city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേനലിലെ ദാഹച്ചൂട് അറിയുക


നിരീക്ഷണം /   അസ്‌ലം മാവില 

(www.kasargodvartha.com 24/03/2016) മാര്‍ച്ച് മാസം. ചൂട് അതി കഠിനം. മഴ വല്ലപ്പോഴും വന്നാല്‍ ഭാഗ്യം. ചെറിയ ചാറ്റല്‍. അതൊന്നും വേനല്‍ക്കാല ചൂടിനു പരിഹാരമല്ലല്ലോ.  ഒരു പാട് സാംക്രമിക രോഗങ്ങളും വേനലിലാണ് രംഗ പ്രവേശം ചെയ്യുന്നത്. വെള്ളത്തിന്റെ ഷോര്‍ട്ടേജ് പല സ്ഥലത്തും അനുഭവപ്പെടും. ശുദ്ധവെള്ളം പ്രധാനമായും ഒരു വിഷയമാണ്. കിണറുകള്‍ വറ്റും. ഉറവ അടയും. കപ്പിയില്‍ താഴ്ത്തുന്ന കയറിനും പമ്പിന്റെ പൈപ്പിനും എത്ര നീളം കൂടിയാലും പിന്നെ കാര്യമില്ലാതെയാകും.

നാട്ടിന്‍ പ്രദേശങ്ങളില്‍ ശുദ്ധ വെള്ള ലബ്ദിയുടെ പ്രയാസം തുടങ്ങി. എല്ലാ വീടുകളിലെ കിണറുകളും ഒരേ പോലെ ആകണമെന്നില്ല. ചില കിണറുകള്‍ വറ്റിക്കഴിഞ്ഞു. ചിലവയില്‍ ഉറവകള്‍ അടയാന്‍ തുടങ്ങി; നിറ വ്യത്യാസം വന്നു തുടങ്ങി. കുടിക്കുന്നതും കുളിക്കുന്നതും അലക്കുന്നതും ആ വെള്ളത്തില്‍ തന്നെയായിരിക്കും. ഈ  പ്രയാസങ്ങളൊക്കെ  എല്ലാവരും എല്ലാവരോടും തുറന്നുപറഞ്ഞു കൊള്ളണമെന്നില്ല. സേവന പ്രവര്‍ത്തകരാണ്  ഇവ അന്വേഷിക്കേണ്ടത്.

രണ്ടു മൂന്നു വര്‍ഷം മുമ്പ് പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഗ്രാമ സഭകളില്‍ പത്തിലധികം വാര്‍ഡുകളില്‍ Powers, Functions and Rights of the Grama Sabha എന്ന വിഷയത്തില്‍ സംസാരിക്കാന്‍ പോയപ്പോള്‍ ഗ്രാമവാസികളുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനിടയായി. അവയില്‍  ഏറ്റവും വലിയ  പരാതിയായി കേട്ടത്  കുടിവെള്ള ദൗര്‍ലഭ്യമായിരുന്നു. കൊല്ല്യയില്‍ നിന്നുള്ള  അമ്മമാരുടെയും സഹോദരിമാരുടെയും  ദീനമായ വാക്കുകള്‍ ഇന്നും കാതില്‍ നിന്ന് മാഞ്ഞിട്ടില്ല.

വീട്ടുവളപ്പിലെയും തോട്ടത്തിലെയും കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും ഏത് സീസണിലും  യഥേഷ്ടം  വെള്ളം ലഭിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് ഒരു പക്ഷെ  അതിന്റെ ഗൗരവം അത്ര ഉള്‍കൊള്ളാന്‍ പറ്റി എന്ന് വരില്ല. പക്ഷെ, ദൈവ കൃപയാല്‍ മാത്രം ജീവജലം അങ്ങിനെ  അല്ലലില്ലാതെ ഉപയോഗിക്കുന്നവര്‍ മറ്റാരേക്കാളും കൂടുതല്‍ ഇത്തരം പ്രയാസങ്ങള്‍ കാണുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കണം.

ജലക്ഷാമത്തിനു പരിഹാരമെന്തെന്നു അതത് ഗ്രാമങ്ങളിലെ കൂട്ടായ്മകളാണ് നിര്‍ദ്ദേശിക്കേണ്ടത്. കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ ഒരു വശത്ത് ശ്രമം നടക്കണം. അതിന് വിദഗ്ദ്ധര്‍ അടങ്ങുന്ന ഒരു സ്ഥിരം സമിതി ഓരോ നാട്ടിലും ഉണ്ടായേ തീരൂ. നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരവും ഉണ്ടാകണം. യുവാക്കള്‍ക്ക് ഈ വിഷയത്തില്‍ നന്നായി ഇടപെടാന്‍ സാധിക്കും. 

തൊണ്ട നനയ്ക്കുക എന്നത് ചെറിയ വിഷയമല്ല. ദാഹിച്ചപ്പോള്‍ നാക്ക് നീട്ടിയ നായയുടെ തൊണ്ട നനച്ച ഗണികയ്ക്ക് പോലും  നാകലബ്ദി ലഭിച്ചെന്ന്  ലോകോത്തര  തിരുമൊഴി നമ്മുടെ മുമ്പിലുണ്ട്. മുറ്റത്ത് പൊടിമണി അന്വേഷിച്ചു പറന്നെത്തുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ഒരു കുഞ്ഞു ചെരട്ടയില്‍ വെള്ളമൊഴിച്ചു വെക്കാനെങ്കിലും നമ്മുടെ ആര്‍ദ്രമനസ്സിനാകണം.

നമ്മുടെ ഗ്രാമത്തില്‍ ഈ പ്രയാസം കുറവെങ്കില്‍, ആ ചെറിയ കുറവ് പരിഹരിച്ചു, അയല്‍ഗ്രാമങ്ങളില്‍ ഈ അവശ്യസേവനത്തിനു കൈ കോര്‍ക്കുക. രാഷ്ട്രീയ പാര്‍ട്ടികളടക്കം എല്ലാ കൂട്ടായമകളും ഈ പറഞ്ഞ വിഷയത്തില്‍ നേതൃപരമായ പങ്ക് വഹിക്കുക.

അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്.   ''ഇഷ്ടം പോലെ വെള്ളം ഉണ്ട്'' എന്നത് നിര്‍ല്ലോഭം അത് ഉപയോഗിക്കാനുള്ള ലൈസന്‍സല്ല.  ചിലതൊക്കെ നമ്മുടെ ചെറിയ  ശ്രദ്ധ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. വീടുകളില്‍ അകത്തും പുറത്തും ടാപ്പ് നന്നായി അടച്ചു എന്ന് ഉറപ്പു വരുത്തുക. സോപ്പ് കുറച്ചു കുളിയുടെ സമയം ചുരുക്കുക തേച്ചാലും തേച്ചും പോയോന്നു ശങ്കയുള്ള ''വസ്വാസ്  കുളി'' പ്രത്യേകിച്ച്. പൊതു സ്ഥലങ്ങളിലുള്ള വെള്ളത്തിന്റെ ഉപയോഗം അത്യാവശ്യത്തിനു മാത്രമാക്കുക. പള്ളികളില്‍ പോകുന്നത് വീട്ടില്‍ നിന്ന് അംഗ ശുദ്ധി ചെയ്താകുക. കളി സ്ഥലത്ത് നിന്നും പണിസ്ഥലത്തു നിന്നും പൊതു സ്ഥലങ്ങളില്‍ വന്നു കയ്യും കാലും കഴുകുന്നതിലും അവനവന്‍ അറിഞ്ഞു കൊണ്ട് സ്വയം നിയന്ത്രിക്കുക 

കിണറുകള്‍ വൃത്തിയില്‍ സൂക്ഷിക്കുക.  ദിവസത്തില്‍ ഒരു വട്ടമെങ്കിലും മോട്ടോര്‍ സ്വിച്ചിനു അവധി നല്‍കി തൊട്ടി താഴ്ത്തി വെള്ളം കോരുക. ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ തന്നെ ധാരാളം. കുട്ടികളില്‍ ഈ ശീലം ഉപദേശിക്കാന്‍  ആരാധനാലയങ്ങള്‍, യോഗങ്ങള്‍, പള്ളിക്കൂടങ്ങള്‍,  മദ്രസ്സകള്‍,  മിമ്പറുകള്‍ ഇവയൊക്കെ ഉപയോഗിക്കണം.

വെള്ളം നമുക്ക് ലഭിച്ച  ഒരു അനുഗ്രഹമാണ്. അനുഗ്രഹം എപ്പോഴും തിരിച്ചെടുക്കാമെന്നത് ഓര്‍മ്മ വേണം. (വിശുദ്ധ ഖുര്‍ ആനില്‍  അല്‍കഅഫ് എന്ന ഒരു അധ്യായമുണ്ട്. അതില്‍ സമാനമായ സൂചനകള്‍ നല്‍കുന്ന സംഭവം വിവരിച്ചത് കാണാം.) തൊണ്ടയും കുടലും എല്ലാവര്‍ക്കും സ്രഷ്ടാവ്  ഒരേ മാതിരിയാണ് സംവിധാനിച്ചിട്ടുളളത്. തൊണ്ട വറ്റിയാല്‍ അതില്‍ കിണര്‍ മൊതലാളി  കിണറില്ലാ തൊഴിലാളി വിവേചനം ഇല്ല. ഡീഹൈഡ്രെഷന്‍ (നിര്‍ജ്ജലീകരണം) ആര്‍ക്ക് ആദ്യം അനുഭവപ്പെട്ടോ അവനാണ് ആദ്യം തല കറങ്ങി വീഴുക. 

എല്ലാത്തിലും സൂക്ഷ്മത നല്ലതല്ലേ? ജല ഉപയോഗത്തില്‍ പ്രത്യേകിച്ചും. നാല് ദിവസത്തിലൊരിക്കല്‍  മാത്രമേ  ഈ അമൂല്യവസ്തു (ജലം) തന്റെ നാട്ടില്‍  കിട്ടാറുള്ളൂ എന്ന് പ്രയാസം പറയുന്ന   ഒരു ഗ്രാമീണ രാജസ്ഥാനി   ഞങ്ങളുടെ പ്രോജക്ടിലെ തൊഴിലാളിയാണ്. അയാള്‍ പരുക്കന്‍ ശബ്ദത്തില്‍ എന്നോട്:
''അസലംജീ ....ജല്‍ ഹേ, തോ കല്‍ ഹേ.'' അതിങ്ങനെ പരിഭാഷ: ''വെള്ളമുണ്ടെങ്കിലേ,  നാളെ വെള്ള കീറൂ''.  നൂറുകണക്കിന് തൊഴിലാളികള്‍ ഉച്ച ഭക്ഷണ സമയത്ത് വാട്ടര്‍ ടാങ്കിനു മുന്നില്‍  തിരക്ക് കൂട്ടുമ്പോള്‍ ആ ഗ്രാമീണന്‍ ഉച്ചത്തില്‍ പാടി പറയും: जल तो है सोना, इसे कभी भी नहीं खोना.
വേനലിലെ ദാഹച്ചൂട് അറിയുക

Keywords: Article, Aslam Mavila, Hot, Water, Drinking Water, Water Project, Summer hot and water shortage

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia