city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുള്ളറല്ലേ, കുറച്ച് കളിക്കാന്‍ വിട്ടൂടെ

റസാഖ് പള്ളങ്കോട്

(www.kasargodvartha.com 08/04/2015) അവധിക്കാലം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പണ്ടെപ്പഴോ തുടങ്ങിവച്ചതാണ്. സ്‌കൂള്‍ സംവിധാനം ഉണ്ടായതുമുതല്‍ അവധിക്കാലവുമുണ്ട്. എന്നാല്‍ അവധിക്കാലത്തിനും അവധി കൊടുത്ത് കുട്ടികളെ കുട്ടിച്ചോറാക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ഇന്ന് രക്ഷിതാക്കള്‍. അവസാന പരീക്ഷയും കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ആര്‍ത്തട്ടഹസിക്കുന്ന ചിത്രങ്ങള്‍ പത്രതാളുകളില്‍ എല്ലാവര്‍ഷവും ഇടം നേടാറുണ്ട്. എന്നാല്‍ ഇവരുടെ ആഹ്ലാദങ്ങള്‍ പലപ്പോഴും ആ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുകയാണെന്നാണ് പുതിയ രക്ഷിതാക്കളുടെ പ്രവണത തെളിയിക്കുന്നത്.
അവധിക്കാല പരിശീലനം, കോച്ചിംഗ് തുടങ്ങി ഫുള്‍ടൈം, പാര്‍ട്ട് ടൈം കോഴ്‌സുകളുമായി സ്‌കൂള്‍ അടച്ചതിന്റെ പിറ്റേന്നു മുതല്‍ നോട്ടീസായും, ലെറ്ററായും, നേരിട്ടും വീട്ടിലെത്തിത്തുടങ്ങും. അടുത്ത വര്‍ഷത്തേക്കുള്ള കോച്ചിങ്ങുകള്‍ കാലേക്കൂട്ടി നല്‍കുന്ന വിദ്വാന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാര്‍ക്കു പണമുണ്ടാക്കാനുള്ള ഉപാധിയായല്ലാതെ വിദ്യാര്‍ത്ഥികളെ കാണാനാവില്ല. പണം കൊടുക്കുന്നതനുസരിച്ച് വ്യതിചലിക്കുന്ന ക്ലാസുകള്‍ക്ക് അവധിക്കാലത്തിന്റെ മനോഹാരിത പകരാനാവുമെന്ന് തോന്നുന്നുണ്ടോ?

മണ്ണിന്റെ മണം എന്തെന്നറിയാന്‍ പിഞ്ചു കുട്ടികള്‍ക്കു പോലും അവകാശമില്ലാതായിരിക്കുന്നു. വീട്ടിലിരുന്നാല്‍ ശല്യം ചെയ്യുന്നുവെന്ന് കാട്ടി അവധിക്കാലത്തും പല കോഴ്‌സുകള്‍ക്കും ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തന്നെയാണ് വെമ്പല്‍ കൊള്ളുന്നത്. കുട്ടിക്കാലത്തെ മണ്ണപ്പവും, വഴിനീളെയുള്ള ചെറിയ ചെറിയ അവധിക്കാല 'ഷോപ്പിംഗ് മാളു'കളും ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. മണ്ണപ്പം ചുടലും ഗോരി കളിയും ഒളിച്ചു കളിയും പുസ്തകത്താളുകളില്‍ പഠിപ്പിക്കേണ്ടിവരുന്നത് അതേക്കുറിച്ച് കുട്ടികള്‍ക്ക് അനുഭവമില്ലാത്തതുകൊണ്ടല്ലേ. www.kasargodvartha.com

ഓലപ്പീപ്പിയും, പന്തും, പാമ്പും, കൈത്തണ്ടയില്‍ കെട്ടാന്‍ വാച്ചും ചാഞ്ഞുനില്‍ക്കുന്ന തെങ്ങോലയില്‍ നിന്ന് ഉണ്ടാക്കിയിരുന്ന കാലം ആരും മറക്കുമെന്ന് തോന്നുന്നില്ല. പഴയ കുട, പായ തുടങ്ങി കിട്ടുന്നതെല്ലാം കൂട്ടിച്ചേര്‍ത്ത് പന്തല്‍ കെട്ടി കളിച്ചിരുന്നത് ഓര്‍മിക്കാന്‍ നല്ല സുഖമാണ്. കുഞ്ഞുങ്ങളെ കവുങ്ങിന്‍ പാളയില്‍ കേറ്റിയങ്ങനെ വലിക്കുമ്പോള്‍ അപ്പുറത്തു നിന്ന് ഉമ്മയുടെ ശകാരം കേള്‍ക്കാമായിരുന്നു. വള്ളിയുടെ രണ്ടറ്റം കൂട്ടിക്കെട്ടിയാല്‍ ഒരുഗ്രന്‍ ബസ് നമുക്ക് സ്വന്തമായി. ഡ്രൈവറും കണ്ടക്ടറും ക്ലീനറുമെല്ലാം പരസ്പരം അടികൂടിയാല്‍ മാത്രമേ ആ ബസ് തകരൂ എന്നതാണ് സത്യം. കശുമാങ്ങ, മാങ്ങ, പഴം അങ്ങനെ മേലാകെ സര്‍വതിന്റെയും കറ പുരണ്ട് വൈകുന്നേരം വീടണയുന്ന ചിത്രം ഓര്‍മ വരുന്നത് കറ നല്ലതാണ് എന്ന പരസ്യം കാണുമ്പോഴാണ്.

മുറ്റത്ത് കളിക്കരുതെന്ന് ഉപ്പയുടെ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും അയല്‍ക്കാരെയും കൂട്ടിവന്ന് നാല് ജനല്‍ ഗ്ലാസെങ്കിലും പൊട്ടിച്ചാലേ അടങ്ങിയിരുന്നുള്ളൂ എന്ന് നിങ്ങള്‍ സുഹൃത്തുക്കളോട് വിളമ്പാറില്ലേ. ഈ മധുരമുള്ള ഒഴിവുകാല ഓര്‍മ്മകള്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടിയാലെന്താ പുളിക്കുമോ? www.kasargodvartha.com

കണ്ണുപൊത്തിക്കളിച്ച്, ചേറില്‍ കബഡി കളിച്ച്, പാടവരമ്പത്തൂടെ ചുക്ക് ചുക്ക് ഒച്ചയെടുത്ത് തീവണ്ടിയോടിച്ചിരുന്ന സമയത്തെന്താ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും പിറന്നിട്ടില്ലേ. നാട്ടില്‍ വിമാനമോടിക്കാനും ട്രയിനിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കാനും ആളുണ്ടായിരുന്നില്ലേ. മുമ്പെല്ലാം അവധിക്കാലങ്ങളില്‍ നഗരപ്രദേശങ്ങളിലുള്ളവര്‍ കുടുംബസമേതം ഗ്രാമങ്ങളിലുള്ള ബന്ധു വീടുകളില്‍ എത്തുമായിരുന്നു. നഗരവാസികള്‍ക്ക് അങ്ങോട്ടു പോകാനോ ഗ്രാമത്തിലുള്ളവര്‍ക്ക് സ്വീകരിക്കാനോ നേരമില്ലാതായപ്പോള്‍ അതങ്ങ് നിന്നുപോയി എന്നതാണ് സത്യം.

പോയിരുന്നു പഠിക്കെടാ... എന്ന വീട്ടുകാരുടെ ആജ്ഞയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷ നേടാനായിരുന്നത് അവധിക്കാലത്തായിരുന്നു. പുസ്തകം പുതിയത് കിട്ടുമെന്ന പ്രതീക്ഷയോടെ പഴയതെല്ലാം ആക്രിക്കാരന്റെ ഉപജീവന മാര്‍ഗത്തിലേക്ക് സംഭാവനയായി കൊടുത്തിരുന്നു. പാഠ്യ കോഴ്‌സുകള്‍ മാത്രമല്ല അവധിക്കാലത്ത് കുട്ടികളുടെ ഉറക്കം കെടുത്തുന്നത്. പാഠ്യേതരമെന്ന് അവകാശപ്പെടുന്ന കലാ കായിക രംഗങ്ങളും ഇവരെ കഷ്ടപ്പെടുത്താനെത്തുന്നുണ്ട്. നൃത്തം, പ്രസംഗ പരിശീലനം, ചിത്ര പരിശീലനം ഇങ്ങനെ ഏതെല്ലാം മേഖലകളുണ്ടോ അവിടെയെല്ലാം അവധിക്കാല കോഴ്‌സുകളുടെ മാമാങ്കം തന്നെയുണ്ടാവും. www.kasargodvartha.com

ഇങ്ങനെയൊക്കെയാണെങ്കിലും അവധിക്കാലം ആഘോഷിക്കണമെന്ന് ആഗ്രഹമുള്ള നാട്ടിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍ കുട്ടികളെ ഉല്ലാസഭരിതരാക്കാറുണ്ട്. മറന്നു തുടങ്ങിയ പഴയകാല കളികളെയും നാട്ടു നന്മകളെയും തിരിച്ചുകൊണ്ടു വരുന്ന രീതിയിലുള്ള വ്യത്യസ്തമായ പരിപാടികള്‍ അഭിനന്ദനാര്‍ഹമാണ്. ഇത്തരം പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുക്കുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം. www.kasargodvartha.com

പുഴയോരത്തെ ഒരുമിച്ചു കുടലുകളും ഗ്രാമോത്സവങ്ങളും സംഘടിപ്പിക്കുന്നവര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആദരവാന്മാരാകുന്നത് അതുകൊണ്ടാണ്. ആരും കല്‍പ്പിക്കാതെ, സമ്മര്‍ദമില്ലാതെ, ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കാനുള്ള ടെന്‍ഷനില്ലാതെ, ടീച്ചറെ പേടിയില്ലാതെ, ലേറ്റാകുമെന്ന ഭയമില്ലാതെ സ്വതന്ത്രമായി അടിച്ചുപൊളിക്കുന്ന അവധിക്കാലമല്ലേ പുതുതലമുറ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടതെന്ന് ചിന്തിക്കാന്‍ വൈകരുത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

പുള്ളറല്ലേ, കുറച്ച് കളിക്കാന്‍ വിട്ടൂടെ

Keywords : Kasaragod, Kerala, Article, Children, School, Class, Vocation, Teachers, Parents,Students and vocational classes.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia