഷങ്ങള്‍ അങ്ങനെയാണ്. മുഴുവന്‍ നാടിനും തണലേകുന്നതിനോടൊപ്പം ചില ശിഖരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക സുരക്ഷയും സംരക്ഷണവും നല്‍കും. തന്റെ പ്രവര്‍ത്തന മേഖല കേരളമൊട്ടുക്കും ആണെങ്കിലും, തളങ്കര, വിശിഷ്യാ കണ്ടത്തില്‍/കടവത്ത് ഭാഗങ്ങളിലുള്ളവര്‍ക്ക് തൊട്ടതിനും പിടിച്ചതിനും, അദ്‌ലചാന്റെ (ടി ഇ അബ്ദുല്ല) ഒരു കൈ സ്പര്‍ശം, ഒരു തലോടല്‍, ഒന്നുമില്ലെങ്കിലും ഒരു ഉപദേശം സ്വീകരിക്കല്‍, അതൊരു അവിഭാജ്യ ഘടകം തന്നെയായിരുന്നു എന്നും.
            
TE Abdulla | അത്രമേല്‍ നാടിനെ സ്പര്‍ശിച്ച ടി ഇ അബ്ദുല്ല

എത്ര തിരക്കുണ്ടെങ്കിലും, ആരോഗ്യസ്ഥിതി എത്ര കണ്ട് പ്രതികൂലമാണെങ്കിലും, നാട്ടുകാരില്‍ ഒരാള്‍, മഹല്ല് മദ്രസ ഭാരവാഹികള്‍, സംഘടനാ ക്ലബ്ബ് പ്രതിനിധികള്‍ ഒന്ന് ഉണര്‍ത്തിയാല്‍ മാത്രം മതി, ആ സദസ്സ് എത്ര ചെറുത് തന്നെയാവട്ടെ, തന്റെ മഹനീയ സാന്നിധ്യം കൊണ്ട് അദ്ദേഹം ആ സദസ്സ് ഭംഗിയാക്കിയിരിക്കും. നാടിന്ന് ഒന്നടങ്കം അദ്ദേഹം ഒരു മൊബൈല്‍ എന്‍സൈക്ലോപീഡിയ തന്നെയായിരുന്നു.

പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ വിനീതന്റെ വീടുമായി ബന്ധപ്പെട്ട നഞ്ച/പുഞ്ച വിഷയത്തില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ നെല്‍വയല്‍ കൃഷിഭൂമി ഭേദഗതിയെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നതും ശേഷം എനിക്ക് വിശ്വാസം ഉറപ്പിക്കുവാന്‍ വേണ്ടി വീടിനകത്ത് പോയി പേപ്പര്‍ കട്ടിങ്ങും ആയി വന്നതും ഞാനോര്‍ക്കുന്നു. ഏതു വിഷയവുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് ആണോ തന്നെ ക്ഷണിക്കുന്നത് ആ വിഷയത്തില്‍ തനിക്ക് എത്രതന്നെ പാണ്ഡിത്യം ഉണ്ടെങ്കിലും, ലഭിക്കാവുന്ന മുഴുവന്‍ റഫറന്‍സുകളും സംഘടിപ്പിച്ച് വായിച്ചു പഠിച്ച്, ശ്രോതാക്കളിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം കാണിച്ചിരുന്ന ശുഷ്‌കാന്തി തന്നെയാണ് അദ്ദേഹത്തിന്റെ വളരെ സൗമ്യമായ രീതിയിലുള്ള പ്രസംഗത്തിന് പോലും ആള്‍ക്കാരെ പിടിച്ചിരുത്താന്‍ കഴിഞ്ഞിരുന്നത്.
    
TE Abdulla | അത്രമേല്‍ നാടിനെ സ്പര്‍ശിച്ച ടി ഇ അബ്ദുല്ല

തന്റെ പാണ്ഡിത്യം കേള്‍വിക്കാരോട് പറയുന്നതിലല്ല, മറിച്ച് കേള്‍വിക്കാര്‍ക്ക് അവരില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് നാളെ ഈ അറിവുകളും ചരിത്രങ്ങളും കൈമാറ്റം ചെയ്യപ്പെടണം എന്ന സദുദ്ദേശത്തോടെ തന്നെയായിരുന്നു അദ്ദേഹം എന്നും വേദികളില്‍ സംസാരിച്ചിരുന്നത്.

വീട് നിര്‍മ്മാണം, വില്ലേജ് ഓഫീസ്, മുനിസിപ്പല്‍ ഓഫീസ് മുതല്‍ സ്‌കൂള്‍ പ്രവേശനം, വാര്‍ദ്ധക്യ/വിധവാ/തൊഴില്‍ പെന്‍ഷനുകള്‍, മക്കളുടെയോ കുടുംബക്കാരുടെയോ പാസ്‌പോര്‍ട്ട്, ആശുപത്രി, വിഷയം എന്തെന്നില്ലാ, നാട്ടുകാര്‍ക്ക് വിശിഷ്യാ ഉമ്മമാര്‍ക്കും പെങ്ങന്മാര്‍ക്കും 'അത് അദ്‌ളാനോട് പറഞ്ഞാല്‍ സെരിയാഊപ്പ' എന്ന ആ ഒരു വിശ്വാസം അദ്ദേഹം തന്റെ അവസാനശ്വാസം വരെ നിലനിര്‍ത്തി.

എന്തിനേറെ പറയുന്നു നാട്ടുകാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മൊബൈലിലേക്ക് ഏതു വൈകിയ വേളയില്‍ ആണെങ്കിലും ഒന്ന് വിളിച്ചാല്‍ എത്ര വലിയ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും, തിരക്കിനിടയിലും അദ്ദേഹം മറുപടി നല്‍കിയിരിക്കും. ബ്ലൈസ് തളങ്കര അടക്കമുള്ള നാട്ടിലെയും ചുറ്റുവട്ടത്തെയും മുഴുവന്‍ സംഘടനകളുടെയും വിഷയങ്ങളില്‍ അദ്ദേഹം കാണിച്ചിരുന്ന ആത്മാര്‍ത്ഥതയാര്‍ന്ന ഇടപെടലുകള്‍ സംഘടനകളുടെ ദൈനംദിന ഉയര്‍ച്ചയ്ക്ക് ഹേതു കാരണമാണെന്ന് സംഘടനാ ഭാരവാഹികള്‍ ഏതുസമയവും പറയും ഉറപ്പാണ്.

അതുപോലെതന്നെ മത, വിദ്യാഭ്യാസ, മസ്ജിദ് മേഖലകളിലും അദ്ദേഹത്തിന്റെ കൃത്യമായ ഇടപെടലുകള്‍ പ്രവര്‍ത്തന ചരിത്രത്താളുകളില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. ആളുകളോട് വലിപ്പച്ചെറുപ്പം ഇല്ലാതെ, പ്രത്യേകിച്ച് പ്രായത്തില്‍ മുതിര്‍ന്ന ആളുകളോട്, പള്ളി പരിസരത്തും മറ്റും വച്ച് കാണുമ്പോള്‍ അദ്ദേഹം കാണിച്ചിരുന്ന ബഹുമാനവും ആദരവും അവരോടുള്ള സന്തോഷകരമായ ഇടപെടലുകളും, ഒരു നേതാവ്/ഒരു ജനനായകന്‍ എന്ന നിലക്കല്ല മറിച്ച് തന്നെയും തന്റെ അഭിവന്ദ്യ പിതാവിനെയും സ്‌നേഹിച്ചിരുന്ന ഒരു തലമുറ എന്ന ഒരു നിലക്ക് തന്നെയായിരുന്നു.

കഴിഞ്ഞ ദിവസം വെള്ളിയാഴ്ച ജുമാ നിസ്‌കാരം കഴിഞ്ഞ് തളങ്കര കണ്ടത്തില്‍ പള്ളിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അവിടെ കൂടിയിരുന്ന പ്രായമുള്ളവരുടെയും ഈ വിനീതനടക്കമുള്ള യുവാക്കളുടെയും മുഖം മ്ലാനമായിരുന്നു. കാരണം ആ വലീയ വെളുത്ത ടവല്‍ തലയില്‍ കെട്ടി 'എന്താണ് തല്‍ഹത്ത്' എന്ന് തോളില്‍ തട്ടി സൗമ്യമായി ചോദിക്കുന്ന, സന്തത സഹചാരി ഗഫൂറിനോടൊപ്പം വീട്ടിലേക്ക് നടന്നു പോകുന്ന അദ്‌ളച്ചാനെ കാണില്ലല്ലോ എന്നോര്‍ത്ത്. ടിഇ ചെയ്ത മുഴുവന്‍ പ്രവര്‍ത്തനങ്ങളും നാഥന്‍ സ്വീകരിക്കട്ടെ.

Keywords:  Article, Kerala, Kasaragod, Muslim-league, Politics, Political Party, T.E Abdulla, About TE Abdulla.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia